സംഗീത മലയാളികള്‍ക്ക് ശ്യാമളയാണ്. അവരുടെ പ്രിയപ്പെട്ട ചിന്താവിഷ്ടയായ ശ്യാമള. നീണ്ട ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനു ഒരുങ്ങുകയാണ് സംഗീത. 35 വര്‍ഷം നീണ്ട കരിയറിനെക്കുറിച്ച്, ശ്യാമളയെക്കുറിച്ച്, നടന്‍ വിജയ്‌നെ കുറിച്ച് സംഗീത സംസാരിക്കുന്നു.

To advertise here,

ബാലതാരമായാണ് സിനിമയിലെത്തുന്നത് ?

അവിചാരിതമായാണ് സിനിമയിലെത്തുന്നത്. എന്‍ രത്തത്തിന്‍ രത്തമേ എന്ന തമിഴ് ചിത്രമായിരുന്നു അത്. മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ റീമേയ്ക്ക്. എന്റെ സഹോദരനാണ് അതില്‍ അഭിനയിക്കാനിരുന്നത്. നാല് പേരാണ് ഞങ്ങള്‍ സഹോദരങ്ങള്‍. വീട്ടിലെ ഏറ്റവും ചെറിയ കുട്ടി ഞാനായിരുന്നു. അതുകൊണ്ട് തന്നെ ചേട്ടന്റെ ഓഡിഷന് വേണ്ടി പോയപ്പോള്‍ അമ്മ എന്നെയും കൊണ്ട് പോയി. ഞാനും ഓഡിഷന് വന്നതാണെന്നാണ് അവിടെയുള്ളവര്‍ കരുതിയത്. അങ്ങനെ എന്നെയും ഓഡിഷന് എടുത്തു. ഞാന്‍ സിനിമയുടെ ഭാഗവുമായി. 

സിനിമ എത്രത്തോളം അന്ന് ആ കുട്ടിയെ ഭ്രമിപ്പിച്ചിട്ടുണ്ട് ?

സിനിമ എന്നെ അന്നും അതിശയിപ്പിച്ചിട്ടേയുള്ളൂ. ഞാന്‍ പഠിച്ച സ്‌കൂളും എന്റെ വീടുമൊന്നും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. സപഹാഠികളില്‍നിന്ന് എന്നെ വ്യത്യസ്തയാക്കിയതും അത് തന്നെയാണ്. സ്‌കൂളില്‍നിന്ന് ലീവെടുത്തല്ലേ അഭിനയിക്കാന്‍ പാേകുന്നതും മറ്റും. അതൊക്കെ എനിക്ക് മാത്രം കിട്ടിയ അവസരങ്ങളായിരുന്നു അവിടെ. അതെല്ലാം ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്. 

പിന്നെ ഇത്ര ദൂരം ഞാനെത്തുമെന്ന് ചിന്തിച്ചിട്ടേയില്ല. ആദ്യ ചിത്രത്തില്‍ പത്തു കുട്ടികളില്‍ ഒരാളായിരുന്നു. ഒരു സീന്‍ ആണ് ആകെ ഉണ്ടായിരുന്നത്. അത് കണ്ടിട്ടാണ് അടുത്ത സിനിമ കിട്ടിയത്. അതില്‍നിന്ന് അടുത്തത്. അങ്ങനെ ഒരു ചെയിന്‍ പോലെ കണക്ട് ആയതാണ് ഞാന്‍ സിനിമയുമായി. എട്ടാം ക്ലാസ് ഒക്കെ ആയപ്പോള്‍ ബാലതാരത്തില്‍നിന്ന് അനിയത്തി വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'നാടോടി'യിലൂടെ മലയാളത്തിലേക്ക് ഞാന്‍ കടന്നുവരുന്നത്. ഇന്നും ഇത്രയും വര്‍ഷം കഴിഞ്ഞും ശ്യാമളയായി ഞാന്‍ തിരിച്ചറിയപ്പെടുമെന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ല. അനുഗ്രഹിക്കപ്പെട്ടവളാണ് എന്നേ എനിക്ക് പറയാനുള്ളൂ. 

'നാടോടി'യിലൂടെയാണ് മലയാളത്തിലെത്തുന്നത് ?

ഭയങ്കര സര്‍പ്രൈസ്ഡ് ആയിട്ടാണ് 'നാടോടി'യില്‍ അഭിനയിക്കാനുള്ള അവസരം വന്നു ചേരുന്നത്. പോള്‍ ഞാറയ്ക്കല്‍ ആയിരുന്നു ചിത്രത്തിന്റെ ചീഫ് എ.ഡി. അദ്ദേഹം ഞങ്ങളുടെ അയല്‍ക്കാരനായിരുന്നു. അങ്ങനെയാണ് മലയാളത്തിലെത്തുന്നത്. മോഹന്‍ലാല്‍ സാറിനെ കാണുന്നത് തന്നെ ത്രില്ലടിപ്പിച്ച ഘടകമായിരുന്നു. ഷൂട്ടിനിടയില്‍ എന്റെ കുറേ ഫോട്ടോസൊക്കെ അദ്ദേഹം എടുത്തു. അതെല്ലാം എനിക്ക് തന്നു. പക്ഷേ, അതിന് ശേഷം ഇന്നേ വരെ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. 

പക്ഷേ മലയാളത്തില്‍നിന്ന് ഇടയ്ക്കിടെ ഈ ഗ്യാപ് എടുത്തിരുന്നത് എന്തുകൊണ്ടാണ് ?

എല്ലാവരും പറയുമ്പോഴാണ് അങ്ങനെയൊരു ഗ്യാപ് വന്നിരുന്നുവെന്ന് എനിക്ക് തോന്നുന്നത്. അതൊന്നും പ്ലാന്‍ഡ് ആയിരുന്നില്ല. വളരെ പതുക്കെയാണ് എന്റെ സിനിമയിലെ ഗ്രാഫ് പൊയ്‌ക്കൊണ്ടിരുന്നത്. നല്ല അവസരങ്ങള്‍ വരുമ്പോള്‍, എനിക്കിഷ്ടപ്പെട്ട വേഷമാണെങ്കില്‍, ഡേറ്റ് എല്ലാം ഓകെയാണെങ്കില്‍ ഞാനത് സ്വീകരിച്ചിട്ടുണ്ട്. 

മലയാളമുള്‍പ്പടെ നാല് ഭാഷകളില്‍ അഭിനയിച്ചു ?

ബാലതാരമായാണ് കന്നഡയിലെത്തുന്നത്. സംവിധായകന്‍ വി.രവിചന്ദ്രന്‍ ആയിരുന്നു സംവിധായകന്‍. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നായികയായും അഭിനയിച്ചു. രജനി സറിനെ നായകനാക്കി രവിചന്ദ്രന്‍ സര്‍ സംവിധാനം ചെയ്ത ആ ചിത്രം വലിയ ഹിറ്റായി മാറി. രണ്ട് വര്‍ഷമെടുത്താണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. തുടങ്ങുമ്പോള്‍ ഞാന്‍ ആറില്‍ പഠിക്കുകയായിരുന്നു, ഷൂട്ടിങ്ങ് തീരുമ്പോള്‍ എട്ടിലും. ഇടയ്ക്കിടെ ബാംഗ്ലൂര്‍ക്ക് ഷൂട്ടിങ്ങിന് പോകണമായിരുന്നു. അങ്ങനെയാണ് കന്നഡ പഠിക്കുന്നത്. തെലുങ്കില്‍ ഒരു ചിത്രമേ ചെയ്തുള്ളൂ. ബാലകൃഷ്ണ സാറിനൊപ്പം. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ് . അതുകൊണ്ട് ആ ഒരു അടുപ്പം തമിഴിനോടുണ്ട്. പിന്നെ, മലയാളം എന്റെ മാതൃഭാഷയാണ്. ഞാനത്ര നന്നായി സംസാരിക്കില്ലെങ്കിലും അതങ്ങനെ തന്നെയാണല്ലോ. ആ ഒരു കണക്ഷന്‍ ഉണ്ടല്ലോ. പിന്നെ എവിടെ പോയാലും മലയാളികള്‍ക്ക് ഞാന്‍ സംഗീതയല്ല, ശ്യാമളയാണ്. 

സഹനടിയും നായികയുമായിട്ടുണ്ട് ?

എന്റെ ഗ്രാഫ് അങ്ങനെയായിരുന്നു. നായികയായി അഭിനയിച്ച ശേഷം അങ്ങനെ സഹോദരിയായു മറ്റും വേഷമിട്ടത് എനിക്ക് ഓര്‍മയില്ല. ബാലതാരം, പിന്നെ ടീനേജ്, സഹോദരി, നായിക അങ്ങനെയാണ് സിനിമയിലെനിക്ക് വേഷങ്ങള്‍ വന്നത്. ഇപ്പോഴിതാ അമ്മ വേഷങ്ങള്‍ ചെയ്യുന്നു

എങ്കിലും സമകാലീനരായ നായികമാരുടെ സ്റ്റാര്‍ഡം ലഭിച്ചിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ ?

അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എനിക്ക് പറ്റുന്നതെന്തോ അത് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് ആസ്വദിച്ചു ചെയ്തതുമാണ്. അല്ലാതെ കോമ്പറ്റീഷന് ഞാനുണ്ടായിട്ടില്ല. തമിഴിലായാലും മലയാളത്തിലായാലും. 

മലയാളത്തിലും സൂപ്പര്‍സ്റ്റാര്‍സിനൊപ്പമാണ് വേഷമിട്ടത് ?

എല്ലാ അഭിനേതാക്കളും യുണീക് ആണ്. എനിക്ക് മമ്മൂട്ടി സാറിനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. ഭയങ്കര കംഫര്‍ട്ടബിള്‍ ആണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍. അദ്ദേഹം ഭയങ്കര റിസര്‍വ്ഡ് ആണെന്നും മറ്റും ആള്‍ക്കാര്‍ പറയാറുണ്ട്. പക്ഷേ, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. പല്ലാവൂര്‍ ദേവനാരായണനൊക്കെ ചെയ്യുമ്പോള്‍ അത്രയ്ക്കും കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. എന്നെ സന്തുഷ്ടയായ ശ്യാമളയെന്നാണ് മമ്മൂക്ക വിളിച്ചിരുന്നത്. ഇവരെയും ഞാന്‍ പിന്നീട് കണ്ടിട്ടില്ല എന്നതാണ് സത്യം.

തിളങ്ങിനിന്ന സമയത്ത് സിനിമ വിടാനുള്ള തീരുമാനം ?

സിനിമ വിട്ടു എന്ന് പറയാനാവില്ല,. കാരണം എന്റെ ഭര്‍ത്താവ് സിനിമയില്‍ തന്നെയായിരുന്നല്ലോ. അദ്ദേഹത്തിന്റെ സിനിമയുടെ ഷൂട്ടിങ്ങിന് എന്റെ കൂടെ വര്‍ക്ക് ചെയ്ത സീനിയേഴ്‌സ് ആരെങ്കിലും വരുമ്പോള്‍ അവരെന്നെയും മോളെയും കാണണമെന്നും  പറയുമ്പോള്‍ സെറ്റില്‍ ചെന്ന് കാണാറുണ്ട്. മലയാളത്തിലായാലും പുറത്തായാലും അങ്ങനെ ഞാന്‍ അധികം ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. അങ്ങനെ ശ്രദ്ധാകേന്ദ്രമാകണം എന്നെനിക്ക് തോന്നിയിട്ടില്ല. അതൊരു ഒഴുക്കില്‍ അങ്ങനെ പോയതാണ്. കൂടുകതലൊന്നും ആലോചിച്ചിട്ടില്ല. ഞാന്‍ എന്തു ചെയ്താലും പിന്തുണയ്ക്കുന്നവരാണ്. എന്റെ താതാപര്യങ്ങളും ഇഷ്ടങ്ങളും അവര്‍ക്ക് അറിയാവുന്നതാണ്. സിനിമ എനിക്ക് മിസ് ചെയ്തിട്ടൊന്നുമില്ല. എങ്കിലും സിനിമയില്‍നിന്നു മാറി നിന്ന സമയത്തും പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുമായിരുന്നു. മലയാളികള്‍ക്ക് ശ്യാമളയും മറ്റു ഭാഷകളില്‍ അതാത് ഇന്‍ഡസ്ട്രിയിലെ എന്റെ കഥാപാത്രങ്ങളുടെ പേരിലുമാണ് എന്നെ വിളിച്ചിരുന്നത്. പക്ഷേ, വളരെ ബഹുമാനത്തോടെയാണ് അവരെല്ലാം എന്നെ സമീപിച്ചിരുന്നത്. ചെയ്തിരുന്ന കഥാപാത്രങ്ങളുടെ ഗുണമാകാം. അവരുടെ കുടുംബാംഗത്തെ പോലെയാണ് എന്നെ കാണുന്നത്. 

കാണുന്ന എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ. അതേപോലെ ഉണ്ടല്ലോ എന്ന്. എനിക്കിപ്പോള്‍ 40 പ്ലസ് ആണ് വയസ്. അതിന് പ്രത്യേകിച്ച് സീക്രട്ട് ഒന്നുമില്ല. ഞാനങ്ങനെ ഒരുപാട് തടിക്കുന്ന പ്രകൃതം ഒന്നുമല്ല. കുഞ്ഞുണ്ടായ സമയത്ത് ഇത്തിരി തടി വച്ചിരുന്നു. അവള്‍ക്ക് വേണ്ടി ആയയെ ഒന്നും വച്ചിരുന്നില്ല. ഞാന്‍ തന്നെയാണ് നോക്കിയത്. അതൊക്കെയാകാം ആ തടി അങ്ങനെ തന്നെ പോകാന്‍ സഹായിച്ചു. 

മലയാളികള്‍ക്ക് സംഗീതയല്ല, ശ്യാമളയാണ് ?

19 വയസിലാണ് 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ അഭിനയിക്കുന്നത്. അന്ന് ആ കഥാപാത്രത്തിന്റെ ആഴവും വ്യാപ്തിയുമൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ ചിത്രം കാണുമ്പോള്‍ മനസിലായത് കൂടി അതില്‍ അഭിനയിക്കുമ്പോള്‍ എനിക്കറിയില്ലായിരുന്നു. അതില്‍ ഞാനെന്ത് ചെയ്തുവോ അത് നല്ലതായാലും ചീത്തയായാലും അതിന് കാരണം ശ്രീനി സര്‍ മാത്രമാണ്. അദ്ദേഹമാണ് എന്നെ ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നില്‍ ശ്രീനി സാറിന് വിശ്വാസവുമുണ്ടായിരുന്നു. നിങ്ങള്‍ സ്‌ക്രീനില്‍ കണ്ടത് എന്താണോ അത് ശ്രീനി സര്‍ പറഞ്ഞ പോലെ ഞാന്‍ ചെയ്ത കാര്യങ്ങളാണ്.  ശ്യാമളയെ അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. ശ്രീനി സാറാണ് സംവിധാനം അതായിരുന്നു എനിക്ക് പ്രധാനം. സംവിധായകരെയാണ് ഞാന്‍ കൂടുതലും സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നോക്കിയിരുന്നത്. കഥ പറഞ്ഞപ്പോള്‍ ടൈറ്റില്‍ റോളാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു. വേറെന്ത് ആഗ്രഹിക്കാനാണ്. ശ്യാമളയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു അതും. 

ജീവിതത്തില്‍ ശ്യാമളയാണോ?

ജീവിതത്തില്‍ ശ്യാമളയാണെന്ന് പറയാനാവില്ല. കുറച്ചൊക്കെ ശ്യാമളയുടെ അംശം എന്നിലുണ്ട്. എന്റെ അമ്മ ഒരു തരത്തില്‍ ശ്യാമളയാണെന്ന് പറയാം. എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു എപ്പോഴും. അതാണെന്റെ ഏറ്റവും വലിയ ശക്തി. സിനിമ സെറ്റിലായാലും എവിടെ ആണെങ്കിലും എനിക്കൊന്നിനും പേടിയില്ല. കാരണം അമ്മയുണ്ടല്ലോ. ഇപ്പോള്‍ പക്ഷേ, എനിക്ക് കാര്യങ്ങള്‍ തനിയെ ചെയ്യാനുള്ള ധൈര്യം ഒക്കെ വന്നിട്ടുണ്ട്. 

ഒരുപാട് ഇതിഹാസങ്ങള്‍ വേഷമിട്ട ചിത്രം കൂടിയാണ് ?

അതാലോചിക്കുമ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്‌. കാരണം തിലകന്‍ അങ്കിള്‍, ഇന്നസെന്റ് അങ്കിള്‍, നെടുമുടി വേണു അങ്കിള്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം എനിക്ക് അഭിനയിക്കാന്‍ പറ്റി. അതൊന്നും ഇനി കിട്ടാന്‍ പോവുന്നില്ലല്ലോ. ഞാനെത്ര ഭാഗ്യം ചെയ്തതാണ്. തിലകന്‍ അങ്കിള്‍ ഒക്കെ അത്ര സ്വീറ്റ് ആയിരുന്നു. നമ്മള്‍ പേടിക്കുന്ന അല്ലെങ്കില്‍ ഗൗരവക്കാരായിരിക്കും എന്ന് നമ്മള്‍ കരുതുന്ന പല സീനിയര്‍ താരങ്ങളും എത്ര പാവങ്ങളാണെന്ന് അവരോടൊപ്പം ജോലി ചെയ്താലേ മനസിലാവൂ. 

രണ്ട് കുട്ടികളുടെ അമ്മ വേഷം അന്ന് എങ്ങനെയാണ് അഭിനയിക്കാന്‍ തയ്യാറായത് ?

ആ കുട്ടികളുടെ അയ്യോ അച്ഛാ പോവല്ലേ എന്ന ഡയഗോല് മറക്കാനാകില്ല. അവരെ പിന്നീട് പക്ഷേ കാണാന്‍ പറ്റിയിട്ടില്ല കേട്ടോ. പിന്നെ എങ്ങനെ ആ കഥാപാത്രം ചെയ്തു എന്ന് ചോദിച്ചാല്‍ ഞാന്‍ സംവിധായകന്റെ ആര്‍ടിസ്റ്റ് ആണ്. അവര്‍ തൊണ്ണൂറ് വയസുള്ള കഥാപാത്രം ചെയ്യാന്‍ പറഞ്ഞാലും തിരക്കഥയും സംവിധായകനും എനിക്ക് ഓകെ ആണെങ്കില്‍ ഞാന്‍ ചെയ്യും. 

ശ്യാമളയുടെ കഥ സ്വന്തം ജീവിതമാണെങ്കില്‍ വിജയന്‍ മാഷിനെ സ്വീകരിക്കുമോ ?

എന്റെ വ്യക്തി ജീവിതം മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍ എനിക്ക് എന്റെ ഭര്‍ത്താവിനെ വിട്ടുകളയാനാവില്ല. സിനിമയില്‍ മാത്രമേ എല്ലാം ശരിയായി ഇനി എല്ലാം ഓകെയാണ് എന്ന ക്ലൈമാക്‌സ് കാണാന്‍ പറ്റൂ. യഥാര്‍ഥ ജീവിതത്തില്‍ പക്ഷേ ആ കരട് അങ്ങനെ കിടക്കും. 

ഭര്‍ത്താവ് സംവിധായകനാണ്, സിനിമയോടുള്ള പിന്തുണ എങ്ങിനെയാണ് ?

സിനിമ വളരെ പാഷനേറ്റ് ആയി കാണുന്ന ആളാണ് അദ്ദേഹം. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ സര്‍പ്രൈസ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ സിനിമ ശരിക്കും പഠിക്കുന്നത്. അഭിനയം അല്ലാതെ സംവിധായകന്റെയും നിര്‍മാതാവിന്റെയുമൊക്കെ കഷ്ടപ്പാടുകള്‍ എനിക്ക് അറിയില്ലായിരുന്നു. വിവാഹശേഷമാണ് അതൊക്കെ തിരിച്ചറിയുന്നത്. ഇന്നെനിക്ക് സിനിമയോട് ഏറെ ബഹുമാനമുണ്ട്. 

വിജയുടെ ആദ്യ ബ്ലോക്ക് ബസ്റ്ററാണ് പൂവേ ഉനക്കാഗ ?

വിക്രമന്‍ സാറാണ് 'പൂവേ ഉനക്കാഗ'യുടെ സംവിധായകന്‍. അദ്ദേഹത്തിന്റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരാണ്. അതുകൊണ്ടാണ് ആ ചിത്രത്തില്‍ ഞാനഭിനയിക്കുന്നത്. വിജയ് അന്നും വളരെ അന്തര്‍മുഖനാണ്. ഞാനും ഏതാണ്ട് അതേ സ്വഭാവമാണ്. അതുകൊണ്ട് അധികം സംസാരമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് വിജയുടെ വലിയ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഏറെ ഇഷ്ടമാണ്. എന്റെ ഭര്‍ത്താവിന്റെ സിനിമയില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. അന്ന് എന്നേയും മകളെയും കാണണം എന്ന് പറഞ്ഞപ്പോള്‍ സെറ്റില്‍ പോയി കണ്ടിരുന്നു, 

വീണ്ടും ശ്രീനിവാസനൊപ്പം നഗരവാരിധിയിലൂടെ മലയാളത്തിലേക്ക് ?

ശ്രീനി സാറാണ് എന്നെ 'നഗരവാരിധി'യിലേക്ക് വിളിക്കുന്നത്. ആദ്യം തന്നെ ശ്രീനി സാറിനോട് പറഞ്ഞിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയിക്കുന്നത്, ടെന്‍ഷനുണ്ട് എന്നെല്ലാം. സംഗീത ഒന്നും ചെയ്യണ്ട, ഞാന്‍ പറയുന്ന പോലെയങ്ങ്  ചെയ്താല്‍ മതിയെന്ന് ശ്രീനി സര്‍ ധൈര്യം തന്നു. എനിക്കന്ന്  ശ്യാമള ചെയ്യുമ്പോഴുണ്ടായ അതേ ഫീല്‍ തന്നെയായിരുന്നു അന്നേരവും. അതേ ബഹുമാനവും പേടിയും അദ്ദേഹത്തോട് ഉണ്ട്. ശ്രീനി സാറിനെ എനിക്ക് പിന്നീട് കാണാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് മറ്റ് മലയാളികളെ പോലെ ഞാനും കാത്തിരിക്കുകയാണ്. ഇനിയും ഒരു അവസരം വന്നാല്‍ എന്നായാലും ഞാന്‍ ശ്രീനി സാറിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്. 

സിനിമയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണ് ?

സാധാരണക്കാരായ പ്രേക്ഷകര്‍ വരെ ഇന്ന് നല്ല കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. അവരെ തൃപ്തിപ്പെടുത്തേണ്ടത് ഇന്ന് വലിയ ഉത്തരവാദിത്തമാണ്. പിന്നെ ഈ കാരവന്‍ കള്‍ച്ചര്‍ എനിക്ക് പുതുമയുള്ള കാര്യമാണ്. പിന്നെ ഈ സിനിമാ പ്രമോഷന്‍ ഇവന്റുകളും അന്നുണ്ടായിരുന്നില്ല. 

പ്രേക്ഷകനോട് പറയാനുള്ളത് ? 

ഇതുവരെ എന്നെ അംഗീകരിച്ചതിന് വളരെ നന്ദിയുണ്ട്. 'ചാവേറി'ലൂടെയും 'പരാക്രമ'ത്തിലൂടെയും വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഇനിയെന്നെ ഇവിടെ പ്രതീക്ഷിക്കാം. അങ്ങനെ ഒളിച്ചിരിക്കല്‍ ഇനി ഉണ്ടാകില്ല.