
മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സ്വന്തമായത്. അക്കൂട്ടത്തിൽത്തന്നെ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തലയെടുപ്പോടെ നിൽക്കുകയാണ്. ആട്ടം മികച്ച ചിത്രമായപ്പോൾ ഇതേ ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മഹേഷ് ഭുവനേന്ദ്. പുരസ്കാരനേട്ടത്തേക്കുറിച്ച് മഹേഷ് ഭുവനേന്ദ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
"ദേശീയ പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ആദ്യത്തെ ദേശീയ പുരസ്കാരമാണ്. വിനയ്ഫോർട്ടും സംവിധായകൻ ആനന്ദ് ഏകർഷിയുമെല്ലാം സുഹൃത്തുക്കളാണ്. ലോകധർമി എന്ന നാടകട്രൂപ്പിലെ അംഗങ്ങളാണ് ഇവരെല്ലാം. അവരെല്ലാം ചേർന്നെടുത്ത സിനിമയാണ് ആട്ടം. തിരക്കഥയെല്ലാം പൂർത്തിയാക്കി ചിത്രീകരണം തുടങ്ങുന്നതിന് ഏകദേശം ഒരുമാസം മുൻപാണ് ആനന്ദ് എന്നെ വിളിച്ചത്. ഞാൻ ചെയ്ത മധുരം എന്ന ചിത്രം അദ്ദേഹം കണ്ടിരുന്നു.
ആട്ടത്തിന്റെ തിരക്കഥ കേട്ടപ്പോൾത്തന്നെ എനിക്ക് വളരെയധികം ഇഷ്ടമായി. ആനന്ദ് തിരക്കഥ മുഴുവൻ പറഞ്ഞപ്പോൾത്തന്നെ ചിത്രം ചെയ്യാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.
സിനിമയുടെ എഡിറ്റിങ് എന്തായാലും ബുദ്ധിമുട്ടുണ്ടാക്കും. കാരണം മറ്റുചിത്രങ്ങളെല്ലാം പല പല ലൊക്കേഷനിലാണ് ചിത്രീകരിക്കുന്നത്. കൂടാതെ ഒറ്റ ഓഡറിൽ അല്ലല്ലോ ഷൂട്ട് ചെയ്യുന്നത്. ആട്ടത്തിന്റെ കാര്യത്തിൽ ആദ്യത്തെ സ്റ്റേജിൽ വലിയ പാടായിരുന്നു എഡിറ്റ് ചെയ്യാൻ. കാരണം കോസ്റ്റ്യൂമോ ലൊക്കേഷനോ മാറുന്നില്ല. പിന്നീടത് സ്റ്റോറി ഓഡറിലേക്ക് വന്നുകഴിഞ്ഞപ്പോൾ എഡിറ്റിങ് എളുപ്പമായിമാറി. കഥാപാത്രങ്ങളുടെ സ്വഭാവം നിലനിർത്തിക്കൊണ്ടുപോവുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ വശം.
കഥാപാത്രങ്ങൾക്കെല്ലാം കാരക്റ്റർ ഗ്രാഫുണ്ടായിരുന്നു. കഥാപാത്രങ്ങൾക്കെല്ലാം സിനിമ തുടങ്ങുമ്പോഴുള്ള സ്വഭാവമല്ല പിന്നീട് കാണാൻ സാധിക്കുക. സിനിമയുടെ അവസാനത്തിലെത്തുമ്പോഴേക്കും ഇവരൊന്നും നമ്മൾ വിചാരിക്കുന്ന ആളുകളല്ല എന്ന് മനസിലാക്കാൻ പറ്റും. ഈ ഗ്രാഫ് നിലനിർത്തിക്കൊണ്ടുപോവുക എന്നത് തിരക്കഥാ ചർച്ചയിൽത്തന്നെ ഉയർന്ന കാര്യമാണ്. അത് നന്നായിത്തന്നെ ചെയ്യാൻ കഴിഞ്ഞു.
ആട്ടത്തിന് എന്തെങ്കിലും ഒരു പുരസ്കാരം കിട്ടണമെന്ന് ഞങ്ങളെല്ലാവരും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. കാരണം ചലച്ചിത്രമേളകളിലെല്ലാം പോകുമ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. പുരസ്കാര പ്രഖ്യാപനസമയത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. വിചാരിച്ചതിനും മുകളിലുള്ള അംഗീകാരമാണ് കിട്ടിയത്. എഡിറ്റർക്കുള്ള പുരസ്കാരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ത്യയിലെ മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെടുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
പുതിയ പ്രോജക്റ്റുകൾ ചെയ്യുന്നുണ്ട്. കേരളാ ക്രൈം ഫയൽസ് : സീസൺ 2 ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അഹമ്മദ് കബീറിന്റെ പുതിയ ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങാൻ പോവുകയാണ്. അതിനുപുറമേ മറ്റ് ഒന്ന് രണ്ട് ചിത്രങ്ങൾ കൂടി പറഞ്ഞുവെച്ചിട്ടുണ്ട്." മഹേഷ് പറഞ്ഞവസാനിപ്പിക്കുന്നു.
Content Highlights: film editor mahesh bhuvanend interview about national awards 2022
Published: 16 Aug 2024, 05:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented