
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്ന് പറയാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ കണ്ടാല്‍ ആരായാലും ഇത് ശരിവെയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍നിന്ന് ഭണ്ഡാരത്തില്‍ പണമിട്ട് ഭക്തിയോടെ പ്രാര്‍ഥിക്കുന്ന ഒരു സ്ത്രീയായിരുന്നു വീഡിയോയില്‍. പക്ഷേ ദൃശ്യത്തിലുണ്ടായിരുന്നത് ഗുരുവായൂര്‍ ക്ഷേത്രമല്ല, ഗുരുവായൂരമ്പല നടയില്‍ എന്ന പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രത്തിനായി ഒരുക്കിയ സെറ്റായിരുന്നു എന്നറിയുമ്പോഴാണ് അദ്ഭുതംകൂറുക. സുനില്‍ കുമാരന്‍ എന്ന കലാസംവിധായകനാണ് കളമശ്ശേരിയില്‍ യഥാര്‍ഥ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അതേ വലിപ്പത്തില്‍ അണിയിച്ചൊരുക്കിയ ആ വൈറല്‍ സെറ്റിനുപിന്നിൽ. സുനില്‍ കുമാരന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ഫാലിമിയിലൂടെ 'ഗുരുവായൂരി'ലേക്ക്
ബേസില്‍ നായകനായ ഫാലിമി എന്ന പടം ജെയ്സാൽമീറിൽ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ജയ ജയ ജയ ജയ ഹേയുടെ വിജയാഘോഷത്തിനായി സംവിധായകന്‍ വിപിന്‍ദാസും സംഘവും അവിടെ വന്നിരുന്നു. ഇതിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം എന്നെ വിളിച്ചു. പുതിയൊരു പടം തുടങ്ങുന്നുണ്ട്, വിപിന്‍ ചേട്ടന്‍ വിളിക്കും എന്നാണ് പറഞ്ഞത്. വിപിന്‍ ദാസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഫാലിമിയുടെ സംവിധായകന്‍ നിതീഷ് സഹദേവ്. എന്നെക്കുറിച്ച് നിതീഷിനോട് അന്വേഷിച്ചിരുന്നു. പെട്ടന്നാണ് ഗുരുവായൂരമ്പല നടയിലേക്ക് ഞാനെത്തിയത്.
ഗുരുവായൂരമ്പലത്തിന്റെ സെറ്റിടുക എന്ന വെല്ലുവിളി
ഗുരൂവായൂര്‍ ക്ഷേത്രത്തിന്റെ സെറ്റ് തയ്യാറാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഗുരുവായൂരമ്പലത്തിന്റെ സെറ്റിടേണ്ടിവരും, അതുപോലുള്ള കഥയാണ് എന്ന് നിതീഷ് നേരത്തേ പറഞ്ഞിരുന്നു. പക്ഷേ ഈ ജോലി നമ്മളിലേക്ക് എത്തും എന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ക്ഷേത്രത്തിന്റെ സെറ്റിടുന്നത് വലിയൊരു ദൗത്യം തന്നെയായിരുന്നു. സെറ്റിടാനുള്ള സ്ഥലം ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് കണ്ടെത്തണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. വെയിലും മഴയും കൊള്ളാത്ത സ്ഥലത്തിനായി കുറേ അന്വേഷിച്ചു. ഗുരുവായൂരമ്പലത്തിന്റെ ഉയരം ഏകദേശം 45 അടിയുണ്ടാവും. അത്രയും ഉയരമുള്ള ഗോഡൗണോ മറ്റോ വേണം. ചെറിയ സ്ഥലത്ത് എന്തായാലും അതുണ്ടാക്കാനാവില്ല. ഗോഡൗണ്‍ ചിന്ത ഉപേക്ഷിച്ചശേഷം ഗ്രൗണ്ടുകള്‍ കാണാന്‍ തുടങ്ങി. പെട്ടന്നാരും കയറിവരാതെ നോക്കുകയും വേണമായിരുന്നു.
അപ്രതീക്ഷിത സംഭവവികാസങ്ങള്‍
കുറേ മൈതാനങ്ങള്‍ കണ്ടശേഷം പെരുമ്പാവൂരില്‍ ഒരെണ്ണം ഒത്തുവന്നു. ചുറ്റുമതിലോടുകൂടിയ സ്വകാര്യ സ്ഥലമായിരുന്നു അത്. വലിയ സെറ്റായതുകൊണ്ട് കുറച്ചധികം ദിവസം സെറ്റ് നിര്‍മാണത്തിനായി ചോദിച്ചിരുന്നു. നാൽപ്പത്തിയഞ്ച് ദിവസം കിട്ടി. സ്ഥലത്തിനുള്ള അന്വേഷണവും മറ്റുമായി അഞ്ചുദിവസം കടന്നുപോയി. ബാക്കി നാല്പത് ദിവസമേ ഇനിയുള്ളൂ. അങ്ങനെ അവിടെ സെറ്റിന്റെ പ്രാരംഭജോലികളെല്ലാം തുടങ്ങി. പത്തുദിവസം കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ വന്ന് നിര്‍മാണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു; ഇനിയധികം താമസിക്കണ്ട, അതിനുപിറകേ പോവേണ്ട എന്ന്. അങ്ങനെ അവിടത്തെ ജോലികള്‍ തത്ക്കാലം നിര്‍ത്തി മറ്റൊരു സെറ്റിനായുള്ള അന്വേഷണമായി. നാല്പത് ദിവസംകൊണ്ട് സെറ്റൊരുക്കുന്നതിന്റെ തിരക്കിനിടയിലാണ് പെരുമ്പാവൂരില്‍ പത്തുദിവസത്തെ ജോലിക്കുശേഷം സെറ്റ് മാറ്റേണ്ടിവന്നത്.
കളമശ്ശേരിയില്‍ കൂറ്റന്‍ സെറ്റൊരുങ്ങുന്നു
പെരുമ്പാവൂരില്‍ സെറ്റ് നിര്‍മാണം മുടങ്ങിയതോടെ അടുത്ത സ്ഥലത്തിനുള്ള അന്വേഷണമായി. പ്രൊഡക്ഷന്‍ യൂണിറ്റിലെ ആളുകള്‍ ഫോണ്‍വിളിച്ചും മറ്റും തിരക്കുപിടിച്ച അന്വേഷണമായി. പത്തേക്കറെങ്കിലും വേണമെന്ന ചിന്തയിലായിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്. സെറ്റിനുപുറമേ അവിടെ ഭക്ഷണസൗകര്യവും പാര്‍ക്കിങ് സൗകര്യവും എല്ലാം ഒരുക്കണമായിരുന്നു. അതിനാണ് ഇത്രയും സ്ഥലം ആവശ്യമായി വന്നത്. നടപ്പന്തല്‍ യഥാര്‍ത്ഥ നടപ്പന്തല്‍ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കള്‍കൊണ്ടാണ് നിര്‍മിച്ചത്. ക്ഷേത്രമുണ്ടാക്കിയത് പ്ലൈവുഡും ഫൈബറും ഉപയോഗിച്ചാണ്. മേല്പത്തൂര്‍ ഓഡിറ്റോറിയവും ചിത്രീകരണത്തിനായി നിര്‍മിക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്‌നം ഉപകാരമായി
സാധാരണ വൈകീട്ട് ആറുമണി വരെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ചില സമയത്ത് രാത്രി ഒന്‍പതുമണി വരെയൊക്കെജോലി നീണ്ടുപോകാറുണ്ട്. പക്ഷേ ഈ ചിത്രത്തിനുവേണ്ടി പുലര്‍ച്ചെ രണ്ടുമണിവരെയൊക്കെ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടാണ് പറഞ്ഞ സമയത്തിനുള്ളില്‍ സെറ്റ് പൂര്‍ത്തീകരിക്കാനായത്. ഏകദേശം 90 ശതമാനം പ്രവൃത്തി തീര്‍ന്ന സമയം, തന്ന സമയം തീരാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ പൃഥ്വിരാജിന് ചെറിയൊരു ഡേറ്റ് പ്രശ്‌നം വന്നു. അതുകൊണ്ട് സെറ്റ് ജോലികള്‍ പൂര്‍ണതയിലെത്തിക്കാന്‍ അഞ്ചുദിവസം കൂടി കൂടുതല്‍ കിട്ടി. അതൊരു വലിയ ഭാഗ്യമായിരുന്നു. 180 പേരാണ് അമ്പലം സെറ്റിടാന്‍ കൂടെയുണ്ടായിരുന്നത്. 25 ദിവസത്തിനുശേഷം ജോലിക്കനുസരിച്ച് ആളുകളെ പതിയെ കുറച്ചുകൊണ്ടുവരികയായിരുന്നു.
ശുചിമുറി ഉള്‍പ്പെടെയുള്ള സെറ്റിലെ സൗകര്യങ്ങള്‍
നന്നായിട്ടുണ്ട് എന്നാണ് സെറ്റ് കണ്ടശേഷം വിപിന്‍ ചേട്ടന്‍ പറഞ്ഞത്. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി നമ്മള്‍ ചെയ്തുകൊടുത്തുകൊണ്ടേയിരുന്നു. യാതൊരു കുറ്റവും കുറവും ഉണ്ടാക്കിയിട്ടില്ല. പിന്നെ വിപിന്‍ ചേട്ടന്‍ തന്നെയാണല്ലോ എന്നെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങളും സെറ്റിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞശേഷം സെറ്റ് മൂടിയിടുകയായിരുന്നു. സെക്യൂരിറ്റി ഓഫീസറെയെല്ലാം നിയമിച്ചിരുന്നു. അത്രയും ഹെവിയായിട്ടാണ് സെറ്റ് ചെയ്തത്. അത്രയും തുറസ്സായ സ്ഥലത്ത് സെറ്റിടുമ്പോള്‍ കാറ്റോ മഴയോ വന്ന് അപകടമുണ്ടാവരുതല്ലോ. ഒന്നാമത് ഇത്രയേറെ ആളുകള്‍ അതിനടിയില്‍ നിരന്നുനില്‍ക്കുകയാണ്.
സെറ്റില്‍നിന്നുള്ള വൈറല്‍ വീഡിയോ
ഷൂട്ടിങ്ങിനുവേണ്ടിയിട്ട് അമ്പലം തുറന്നുകൊടുത്ത സമയത്ത് ചെരിപ്പൊക്കെ അഴിച്ചുവെച്ചാണ് ആളുകള്‍ അകത്തുകയറിയിരുന്നത്. അതൊന്നുംവേണ്ട ഷൂട്ടിങ്ങിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് അവരോടുപറഞ്ഞു. അതിനുമുന്നില്‍ ചന്ദനത്തിരി കത്തിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂരപ്പന്റെ ഒരു ഭക്തിഗാനം ചെറിയ ശബ്ദത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. എല്ലാം കൂടിയായപ്പോള്‍ യഥാര്‍ഥ ക്ഷേത്രത്തിന്റേതെന്നപോലുള്ള അന്തരീക്ഷമുണ്ടായിരുന്നു അവിടെ. കുറേ പേര്‍ വന്ന് പ്രാര്‍ഥിച്ചുപോയതില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ പ്രചരിച്ചത്. സെറ്റിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ വിപിന്‍ ചേട്ടന്‍ ഷെയര്‍ ചെയ്തിരുന്നു. കുറേപേര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഗ്രാഫിക് ഡിസൈനിങ്ങിലൂടെ സിനിമയിലേക്ക്
സംവിധായകന്‍ ജയരാജ് സാറിന്റെ അനിയന്‍ ഉണ്ണിയേട്ടന്റെ ഒരു ഡിസൈന്‍ സംരംഭമുണ്ടായിരുന്നു കോട്ടയത്ത്. അവിടെയായിരുന്നു ഞാനാദ്യം ജോലിചെയ്തിരുന്നത്. അത്യാവശ്യം ഗ്രാഫിക് ഡിസൈനിങ്ങും കാര്യങ്ങളുമൊക്കെ ചെയ്യാറുണ്ട്. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രമൊക്കെ ചെയ്ത പ്രദീപേട്ടന്‍, അദ്ദേഹവും കണ്ണൂര്‍ തന്നെയാണ്, ഞാന്‍ അദ്ദേഹവുമായി നല്ല പരിചയത്തിലായിരുന്നു. ഞാനും പ്രദീപേട്ടനുമാണ് കോട്ടയത്ത് ഡിസൈനിങ് ചെയ്തുവന്നിരുന്നത്. ഓഫ് ദ പീപ്പിള്‍ എന്ന സിനിമ തുടങ്ങുന്ന സമയത്ത് ജയരാജ് സാര്‍ ഞങ്ങളുടെ ഓഫീസില്‍ത്തന്നെയായിരുന്നു. പടം പ്ലാന്‍ ചെയ്യുന്നതൊക്കെ ഞങ്ങളറിയുന്നുണ്ട്. ആ സമയത്ത് ആര്‍ട്ട് ഡയറക്ടര്‍ വേറൊരാളായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം ഇദ്ദേഹത്തിന് എന്തോ അസൗകര്യമുണ്ടായി. അങ്ങനെ ആ അവസരം ജയരാജ് സാറിനൊപ്പം മുന്‍പ് പ്രവര്‍ത്തിച്ച പ്രദീപേട്ടന് കിട്ടി. ഡിസൈനിങ് ഓഫീസ് തുടങ്ങി കുറച്ചേ ആയിരുന്നുള്ളൂ. ആ ഓഫീസ് തത്ക്കാലം പൂട്ടി പ്രദീപേട്ടനൊപ്പം ഞാനും സിനിമയിലേക്കിറങ്ങി. ഉണ്ണിയേട്ടന്റെ സമ്മതവും ഉണ്ടായിരുന്നു. പിന്നെ അദ്ദേഹവും ഈ സിനിമയുടെ പിന്നണിയിലുണ്ടായിരുന്നു.

സ്വതന്ത്ര കലാസംവിധായകനാവുന്നു
ഓഫ് ദ പീപ്പിളാണ് എന്‍ട്രി കിട്ടിയ പടം. പിന്നീട് പ്രദീപേട്ടനൊപ്പം തുടര്‍ന്നു. ശേഷം എം. ബാവ, സുജിത് രാഘവ്, സന്തോഷ് രാമന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. സന്തോഷേട്ടന്റെ കൂടെയാണ് അധികവും ഉണ്ടായിരുന്നത്. സന്തോഷേട്ടന് വന്ന ഒരു ചിത്രം അദ്ദേഹം എനിക്ക് തരികയായിരുന്നു. അതാണ് പ്യാലി എന്ന ചിത്രം. ആ ചിത്രത്തിന് പ്രൊഡക്ഷന്‍ ഡിസൈനിങ്ങിന് സംസ്ഥാന പുരസ്‌കാരം ഉണ്ടായിരുന്നു. അതിനുശേഷം സുരാജിന്റെ ഹിഗ്വിറ്റ, കായ്‌പ്പോള, ഫാലിമി, മന്ദാകിനി എന്നീ ചിത്രങ്ങള്‍ ചെയ്തു. മന്ദാകിനിയും വിവാഹം പശ്ചാത്തലമാക്കിയുള്ളതാണ്. ചെറിയ സിനിമയാണ്. ഇതിന്റെ ഛായാഗ്രാഹകനായ ഷിജു എം ഭാസ്‌കറുമായി നല്ല ബന്ധമാണ്. അങ്ങനെയാണ് മന്ദാകിനിയിലേക്ക് വന്നത്. ചെറിയൊരു കൂട്ടായ്മയിലുണ്ടാക്കുന്ന ചിത്രമാണെന്നാണ് പറഞ്ഞത്. സൗഹൃദംകൊണ്ട് ചെയ്ത ചിത്രമാണ് മന്ദാകിനി. കല്യാണം കഴിഞ്ഞ ശേഷമുള്ള അന്തരീക്ഷമായിരുന്നു ഈ ചിത്രത്തില്‍ ഒരുക്കേണ്ടിയിരുന്നത്.
Content Highlights: guruvayoorambala nadayil art director sunil kumaran interview
Published: 22 May 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented