
ജീവിതത്തിലിന്നേ വരെ എന്തെങ്കിലും പ്രതീക്ഷിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും പ്രേക്ഷകർ തരുന്ന സ്നേഹവും പിന്തുണയും അനുഗ്രഹമായി കാണുന്നുവെന്നും നടി മഞ്ജു വാര്യർ. കൂടെ നിൽക്കുന്ന സൗഹൃദങ്ങളെ വിവരിക്കാനാവില്ലെന്നും അതിൽ നിന്നുള്ള ഊർജമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും മഞ്ജു പറയുന്നു. സൈജു ശ്രീധറിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഫൂട്ടേജിന്റം വിശേഷങ്ങളുമായി മഞ്ജു വാര്യർ മാതൃഭൂമി ഡോട് കോമിനൊപ്പം.
ഒരു മഞ്ജു വാര്യർ ചിത്രം വരുമ്പോൾ പ്രേക്ഷകർക്ക് ഭയങ്കര പ്രതീക്ഷയുണ്ട്. ഒറ്റ സീനിലാണെങ്കിലും മഞ്ജു വാര്യർ സ്ക്രീനിൽ വരുമ്പോൾ അവർ ആവേശത്തിലാകും
സിനിമ പ്രേക്ഷകർ ഏറ്റെടുക്കണം എന്നേയുള്ളൂ. അല്ലാതെ അതിനപ്പുറത്തേക്ക് ഞാൻ എന്നെ തന്നെ ആലോചിച്ചു കുഴപ്പിക്കാറില്ല. അതെല്ലാം പ്രേക്ഷകർ തരുന്ന സ്നേഹമാണ്. വളരെ സിമ്പിൾ ആയിട്ടേ ഇതിനെ കാണാറുള്ളൂ. നൂറ് ശതമാനം ആത്മാർഥമായും കഠിനാധ്വാനം ചെയ്തുമാണ് ഓരോ സിനിമയെയും സമീപിക്കുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെടണം എന്ന വിശ്വാസത്തോടെ. ബാക്കിയെല്ലാം അവരുടെ കെെയിലാണ്. ഒരു സിനിമയുടെ ഭാവി എന്ന് പറയുന്നത് അവരുടെ കെെയിലാണ്.
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ മഞ്ജു ശ്രദ്ധിക്കുന്നത് എന്താണ്
എനിക്ക് ആ സിനിമ തിയേറ്ററിൽ ഇരുന്ന് കാണാൻ തോന്നുമോ ഇല്ലയോ എന്ന സിമ്പിള്‍ ലോജിക് മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. എപ്പോഴും ആ ജഡ്ജ്മെന്റ് ശരിയായിക്കൊള്ളണമെന്നില്ല. പലപ്പോഴും തെറ്റിയിട്ടും ഉണ്ട്. എങ്കിലും എനിക്ക് പ്രയോഗിക്കാൻ അറിയാവുന്ന ലോജിക് അത് മാത്രമേയുള്ളൂ അതുകൊണ്ടാണ്.
ഫൂട്ടേജ് താരതമ്യേന പുതുമുഖങ്ങളുടെ ചിത്രമാണ്
ഇതിന്റെ ടീം തന്നെയാണ് ഈ ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ഒരു ഫൗണ്ട് ഫൂട്ടേജ് ജോണറിൽ വരുന്ന സിനിമയാണ്. അത്തരത്തിൽ ഒരു ചിത്രം ഞാനിതിന് മുമ്പ് ചെയ്തിട്ടില്ല. എല്ലാ സിനിമയും ചെയ്യുന്നതുപോലെ തന്നെ നന്നായിരിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഫൂട്ടേജിന്റെയും ഭാഗമാവുന്നത്. പക്ഷേ മറ്റു ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഫൂട്ടേജിന്റെ ഷൂട്ടിങ്. നേരത്തെ പറഞ്ഞ പോലെ കണ്ടെടുക്കുന്ന ഫൂട്ടേജുകളിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് ചിത്രത്തിൽ ഉള്ളത്. എല്ലാ സീനും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതൊക്കെ എനിക്ക് പുതിയ അനുഭവമാണ്.

കഥാപാത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഷോട്ടിന് ശേഷം സംവിധായകൻ പറയുന്ന ഓക്കെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി തോന്നുകയും ചെയ്തിരുന്നു
ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു സൈജു. ആദ്യ സംവിധാനസംരഭത്തിന് സൈജുവിനോട് ഓക്കെ പറയാനുള്ള കാരണം എന്തായിരുന്നു
റാണി പത്മിനിയുടെ സമയത്താണ് സൈജുവിനെ ഞാൻ പരിചയപ്പെടുന്നത്. ഈ എഡിറ്റിങ്ങും ചിത്രീകരണവും രണ്ട് അറ്റത്ത് നടക്കുന്ന കാര്യങ്ങളല്ലേ. അതുകൊണ്ട് പിന്നീടുള്ള കണ്ടുമുട്ടലുകൾ അധികം ഉണ്ടായിട്ടില്ല. ഒരു സംവിധായകന്റെ ഒപ്പം ഒരു സിനിമയെ രൂപപ്പെടുത്തിയെടുക്കാൻ ഒരു എഡിറ്ററുടെ കൈകൾക്ക് പറ്റും എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഡയറക്ടോറിയൽ സ്കിൽ ഉള്ള ആളാണ് ഷൈജു എന്ന് എനിക്കൊരു ധാരണ ഉണ്ടായിരുന്നു. പിന്നെ എനിക്ക് പുറമേ വിശാഖ് നായരും, ഗായത്രി അശോകുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഏകദേശം ഒരു മാസം മുമ്പ് ഞങ്ങളെല്ലാവരും ഒരുമിച്ച് ഒരു വർഷോപ്പ് നടത്തിയിരുന്നു. ഈ കുട്ടികൾ ഇടുന്ന ഹാർഡ് വർക്കും ഡെഡിക്കേഷനുമൊക്കെ കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ഞാനൊന്നും കൊടുക്കുന്നതൊന്നും പോരാ ഇനിയും കഷ്ടപ്പെട്ടേ മതിയാകൂ എന്ന്. അത്രയ്ക്ക് പാഷനേറ്റ് ആണ് ഇവരെല്ലാം.
അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഭാഗമാവുന്നത്
അദ്ദേഹം ഈ ചിത്രം കാണാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അയച്ചു കൊടുത്തു. സിനിമ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം അത് അവതരിപ്പിക്കാമെന്ന് സന്തോഷത്തോടെ പറയുകയായിരുന്നു.
വർഷമിത്രയായിട്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ
ഇന്നും ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ എനിക്ക് പരിഭ്രമമുണ്ടാകാറുണ്ട്. ഓരോ ടേക്കിന് മുമ്പും അങ്ങനെ തന്നെയാണ്. ഇത്ര സിനിമയായിട്ടും ഈ ടെൻഷൻ എന്താണ് മാറാത്തത് എന്ന് എനിക്കും അറിഞ്ഞുകൂടാ. ഓക്കെ റോൾ എന്ന് പറഞ്ഞു കഴിയുമ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടാറുണ്ട്.

രണ്ടാം വരവിൽ വലിയൊരു പിന്തുണയും സ്നേഹവും മഞ്ജുവിന് ലഭിച്ചു. മഞ്ജു എന്റെ മകളായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അമ്മമാർ വരെയുണ്ട്. ഇതെല്ലാം പ്രതീക്ഷിച്ചിരുന്നോ
അങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ചു ഞാൻ ജീവിതത്തിൽ ഇന്നേ വരെ ഒന്നും ചെയ്തിട്ടില്ല. കിട്ടുന്നതെല്ലാം ബോണസ്, അല്ലെങ്കിൽ അനുഗ്രഹം ആയിട്ട് ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്. വിടാതെ മുറുകെ പിടിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സ്നേഹിക്കുന്നവർ പറയുന്ന ഓരോ വാക്കും എന്റെ ഉള്ളിലിങ്ങനെ വച്ച് അതിൽ നിന്നാണ് ഞാൻ മുന്നോട്ടുള്ള ഊർജ്ജം കണ്ടെത്തുന്നത്.
പൊടി തട്ടിയെടുത്തതാണോ ബൈക്കോടിക്കണമെന്ന മോഹം
ബൈക്ക് ഓടിക്കണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നതാണ്. ആരും എന്നോട് ചോദിച്ചിട്ടുമില്ല, ഞാനത് പറഞ്ഞിട്ടുമില്ല എന്നേയുള്ളൂ.ഏതൊക്കെയോ സിനിമകൾ കണ്ട് ആവേശം കൊണ്ട് തുടങ്ങിയ മോഹമാണ്. പക്ഷേ രണ്ടുവർഷം മുമ്പാണ് ബൈക്കോടിക്കാൻ പഠിച്ചു തുടങ്ങുന്നത്. പക്ഷേ റൈഡർ എന്നൊന്നും എന്നെ വിളിക്കാനായിട്ടില്ല. യാത്രകൾ പോകുന്നുണ്ട് എന്ന് പറയുമ്പോഴും അത് ആസ്വദിച്ച് ചെയ്യാനുള്ള എക്സ്പീരിയൻസ് ഒന്നും എനിക്ക് ആയിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സ്റ്റേജിൽ തന്നെയാണ് ഇന്നും ഞാൻ.

അന്ന് പോയ ലഡാക്ക് യാത്ര ഒരു സംഘത്തോടൊപ്പമാണ്. അന്ന് എനിക്ക് ലൈസൻസില്ലാത്തതുകൊണ്ട് ഞാനല്ല വണ്ടി ഓടിച്ചതും. അജിത് സർ അടക്കമുള്ള പ്രൊഫഷണൽ റൈഡേഴ്സ് ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ആ സമയത്ത് വണ്ടി ഓടിക്കാൻ അറിയാമായിരുന്നുവെങ്കിലും പിന്നീടാണ് ഞാൻ ലൈസൻസ് എടുക്കുന്നത്. എങ്കിലും ഇപ്പോഴും പഠിച്ചു വരുന്നതേയുള്ളൂ. അവിടെയും ഇവിടെയും മറിഞ്ഞു വീഴുന്നതും ചളിയിൽ നിന്ന് എണീറ്റ് വരുന്നതും ഒക്കെ ഇടയ്ക്ക് കാണാം.
തമിഴ്നാട്ടിലാണ് ജനിച്ചത്, പക്ഷേ തമിഴ് സിനിമയുടെ ഭാഗമാവാൻ ശ്രമിച്ചത് ഈ രണ്ടാം വരവിലാണ്
ശ്രമിച്ചത് ഇപ്പോഴാണ് എന്നല്ല, പലപ്പോഴും പല ചർച്ചകളും നടന്നിരുന്നു. പക്ഷേ നടന്നത് ഇപ്പോഴാണ് എന്ന് മാത്രമേയുള്ളൂ. മൂന്ന് സിനിമകൾ അടുപ്പിച്ച് തമിഴിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. അത് വളരെ യാദൃശ്ചികമായാണ് സംഭവിച്ചത്. അതുകൊണ്ട് കുറച്ചുനാൾ അവിടെയായിരുന്നു. എന്ന് കരുതി മലയാളത്തെ മറന്നതോ മലയാളത്തിൽ നിന്നും മാറിനിൽക്കുന്നതോ അല്ല. പിന്നെ ഭാഷയുടെ ഈ അതിർവരമ്പുകളെല്ലാം മാഞ്ഞു തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ. തമിഴെന്നോ തെലുങ്കെന്നോ മലയാളം എന്നോ വ്യത്യാസമില്ലല്ലോ ഇന്ന്. നല്ല സിനിമകളുടെ ഭാഗമാകുക എന്നേയുള്ളൂ. ഏത് ഭാഷയിൽ ആയാലും വളരെ കംഫർട്ടബിൾ ആണ് ജോലി ചെയ്യാൻ. ആകെയുള്ള വ്യത്യാസം എന്നുവച്ചാൽ ഇവിടെ ഒരു സിനിമ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. 35-40 ദിവസം ഒറ്റ ഷെഡ്യൂൾ പോകും. അവിടെ ആകുമ്പോൾ ഒരു ഇടവേള വരും എന്ന് മാത്രമേയുള്ളൂ.
എന്നും കൂടെ നിൽക്കുന്ന സൗഹൃദങ്ങളെക്കുറിച്ച്
സൗഹൃദങ്ങൾക്ക് ഡെഫിനിഷൻ കൊടുക്കാൻ കഴിയില്ല. തന്നെ ഉണ്ടാവുന്നതാണ് ഈ സൗഹൃദങ്ങൾ. അത് എല്ലാ കാലത്തും തുടർന്നുകൊണ്ടിരിക്കണമെന്ന് നിർബന്ധവുമില്ല. അതുകൊണ്ടുതന്നെ അതിനൊരു നിർവചനം ആർക്കെങ്കിലും കൊടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. വന്നു ചേരുന്ന നല്ല ബന്ധങ്ങൾ എന്നേ പറയാനുള്ളൂ. നമ്മളായിട്ട് എഫേർട്ട് ഇട്ട് ചെയ്യേണ്ട ഒരു സംഭവമാണെങ്കിൽ അതിനെ സൗഹൃദമെന്ന് എന്ന് വിളിക്കാൻ സാധിക്കില്ലല്ലോ. കുറേ നാളുകൾക്ക് ശേഷം കാണുമ്പോഴും ഇന്നലെ സംസാരിച്ചു നിർത്തി തുടങ്ങിയിടത്ത് നിന്ന് വീണ്ടും തുടങ്ങാൻ സാധിക്കുന്ന ബന്ധങ്ങളാണ് യഥാർഥ സൗഹൃദം. ഇതും എന്റെ അനുഭവമാണ് പറയുന്നത് കേട്ടോ. എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ല. പലർക്കും ഇതിനോട് യോജിക്കാൻ പറ്റിയെന്നും വരില്ല. എല്ലാവർക്കും അവരുടെതായ ഒരു നിർവചനം അല്ലെങ്കിൽ അവരുടെ ചിന്താഗതി ഉണ്ടാകും ബന്ധങ്ങളിൽ.
Content Highlights: footage movie actress manju warrier interview
Published: 14 Aug 2024, 09:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented