
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് തീയേറ്ററിൽ എത്തിയിരിക്കുന്നു. ഫാമിലി ഫൺ ചിത്രമായ 'ഹൃദയപൂർവ്വ'ത്തെ മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുകഴിഞ്ഞു. മോഹൻലാൽ- ശ്രീനിവാസൻ കോമ്പിനേഷനെ ഓർമിപ്പിക്കുംവിധം മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന സംഗീത് പ്രതാപ്, ഇതുവരെ കണ്ട സത്യൻ അന്തിക്കാട് ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലം, പുതുതലമുറയുടെ വൻനിര... അങ്ങനെ മാറ്റങ്ങൾ ഏറെയുണ്ട് 'ഹൃദയപൂർവ്വ'ത്തിന്. ചിത്രത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.
സന്ദീപ് ബാലകൃഷ്ണൻ - ജെറി കോമ്പിനേഷനാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എങ്ങനെയാണ് സംഗീത് പ്രതാപിലേക്ക് എത്തുന്നത്.
വളരെ പ്രോമിസിങ് ആയ നടനാണ് സംഗീത് പ്രതാപ്. 'പ്രേമലു'വിലെ അമൽ ഡേവിസിനെ ഞാനും ശ്രദ്ധിച്ചിരുന്നു. ആ സിനിമ കണ്ടപ്പോൾ എനിക്ക് സംഗീത് പ്രതാപിന്റെ പെർഫോമൻസ് വളരെ ഇഷ്ടമായി. ഒട്ടും ആർട്ടിഫിഷ്യൽ അല്ലാതെ ക്യാമറക്ക് മുന്നിൽ ബിഹേവ് ചെയ്യുന്ന ഒരു നടൻ. ജെറി എന്ന കഥാപാത്രത്തിന് രൂപം കൊടുത്തപ്പോൾ അത് സംഗീത് പ്രതാപ് ചെയ്താൽ നന്നാവും എന്ന് തോന്നി. മോഹൻലാൽ വളരെ അനായാസ അഭിനയത്തിന്റെ ഏറ്റവും ഹൈറ്റിൽ നിൽക്കുന്ന ഒരാളാണ്. അതോടൊപ്പം തന്നെ ഒരു ഇൻഹിബിഷനും ഇല്ലാതെ അഭിനയിക്കാൻ പറ്റുന്ന സംഗീത് കൂടി ഉണ്ടായാൽ നന്ന് എന്ന് തോന്നുകയും ആ കോംബോ അതിഗംഭീരമായി വർക്ക് ഔട്ട് ആവുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ ഒരു മുഴുനീള കഥാപാത്രമായ ഒരു മെയിൽ നഴ്‌സ് ആയിട്ടാണ് സംഗീത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന മോഹലാലിന്റെ കഥാപാത്രവും ജെറി എന്ന സംഗീതിന്റെ കഥാപാത്രവും തമ്മിലുള്ള പ്രായവ്യത്യാസം തന്നെ ഒരു തമാശയാണ്. ലാലിന്റെ കൂടെ അഭിനയിക്കാൻ സംഗീതിന് ഷൂട്ടിങ്ങിന്റെ തുടക്ക ദിവസങ്ങളിൽ ചെറിയ അങ്കലാപ്പ് ഉണ്ടായിരുന്നു. പക്ഷേ, ലാൽ അവനെ വളരെ പെട്ടന്ന് തന്നെ എന്ത് തമാശയും പറയാവുന്ന സ്വാതന്ത്ര്യമുള്ള സുഹൃത്താക്കി മാറ്റി.
അച്ഛനും രണ്ട് മക്കളും ഒരുമിച്ച സിനിമ എന്ന അപൂർവത കൂടിയുണ്ട് 'ഹൃദയപൂർവ്വ'ത്തിന്.
മക്കൾ എന്നതിനപ്പുറത്ത് പുതിയ തലമുറയിലെ രണ്ട് ചെറുപ്പക്കാരായ സംവിധായകരായിട്ടാണ് സിനിമാ കാര്യങ്ങളിൽ അഖിലിനെയും അനൂപിനെയും കാണാറുള്ളത്. അഖിലാണ് ഇങ്ങനെ ഒരാശയം എന്നോട് പറയുന്നത്. മോഹൻലാലിന്റെ അഭിനയസാധ്യതകൾ നന്നായി ഉപയോഗിക്കാൻ പറ്റുന്ന ഒരു കഥയാണെന്ന് അപ്പോൾ തന്നെ എനിക്ക് തോന്നി. അനൂപ് സ്വന്തം പടത്തിന്റെ ജോലികൾ മാറ്റിവച്ച് അസോസിയേറ്റ് ഡയറക്ടറായും വന്നു. അഖിൽ മോഹൻലാലിന്റെ ചിത്രങ്ങളിൽ മുമ്പും വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അനൂപ് ഇതാദ്യമായാണ് ഒരു മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുന്നത്. അച്ഛനും മക്കളുമാണെങ്കിലും പുതുതലമുറയിലെ രണ്ട് യുവ സംവിധായകരോട് സംസാരിക്കുമ്പോൾ തന്നെ തലമുറകൾ തമ്മിലുള്ള അകലം കുറയുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് വളരെ ജെന്യൂവിൻ ആയിട്ട് തന്നെ അവരോട് ആശയങ്ങൾ കൈമാറാനും അവരുമായി സംവദിക്കാനും സിനിമയുടെ കഥകൾ ചർച്ചചെയ്യാനുമൊക്കെ പറ്റും. എന്റെ ഒരു ഫ്രണ്ട്‌സ് സർക്കിളിൽ നിന്നാണ് അവരെന്നോട് സംസാരിക്കാറുള്ളത്. പിന്നെ അച്ഛനായത് കൊണ്ട് അവർക്ക് കുറച്ച് കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത് തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് പറയാൻ അവർക്ക് മടിയില്ല. യാതൊരു മുഖംമൂടിയും ഇല്ലാതെ ഞങ്ങൾക്ക് പരസ്പരം തുറന്ന് സംസാരിക്കാൻ സാധിക്കും. അവരുടെ കഥകൾ അവർ ഞാനുമായും എന്റേത് ഞാൻ അവരോടും ചർച്ച ചെയ്യാറുണ്ട്.

ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറിയ സിനിമാ പശ്ചാത്തലത്തെ കുറിച്ച്
ഇത് നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയല്ലാത്തതുകൊണ്ട് തന്നെ കുറച്ച് ഭാഗം കൊച്ചിയിലും ബാക്കി പുണെയിലുമാണ് ചിത്രീകരിച്ചത്. അഖിൽ ഈ കഥയെ കുറിച്ച് പറയുമ്പോൾ മനസ്സിൽ തെളിഞ്ഞ ഇടമാണ് പുണെ. കാരണം ഒരു മിലിട്ടറി പശ്ചാത്തലമുള്ള സ്ഥലമാണത്. മിലിട്ടറി പശ്ചാത്തലം ഈ സിനിമയുടെ പിറകിലുമുണ്ട്. ലോക്കേഷൻ ചെന്ന് നോക്കിയപ്പോൾ എനിക്ക് വലിയ ഇഷ്ടമായി. കാരണം നിറയെ മരങ്ങൾ, പിന്നെ ആ നഗരത്തിന്റെ ഒരു ആംബിയൻസ്... അതൊക്കെ വച്ചുനോക്കുമ്പോൾ മുംബൈയെക്കാളും ബെംഗളൂരുവിനെക്കാളും പുണെ തന്നെയാണ് നല്ലത് എന്ന് തോന്നി. കഥാപരിസരം മാറിയെങ്കിലും എന്റെ കഥാപാത്രങ്ങൾ എപ്പോഴും ഇടത്തരക്കാരന്റെ മനസ്സുള്ള കഥാപാത്രങ്ങളാണ്. സന്ദീപ് ബാലകൃഷ്ണനും ഉള്ളിൽ ഒരു ഇടത്തരക്കാരനാണ്. സാമ്പത്തിക പ്രതിസന്ധികളോ കുടുംബ പ്രാരബ്ധങ്ങളോ ഒന്നും ഈ കഥാപാത്രത്തിന് ഇല്ലെങ്കിലും അതിനെക്കാൾ സങ്കീർണമാണ് സന്ദീപിന്റെ ജീവിതം. ബാലഗോപാലന്‍റെയും ഗോപാലകൃഷ്ണപ്പണിക്കരുടെയും ഒക്കെ ഒരു സഹോദരനായിട്ട് സന്ദീപ് ബാലകൃഷ്ണനെ കാണാം. മറ്റ് ടെൻഷനുകൾ ഒന്നും ഇല്ലാതെ കുടുംബങ്ങൾക്ക് കണ്ട് ആസ്വദിക്കാനുള്ള ഒരു മോഹൻലാൽ ചിത്രവുമായി മലയാളികൾക്ക് മുന്നിൽ വരാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം. പിന്നെ മോഹൻലാലിന്റെ ആദ്യ സിങ്ക് സൗണ്ട് ചിത്രമാണ് 'ഹൃദയപൂർവ്വം' എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മോഹൻലാൽ അഭിനയിക്കുമ്പോളുള്ള ഓരോ ശ്വാസഗതിപോലും നമുക്ക് ഈ സിനിമയിൽ കേൾക്കാം.
'ഹൃദയപൂർവ്വ'ത്തിന്റെ സ്‌ക്രീനിലും അണിയറയിലും പുതിയ തലമുറയുടെ വൻനിരയുണ്ട്. ആ ഒരു മാറ്റത്തെക്കുറിച്ച്.
ഒരു ന്യൂജെൻ ടച്ച് 'ഹൃദയപൂർവ്വ'ത്തിന് ഉണ്ട്. ഈ സിനിമയുടെ ആശയം ചെറിയ കഥയുടെ രൂപമായി കഴിഞ്ഞപ്പോഴേക്കും അഖിൽ അവന്റെ 'സർവ്വംമായ' എന്ന സിനിമയുടെ തിരക്കുകളിലേക്ക് പോയി. അനൂപ് അവന്റെ, തുടങ്ങാൻ ആലോചിക്കുന്ന, ഒരു സിനിമയുടെ പണികളിലേക്കും നീങ്ങി. ആദ്യം വിചാരിച്ചത് ഞാൻ സ്വയം എഴുതാം എന്നാണ്. അങ്ങനെ ഒറ്റയ്ക്ക് എഴുതുകയാണെങ്കിൽ പോലും നമുക്ക് ആരോടെങ്കിലും സംസാരിക്കാൻ വേണം. മുമ്പാണെങ്കിൽ ലോഹിതദാസിനൊപ്പവും ശ്രീനിവാസനോടൊപ്പവും ഞാൻ കഥ ഡിസ്‌കസ് ചെയ്യാറുണ്ടായിരുന്നു. അവരുടെ കോൺട്രിബ്യൂഷൻസ് ഉപയോഗിക്കാറുണ്ടായിരുന്നു. ആ സാഹചര്യങ്ങൾ അടഞ്ഞുപോയപ്പോൾ പിന്നെ ഏത് എഴുത്തുകാരൻ എന്ന് ഞാൻ ആലോചിച്ചു. ആ ആലോചനയിലാണ് 'നൈറ്റ് കോൾ' എന്ന ഒരു ഷോർട്ട് ഫിലിം ചെയ്ത ടി.പി. സോനു ചിന്തയിലേക്ക് എത്തുന്നത്. പുതിയ തലമുറയുടെ കഥയാണ്, അപ്പോൾ പുതിയ ഒരാളോട് ഒന്ന് സംസാരിച്ച് നോക്കാം എന്ന് കരുതി. ആ ഡോക്യുമെന്ററി കണ്ട് വിളിച്ച് സംസാരിച്ച പരിചയം വച്ച് അവനെ വിളിച്ചു. ഒരു ചെറിയ കഥയുടെ ആശയം പറയാം, അതിൽ ഒരു സിനിമയാക്കാൻ പറ്റുന്ന ത്രെഡ് ഉണ്ടെങ്കിൽ നമുക്ക് ബാക്കി സംസാരിക്കാം എന്ന് മാത്രമേ തുടക്കത്തിൽ പറഞ്ഞുള്ളൂ. കഥ കേട്ടയുടൻ അവൻ അതിൽ ഇംപ്രസ്ഡ് ആയി. അവൻ വളരെ പോസ്റ്റീവ് വൈബ് ഉള്ള ഒരു പയ്യനാണ്. അങ്ങനെ ഞങ്ങൾ ഒന്നിച്ചിരുന്ന് അതിന്റെ തിരക്കഥ വർക്ക് ചെയ്യുകയും അവനോട് ഡയലോഗ് എഴുതാൻ പറയുകയും ഒക്കെ ചെയ്തു. സിനിമയിലേക്ക് തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരാളെക്കൂടി അവതരിപ്പിക്കാൻ കഴിയുന്നു എന്നതിൽ സന്തോഷമുണ്ട്.
ക്യാമറാമാനായി അനു മൂത്തേടത്ത് വന്നു. യുവസംഗീത സംവിധായകരിൽ ഏറ്റവും മിടുക്കനായ ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം ഏറ്റെടുത്തു. മനു മഞ്ജിത്ത് എഴുതി. സംഗീത് പ്രതാപും മാളവിക മോഹനനും ഉൾപ്പെടെ പുതിയ അഭിനേതാക്കൾ എത്തി. യുവതലമുറയുടെ ആവേശമായ സിദ് ശ്രീരാം പാട്ടുപാടാൻ എത്തി. അങ്ങനെ ഹൃദയപൂർവ്വത്തിൽ ഭൂരിഭാഗം പുതിയ തലമുറയായി.
'കുറുക്കന്റെ കല്യാണം' മുതൽ ഇങ്ങോട്ട് 'ഹൃദയപൂർവ്വം' വരെ പല തലമുറകൾ താങ്കളുടെ സിനിമകൾ കണ്ടു. ജെൻസി കാലത്ത് സിനിമ ചെയ്യുന്നതിന്റെ ആശങ്കയുണ്ടോ.
തലമുറകൾ മാറുന്നതൊന്നും ഞാനറിയുന്നേയില്ല. ഇതുപോലെ പറയുമ്പോൾ അല്ലെങ്കിൽ ചോദിക്കുമ്പോളാണ് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഞാൻ 'കുറുക്കന്റെ കല്യാണം' തുടങ്ങിയിടത്ത് നിൽക്കുകയല്ലല്ലോ . ഞാനീ കേരളത്തിൽ തന്നെ ജീവിക്കുകയും എല്ലാ പുതിയ സിനിമക്കാരുടെയും സൃഷ്ടികൾ കാണുകയും അവരുടെ കൂടെ തന്നെ സഞ്ചരിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ പറയുന്ന മാറ്റം ഞാൻ അറിയുന്നില്ല. കാലത്തിനും തലമുറകൾക്കും ഉണ്ടാവുന്ന മാറ്റം പോലെ തന്നെ ഞാനും മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ സിനിമ എടുത്തപോലെയല്ല ഞാൻ 'ഹൃദയപൂർവ്വം' എടുക്കുന്നത്. അതിൽ ഈ പുതിയ തലമുറയുടെ എല്ലാ ഫീലിങ്സുമുണ്ട്.

സാങ്കേതികമായി ഉണ്ടാവുന്ന മാറ്റങ്ങൾ പോലെ തന്നെ പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. അത് സ്വാഭാവികമാണ് കാരണം ആളുകൾക്ക് അധികം ക്ഷമ ഇല്ലാതായി. നീട്ടി വലിച്ച് ഒരു കാര്യം പറയേണ്ട കാര്യമില്ല, വളരെ ക്രിസ്പ് ആയിട്ട് പറഞ്ഞാൽ മതി. ഇതൊക്കെ നമ്മൾ തന്നെ അറിയാതെ പഠിച്ചുവരുന്ന പാഠങ്ങളാണ്. ഒരു ജനറേഷൻ ഗ്യാപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഫീൽ ചെയ്തിട്ടില്ല. അത്തരം ആശങ്കളുമില്ല. സംവിധാനം തുടങ്ങിയ സ്ഥലത്ത് നിന്നിട്ട് ഞാൻ ഒരു സീനിയർ മാനാണെന്ന് പറഞ്ഞ് പുതിയ തലമുറയെ ദൂരെ നിന്ന് നോക്കിക്കാണുമ്പോഴാണ് ആ ഒരു ടെൻഷൻ ഉണ്ടാവുക എന്ന് തോന്നുന്നു.
ശ്രീനിവാസന്റെ അസാന്നിധ്യം
'ടി.പി. ബാലഗോപാലൻ എംഎ'യിൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്. ഒരു നീണ്ടകാലമാണ് ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തത്. ശ്രീനിവാസൻ എന്ന സുഹൃത്ത് ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്രയും നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു. ഒപ്പം പ്രവർത്തിച്ചപ്പോൾ മാത്രമല്ല ശ്രീനിയോടൊപ്പം തിരക്കഥ ചർച്ചയ്ക്ക് ഇരുന്നപ്പോൾ ഞാൻ പഠിച്ച പാഠങ്ങൾ മറ്റ് എഴുത്തുകാരുടെ കഥകൾ സിനിമയാക്കിയപ്പോളും എന്നെ സഹായിച്ചിട്ടുണ്ട്. മുളന്തുരുത്തിയിൽ ഷൂട്ടിങ് നടക്കുമ്പോൾ ഒരു ദിവസം ശ്രീനിവാസൻ ലൊക്കേഷനിൽ വന്നിരുന്നു. മോഹൻലാൽ എന്നെയും ശ്രീനിവാസനെയും ചേർത്തുപിടിച്ചു. മോഹൻലാലിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
Content Highlights: Sathyan Anthikad interview Hridayapoorvam malayalam movie, mohanlal sangeeth prathap malavika mohan
Published: 28 Aug 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented