ഈ പ്രോസസിനായി ഏഴു മാസത്തോളം ടെൻഷൻ അടിച്ചിട്ടുണ്ട്. അതും റിലീസ് വൈകാൻ കാരണമായി. മുംബൈയിൽ പോയി റീ സെൻസറിങ്ങിന് വിളിക്കാൻതന്നെ പറ്റുന്ന പണി മുഴുവനെടുത്തിട്ടും നടന്നില്ല.

ഹോംലി മീൽസ് എന്ന ഒറ്റ തിരക്കഥയിലൂടെ സിനിമാലോകത്തേക്കുള്ള വരവറിയിച്ച എഴുത്തുകാരനാണ് വിപിൻ ആറ്റ്ലി. പിന്നീട് ബെൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. മ്യൂസിക്കൽ ചെയർ, വട്ടമേശ സമ്മേളനം, പൊമ്പിളൈ ഒരുമൈ എന്നീ ചിത്രങ്ങൾക്കുശേഷം ആന്റപ്പന്റെ അത്ഭുതപ്രവൃത്തികൾ എന്ന ചിത്രവുമായി അദ്ദേഹം വീണ്ടുമെത്തുകയാണ്. സെൻസർ ബോർഡുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തൊട്ടാൽ പൊള്ളുന്ന പ്രമേയമായതിനാൽ ചിത്രത്തിന് ആദ്യം സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മുംബൈയിൽനിന്നാണ് സെൻസർ നടപടികൾ പൂർത്തിയാക്കിയത്. യുഎ സർട്ടിഫിക്കറ്റ് തരണമെങ്കിൽ ഒന്നരമണിക്കൂർ ഭാഗം മുറിച്ചുകളയണമെന്നാണ് സെൻസർ ബോർഡ് ആദ്യം പറഞ്ഞത്. കട്ടില്ലാതെ എ സർട്ടിഫിക്കറ്റ് തരാമെന്നും അവർ പറഞ്ഞു. അങ്ങനെ യാതൊരുവിധ വയലൻസുമില്ലാത്ത ചിത്രം എ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനത്തിനെത്തുന്നതെന്നും വിപിൻ ആറ്റ്ലി പറഞ്ഞു.
ശരിക്കും ആരാണ് ഈ ആന്റപ്പൻ?
ഈ സിനിമയുടെ ആശയമെന്നത് മാർട്ടിൻ എന്ന് പേരുള്ള ഒരാൾക്ക് സ്വയം താൻ യേശുക്രിസ്തുവാണെന്ന് തോന്നുന്നതിനെ കുറിച്ചാണ്. ഫോർട്ട്കൊച്ചിയിലെല്ലാം മാർട്ടിൻ എന്നാണ് ഒരാൾക്ക് പേരെങ്കിൽ മാർട്ടി എന്നാണ് വിളിക്കുക. ഫ്രാങ്ക്ളിൻ എന്നാണെങ്കിൽ പ്രാഞ്ചിയെന്നും വിളിക്കും. നമ്മുടെ കഥയിലെ നായകന്റെ പേര് ആന്റണിയെന്നാണ്. ഇയാളെ എല്ലാവരും ആന്റി എന്നാണ് വിളിക്കുന്നത്. താൻ കർത്താവാണെന്ന് ഒരുദിവസം അയാൾക്ക് തോന്നുകയാണ്. അങ്ങനെ ആന്റി എന്നയാൾക്ക് താൻ ആന്റി ക്രൈസ്റ്റ് ആണെന്ന് തോന്നിയതിനെ സൂചിപ്പിച്ചുകൊണ്ട് ആന്റി ക്രൈസ്റ്റ് എന്നാണ് ആദ്യം പേരിട്ടിരുന്നത്. പക്ഷേ അധികൃതർ അത് അനുവദിച്ചില്ല. അങ്ങനെയാണ് പെട്ടെന്ന് പേര് മാറ്റി 'ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ' എന്നാക്കിയത്. ഇന്നത്തെ കാലത്ത് യേശുക്രിസ്തു വന്നാൽ എന്തായിരിക്കും അവസ്ഥ എന്നുള്ളതിന്റെ ഒരു ഫണ്ണി വേർഷനും എന്നാൽ കുറച്ച് ആഴത്തിലുള്ള കാര്യങ്ങളും ചേർത്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ആന്റപ്പന്റെ അത്ര നല്ല ആളുകളെ കാണാൻ നമുക്ക് പറ്റില്ല. സിനിമയിലെ ആന്റപ്പന് നല്ല സംശയമുണ്ട്. കുറച്ചങ്ങോട്ട് കഴിയുമ്പോഴാണ് താൻ ക്രിസ്തുവാണോ എന്ന് ഇയാൾക്ക് തോന്നുന്നത്.
വിപിന്റെ സിനിമകൾ തമ്മിൽ കൃത്യമായ ഒരു അഞ്ച് വർഷത്തെ ഗ്യാപ്പ് കാണാറുണ്ട്. ഇത് മനഃപൂർവം സംഭവിക്കുന്നതാണോ?
ഒരിക്കലുമല്ല. 'ഹോംലി മീൽസ്' കഴിഞ്ഞിട്ട് തൊട്ടടുത്ത വർഷം 'ബെൻ' വന്നു. പിന്നീട് 'മ്യൂസിക്കൽ ചെയർ' എന്ന സിനിമ ചെയ്തു. പക്ഷേ അതൊരു കൊമേഴ്സ്യൽ സിനിമയല്ലായിരുന്നു. ആ സിനിമയ്ക്കുവേണ്ടി മൂന്ന്, നാലുവർഷം എടുക്കേണ്ടതായി വന്നു. അത് കഴിഞ്ഞപ്പോഴേക്കും കോവിഡ് വന്നു. കോവിഡ് സമയത്ത് 'പൊമ്പളൈ ഒരുമൈ' എന്ന സിനിമ ചെയ്തു. സത്യത്തിൽ 'ആന്റപ്പൻ' 2019-ൽ പ്ലാൻ ചെയ്തതാണ്. പക്ഷേ കോവിഡ് കാരണം ക്രൗഡ് ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നു. പിന്നെ 2023ൽ കുറച്ച് ഷൂട്ട് ചെയ്തു. 2024-ൽ ബാക്കിയും ചിത്രീകരിച്ചു. അങ്ങനെയാണ് ഈ സിനിമയ്ക്ക് ഇത്രയും സമയമെടുത്തത്.
ഈ സ്ക്രിപ്റ്റ് എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്ത എന്തായിരുന്നു? കാരണം ഇതൊരു തൊട്ടാൽ പൊള്ളുന്ന വിഷയമാണല്ലോ...
വലിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. തൊട്ടാൽ പൊള്ളുന്ന വിഷയം എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഇന്നത്തെ കാലത്ത് യേശുക്രിസ്തു വന്നാൽ എന്താവും എന്ന ഐഡിയ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ കാലത്തെ ജൂതന്മാരെ പോലെ ഇന്നത്തെ ജൂതന്മാർ ആരായിരിക്കും, പുള്ളി ഉയർത്തെഴുന്നേൽക്കുമോ എന്നൊക്കെ ചിന്തിച്ചു. പഴയകാലത്തെപ്പോലെ 12 ശിഷ്യന്മാരെ ഇന്നത്തെ കാലത്ത് കിട്ടില്ലല്ലോ. ഇതെല്ലാം കൂടി ആലോചിച്ചപ്പോൾ കിട്ടിയ ഐഡിയയാണിത്.
വളരെ നിശ്ശബ്ദമായാണല്ലോ സിനിമകൾ ഇറങ്ങുന്നത്?
പൊതുവേ ഞാനങ്ങനെ ബഹളത്തിനൊന്നുമില്ല. എന്റെ സിനിമകൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ചെയ്യുന്നത്. വലിയ താരങ്ങളുണ്ടെങ്കിൽ ഷൂട്ടിങ് നടക്കുന്നത് ആളുകൾ അറിയും. വലിയ താരങ്ങളില്ലാത്തതുകൊണ്ടാവും എന്റെ സിനിമകളുടെ ഷൂട്ടിങ് ഉത്സവം പോലെ ആവാത്തത്.
സെൻസർ ബോർഡിൽ നിന്ന് വലിയ പ്രശ്നങ്ങൾ നേരിട്ടോ? പേരും സബ്ജക്റ്റും അങ്ങനെയുള്ളതാണല്ലോ...
സെൻസർ ബോർഡ് അവരുടെ ജോലിയാണ് ചെയ്യുന്നത്. എന്തെങ്കിലും വിഷയം വന്നാൽ അവരോടേ ചോദ്യം വരൂ. എനിക്കിത് ആദ്യത്തെ അനുഭവമാണ്. നമ്മുടെ സിനിമ കണ്ടിട്ട് ഒന്നര മണിക്കൂറോളം കട്ട് ചെയ്യണം എന്നാണ് പറഞ്ഞത്. അത്രയും കട്ട് ചെയ്താൽ പിന്നെ സിനിമയിൽ ഒന്നും ഉണ്ടാവില്ല. ഒരുമണിക്കൂർപോലും പടമുണ്ടാവില്ല. അവർ പറഞ്ഞത് സിനിമ നല്ലതാണെന്നാണ്, പക്ഷേ സബ്ജക്റ്റ് വിവാദമാകുമെന്ന് അവർ ഭയപ്പെട്ടു. പിന്നീട് നമ്മൾ ബോംബെയിൽ പോയി സെൻസർ ചെയ്തു. അവിടെ അവർ പറഞ്ഞത് കട്ടുകൾ ഇല്ലാതെ സിനിമ കാണിക്കണമെങ്കിൽ 'എ' (A) സർട്ടിഫിക്കറ്റ് തരാമെന്നാണ്. യുഎ (UA) സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഒരു മണിക്കൂർ കട്ട് ചെയ്യണമെന്നും പറഞ്ഞു. കട്ടുകൾ ഇല്ലാത്തതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് നമ്മൾ 'എ' സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഈ പ്രോസസിനായി ഏഴു മാസത്തോളം ടെൻഷൻ അടിച്ചിട്ടുണ്ട്. അതും റിലീസ് വൈകാൻ കാരണമായി. മുംബൈയിൽ പോയി റീ സെൻസറിങ്ങിന് വിളിക്കാൻതന്നെ പറ്റുന്ന പണി മുഴുവനെടുത്തിട്ടും നടന്നില്ല. കേരളത്തിൽ സെൻസർ ചെയ്യില്ല എന്ന് പറഞ്ഞതിന് കാരണമായി പറഞ്ഞത് കഥ തന്നെയാണ്. യാതൊരു വയലൻസും ഈ സിനിമയിലില്ല. അവരോട് കുറേ സംസാരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്ത് സംസാരിക്കണമെന്നുപോലും അറിയാതെയായി. റിലീസ് ചെയ്യാൻപറ്റില്ലേ എന്ന് പേടി തോന്നിയിരുന്നു. ഒരുപാട് പ്ലാറ്റ്ഫോമുകൾ വേറെയുണ്ടല്ലോ എന്ന് അവർ പറയുകകൂടി ചെയ്തതോടെ ഞാൻ തീർന്നു. ഈ ഏഴുമാസവും നല്ല ടെൻഷനായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നറിയില്ലല്ലോ. സിനിമ എങ്ങനെയെങ്കിലും പുറത്തിറക്കണം എന്ന വിചാരം മാത്രമായതിനാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ടുയർന്ന മറ്റുവിവാദങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത്രയും ചെറിയ കാര്യങ്ങൾ പോലും സിനിമയിൽ പറ്റില്ല എന്നുപറയുന്നത് ഒരു പ്രശ്നംതന്നെയാണ്.
യേശുവിന്റെ അന്ത്യ അത്താഴവുമായി ബന്ധപ്പെട്ട ഒരു സീൻ സിനിമയിലുണ്ടല്ലോ. അത് വിവാദമാകുമെന്ന് പേടിയുണ്ടായിരുന്നോ?
അണിയറപ്രവർത്തകർതന്നെയാണ് ഇപ്പറഞ്ഞ സീൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആയിറക്കിയാൽ നന്നാവുമെന്ന് അഭിപ്രായപ്പെട്ടത്. അത് ഇറക്കിയപ്പോഴാണ് പ്രശ്നമായത്. അതിന് മുൻപ് അങ്ങനെയൊരു വിവാദം നമ്മൾ ചിന്തിച്ചിരുന്നില്ല. ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇത് വിവാദമാണല്ലോ എന്ന് തിരിച്ചറിഞ്ഞത്. പിന്നെ ഞാൻ വിചാരിച്ചു സിനിമ സിനിമയായിരിക്കട്ടെയെന്ന്. അന്ത്യ അത്താഴമാണ് റഫറൻസ് എങ്കിലും നമ്മൾ മോശമായിട്ടൊന്നും കാണിക്കുന്നില്ല. സിനിമയിൽ അതൊരു സാധാരണ സീനാണ്. അവിടെ കള്ളല്ല വെച്ചിരിക്കുന്നത്, ചായയാണ്. ആ പോസ്റ്റർ വിവാദമായപ്പോൾ ചിലരൊക്കെ അത് പിൻവലിക്കാൻ പറഞ്ഞിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ നോർമലൈസ് ആയി. ഫസ്റ്റ്ലുക്ക് പോസ്റ്റർ വിവാദമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഈ സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് പറയാമോ? വലിയ താരങ്ങളൊന്നും ഇല്ലല്ലോ...
ഇതിലെ 90 ശതമാനം ആൾക്കാരും സുഹൃത്തുക്കൾ തന്നെയാണ്. സാജിദ് യഹിയ, രാജേഷ് ശർമ, ശ്രീജ ദാസ്, തൊമ്മി, സൺഡേ ഹോളിഡേയിൽ വില്ലനായെത്തിയ മോസസ് തുടങ്ങി എല്ലാവരും സുഹൃത്തുക്കളാണ്. വലിയ സെലിബ്രിറ്റി കാസ്റ്റ് ഈ സിനിമയ്ക്ക് ആവശ്യമില്ലായിരുന്നു. ആ കഥാപാത്രങ്ങൾക്ക് ചേരുന്ന ആൾക്കാരെയാണ് കണ്ടെത്തിയത്.
കുറച്ചുകൂടി ബഹളങ്ങളൊക്കെയുള്ള സിനിമയെടുക്കാൻ ആഗ്രഹമില്ലേ?
അടിസ്ഥാനപരമായി നമ്മുടെ കയ്യിലുള്ള കഥകളാണല്ലോ സിനിമയാക്കുന്നത്.ആ കഥയ്ക്കാവശ്യമുള്ള ലോ പ്രൊഫൈൽ ആ സിനിമയ്ക്കുമുണ്ടാകും. ഉദാഹരണത്തിന് മ്യൂസിക്കൽ ചെയർ ഒരു ഹൈ പ്രൊഫൈൽ സിനിമയല്ല. ബെന്നും അങ്ങനെതന്നെ. പൊമ്പിളൈ ഒരുമൈ ആകട്ടെ ഒ.ടി.ടി റിലീസും. തിയേറ്ററിൽ ആളുകൾ കയറാനായി ഉണ്ടാക്കിയ സിനിമയാണ് ആന്റപ്പന്റെ അദ്ഭുതപ്രവൃത്തികൾ. തിയേറ്റർ വാച്ച് എന്നത് മുന്നിൽക്കണ്ടാണ് ഈ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
'ഹോംലി മീൽസ്' തിയേറ്ററിൽ വലിയ തരംഗമായില്ലെങ്കിലും ഡിവിഡി ഇറങ്ങിയപ്പോൾ വലിയ സ്വീകാര്യത കിട്ടി. തിയേറ്റർ റിലീസുമുതൽ ഡിവിഡി റിലീസ് വരെയുള്ള സമയത്തെ മാനസികാവസ്ഥ എന്തായിരുന്നു?
തിയേറ്ററിൽ സിനിമ ഇറങ്ങിയപ്പോൾ വലിയ അഭിപ്രായങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കുറേ മോശം റിവ്യൂസും വന്നിരുന്നു. മനസ് ചത്തുപോയ സമയമായിരുന്നു. ഇത്രയും അധ്വാനിച്ചിട്ടും ഇതാരും കാണുന്നില്ലല്ലോ എന്നുതോന്നി. എല്ലാവരുടേയും മനസ് വിഷമിച്ചു. പിന്നെ പതിയെ അതെല്ലാം എല്ലാവരും മറന്നു. ഡിവിഡി ഇറങ്ങുന്നത് ഞാനറിഞ്ഞില്ല. വർക്കലയിൽ ഒരു കൂട്ടുകാരന്റെയടുത്ത് നിൽക്കുമ്പോഴാണ് നടൻ രാജേഷ് ശർമ വിളിച്ച് പറഞ്ഞത്, പടം ആളുകൾ കണ്ടുതുടങ്ങിയെന്ന്. ആളുകൾ കണ്ട് നല്ലതുപറയണമെന്ന് ആഗ്രഹിച്ചിരുന്ന സമയമുണ്ട്, അന്ന് ഇതൊന്നും കിട്ടിയില്ല. അപ്പോഴേക്കും ബെൻ തുടങ്ങിയിരുന്നു. ഡിവിഡി ഇറങ്ങിക്കഴിഞ്ഞാണ് വൈൻ പോലെ ഹോംലി മീൽസിന്റെ വീര്യം കൂടിയത്. ശരിക്കും ഒരു കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു അതെന്ന് തോന്നാറുണ്ട്.
‘ഹോംലി മീൽസ്’ പരാജയപ്പെടാനുണ്ടായ കാരണം എന്താണെന്നാണ് തോന്നിയിട്ടുള്ളത്?
ഇറങ്ങിയസമയത്ത് വളരെ മോശം പടമെന്നാണ് റിവ്യൂ എല്ലാം വന്നത്. അന്ന് പലർക്കും അതിലെ തമാശകൾ മനസ്സിലായില്ല, ഇപ്പോഴാണ് ആൾക്കാർ അത് എൻജോയ് ചെയ്യുന്നത്. ഇതിന്റെ ലോജിക് ഇപ്പോഴും മനസിലാവുന്നില്ല. വിധി അതാണെന്ന് വിചാരിക്കുക, അത്രേയുള്ളൂ. ബെന്നും തിയേറ്ററിൽ ഓടിയില്ല. പക്ഷേ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹോംലി മീൽസിലുള്ളത് തമാശയാണോ എന്ന് ചോദിച്ചവരുണ്ട്. ടെക്നിക്കൽ കോമിഡായാണല്ലോ അതിലുള്ളത്. എഡിറ്റിങ് എന്താണെന്ന് പലർക്കും അറിയില്ല. ഇപ്പോഴാണല്ലോ എല്ലാവരുടേയും കയ്യിൽ മൊബൈലും എഡിറ്റിങ് ടൂൾസും വന്നത്. ഇപ്പോഴാണ് അതിലെ തമാശ എന്താണെന്ന് പ്രേക്ഷകർക്ക് മനസിലായത്. അന്ന് 90 ശതമാനം ആളുകൾക്കും അതിലെ തമാശ റിലേറ്റ് ചെയ്യാൻപറ്റിയില്ല. ആ സിനിമ ഇന്നും ആളുകൾ ഓർക്കുന്നു എന്നതാണ് ഗുണം. ലോങ് റണ്ണിൽ എന്ത് കിട്ടുന്നു എന്നതാണ് നമ്മളെ സംബന്ധിച്ച് പ്രധാനം. അപ്പപ്പോൾ കിട്ടുകയും ഉടനടി അതിന്റെ എഫക്റ്റ് തീരുകയുംചെയ്യുന്നതിനേക്കാൾ നല്ലതാണ് ഇത്.
ജോജു ജോർജ്, ബേസിൽ ജോസഫ് എന്നിവർ നിങ്ങളുടെ കൂടെ തുടക്കകാലത്ത് ഉണ്ടായിരുന്നു. അവരുടെ വളർച്ചയെ എങ്ങനെ കാണുന്നു?
ബേസിലിന്റെ ആദ്യ സിനിമയായിരുന്നു ഹോംലി മീൽസ്. ഹോംലി മീൽസിന്റെ സംവിധായകൻ അനൂപ് കണ്ണനാണ് ബേസിലിനെ തിരഞ്ഞെടുത്തത്. കഥയെഴുതിയപ്പോൾ ആ കഥാപാത്രത്തിന്റെ പേര് ബേസിൽ എന്നായിരുന്നു. അതിനുവേണ്ടി തിരഞ്ഞെടുത്തയാളുടെ പേരും ബേസിൽ. വളരെ യാദൃഛികമായാണ് അവൻ ഈ സിനിമയിലേക്ക് വന്നത്. ജോജു ജോർജ് വർഷങ്ങളായിട്ടുള്ള എന്റെ കൂട്ടുകാരനാണ്. ജോജു ചേട്ടൻ മുൻപും കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹമാണെന്നെ സംവിധായകൻ അനൂപ് കണ്ണന് പരിചയപ്പെടുത്തിയത്. ഈ സിനിമയുടെ നിർമാതാവ് ഫ്രെഡിയെ പരിചയപ്പെടുത്തിയതും ചേട്ടനാണ്. അദ്ദേഹം സിനിമയ്ക്കായി ഒരുപാട് സ്ട്രഗിൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ കഷ്ടപ്പെട്ട വേറൊരാളില്ല. അദ്ദേഹത്തിന്റെ വിജയം വളരെ വലുതാണ്. ഇന്ന് അവർ രണ്ടുപേരും വലിയ നിലയിൽ എത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.
ഒരു സംവിധായകൻ എന്ന നിലയിൽ 'ആന്റപ്പനിൽ' എത്തുമ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
എനിക്ക് ഒരു കൊമേഴ്സ്യൽ തിയേറ്ററിക്കൽ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയൊരു ശ്രമം നടത്തിയ സിനിമയാണ് ആന്റപ്പന്റെ അദ്ഭുത പ്രവൃത്തികൾ. തിയേറ്ററിൽ കാണുമ്പോൾ ഒരു 'ബിഗ് ബാങ്' ഫീൽ കിട്ടുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗോപി സുന്ദറാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് ശിവാജി. ഷങ്കർ സിനിമകളിലെ പോലെ നല്ല സൗണ്ടും പവറുമുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പുതിയ ആൾക്കാരെ വെച്ച് ഇത്തരം സിനിമകൾ ചെയ്യുന്നത് വലിയൊരു പരീക്ഷണമാണ്. കുറഞ്ഞ ബജറ്റിൽ, താരപരിവേഷമില്ലാത്ത ആളുകളെ വെച്ച് എങ്ങനെ വലിയ സിനിമ എടുക്കാമെന്നാണ് ശ്രമിച്ചിരിക്കുന്നത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും ടെൻഷൻ ഉണ്ടോ?
സാധാരണ നമ്മൾ ഒരു സിനിമ കണ്ടു കഴിയുമ്പോൾ അത് മറ്റൊരാളുടെ സിനിമ എന്ന നിലയിൽ വിലയിരുത്താറുണ്ട്. ഈ സിനിമ പ്രിവ്യൂ കണ്ടപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് തോന്നിയിട്ടുണ്ട്. ആൾക്കാർക്ക് തിയേറ്ററിൽ ഇരുന്ന് എൻജോയ് ചെയ്യാൻ പറ്റുന്ന എല്ലാ ഇൻഗ്രീഡിയൻസും ഇതിലുണ്ട്. വ്യത്യസ്തമായ ഒരു കണ്ടെന്റിനെ കൊമേഴ്സ്യൽ പാക്കേജിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്.
Content Highlights: Malayalam filmmaker Vipin Atley opened up about his stressful seven-month struggle with the censor board for his upcoming satirical entertainer Antappante Athbudha Pravarthikal, revealing that he chose an uncut 'A' certificate over losing an hour and a half of the movie.
Published: 16 Jul 2026, 03:36 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented