
മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിങ്ങുന്ന ബാലന്റെ ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ പ്രേക്ഷകർ അന്വേഷിക്കുന്നത് ഒരമ്മയെയും മകനെയുമാണ്. തൃശൂരിൽ ജനിച്ച് ദുബായിൽ വളർന്ന ഫർസാന പാലത്തിങ്കലും ആലപ്പുഴ സ്വദേശിയായ ആദിശേഷനുമാണ് പ്രേക്ഷകനെ ഞെട്ടിച്ച ആ അമ്മയും മകനും. തിയറ്റർ ആർട്ടിസ്റ്റ്, മോഡൽ, പീഡിയാട്രിക് ഒക്കുപേഷണൽ തെറാപ്പിസ്റ്റ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ഫർസാന. ബാലന്റെ വിശേഷങ്ങളുമായി ഫർസാന മാതൃഭൂമി ഡോട് കോമിനൊപ്പം.
ടീസർ ഇറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണല്ലോ. ഇത്തരമൊരു സ്വീകരണം പ്രതീക്ഷിച്ചിരുന്നോ?
സത്യം പറഞ്ഞാൽ ട്രെയിലർ റിലീസാകുമ്പോൾ ഇത്രയധികം ചർച്ചയാവുമെന്നോ നമ്മുടെ കഥാപാത്രത്തെ പറ്റി സംസാരിക്കുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന്റെ സംവിധാനം, എഡിറ്റിങ്, മ്യൂസിക് ഇതെല്ലാം എങ്ങനെ ഉണ്ടാവും എന്നൊക്കെയുള്ള ഒരു ആകാംക്ഷയായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ ഇത്രയധികം ആളുകൾ എന്റെ അമ്മ കഥാപാത്രത്തെക്കുറിച്ച് അന്വേഷിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷവും നന്ദിയും തോന്നുന്നു. ഇത്രയധികം ടാലന്റഡായ ഒരു കൂട്ടം ആളുകൾക്കൊപ്പം ആദ്യ സിനിമ തന്നെ സംഭവിക്കുക എന്നത് മഹാഭാഗ്യമാണ്. സ്വപ്നതുല്യം എന്നേ പറയാനുള്ളൂ.
എങ്ങനെയാണ് ബാലന്റെ ഭാഗമായത് ? കഥാപാത്രത്തെക്കുറിച്ച് ചിദംബരം ബ്രീഫ് ചെയ്തത് എന്താണ് ?
ഒഡിഷൻ വഴി തന്നെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. എന്റെ ഉമ്മച്ചിയാണ് ആദ്യം എനിക്ക് ഒഡിഷൻ നോട്ടീസ് അയച്ചുതന്നതും അതിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതും. അങ്ങനെ ഒഡിഷന് പോയി. ഗണപതിയാണ് എന്നെ ഈ സിനിമയ്ക്കായി സജസ്റ്റ് ചെയ്തത്. പിന്നീട് കെമിസ്ട്രി ടെസ്റ്റിനായി കൊച്ചിയിലേക്ക് വന്നു. ആദിശേഷനൊപ്പമുള്ള കെമിസ്ട്രി ടെസ്റ്റ് ചെയ്ത ശേഷമാണ് ഈ വേഷം ഞാൻ ചെയ്യുമെന്ന് അവർ ഉറപ്പിച്ചത്. കഥയെക്കുറിച്ച് തുടക്കത്തിൽ എനിക്ക് വലിയ ഐഡിയ ഒന്നും തന്നിരുന്നില്ല, എല്ലാം വളരെ സീക്രട്ട് ആയിരുന്നു. അമ്മയാണ്, ചില പ്രശ്‌നങ്ങളിലൂടെ അവർ കടന്നുപോകുന്നു എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ തന്റെ കുട്ടിയെ മാത്രം ലോകമായി കാണുന്ന ഒരു അമ്മയുടെ സ്‌നേഹം, ഇതൊക്കെയായിരുന്നു ബ്രീഫിംഗ്.
ഈ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുക്കാൻ കാരണം ഒരു പുതിയ മുഖം വേണം എന്ന നിർബന്ധമായിരുന്നു എന്ന് ചിദംബരം പറഞ്ഞിരുന്നു. ആ അമ്മ എന്ത് ചെയ്യുമെന്ന് പ്രേക്ഷകർക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റരുത് എന്നതായിരുന്നു അവരുടെ ചിന്ത.
ആദിശേഷൻ എന്ന മിടുക്കൻ ടീസറിൽ തന്നെ നമ്മളെ ഞെട്ടിച്ചതാണ് ?
ആദിശേഷൻ ഒരു 'ഫയർ ക്രാക്കർ' ആണ്. ആദ്യം കെമിസ്ട്രി ടെസ്റ്റിന് ചെന്നപ്പോൾ 'ഇതെന്റെ അമ്മയല്ല' എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾ തമ്മിൽ നല്ല സിങ്ക് ആയി. അവൻ യാതൊരുവിധ പരിമിതികളും ഇല്ലാതെ അഭിനയിക്കുന്ന, വളരെ കഴിവുള്ള, പ്രായത്തിൽ കവിഞ്ഞ് പക്വതയുള്ള ഒരു മോൻ.
ഈ കഥാപാത്രത്തിനായി എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?
ജിത്തു മാധവൻ എഴുതിത്തന്ന തിരക്കഥയിലൂടെയാണ് ആ കഥാപാത്രത്തെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയത്. കഥാപാത്രത്തിന്റെ സ്വഭാവ രീതി, ജീവിതശൈലി എന്നിവ മനസ്സിലാക്കാൻ ശ്രമിച്ചു. ഞാനും ഈ കഥാപാത്രവും തമ്മിൽ ഒരു തരത്തിലും സാദൃശ്യമില്ല. അതുകൊണ്ടുതന്നെ ഒരു പുതിയ സ്വഭാവമുള്ള ഒരാളെ സൃഷ്ടിക്കുന്നത് വളരെ ആവേശമുള്ള കാര്യമായിരുന്നു.
ആരാണ് യഥാർത്ഥത്തിൽ ഫർസാന? പശ്ചാത്തലത്തെക്കുറിച്ച് ഒന്ന് പറയാമോ?
ഞാൻ ഒരു നോർമൽ പെൺകുട്ടിയാണ്. സ്‌കൂളിലും കോളേജിലും പോയി, കുറച്ചു കാലം ജോലി ചെയ്തു, പുതിയ കാര്യങ്ങൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായതുകൊണ്ട് ദാ ഇപ്പോൾ സിനിമയിലുമെത്തി. എന്റെ ഉമ്മച്ചിയും ഉപ്പച്ചിയും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. അങ്ങനെയാണ് കവിതകളിലും ബ്ലോഗ് എഴുത്തിലും ഡാൻസിലും പാട്ടിലുമൊക്കെ താത്പര്യം വന്നത്.
ഞാൻ ജനിച്ചത് തൃശ്ശൂരിലാണ്. മൂന്ന് വയസ്സുള്ളപ്പോൾ ദുബായിലേക്ക് പോയി, അവിടെയായിരുന്നു വളർന്നത്. പിന്നീട് നാല് വർഷത്തോളം മുംബൈയിൽ ആയിരുന്നു. ഇപ്പോൾ ഈ സിനിമയ്ക്ക് ശേഷം ഞാൻ കേരളത്തിലേക്ക് താമസം മാറി. ഇവിടെ എനിക്ക് എന്റെ വീട്ടിലെത്തിയ ഒരു അനുഭവം തോന്നുന്നുണ്ട്. സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഞാൻ മുംബൈയിലേക്ക് പോയത്. അന്ന് കേരളത്തിൽ കാസ്റ്റിംഗ് ഏജൻസികൾ അത്ര സജീവമായിരുന്നില്ല. പിടിച്ച് നിൽക്കാൻ വേണ്ടി ചില ആഡ്‌സും മ്യൂസിക് വീഡിയോകളും ചെയ്തുവെങ്കിലും മനസ്സിൽ സിനിമ തന്നെയായിരുന്നു.
ഇത്രയും കാലം പുറത്തായിരുന്നിട്ടും മലയാളം ഇത്ര വ്യക്തമായി സംസാരിക്കുന്നുണ്ടല്ലോ ?
വീട്ടിൽ മലയാളം തന്നെ സംസാരിക്കണമെന്ന് ഉമ്മച്ചിക്കും ഉപ്പച്ചിക്കും നിർബന്ധമായിരുന്നു. എന്റെ ഉള്ളിലെ ചിന്തകൾ ഇംഗ്ലീഷിലാണെങ്കിൽ പോലും എല്ലാവരോടും മലയാളത്തിൽ സംസാരിച്ച് അത് ശീലമായി.
മൾടി ടാലന്റഡായ ഒരു പെൺകുട്ടിയാണ് ഫർസാന. അതോടൊപ്പം ഓട്ടിസം, ADHD ഉള്ള കുട്ടികൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. ആ മേഖലയിലേക്ക് എങ്ങനെയാണ് എത്തിയത്?
എന്റെ കുടുംബം തന്നെ ഒരു ന്യൂറോ ഡൈവേർജന്റ് ഫാമിലിയാണ്. എന്റെ രണ്ട് സഹോദരന്മാർക്കും ADHD ഉണ്ട്. എന്റെ മൂത്ത സഹോദരൻ ചെറുപ്പമായിരുന്നപ്പോൾ ഓട്ടിസം സെഷനുകൾക്ക് പോകുമായിരുന്നു. അങ്ങനെയാണ് ഇത്തരം കുട്ടികളോടൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായത്. അതുകൊണ്ട് അത്തരം കുട്ടികളെ നിരീക്ഷിക്കാനും അവരെ മനസ്സിലാക്കാനും എനിക്ക് സാധിക്കാറുണ്ട്. എന്റെ കുട്ടികളിൽ പലരും സംസാരിക്കാൻ കഴിയാത്തവരാണ് (non-verbal), അതുകൊണ്ടുതന്നെ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് കൂടുതൽ സ്വീകാര്യതയുള്ള ഒരു ലോകം ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം.
പണ്ടുതൊട്ടേ സിനിമയോടുള്ള താത്പര്യം എങ്ങനെയുള്ളതായിരുന്നു?
കുട്ടിക്കാലത്ത് ഉമ്മച്ചിയും ഉപ്പച്ചിയും ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഞാനും അനിയൻ ഫാരിസും ടിവിയിൽ വരുന്ന സിനിമകൾ കാണുമായിരുന്നു. മണിച്ചിത്രത്താഴ്, കിലുക്കം പോലെയുള്ള സിനിമകൾ കണ്ട് അതിലെ ഡയലോഗുകൾ ഞങ്ങൾ അഭിനയിച്ചു കാണിക്കുമായിരുന്നു. പൃഥ്വിരാജിന്റെ സിനിമകളൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇന്ന് അത്തരം സിനിമയുടെ ഭാഗമായെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. വലിയ സന്തോഷമുണ്ട്.
ബാലൻ റിലീസ് ആയതിനുശേഷം കേരളത്തിൽ തന്നെ സജീവമായി ഉണ്ടാകുമോ?
തീർച്ചയായും. ഈ സിനിമ ചെയ്തതിനുശേഷം എനിക്ക് ഇവിടെ സ്വന്തം വീട്ടിലെത്തിയ ഒരു അനുഭവം തോന്നുന്നുണ്ടെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് ഞാൻ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഇനി സിനിമയുടെ ഭാഗമായി ഇവിടെത്തന്നെ ഉണ്ടാകാനാണ് ആഗ്രഹം.
Content Highlights: Farzana Palathingal debuts as a lead in Chidambaram's 2026 film 'Balan'., Insights into the secret audition process and chemistry tests with child actor Adishesh., Farzana's background as an occupational therapist for neurodivergent children., Her transition from Dubai/Mumbai to Kerala to pursue a full-time acting career.
Published: 15 Jun 2026, 11:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented