അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും അതിജീവിച്ച് വരികയാണ്. ഈസിയായി ജീവിതത്തെ കാണാനും സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് എന്റെ ലോകം. ആ ഇഷ്ടം മുറുകെപ്പിടിച്ചാണ് പത്തിരുപത് വര്‍ഷമായി ഞാന്‍ മുന്നോട്ട് പോവുന്നത്... പറയുകയാണ് ഹണി റോസ്.. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം, സോഷ്യല്‍ മീഡിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍, വിമര്‍ശനങ്ങള്‍, അതിജീവനം... ഹണി റോസ് മനസ് തുറക്കുന്നു.

To advertise here,

ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയതാണ്. പതിനാലാമത്തെ വയസില്‍. സിനിമ എങ്ങനെയാണ് ഹണിയെ രൂപപ്പെടുത്തിയത്?

സിനിമയില്‍ വന്നതിന് ശേഷമാണ് ഒരു വ്യക്തി എന്ന നിലയില്‍ എന്റെ സ്വഭാവം മാറിയത്. ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്‌കൂളിലെ ഏറ്റവും സൈലന്റായ കുട്ടിയായിരുന്നു ഞാന്‍, ബാക്ക് ബഞ്ചിലായിരുന്നു സ്ഥിരം, ക്ലാസില്‍ ഉണ്ടോയെന്ന് നോക്കിയാല്‍ കാണാം എന്നേ ഉള്ളൂ. സംസാരം കുറവ്. ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ അറിയാവുന്നവര്‍ക്ക് അത്ഭുതമായിരുന്നു. ഇവള്‍ സിനിമയിലോ അഭിനയിക്കുമോ എന്നെല്ലാം അതിശയത്തോടെയാണ് കണ്ടിരുന്നത്. എനിക്കും അതേ അതിശയം തന്നെയായിരുന്നു. ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നു, സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു. പത്താം ക്ലാസ് പഠിക്കുന്നത് ഡിസ്റ്റന്‍ഡ് ആയാണ്. പിന്നീട് ബിരുദവുമെടുത്തു. എന്റെ ലോകം മുഴുവന്‍ സിനിമയായിരുന്നു. ഒരുപാട് പേരെ കാണാന്‍ പറ്റി, പല ഭാഷകളില്‍ ജോലി ചെയ്തു, ആ സ്‌നേഹം ലഭിച്ചു. അതെല്ലാം വലിയ അനുഗ്രഹങ്ങളാണ്.

ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടി വന്നിട്ടില്ലേ?

ബോയ്ഫ്രണ്ട് സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ കരുതിയിരുന്നത് ഇനി അങ്ങോട്ട് കൈനിറയെ ഓഫറുകള്‍ ഉണ്ടാവുമെന്നാണ്. പക്ഷേ അങ്ങനെയല്ലെന്ന യാഥാര്‍ഥ്യം ഞാന്‍ പിന്നീടാണ് മനസിലാക്കിയത്. എല്ലാവര്‍ക്കും അതുപോലാവണമെന്നില്ല, തലവര പോലെയിരിക്കും. പക്ഷേ എനിക്ക് ബോയ്ഫ്രണ്ടിന് ശേഷം ഞാനാഗ്രഹിക്കുന്ന പോലൊരു സിനിമ വരാന്‍ കുറേകാലം എടുത്തു. മറ്റു ഭാഷകളിലും അഭിനയിച്ചു. എന്നിട്ടും അത്ര ശ്രദ്ധിക്കുന്ന വേഷങ്ങള്‍ ലഭിച്ചിരുന്നില്ല. പതുക്കെയാണ് എന്റെ ഉള്ളില്‍ സിനിമ വേരുറപ്പിക്കുന്നത്. ആദ്യമെല്ലാം സിനിമ ചെയ്യുക, എന്റെ സംഭാഷണം എങ്ങനെയെങ്കിലും പറഞ്ഞ് അവസാനിപ്പിക്കുക, അതോടെ എന്റെ ജോലി തീര്‍ന്നു എന്ന മനോഭാവമായിരുന്നു. പക്ഷേ, പിന്നീട് സിനിമ നമ്മുടെ കയ്യില്‍ നിന്ന് പോകും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് സിനിമയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.

ആ ഇഷ്ടം മുറുകെപ്പിടിച്ചാണ് പത്തിരുപത് വര്‍ഷമായി ഞാന്‍ മുന്നോട്ട് പോവുന്നത്. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ പാകത്തിന് സിനിമ എന്നെ തേടി വരുന്നുമുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ്, കുമ്പസാരം, വാണിജ്യപരമായി വലിയ വിജയം നേടിയ ചങ്ക്‌സ്, മോണ്‍സ്റ്റര്‍, തെലുങ്കില്‍ വീരസിംഹ റെഡ്ഡി, തുടങ്ങിയ സിനിമകള്‍ എന്നെത്തേടിയെത്തിയത് വലിയൊരു അനുഗ്രഹമാണ്. അത്രയും ആഗ്രഹം മനസില്‍ ഉള്ളതുകൊണ്ട് ദൈവം കൊണ്ടുവന്നു തരുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇരുപതാമത്തെ വര്‍ഷം ടൈറ്റില്‍ റോളിലെത്തുന്ന റേച്ചലില്‍ എത്തിനില്‍ക്കുന്നു ആ യാത്ര.

ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി ആണ് നാഴികകല്ല്. ചിത്രത്തിന് പിന്നാലെ ധ്വനി എന്ന് പേര് മാറ്റുമെന്ന് ഒരു 'ധ്വനി' ഉണ്ടായിരുന്നു?

അത് ആ ടീമിന്റെ ആഗ്രഹമായിരുന്നു. എല്ലാവര്‍ക്കും എന്റെ പേരിലൊരു പ്രശ്‌നം എവിടെ ചെന്നാലും ഉണ്ടായിരുന്നു. ഹണി റോസ് എന്നത് ആര്‍ക്കും അത്ര ഇഷ്ടപ്പെട്ട പേര് ആയിരുന്നില്ല. ബോയ്ഫ്രണ്ട് ചെയ്യുന്ന സമയത്ത് വിനയന്‍ സാറിന് പക്ഷേ ആ പേര് ഓക്കെ ആയിരുന്നു. തമിഴില്‍ സൗന്ദര്യ, തെലുങ്കില്‍ ഹംസിനി അങ്ങനെ പേരെല്ലാം മാറ്റിയാണ് കൊടുത്തത് അവിടെ ഉള്ളവര്‍. എന്റെ പേരാണ് എല്ലാവര്‍ക്കും പ്രശ്‌നം. ഹണി റോസ് ഭയങ്കര യുണീക്കായ പേരാണ്. ആ പേര് വിളിച്ച് ജീവിതകാലം മുഴുവന്‍ കേട്ടിരിക്കുന്ന ആളെ പെട്ടെന്ന് കേറി ധ്വനി എന്ന് വിളിച്ചാല്‍ അത് പെട്ടെന്ന് നമുക്ക് സ്വീകാര്യമാവില്ല. അവര്‍ ഒന്ന് രണ്ട് മാധ്യമങ്ങളിലൊക്കെ ആ പേര് കൊടുത്തിരുന്നു. പക്ഷേ എന്റെ അപ്പനും അമ്മയും തന്ന പേര് തന്നെ മതിയെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കിലും ധ്വനി എന്റെ ജീവിതത്തിലേറെ പ്രധാനപ്പെട്ട കഥാപാത്രമാണ്. എന്നെ ആളുകള്‍ക്കിടയില്‍ പരിചിതയാക്കിയത് ധ്വനിയാണ്. ആ സ്വീകാര്യത ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്നതാണ്. അത് തന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് ആണ്.

വിവാദങ്ങളും പ്രതിസന്ധികളും ധൈര്യപൂര്‍വമാണ് ഹണി നേരിട്ടത്?

ഒരു പ്രതിസന്ധിഘട്ടം വരുമ്പോള്‍ ഓരോ വ്യക്തിയും കരുത്ത് നേടില്ലേ? അതല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ല. ഒരു പ്രശ്‌നവും ഉണ്ടാക്കാതെ നമ്മളോട് മോശമായി പെരുമാറുന്നുവെന്ന് നമുക്ക് മനസിലായാല്‍ പോലും അത് വിട്ടുകളയാന്‍ പറ്റുന്നതാണെങ്കില്‍ അങ്ങനെ ചെയ്യുന്ന ആളാണ് ഞാന്‍. ഒരു ഡ്രാമ ഉണ്ടാക്കാന്‍ എനിക്ക് താത്പര്യമില്ല, ഈസിയായി ജീവിതത്തെ കാണാനും സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്ന ആളാണ്. മനസ്സമാധാനമായി ഇരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. പക്ഷേ മാറിപ്പോകാന്‍ ശ്രമിച്ചിട്ടും ഇങ്ങോട്ട് വരുന്ന പ്രശ്‌നങ്ങള്‍ അതിന്റെ അവസാനം സഹികെട്ട് തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്.

ഇതെല്ലാം ഈ ലൈംലൈറ്റില്‍ നില്‍ക്കുന്നതുകൊണ്ടാല്ലെ. സിനിമയില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നതുകൊണ്ടായിരിക്കാം അത്തരം ചിന്തകള്‍ മനസിലുണ്ടായിട്ടില്ല. ഇതെല്ലാം അതിന്റെ ഒരു ഭാഗമാണെന്ന് മനസിലാക്കി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പിന്നെ സിനിമയില്‍ വന്നയുടനെ ഒരു ഹൈപ്പിലേക്ക് ഞാന്‍ പോയിട്ടില്ല. പതുക്കെ പതുക്കെ സംഭവിച്ചു പോയ കാര്യങ്ങളാണ്. അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. പിന്നെ ഈ വിവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മാത്രം എനിക്കുണ്ടായ വിഷയങ്ങളാണ്. അതല്ലാതെ നേരിട്ട് എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനൊരു ഉദ്ഘാടനത്തിന് പോകുമ്പോള്‍ എനിക്ക് അവിടുന്ന് കിട്ടുന്ന സ്‌നേഹവും പിന്തുണയും ഇതുമായൊന്നും യാതൊരു ബന്ധവും ഇല്ലാത്തതാണ്. ഈ വിവാദങ്ങളൊക്കെ ഇവിടെ തന്നെയാണോ നടക്കുന്നതെന്ന് നമുക്ക് തോന്നും. വലിയ വിവാദം കത്തിനിന്ന സമയത്തും ഇവര്‍ സ്റ്റേജില്‍ വന്നാല്‍ ചാണകം എറിയും എന്ന് ഒരുകൂട്ടം ആളുകള്‍ പറയുന്ന സമയത്തും ഞാന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോയിട്ടുണ്ട്, ആളുകളെ കണ്ടിട്ടുണ്ട്, ആ സ്‌നേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത് രണ്ടും രണ്ട് ലോകമാണ്.

ഞാനങ്ങനെ സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കമന്റുകളും ശ്രദ്ധിക്കുന്ന ആളല്ല. പക്ഷേ ഇത് ബാധിക്കുന്നത് എന്നെ മാത്രമല്ലല്ലോ. എനിക്കൊരു കുടുംബം ഉണ്ട്, എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ ചുറ്റുമുണ്ട്. അവര്‍ അതെല്ലാം ശ്രദ്ധിക്കാറുണ്ട്. കമന്റുകളെല്ലാം വായിക്കാനുള്ള ത്രാണിയും ശേഷിയും എനിക്കില്ല. ആരോഗ്യപരമായ ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷേ, ഞാന്‍ കേട്ടിരിക്കുന്നത് തമാശപരമായ ട്രോളുകള്‍ അല്ല. ഭീകരമായ ബോഡി ഷെയ്മിങ്ങും അധിക്ഷേപവും നേരിടേണ്ടിവന്നു. പക്ഷേ അതിലും ഞാന്‍ പോസ്റ്റീവുകള്‍ കാണാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

അച്ഛനും അമ്മയും ഹണിയുടെ വലിയ കരുത്താണല്ലേ?

തീര്‍ച്ചയായും. എന്റെ അപ്പനും അമ്മയും ദൈവം എനിക്ക് അറിഞ്ഞു തന്ന രണ്ട് മനുഷ്യര്‍ ആണ്. ഞാനുണ്ടായപ്പോള്‍ തൊട്ട് അവരുടെ ലോകം ഞാനാണ്. എനിക്ക് പ്രായമാകുന്നുവെന്ന ചിന്ത അവര്‍ക്കിതുവരെയും വന്നിട്ടില്ല. അവരിന്നും ഒരു കുഞ്ഞു കൊച്ചിനെ കൊണ്ട് നടക്കുന്നത് പോലെയാണ് എന്നെ കൊണ്ട് നടക്കുന്നത്. ഈ അഭിമുഖത്തിന് വന്നതും എന്റെ അപ്പനൊപ്പമാണ്. അതെവിടെപ്പോയാലും അങ്ങനെ തന്നെയാണ്. വീട്ടില്‍ നിന്ന് കാലെടുത്ത് പുറത്ത് വച്ചാല്‍ അച്ഛന്‍ എന്റെയൊപ്പം ഉണ്ടാകും. ഓവര്‍ പ്രൊട്ടക്ടീവായ മാതാപിതാക്കളെയാണ് എനിക്ക് കിട്ടിയിരിക്കുന്നത്. അവരാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.

ഹണിയുടെ വസ്ത്രധാരണം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാള്‍ക്ക് മാത്രമാണെന്നിരിക്കേ ഇത്തരം വിമര്‍ശനങ്ങളെ ഹണി അതിജീവിച്ചത് എങ്ങനെയാണ്?

അതിജീവിച്ചിട്ടില്ല, അതിജീവിച്ചുകൊണ്ട് ഇരിക്കുകയാണ്. നമ്മള്‍ ഏത് വസ്ത്രം ധരിച്ചാലും അത് ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യുന്നു എന്നത് അനുസരിച്ച് ഇരിക്കും അതിന്റെ ഭംഗി. ഞാന്‍ എന്നെ കാണാന്‍ ഏറ്റവും ഭംഗിയുള്ള ആംഗിളിലാണ് നല്ലൊരു വസ്ത്രം ധരിച്ച് ഷൂട്ട് ചെയ്യാറുള്ളൂ. പക്ഷേ ഒരു പ്രോഗ്രാമിന് പോകുമ്പോള്‍ അങ്ങനെ അല്ല. ഒരുപാട് ക്യാമറക്കണ്ണുകള്‍ ഉണ്ട്. അതിന്റെ ആംഗിളുകള്‍ വ്യത്യസ്തമായിരിക്കും. പല കോണില്‍ നിന്ന് അവര്‍ ഷൂട്ട് ചെയ്യും. എന്താണ് ആ വസ്ത്രം അങ്ങനെ ആയിപ്പോയേ എന്നെല്ലാം ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട്. പക്ഷേ അത് ചെയ്യുന്ന ആളുടെ പ്രശ്‌നമാണ്. ഞാനും എന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്ന ആളല്ല, കുറച്ചുകൂടി ഭംഗിയായി, സുന്ദരിയായി കാണാന്‍ ആഗ്രഹിക്കുന്ന ആളാണ്. ധരിക്കുന്ന വസ്ത്രങ്ങള്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായി തോന്നുന്നതാണ്.

ഞാന്‍ കുറേ പ്രോഗ്രാമുകള്‍ ചെയ്യുന്ന ആളാണ്. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഇവന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനെല്ലാം ഓരോ വസ്ത്രങ്ങള്‍ വേണം. അതെളുപ്പമുള്ള കാര്യമല്ല. വസ്ത്രങ്ങളില്‍ പുതു പരീക്ഷണങ്ങള്‍ കൊണ്ടുവരാനും പറ്റിയ അവസരമാണത്. പക്ഷേ അനങ്ങാതെ നില്‍ക്കുകയല്ലല്ലോ നടക്കുകയും വേദിയില്‍ കയറുകയും മറ്റും ചെയ്യുമ്പോള്‍ വസ്ത്രം ഉലയാനും മറ്റും സാധ്യതയുണ്ട്, ദുബായിയില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ സ്ട്രാപ്പ് വിട്ടുപോയ സംഭവം ഉണ്ടായിട്ടുണ്ട്. പണികിട്ടിയല്ലോ എന്ന് ചിന്തിക്കുന്ന സമയങ്ങളുണ്ട്. എന്ത് തന്നെയായാലും എന്ത് ധരിക്കണമെന്നുള്ളത് അയാളുടെ തീരുമാനമാണ്. അതയാളുടെ ആത്മവിശ്വാസമാണ്. എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍, ആ വസ്ത്രം എനിക്ക് യോജിക്കും എന്ന് എനിക്ക് തോന്നുന്നുണ്ടെങ്കില്‍, നിയമം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം അത് ധരിക്കാനുള്ള അവകാശം എനിക്കുണ്ട്.

സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ബോഡി ഷെയ്മിങ് ഹണിയെ വല്ലാതെ വേദനിപ്പിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്?

ബോഡി ഷെയ്മിങ്ങ് ആരുടെ ഭാഗത്ത് നിന്ന് വന്നാലും വേദനയുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ ശരീരത്തില്‍ നോക്കി അത് കൊള്ളില്ല, ഇത് കൊള്ളില്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ നിങ്ങളത് ആദ്യമായിട്ടായിരിക്കില്ല കേള്‍ക്കുന്നത്. ഇതേ കമന്റ് നിങ്ങള്‍ മുമ്പും കേട്ടിട്ടുണ്ടാവും. ഇത് കേട്ട പലരും പലയിടത്തും ഇത് വീണ്ടും ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ഇങ്ങനെയൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഇട്ട് കൊടുത്താല്‍ അതേറ്റു പറയുന്ന ഒരു കൂട്ടം മനോരോഗികളുണ്ടാവും. അത് വീണ്ടും ആവര്‍ത്തിക്കുന്നത് ഒരു കുറ്റകൃത്യമാണ്. അറിഞ്ഞോ അറിയാതെയോ ആദ്യം അത് പറഞ്ഞ വ്യക്തി ചെയ്ത കുറ്റകൃത്യമാണ്. അതിനുള്ള ശിക്ഷ വ്യക്തമായി കിട്ടിയാല്‍ മാത്രമേ അതൊരു കുറ്റകൃത്യമാണെന്നുള്ള അവബോധം മറ്റുള്ളവരിലേക്ക് എത്തൂ. ബോഡിഷെയ്മിങ്ങ് നേരിട്ട വ്യക്തി ജീവിതകാലം മുഴുവന്‍ അതിന്റെ ഭാരം പേറുന്നുണ്ടാവാം. അയാളുടെ ഉള്ളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍, അയാളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ അത് ധാരാളമാണ്. എന്റെ ഈ ശരീരം എനിക്ക് പ്രശ്‌നമാണല്ലോ എന്ന അരക്ഷിതാവസ്ഥ ഭീകരമാണ്. അങ്ങനെയൊന്നും ആരും ഇവിടെ ജീവിക്കേണ്ട ആവശ്യമില്ല.

റേച്ചലിന്റെ വിശേഷങ്ങള്‍?

റേച്ചലാണ് പുതിയ വിശേഷം. ടൈറ്റില്‍ കഥാപാത്രം ചെയ്യുന്നു എന്ന സന്തോഷം വേറെ. ഞാനിന്ന് വരെ ഇതുപോലൊരു കഥാപാത്രം ചെയ്തിട്ടില്ല. കുറേ അനുഭവങ്ങള്‍, പാഠങ്ങള്‍ തന്ന ചിത്രമാണ് റേച്ചല്‍. സിനിമയ്ക്കായി ഇറച്ചിവെട്ട് പഠിച്ചു. ഇറച്ചിവെട്ട് കടയില്‍ നില്‍ക്കുന്ന ചേച്ചിമാരെ ഞാന്‍ കണ്ടിട്ടേയില്ല, എല്ലായിടത്തും ചേട്ടന്മാരാണ്. എളുപ്പമുള്ള പണി അല്ല അത്. നല്ല അധ്വാനം വേണം. മാംസത്തോടൊപ്പം എല്ലും മുറിച്ച് എടുക്കുന്നത് കഠിനം തന്നെയായിരുന്നു. അതുപോലെ തന്നെ പഴയ മോഡല്‍ ജീപ്പ് ഓടിക്കുന്നുണ്ട്. അതും റിസ്‌ക്കുള്ള പണിയായിരുന്നു. വണ്ടിയോടിക്കാന്‍ അറിയാമെങ്കിലും ഇത്രയും പഴക്കമുള്ള ജീപ്പ് ഓഫ്‌റോഡിൽ ഓടിക്കുന്നത് ടാസ്‌ക് തന്നെയായിരുന്നു. പിന്നെ തോക്കുപയോഗിക്കാൻ പഠിച്ചു. മൂന്ന് നാല് കിലോ ഭാരമുള്ള തോക്ക് തോളത്ത് വച്ച് വെടിവയ്ക്കുമ്പോള്‍ പേടിച്ചുപോയിട്ടുണ്ട്. അങ്ങനെ റേച്ചല്‍ എനിക്ക് പാഠപുസ്തകമാണ്. ഒരുപാട് ഷെയ്ഡുകളുണ്ട് റേച്ചലിന്, ധൈര്യമുള്ളവളാണ്, ആ ധൈര്യം എനിക്കുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ വേറെ ലെവലായേനെ.