
ആർക്കിടെക്ചറിന്റെ കൃത്യതയും ഗ്രാഫിക് ഡിസൈനിന്റെ ക്രിയേറ്റിവിറ്റിയും സമന്വയിപ്പിച്ച് മലയാള സിനിമയിലെ പോസ്റ്റർ ഡിസൈനിംഗിലും ബ്രാൻഡിംഗിലും തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് ആഷിഫ് സലീം. മമ്മൂട്ടി കമ്പനിയുടെ ലോഗോ റീബ്രാൻഡിംഗിലൂടെ ശ്രദ്ധേയനായ ആഷിഫ്, 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ-പോസ്റ്റർ ഡിസൈനിലൂടെയും അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന 'പദയാത്ര' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച് തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആഷിഫ് തന്റെ കരിയറിനെപ്പറ്റിയും സിനിമാരംഗത്തെ അനുഭവങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവെക്കുന്നു.
ആർക്കിടെക്ചർ നൽകിയ അടിത്തറ
ബേസിക്കലി ഞാൻ ഒരു ആർക്കിടെക്റ്റാണ്. കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസെെനിലായിരുന്നു പഠനം. കോഴ്സ് കഴിഞ്ഞത് കോവിഡ് സമയത്താണ്. ആ സമയത്ത് തന്നെ പാരലലായി ഗ്രാഫിക്സും ബ്രാൻഡിംഗും ചെയ്യുന്നുണ്ടായിരുന്നു. ആർക്കിടെക്ചർ സ്റ്റഡീസിലെ പ്രസന്റേഷൻ ടൂളുകളോടുള്ള താല്പര്യമാണ് ഗ്രാഫിക് ഡിസൈനിലേക്ക് വഴിതിരിച്ചുവിട്ടത്. കോളേജിലെ ഗ്രാഫിക്സ് ടീമിനെ ലീഡ് ചെയ്തിരുന്നതും അതിന് സഹായകമായി. കോഴ്സിന് ശേഷം എന്റെ ഫാക്കൽറ്റിയായിരുന്ന ആബിദ് റഹിം സാറിന്റെ 'ആർ ആൻഡ് ഡി' [ar&de] എന്ന ഫേമിൽ മൂന്ന് വർഷം ആർക്കിടെക്റ്റായി പ്രാക്ടീസ് ചെയ്തു.
മമ്മൂട്ടി കമ്പനി എന്ന വലിയ ബ്രേക്ക്
2023-ലാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ റീബ്രാൻഡിംഗിനായി ഒരു ഓപ്പൺ കോൾ വരുന്നത്. എന്റെ ആർക്കിടെക്ചറൽ പ്രസന്റേഷൻ ശൈലിയിലാണ് ഞാൻ ഓപ്ഷൻസ് അയച്ചത്. സാധാരണ ഗ്രാഫിക് ഡിസൈൻ സ്കൂളിംഗിൽ നിന്ന് വ്യത്യസ്തമായി, സ്പേഷ്യൽ ലാംഗ്വേജിൽ (Spatial language) ഊന്നിയുള്ള ഒരു ബ്രാൻഡിംഗ് മാനുവലാണ് ഞാൻ നൽകിയത്. അത് സെലക്ട് ചെയ്യപ്പെട്ടു. 'കണ്ണൂർ സ്ക്വാഡ്' പ്രീ-റിലീസ് സമയത്താണ് ആ ലോഗോ അനൗൺസ് ചെയ്തത്. അത് എന്റെ കരിയറിലെ വലിയൊരു ബ്രേക്ക് ത്രൂ ആയിരുന്നു.
മമ്മൂക്കയുമായുള്ള ആത്മബന്ധം
മമ്മൂട്ടി കമ്പനിയുടെ ലോഗോയ്ക്ക് ശേഷം മമ്മൂക്കയുടെ മകൾ സുറുമിത്തയാണ് (സുറുമി) മമ്മൂട്ടി ഹൗസിന്റെ ബ്രാൻഡിംഗ് പ്രോജക്ട് തരുന്നത്. പിന്നീട് സെലക്ഷനിലും മമ്മൂട്ടി കമ്പനിയുടെ കൂടുതൽ പ്രോജക്ടുകളിലേക്ക് കൊണ്ടുവരാനുമൊക്കെ സപ്പോർട്ട് ചെയ്തത് സുറുമിത്തയാണ്. പിന്നീട് അബുദാബിയിലെ '369 സിനിമാസ്' എന്ന തിയേറ്റർ ചെയിനിന്റെ ബ്രാൻഡിംഗും ഇന്റീരിയറും ചെയ്യാനുള്ള അവസരം ലഭിച്ചു. അവിടെ എന്റെ ആർക്കിടെക്ചർ ബാക്ക്ഗ്രൗണ്ട് വലിയ ഗുണമായി.
മമ്മൂക്കയുടെ വീട്ടിൽ പോയി അദ്ദേഹത്തിനും കുടുംബത്തിനും മുന്നിൽ പ്രസന്റേഷൻ നടത്തിയതും അദ്ദേഹം അത് അംഗീകരിച്ചതും വലിയൊരു അനുഭവമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ അദ്ഭുതപ്പെടുത്തിയത് മമ്മൂക്ക ആ പ്രസന്റേഷൻ കേട്ടിരുന്ന രീതിയാണ്. ഞാൻ പറഞ്ഞു തീരുന്നത് വരെ അദ്ദേഹം ഒന്നും മിണ്ടാതെ ശ്രദ്ധയോടെ കേട്ടിരുന്നു. എല്ലാം കേട്ട് കഴിഞ്ഞാണ് അദ്ദേഹം ഫീഡ്ബാക്ക് തരുന്നത്.
'കളങ്കാവൽ': കഥ പറയുന്ന പോസ്റ്ററുകൾ
മമ്മൂക്ക തന്നെ പറഞ്ഞിട്ടാണ് ജിതിൻ ചേട്ടൻ സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' എന്ന സിനിമയുടെ ടൈറ്റിൽ ഡിസൈനിലേക്ക് വരുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് കേട്ട ശേഷമാണ് വർക്ക് ചെയ്തത്. ടൈറ്റിൽ മമ്മൂക്കയ്ക്ക് പ്രസന്റ് ചെയ്തപ്പോൾ "നമ്മൾ വിചാരിച്ചതിന്റെ മേലേക്ക് പോയി" എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വലിയ ബൂസ്റ്റിംഗ് ആയിരുന്നു.
കളങ്കാവലിന്റെ പോസ്റ്ററുകൾ വെസ്റ്റേൺ ശൈലിയിൽ മിനിമൽ ആയാണ് ചെയ്തിട്ടുള്ളത്. ഓരോ പോസ്റ്ററിലും സിനിമയുടെ കഥയുമായി ബന്ധപ്പെട്ട സൂചനകളുണ്ട്. ഉദാഹരണത്തിന്, ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുന്നതിന് മുമ്പ് പുറത്തുവിട്ട ആദ്യ പോസ്റ്ററിലെ മേയ്‌സ് (Maze) കളങ്കാവൽ എന്ന ടെക്സ്റ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ മമ്മൂക്കയുടെ ക്യാരക്ടറിന്റെ പ്രത്യേകതകളും 21 സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകളും ഒളിപ്പിച്ചിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന 'പദയാത്ര'യിൽ
മമ്മൂക്ക-അടൂർ ഗോപാലകൃഷ്ണൻ കോമ്പിനേഷനിൽ ഒരുങ്ങുന്ന 'പദയാത്ര' എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ കഴിഞ്ഞത് മറ്റൊരു വലിയ ഭാഗ്യമാണ്. ആ സിനിമയുടെ ടൈറ്റിലും പോസ്റ്ററും ഞാനാണ് ചെയ്യുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ തൊട്ട് 60 ദിവസത്തോളം ആ ടീമിനൊപ്പം ഉണ്ടായിരുന്നു. ഷെഹനാദ് ജലാൽ, പ്രവീൺ പ്രഭാകർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ലേണിംഗ് എക്സ്പീരിയൻസ് ആയിരുന്നു.
കപ്പ കൾച്ചറും ലോങ്ങ് ഹൗസ് കളക്റ്റീവും
മാതൃഭൂമിയുടെ 'കപ്പ കൾച്ചറു'മായും എനിക്ക് അടുത്ത ബന്ധമുണ്ട്. കപ്പ കൾച്ചറിന്റെ ലോഗോയും ആദ്യ എഡിഷന്റെ വിഷ്വൽ ലാംഗ്വേജും, വെന്യൂ ഡിസൈനും നിർവ്വഹിച്ചത് ഞാനും ആർക്കിടെക്ട് ഷെറിൻ കദീജയും ചേർന്നാണ്. ആ വർക്കിന് വലിയ വിസിബിലിറ്റി ലഭിച്ചു. കൂടാതെ 2024-ൽ മാതൃഭൂമി അക്ഷരോത്സവത്തിൽ (MBIFL) സ്പീക്കറായും പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
കോഴിക്കോട് ബീച്ചിൽ 'ലോങ്ങ് ഹൗസ് കളക്റ്റീവ്' (The Long House Collective) എന്ന പേരിൽ ഒരു ആർട്ട് ഗാലറി ഞങ്ങൾ മൂന്ന് ആർക്കിടെക്ട് സുഹൃത്തുക്കൾ (ഷെറിൻ കദീജ, ആയിഷ അൻസാരി) ചേർന്ന് നടത്തുന്നുണ്ട്. 100 വർഷം പഴക്കമുള്ള ഒരു കൊപ്ര ഗോഡൗൺ മാറ്റിയെടുത്തതാണ് ഈ ഗാലറി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും മറ്റും വേദിയായി ഈ സ്പേസ് ഉപയോഗിച്ചിരുന്നു.
ഭാവി പദ്ധതികൾ
ആർക്കിടെക്ചറും ഡിസൈനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് താല്പര്യം. നിലവിൽ സ്കൈലൈൻ ബിൽഡേഴ്സിന്റെ എക്സ്പീരിയൻസ് സെന്ററുകൾ ഡിസൈൻ ചെയ്യുന്നുണ്ട്. യുഎസ്, ദുബായ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ക്ലയന്റുകൾക്കായി 80-ലധികം ബ്രാൻഡിംഗ് പ്രോജക്ടുകൾ പൂർത്തിയാക്കി. സിനിമയിലേക്കും ഡിസൈൻ മേഖലയിലേക്കും കൂടുതൽ പ്രോജക്ടുകൾ വരുന്നുണ്ട്. ആർക്കിടെക്ചറൽ മെെന്റ്സെറ്റ് എന്റെ ഡിസൈനുകളെയും ഡയറക്ഷൻ വർക്കുകളെയും ഏറെ സ്വാധീനിക്കുന്നുണ്ട്.
Published: 16 Mar 2026, 01:51 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented