തിരക്കേറിയ ഷോപ്പിങ് ദിനങ്ങൾ, പാഷന്റെ പൂർണതയ്ക്കായി വേണ്ടെന്നുവെച്ച കഥാപാത്രങ്ങൾ. താരങ്ങളെ കഥാപാത്രമായി അണിയിച്ചൊരുക്കുന്ന മഷർ ഹംസയെന്ന കോസ്റ്റ്യൂം ഡിസെെനർക്ക് ഇത് വെറുമൊരു തൊഴിലല്ല, ഏറെയിഷ്ടമുള്ള വിനോദമാണ്.

To advertise here,

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യിൽ തുടങ്ങിയ സിനിമായാത്ര 'പറവ'യും 'തല്ലുമാല'യും ജെല്ലിക്കെട്ടും ഒക്കെക്കടന്ന് 'ആവേശ'ത്തിൽ എത്തിനിൽക്കുകയാണ്. ഇനിവരാനുള്ളത് ദിലീഷ് പോത്തനും വാണി വിശ്വനാഥും അനുരാ​ഗ് കശ്യപും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രം 'റെെഫിൾ ക്ലബ്ബ്', ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ.

മലപ്പുറം സ്വദേശിയായ മഷർ ഹംസ 50-ഓളം ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസെെനറായി പ്രവർത്തിച്ചിട്ടുണ്ട്. തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഒരു കോസ്റ്റ്യൂം ഡിസെെനറുടെ കടമകളെക്കുറിച്ചും മഷർ ഹംസ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

പണ്ടുമുതലേയുള്ള ആഗ്രഹം, പാഷൻ പ്രൊഫഷനാക്കി 

കോസ്റ്റ്യൂം ഡിസെെനർ ആകണമെന്നത് പണ്ട് മുതലേയുള്ള ആ​ഗ്രഹമായിരുന്നു. ആ ആ​ഗ്രഹം നിറവേറ്റാൻ വേണ്ടി തന്നെയാണ് ഫാഷൻ ഡിസെെനിങ് കോഴ്സ് എടുത്തത്. ഫെഫ്കയിൽ കോസ്റ്റ്യൂം ഡിസെെനർ ആകണമെങ്കിൽ ഫാഷൻ ഡിസെെനിങ് കോഴ്സ് പഠിച്ച സർട്ടിഫിക്കറ്റ് വേണം. കോഴ്സ് കഴിഞ്ഞപ്പോൾ എനിക്ക് വേറെ സംശയമൊന്നും ഇല്ലായിരുന്നു.

placeholder
മഷർ ഹംസ | PHOTO: INSTAGRAM / MASHAR HAMSA

എന്റെ ഉപ്പ തയ്യൽക്കാരനാണ്. ഗൾഫിൽ നിന്ന് വന്നിട്ട് നാട്ടിൽ കട തുടങ്ങി. ചിലപ്പോൾ ഉപ്പയുടെ ജോലിയാകാം എന്നെ കോസ്റ്റ്യൂം ഡിസെെനർ എന്ന ആ​ഗ്രഹത്തിലേയ്ക്ക് നയിച്ചത്. പണ്ടേ ഡ്രസ്സിങ്ങിൽ ഞാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഇതൊരു പ്രൊഫഷനാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ജീവിതത്തിന് വെളിച്ചം പകർന്ന ഒരു മഴദിവസം

കോഴ്സ് കഴിഞ്ഞതിനുശേഷം ചെറിയ പരസ്യങ്ങൾ ഒക്കെ ചെയ്ത് ഞാൻ കൊച്ചിയിൽ കൂടി. ആയിടയ്ക്ക്  ഒരു പരസ്യം ചെയ്യാൻ പോകുമ്പോഴാണ് സമീർ (സമീർ താഹിർ) ഇക്കയെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹമായിരുന്നു പരസ്യത്തിൻ്റെ ക്യാമറാമാൻ. പിന്നീട് രണ്ടുമാസം കഴിഞ്ഞ് ഒരു പരസ്യചിത്രത്തിലൂടെ ഞങ്ങൾ വീണ്ടും ഒരുമിച്ചു. അന്നാണ് ഞങ്ങൾ കുറച്ചുകൂടി അടുക്കുന്നത്. അന്ന് ഷൂട്ടിനിടെ മഴ കാരണം ബ്രേക്ക് വന്നു. വരിക്കാശ്ശേരി മനയിലായിരുന്നു ഷൂട്ട്.  സാധാരണ പരസ്യചിത്രം ചെയ്യുമ്പോൾ നിന്നുതിരിയാൻ സമയം കിട്ടാറില്ല, അത്രയ്ക്കും തിരക്കായിരിക്കും. ബ്രേക്ക് സമയത്ത് എനിക്ക് സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. അതിനുവേണ്ടിയാണ് ഫാഷൻ ഡിസെെനിങ് പഠിച്ചതെന്നും പരസ്യത്തിൽ വർക്ക് ചെയ്യുന്നതെന്നും പറഞ്ഞു. നിങ്ങളുടെയൊക്കെ പോലത്തെ ടീമിനൊപ്പം വർക്ക് ചെയ്യാനാണ് ആ​ഗ്രഹമെന്നും അറിയിച്ചു. ഷൂട്ട് കഴിഞ്ഞ് അദ്ദേഹം എന്റെ നമ്പർ വാങ്ങിവെച്ചു.

placeholder
സമീർ താഹിറിനൊപ്പം മഷർ ഹംസ | photo: instagram/mashar hamsa

മൂന്നാല് മാസത്തിന് ശേഷം ഓഫീസിലേയ്ക്ക് വരാമോയെന്ന് ചോദിച്ച് അദ്ദേഹത്തിൻ്റെ ഒരു മെസേജ് എനിക്ക് വന്നു. ഞാൻ പോയി കണ്ടപ്പോൾ ഒരു പടം ചെയ്യാൻ പോകുകയാണെന്നും എന്നെയാണ് കോസ്റ്റ്യൂം ഡിസെെനറായി കരുതുന്നതെന്നും വേറെ ആരെയും നോക്കുന്നില്ലെന്നും സമീർ ഇക്ക പറഞ്ഞു.

 "പ്രേക്ഷകർ ഡ്രസ്സിലെ പ്രിന്റ് അല്ല വായിക്കേണ്ടത്, അവർ കഥാപാത്രത്തിൻ്റെ കണ്ണിലേയ്ക്ക് നോക്കണം"

പരസ്യവും സിനിമയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. പരസ്യം ചെയ്യുമ്പോൾ കടയിൽ പോയി ഒരു വസ്ത്രം എടുത്ത് കൊടുത്താൽ മതി, പക്ഷേ സിനിമയിൽ അങ്ങനെയല്ല. എന്നെയൊരു കോസ്റ്റ്യൂം ഡിസെെനറാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സമീറിക്ക. 

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ചെയ്യുന്ന സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. സിനിമയിലെ കഥാപാത്രങ്ങൾക്ക് ഉപയോ​ഗിച്ച ചെരുപ്പ്, വസ്ത്രം എന്നിവ വേണം കൊടുക്കാൻ. വസ്ത്രത്തിൻ്റെ കളർ, പാറ്റേൺ ഒക്കെ ശ്രദ്ധിക്കണം. ഓരോ കാര്യങ്ങളും വ്യക്തമായി സമീറിക്ക എനിക്ക് പറഞ്ഞുതരുമായിരുന്നു.

placeholder
മഷർ ഹംസ | PHOTO: INSTAGRAM / MASHAR HAMSA

ചില സമയം പ്രിന്റ് ഉള്ള വസ്ത്രം ഞാൻ കൊടുക്കും. അപ്പോൾ സമീറിക്ക പറയും "പ്രേക്ഷകർ ഡ്രസ്സിലെ പ്രിന്റ് അല്ല വായിക്കേണ്ടത്. അവർ കഥാപാത്രത്തിൻ്റെ കണ്ണിലേയ്ക്ക് നോക്കണം". ഓരോ സീനിൻ്റേയും മൂഡ് അനുസരിച്ച് വസ്ത്രം നൽകാനൊക്കെ ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നുമാണ്. ഏകദേശം ഒരുവർഷം എടുത്തു സിനിമ പൂർത്തിയാകാൻ. ആ സമയം കൊണ്ട് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോഴും അദ്ദേഹമുണ്ട് കൂടെ.

കൂടുതൽ സിനിമാ അഭിമുഖങ്ങളും വേറിട്ട പ്രീമിയം ഫീച്ചറുകളും വായിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുക

ഒറ്റയ്ക്ക് ഒന്നും നടക്കില്ല, ഇത് കൂട്ടായ ശ്രമം

പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നതിന് ഒരുമാസം മുൻപേ കോസ്റ്റ്യൂം ഡിസെെനറിനെ ബന്ധപ്പെടാറുണ്ട്. കഥ പറഞ്ഞുതന്നതിന് ശേഷം ഞങ്ങൾക്ക് തിരക്കഥ വായിക്കാൻ തരും. തിരക്കഥ വായിക്കുമ്പോൾ കഥാപാത്രത്തിൻ്റെ സ്വഭാവം നമുക്ക് കിട്ടുമല്ലോ. ചില റെഫറൻസുകൾ നമ്മൾ സംവിധായകനെ കാണിക്കും. പിന്നീട് അതിൽ ചർച്ചകൾ നടത്തി തീരുമാനിക്കും. റെഫറൻസ് കാണിച്ചത് തുണിയെടുത്ത് തയ്ച്ച് ലുക്ക് ടെസ്റ്റ് നടത്തിയതിനും ശേഷമാണ് സിനിമയിൽ ഉപയോ​ഗിക്കുന്നത്. ലുക്ക് ടെസ്റ്റ് നടത്തിക്കഴിയുമ്പോൾ അളവിൽ വ്യത്യാസം വല്ലതും ഉണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും. സിനിമ തുടങ്ങുന്നതിന് നാലഞ്ചു ദിവസം മുൻപെയാണ് സാധാരണയായി ലുക്ക് ടെസ്റ്റ് നടക്കുന്നത്.

മേക്കപ്പ് ടീമുമായി സഹകരിച്ച് പ്രവർത്തിക്കേണ്ട വിഭാ​ഗമാണ് കോസ്റ്റ്യൂം. ഏതാണ് കോസ്റ്റ്യൂം, ലുക്ക് എന്നതൊക്കെ അവരുമായി ചർച്ച ചെയ്യും. മേക്കപ്പ്മാൻ റോണക്സ് സേവ്യറുമായിട്ടാണ് കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. ഹെയർ സ്റ്റെെലൊക്കെ അവർ നമ്മളുമായി പങ്കുവെക്കും. ഒറ്റയ്ക്ക് ഒരു പരിപാടിയും നടക്കാത്ത വിഭാ​ഗമാണ് ഞങ്ങളുടേത്. തയ്ക്കുന്ന രണ്ടുപേർ എല്ലാപടത്തിലും ഒപ്പമുണ്ടാകും. ഇപ്പോൾ കൂടെയുള്ള സുധീർ ഏട്ടൻ വർഷങ്ങളായി എനിക്കൊപ്പമാണ്. പിന്നെ ആഷിയും സ്ഥിരമായി കാണും.

വെള്ള നിറം ആദ്യമേ ഉറപ്പിച്ചു, ഒറിജിനൽ 60 പവൻ്റെ സ്വർണാഭരണങ്ങൾ

ആവേശത്തിൻ്റെ സംവിധായകൻ ജിത്തു മാധവനെ എനിക്ക് നേരത്തെയറിയാം. അമ്പിളിയിൽ ജിത്തു അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു. ആ ചിത്രത്തിലെ ഡയറക്ഷൻ ഡിപ്പാർട്മെന്റിൽ ജിത്തുവാണ് കോസ്റ്റ്യൂം നോക്കിയിരുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രമായ 'രോമാഞ്ച'ത്തിലും ഞാൻ പ്രവർത്തിച്ചു. ആവേശത്തിലേയ്ക്ക് ജിത്തുവും അൻവർ റഷീദിക്കയും  എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ചിത്രത്തിൻ്റെ ഭാഗമാവുന്നത്.

placeholder
ആവേശത്തിൽ ഫഹദ്, മഷർ ഹംസ |  photo: instagram / mashar hamsa

'ആവേശത്തി'ൻ്റെ തിരക്കഥ ഞാൻ ആദ്യം കേൾക്കുമ്പോൾ തന്നെ വെള്ളയായിരുന്നു ഫഹദിക്കയുടെ ഡ്രസിന്റെ നിറം. രാത്രികാലങ്ങളിലെ ഷൂട്ട് വരുമ്പോൾ വെള്ള നിറം പ്രശ്നമാകുമോ എന്നതായിരുന്നു ആശങ്ക. രാത്രി ജാക്കറ്റ് ഒക്കെ കൊടുക്കണോ എന്നൊക്കെ ആലോചന പോയി. ഒടുവിൽ വെള്ള തന്നെ മതിയെന്ന് തീരുമാനിക്കുകയും സ്വർണാഭരണങ്ങൾ ചേർക്കുകയും ചെയ്തു. വെള്ളയും വെള്ളയും ഇട്ടുനടക്കുന്നവരെ ബെം​ഗളൂരുവിൽ സ്ഥിരം കാണാം.

സിനിമയിൽ ഉപയോ​ഗിച്ച സ്വർണാഭരണങ്ങൾ എല്ലാം ഒറിജിനലായിരുന്നു. ഒരു​ ഗ്രാം സ്വർണത്തിൽ ലഭിക്കുന്നതിൽ വേണ്ടത്ര ഡിസെെൻ ലഭിക്കില്ല. സിനിമയിൽ ഉപയോ​ഗിച്ചതെല്ലാം ജ്വല്ലറികളിൽ പറഞ്ഞുചെയ്യിച്ചതാണ്. ഏകദേശം 60 പവനോളം ഉണ്ടായിരുന്നു. ഏട്ടുവീതം മോതിരങ്ങളും ചെയിനും ഉണ്ടായിരുന്നു. ക്ലെെമാക്സിൽ ഫഹദ് ഇക്കയ്ക്ക് ബ്ലാക്ക് ഡ്രസ്സ് തന്നെ മതിയെന്നതും നേരത്തെ തീരുമാനിച്ചിരുന്നതാണ്. കറുപ്പിനൊപ്പം ഡയമണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

വെറുതെ ഒരു ഡ്രസ് കൊടുക്കലല്ല, നമ്മുടെ കയ്യൊപ്പ് അതിൽ വേണം

ഓരോ സിനിമയുടേയും സ്വഭാവം അനുസരിച്ച് വസ്ത്രമെടുക്കുന്ന രീതി മാറും. ആവേശത്തിൽ ഫഹദിക്ക് ഇട്ട വസ്ത്രങ്ങൾ തയ്ച്ചതാണ്. ബാക്കി മിക്ക താരങ്ങളുടേതും റെഡിമെയ്ഡ് ആണ്. തിരക്കഥ ഡിമാൻ്റ് ചെയ്യുന്നത് അനുസരിച്ച് കൊടുക്കുക എന്നതാണ് പതിവ്.

വെറുതെ ഒരു കോസ്റ്റ്യൂം ചെയ്ത് കൊടുക്കാതെ നമ്മുടെ ഒരു കയ്യൊപ്പ് അതിൽ അവശേഷിപ്പിക്കണം എന്നതാണ് ആ​ഗ്രഹം. എല്ലാചിത്രത്തിലും എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്. സിനിമയിലെ വസ്ത്രങ്ങളും മറ്റും കുറച്ച് ദിവസങ്ങൾ കൂടി സൂക്ഷിച്ച് വെക്കേണ്ടതായുണ്ട്. കണ്ടിന്യൂറ്റി ഒക്കെ നോക്കി വീണ്ടും ചില ഭാ​ഗങ്ങളൊക്കെ ഷൂട്ട് ചെയ്യേണ്ടി വരും. അതുകൊണ്ട് സിനിമയിൽ ഉപയോ​ഗിച്ച വസ്ത്രങ്ങളോ സാധനങ്ങളോ ഒന്നും ആർക്കും നൽകാനാവില്ല. സിനിമയിലെ പ്രോപ്പർട്ടി ആയിട്ടുതന്നെ വസ്ത്രങ്ങളേയും കണക്കാക്കാം.

placeholder
മഷർ ഹംസ | photo: instagram / mashar hamsa

ഒരുപാട് അലച്ചിലും കഷ്ടപ്പാടും ഒക്കെയുള്ള ജോലിയാണിത്. പക്ഷേ ഈ ജോലി എനിക്ക് ഇഷ്ടമായതുകൊണ്ട് അതൊക്കെ ആസ്വദിക്കാനാകുന്നുണ്ട്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനൊക്കെ ഒരുപാട് സമയം വേണ്ടിവരാറുണ്ട്. ആസ്വ​ദിച്ച് ചെയ്യുമ്പോൾ പ്രയാസം തോന്നാറില്ല. ക്ലോക്ക് നോക്കി അല്ല ചെയ്യുന്നത്, മൂഡ് അനുസരിച്ചാണ് ഷോപ്പിങ് ഒക്കെ. ഷൂട്ട് തുടങ്ങുന്നതിന് നാലാഴ്ച മുൻപെങ്കിലും തയ്യൽ ഉൾപ്പടെയുള്ള ജോലികൾ ആരംഭിക്കും.

ഒരു സിനിമയിൽ ഉപയോ​ഗിച്ച വസ്ത്രങ്ങൾ പിന്നീട് ഞാൻ ഉപയോ​ഗിക്കാറില്ല. ഈ വസ്ത്രങ്ങൾ ഏതെങ്കിലും പ്രൊഡക്ഷൻ ഹൗസിന് നൽകും. അടുത്ത ചിത്രത്തിൽ വേറെ വസ്ത്രങ്ങളാണ് എടുക്കാറുള്ളത്.

പ്രിയപ്പെട്ട നീലാകാശം, വർക്ക് ലോഡിൻ്റെ തല്ലുമാല

ആദ്യ ചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഇഷ്ടമാണെങ്കിലും 'സുഡാനി ഫ്രം നൈജീരിയ', 'പറവ' എന്നീ ചിത്രങ്ങളോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ട്.

ഇതുവരെ ചെയ്തതിൽ ഏറ്റവുമധികം വർക്ക് ലോഡ് ഉണ്ടായിരുന്ന ചിത്രം 'തല്ലുമാല'യാണ്. ഒരുപാട് ആളുകളും ഒരുപാട് ദിവസത്തെ വർക്കും ഉണ്ടായിരുന്നു. കുറെ കോസ്റ്റ്യൂം ചേഞ്ചും ഉണ്ടായിരുന്നു. അതുപോലെ ട്രാൻസും വലിയ സിനിമയായിരുന്നു.

placeholder
തല്ലുമാലയിൽ നിന്നും | PHOTO: INSTAGRAM/MASHAR HAMSA

തല്ലുമാല ആദ്യം പ്ലാൻ ചെയ്തത് ഇപ്പോൾ കാണുന്നത് പോലെ അല്ലായിരുന്നു. ഷൂട്ട് ചെയ്ത് മാറ്റങ്ങൾ വന്ന് അങ്ങനെയായതാണ്. ഞാൻ തിരക്കഥ കേൾക്കുന്ന സമയത്ത് ഇത്രയും ബജറ്റിൽ അല്ലായിരുന്നു ചിത്രം.

ആവേശം ഒക്കെ വലിയ ചിത്രമായിരുന്നെങ്കിലും സമയം എടുത്താണ് ചെയ്തത്. ഫ്ലാഷ്ബാക്കിലെ സീനിൽ ഒരു റെട്രോ ജാക്കറ്റ് ടെെപ്പ് കോസ്റ്റ്യൂം വേണമെന്ന് ജിത്തു തന്നെയാണ് എന്നോട് പറഞ്ഞത്. പടത്തിന് വേണ്ട കളർ തിരഞ്ഞെടുക്കുന്നതിന് പ്രാധാന്യമുണ്ട്. നമുക്ക് വേണ്ട നിറത്തിൽ ജാക്കറ്റ് തയ്ച്ച് എടുക്കുകയായിരുന്നു.

പഴക്കം തോന്നിപ്പിക്കൽ കടുപ്പം, മാർഗം ഉപദേശിച്ച രാജീവ് രവി

സിനിമകളിൽ രണ്ടുവർഷമായി കഥാപാത്രം ഉപയോ​ഗിക്കുന്ന പഴകിയ വസ്ത്രമൊക്കെ കാണിക്കേണ്ടി വരും. ഇതൊന്നും കടയിൽ പോയി വാങ്ങാനാകില്ല. വസ്ത്രങ്ങളൊക്കെ പഴയതാക്കാൻ ഒരുപാട് മാർ​ഗങ്ങൾ ഉപയോ​ഗിക്കാറുണ്ട്. കളർ മുക്കാറുണ്ട്, ബ്ലീച്ച് ചെയ്യാറുണ്ട്. ചെരുപ്പും പഴയതാക്കി കൊടുക്കേണ്ടി വരും. ചിലപ്പോഴൊക്കെ എത്ര പഴയതാക്കാൻ ശ്രമിച്ചാലും കൃത്രിമത്വം തോന്നും. എത്ര തവണ കഴുകിയാലും പഴമ തോന്നില്ല.  അതുവരാതിരിക്കാനായി പഴയ വസ്ത്രങ്ങൾ സംഘടിപ്പിക്കും. പുതിയ വസ്ത്രങ്ങൾ മേടിച്ച് ആളുകൾക്ക് കൊടുത്തിട്ട് അവരുടെ പക്കൽ നിന്നും പഴയ വസ്ത്രങ്ങൾ വാങ്ങിക്കും. പറവ, കമ്മട്ടിപ്പാടം, സുഡാനി ഫ്രം നെെജീരിയയിൽ ഒക്കെ ഇങ്ങനെ ചെയ്തിരുന്നു. കമ്മട്ടിപ്പാടം ചെയ്യുന്ന സമയത്ത് രാജീവേട്ടനാണ് (രാജീവ് രവി) ഈ മാർ​ഗം പറഞ്ഞുതന്നത്. പറവ ചെയ്യുന്ന സമയത്ത് ​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പക്കൽ നിന്നും പുതിയത് കൊടുത്തിട്ട് പഴയ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഇതെല്ലാം ഡ്രെെ ക്ലീൻ ചെയ്ത് സിനിമയിൽ ഉപയോ​ഗിച്ചു.

placeholder
'പറവ' ലൊക്കേഷനിൽ നിന്നും | PHOTO: INSTAGRAM/MASHAR HAMSA

ഞാൻ വർക്ക് ചെയ്ത എല്ലാ ആളുകൾക്കും കഥാപാത്രം ആകണമെന്നേയുള്ളൂ. പഴയ വസ്ത്രങ്ങൾ ഇടാനൊന്നും അവർക്ക് യാതൊരു മടിയുമില്ല. എല്ലാ സിനിമയ്ക്കും ഇങ്ങനെ വേണ്ടി വരാറില്ല, ചില സിനിമകളിൽ മാത്രമാണ് ഇത് അനിവാര്യമായി വരാറുള്ളത്. ഓരോ സിനിമയുടേയും സ്വഭാവം അനുസരിച്ചാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.

വസ്ത്രങ്ങളൊന്നും ഡിസെെൻ ചെയ്യണ്ടെന്നുപറഞ്ഞ ലിജോ, ആഗ്രഹം നടന്ന ‘റെെഫിൽ ക്ലബ്ബ്’

ലിജോ ചേട്ടനൊപ്പം രണ്ടുചിത്രങ്ങളിൽ പ്രവ‍‍‍ർത്തിച്ചിട്ടുണ്ട്, ജെല്ലിക്കെട്ടും ചുരുളിയും. ​ഗിരീഷേട്ടനാണ് ജെല്ലിക്കെട്ടിലേയ്ക്ക് എന്നെ വിളിക്കുന്നത്. പിന്നീട് പ്രൊഡക്ഷനിൽ നിന്ന് വിളിച്ചപ്പോൾ കട്ടപ്പനയിൽ പോയി ലിജോ ചേട്ടനെ കണ്ടു. ഈ ചിത്രത്തിലേയ്ക്ക് വസ്ത്രങ്ങളൊന്നും ഡിസെെൻ ചെയ്യണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. ആ നാട്ടിൽ കാണുന്നവർക്ക് കുറച്ച് തോർത്തും കെെലിയും കൊടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയിലും അതുപോലെ തന്നെ. ആ നാട്ടുകാർ എന്താ ഇടുക അതങ്ങ് കൊടുത്താൽ മതിയെന്ന് പറഞ്ഞു.

പുതിയ വസ്ത്രങ്ങൾ ഉപയോ​ഗിക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്. കടയിൽ പോയി വാങ്ങിക്കൊണ്ട് കൊടുത്താൽ മതി. അല്ലാത്ത സിനിമയിൽ കുറച്ച് പാടാണ്. തയ്ച്ച് എടുക്കേണ്ടി വരും.

placeholder
മഷർ ഹംസ | PHOTO: INSTAGRAM / MASHAR HAMSA

റെ‍ഡിമെയ്ഡ് ഒന്നും എടുക്കാതെ വസ്ത്രങ്ങൾ മുഴുവൻ തയ്ച്ച് എടുത്ത് ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. റെെഫിൾ ക്ലബ്ബിലൂടെ അത് സാധിച്ചു. തൊണ്ണൂറുകളിലൊക്കെ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളുടെ വസ്ത്രവും തയ്പ്പിച്ചതാണ്. ചിത്രത്തിൻ്റെ വർക്ക് ഒക്കെ ഏകദേശം കഴിഞ്ഞു. ചിത്രത്തിൻ്റെ അപ്ഡേറ്റ് വെെകാതെ വരും. 

ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്, നമ്മളറിയാത്ത തെറ്റുകളും അവർ കണ്ടുപിടിക്കും

പടത്തിൻ്റെ ഷൂട്ട് നടക്കുമ്പോൾ ഭൂരിഭാ​ഗം സമയത്തും ലൊക്കേഷനിൽ ഉണ്ടാകും. ചില സമയത്ത് രണ്ട് ചിത്രങ്ങൾ ഒക്കെ ഒരുമിച്ച് ചിത്രീകരണം  നടക്കുമ്പോൾ മാത്രമാണ് പ്രയാസമുണ്ടാവുക. കോസ്റ്റ്യൂം ഡിസെെൻ ചെയ്തിട്ട് അഭിനേതാക്കളോട് പറയും. അവരുടെ നിർദേശങ്ങൾ കേൾക്കും. മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ പറയാറുണ്ട്.

മേക്കപ്പിനെക്കുറിച്ചും വസ്ത്രാലങ്കാരത്തെക്കുറിച്ചും ടെക്നിക്കൽ വശത്തെക്കുറിച്ചുമെല്ലാം ഇന്ന് ആളുകൾ ഭയങ്കരമായിട്ട് ശ്രദ്ധിക്കുന്നുണ്ട്. പണ്ടത്തെപ്പോലെയല്ല ഇന്ന്. ഓരോ ആൾക്കാർക്കും ഇന്ന് ഇഷ്ടമുള്ള മേക്കപ്പ് ആർട്ടിസ്റ്റും കോസ്റ്റ്യൂം ഡിസെെനറും ഒക്കെയുണ്ട്. എല്ലാവരേയും അവർ നിരീക്ഷിക്കാറുണ്ട്. എനിക്ക് ആളുകളുടെ മെസേജുകൾ ഒരുപാട് വരാറുണ്ട്. ഞാൻ പോലും ശ്രദ്ധിക്കാത്ത് ഒരുപാട് കാര്യങ്ങൾ ആളുകൾ മെസേജ് അയച്ച് പറയാറുണ്ട്. അവരെന്താണ് പറയുന്നതെന്ന് അറിയാനായി ഞാൻ എല്ലാ മെസേജുകളും വായിക്കാറുമുണ്ട്. സിനിമ എന്നും നിലനിൽക്കുന്ന ഒന്നാണല്ലോ. അതുകൊണ്ട് ചെയ്യുന്ന കാര്യം വൃത്തിക്ക് തന്നെ ചെയ്യാനാണ് ശ്രമിക്കുന്നത്.

ഒരുപാട് സിനിമകൾ കാണണം, സീനിൻ്റെ മൂഡ് മനസ്സിലാക്കണം

ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ ആ​ഗ്രഹമുള്ള ഒരാൾ തീർച്ചയായും ധാരാളം സിനിമകൾ കാണണം. സിനിമ കാണുമ്പോൾ ഓരോ സീനിലും എന്താണ് കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കാം. ഓരോ സീനിനും ഓരോ മൂഡ് ഉണ്ട്. സിനിമ കാണുന്നവർക്ക് ആ സീൻ ഇമ്പാക്ട് ഉണ്ടാക്കണം. വസ്ത്രങ്ങൾ ആണെങ്കിലും മറ്റേത് പ്രോപ്പർട്ടി ആണെങ്കിലും മുഴച്ചുനിൽക്കാൻ പാടില്ല. സീനുമായി അത് ചേർന്നുപോകണം. വസ്ത്രങ്ങൾ എടുത്ത് കാണുകയാണെങ്കിൽ അത് സീനിന് ഡിസ്ട്രാക്ഷൻ ഉണ്ടാക്കും. ഓരോ സീനിന്റേയും മൂഡ്, കളർ, കോസ്റ്റ്യൂം ഒക്കെ മനസ്സിലാക്കിയാൽത്തന്നെ ഡിസെെനിങ് ചെയ്യാൻ പറ്റും.

കമ്മട്ടിപ്പാടത്തിലൂടെ അഭിനയത്തിലേയ്ക്ക്, ചെന്നെെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള പാച്ചിൽ

സിനിമയിൽ അഭിനയിക്കുമ്പോൾ ആ സമയത്ത് വേറെ പരിപാടി ഒന്നും നടക്കില്ല. ആ ലൊക്കേഷനിൽ തന്നെ നിൽക്കേണ്ടിവരും. അപ്പോൾ കോസ്റ്റ്യൂം ഡിസെെൻ ചെയ്യുന്ന സിനിമകളുടെ ലൊക്കേഷനിലേയ്ക്ക് പോകാനാകില്ല. അതൊരു ബുദ്ധിമുട്ടാണ്.

തല്ലുമാലയിൽ അഭിനയിക്കാൻ നിന്ന സമയത്ത് അപ്പുറത്ത് രോമാഞ്ചത്തിൻ്റെ ഷൂട്ട് നടക്കുകയാണ്. രോമാഞ്ചത്തിൻ്റെ ആവശ്യത്തിനായി ഞാൻ ചെന്നെെയിലായിരുന്നു. ആ സമയത്ത് എനിക്ക് മനസ്സമാധാനം ഉണ്ടായിരുന്നില്ല. തല്ലുമാലയിൽ അഭിനയിക്കാനുള്ള രം​ഗമുണ്ടായിരുന്നു. ചെന്നെെയിൽ ആയിരുന്ന എന്നെ വന്നേ പറ്റൂവെന്ന് പറഞ്ഞ് ഫ്ലൈറ്റ് ടിക്കറ്റൊക്കെ എടുത്ത് നൽകി കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്നു.

placeholder
ചിത്രത്തിൻ്റെ പോസ്റ്റർ, മഷർ ഹംസ | photo: instagram / mashar hamsa, Imdb

അഭിനയത്തോട് ഇപ്പോൾ ഒരു എക്സെെറ്റ്മെന്റ് ഇല്ലാത്തതിന്റെ കാരണം അതാണ്. അഭിനയിക്കാൻ നിന്നാൽ എന്റെ മറ്റ് പരിപാടികളൊന്നും നടക്കില്ല. എനിക്ക് രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് ടെൻഷനുള്ള കാര്യമായാണ് തോന്നുന്നത്.

വീട്ടുകാർ അറിഞ്ഞില്ല ഞാൻ സിനിമയിലാണെന്ന്

ഞാൻ സിനിമാക്കാരനാകാൻ പോകുന്നതിൽ വീട്ടിൽ നിന്ന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. കാരണം ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. ഞാൻ എറണാകുളത്ത് ആണെന്ന് മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളു.

ആദ്യ ചിത്രം ഇറങ്ങി പത്രത്തിൽ വാർത്തയൊക്കെ വന്നപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങുന്നത്. അതുവരെ ഡ്രസ്സിൻ്റെ ഡിസെെനിങ്ങാണ് എന്നൊക്കെയെ കരുതിയിരുന്നുള്ളു. എന്നോട് അതെക്കുറിച്ച് ചോദിക്കുകയോ ഞാൻ പറയുകയോ ചെയ്തിരുന്നില്ല. ആളുകൾ പറഞ്ഞൊക്കെയാണ് അവർ അറിയുന്നത്. ഇന്ന് എൻ്റെ കാര്യത്തിൽ അവർക്ക് അഭിമാനമുണ്ട്. ഉപ്പയുടെ കൂട്ടുകാരൊക്കെ എന്റെ പടമൊക്കെ കണ്ടിട്ടുണ്ടെന്ന് പറയുമ്പോൾ അവർക്ക് ഒരുപാട് സന്തോഷമാകും. ഉമ്മ തിയേറ്ററിൽ നിന്നും എൻ്റെ പടം കണ്ടിട്ടില്ല, ടിവിയിലാണ് കാണാറുള്ളത്.

സിനിമയിലെ കൂട്ടുകാർ ജീവിതത്തിലും, കരിയറിലെ നഷ്ടം

സിനിമ കരിയറിൽ സൗഹൃദങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ വർക്ക് ചെയ്യുന്ന മിക്ക ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമാണ്. സമീറിക്ക, സൗബിനിക്ക്, ഖാലിദ് റഹ്മാൻ എന്നിവരൊക്കെയായിട്ടാണ് ഇന്നും വർക്ക് ചെയ്യുന്നത്. സിനിമ കഴിഞ്ഞാലും കാണുന്നത് ഇവരെയൊക്കെയാണ്. സിനിമയില്ലെങ്കിലും ഇവരൊക്കെ തന്നെയാണ് ജീവിതത്തിലെ സുഹൃത്തുക്കൾ.

placeholder
മഷർ ഹംസയും ദുൽഖറും, മഷർ ഹംസ സൗബിനൊപ്പം  | photo: instagram / mashar hamsa

എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം 'ഭീഷ്മപർവ്വം' ചെയ്യാനാകാത്തതാണ്. ചിത്രത്തിലേയ്ക്ക് അമൽ ഏട്ടൻ (അമൽ നീരദ്) വിളിച്ചപ്പോൾ തിരക്ക് കാരണം എനിക്ക് 'നോ' പറയേണ്ടിവന്നു. അന്നങ്ങനെ പറഞ്ഞതിൽ പിന്നീട് എനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ട്. അമൽ ഏട്ടൻ രണ്ടുമൂന്ന് വട്ടം വിളിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പടത്തിൽ വർക്ക് ചെയ്യുമ്പോൾ നമ്മൾ മുഴുവൻ സമയവും കൂടെയുണ്ടാകണം. എനിക്ക് ആ സമയം വേറെ വർക്കുകൾ ഉണ്ടായിരുന്നു. പക്ഷേ ഒന്ന് ട്രെെ ചെയ്ത് നോക്കാത്തതിൽ പിന്നീട് നിരാശ തോന്നി. 

മോഹൻലാൽ, ആസിഫ്, ഫഹദ്- പുതിയ ചിത്രങ്ങൾ

ഞാൻ ആവേശത്തോടെ കാത്തിരിക്കുന്ന ചില ചിത്രങ്ങൾ വരാൻ പോകുകയാണ്. ആഷിഖ് ഇക്കയുടെ (ആഷിഖ് അബു) പുതിയ ചിത്രമായ റെെഫിൾ ക്ലബ്ബിൽ വർക്ക് ചെയ്യാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞാൻ. ഫഹദ് ഇക്കയെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’, നസ്ലിനും ലുക്മാനും ഒന്നിക്കുന്ന ഖാലിദ് റ​ഹ്മാൻ ചിത്രം എന്നിവയുടെ വർക്കുകൾ പുരോഗമിക്കുകയാണ്.

''കാസർ​ഗോൾഡി’ന് ശേഷം ആസിഫ് ഇക്കയോടൊപ്പം (ആസിഫ് അലി) ‘അഡിയോസ് അമിഗോ’ എന്ന ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ സുരാജ് ഏട്ടനുമുണ്ട്. നഹാസ് നാസറാണ് സംവിധാനം. സിനിമയുടെ ഷൂട്ട് കഴിഞ്ഞു, വെെകാതെ റിലീസുണ്ടാകും. മറ്റ് ഇൻഡസ്ട്രിയിൽ നിന്ന് വിളികൾ വരാറുണ്ട്. പക്ഷേ  ഇവിടുത്തെ തിരക്കുകൾ കാരണം പോകാനായിട്ടില്ല.