കോമഡി വേഷങ്ങളിലൂടെ സുപരിചിതരായ കലാകാരന്മാർ കരിയറിൽ പെട്ടെന്ന് മാറ്റത്തിന്റെ പാതയിലൂടെ ബോധപൂർവമോ അല്ലാതെയോ സഞ്ചരിക്കുന്നത് പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകാറുണ്ട്. മലയാള സിനിമാചരിത്രത്തിൽ ഒട്ടേറെ താരങ്ങൾ ഇത്തരത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ അക്കൂട്ടത്തിലേയ്ക്ക് പ്രകാശ് വി.ജിയെന്ന നടനും രം​ഗപ്രവേശം നടത്തി. അതിന് മുൻപും വ്യത്യസ്തമായ ചിത്രങ്ങളുടെ ഭാ​ഗമായെങ്കിലും കൂടുതൽ പ്രേക്ഷകരും തിരിച്ചറിഞ്ഞു തുടങ്ങിയത് ഈ ദിലീഷ് പോത്തൻ ചിത്രത്തിലൂടെയായിരുന്നു. 

To advertise here,

നടനാകണം എന്ന മോഹത്തോടെ നാടകത്തിന്റെ ഭാ​ഗമാകുകയും പിന്നീട് തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് സ്റ്റേജ് അഭിനയത്തിൽ ബിരുദം നേടുകയും ചെയ്ത പ്രകാശ് 1987-ൽ 'തീർത്ഥം' എന്ന ചിത്രത്തിലൂടെ 'കുഞ്ഞൻ നമ്പൂതിരിയായി' സിനിമയിലെത്തി. തൃശ്ശൂരിലെ അയ്യന്തോളിൽ ജനിച്ച പ്രകാശിനെ മലയാള സിനിമയ്ക്ക് കൂടുതൽ സുപരിചിതം 'വെട്ടുകിളി പ്രകാശ്' എന്ന പേരിലൂടെയാണ്. 'എന്നോട് ഇഷ്ടം കൂടാമോ' എന്ന ചിത്രത്തിലെ 'വെട്ടുകിളി' എന്ന കഥാപാത്രമാണ് പ്രകാശിന് ഈ പേര് സമ്മാനിച്ചത്. 

ഇസബെല്ല, പിറവി, കിഴക്കൻ പത്രോസ്, പുതുക്കോട്ടയിലെ പുതുമണവാളൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അച്ചുവിന്റെ അമ്മ, കഥ പറയുമ്പോൾ, വെറുതെ ഒരു ഭാര്യ, കഥ തുടരുന്നു, ഭാ​ഗ്യദേവത, ഉറുമ്പുകൾ ഉറങ്ങാറില്ല, വെള്ളം, ആന്റ് ദി ഓസ്കാർ ​ഗോസ് ടു, അദൃശ്യ ജാലകങ്ങൾ തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാ​ഗമായി. അന്വേഷിപ്പിൻ കണ്ടെത്തും, പുള്ളി എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ ഒരുക്കുന്ന 'പുള്ളി 'യിൽ  തടവുപുള്ളിയായാണ് പ്രകാശ് എത്തുന്നത്. തന്റെ സിനിമ-നാടക വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പ്രകാശ് പങ്കുവെക്കുന്നു. 

പഴയ കെട്ടിടം ജയിലാക്കി, ‘പുള്ളി’യിലെ മേസ്തരി 

ജയിൽജീവിതത്തിന്റെ ഒരു നേർപ്പതിപ്പാണ് പുതിയ ചിത്രമായ 'പുള്ളി'. തടവുപുള്ളികളുടെ കാഴ്ചപ്പാടിലൂടെയുള്ള പോലീസുകാരേയും വാർഡനേയും ഒക്കെ ചിത്രത്തിൽ കാണാം. അവർ ജയിലിൽ എത്തിപ്പെടാനിടയായ സാഹചര്യങ്ങളിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ട്. 

ജയിലിലെ ഒരു സീനിയർ തടവുപുള്ളിയാണ് എന്റെ കഥാപാത്രം. തലമുതിർന്ന ഇത്തരത്തിലുള്ള തടവുപുള്ളികളെ മേസ്തിരി എന്ന് വിളിക്കും. അവർ അവരുടേതായ നിയമങ്ങൾ ഉണ്ടാക്കും. സിനിമയിൽ തൃശ്ശൂരിലെ ഒരു സ്കൂളിന്റെ പഴയകെട്ടിടത്തിന്റെ ഭാ​ഗത്തെ ജയിലാക്കി മാറ്റി സെറ്റിടുകയായിരുന്നു. ലോക്കപ്പിലൊക്കെ കിടക്കുന്ന കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സീരീസായ ജയിൽപുള്ളിയുടെ വേഷം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടില്ല. 

സമൂഹത്തിലെ കാര്യങ്ങൾ ലളിതമായി കാണുന്ന ജിജു അശോകൻ

ജിജു അശോകൻ്റെ 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിലും ഞാനൊരു ഒരു വേഷം ചെയ്തിരുന്നു. ​ഗ്രാമീണ ജീവിതം ഇഷ്ടപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. സമൂഹത്തിലെ കാര്യങ്ങൾ ലളിതമായി കാണുന്നയാളാണ്. അത്തരത്തിലുള്ള വിഷയങ്ങളാണ് അദ്ദേഹം സിനിമയിലൂടെ ചർച്ച ചെയ്യുന്നതും.  

ജയിലിനെ സമൂഹത്തിന്റെ ഒരു നേർപ്പതിപ്പായി കണക്കാക്കാം. സമൂഹത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഒന്നല്ല ജയിൽ. പലതരത്തിലുള്ള ആളുകൾ അവിടെയുണ്ടാകും. പൊതുവെ ഭീകരതയുടെ മുഖം ജയിലിന് ഉണ്ടെങ്കിലും ഓരോരുത്തരുടേയും മാനസികാവസ്ഥ അനുസരിച്ചാകും അവിടം പ്രകടമാവുക. ഒരുപാട് മഹാന്മാർ കിടന്നിട്ടുള്ള ഇടം കൂടിയാണ് ജയിലുകൾ. എത്രയോ വ്യക്തികൾക്ക് പരിണാമം ഉണ്ടാക്കിയിട്ടുള്ള സ്ഥലം കൂടിയാണത്. തടവുകാരും ഉദ്യോ​ഗസ്ഥരും ഒരേ അന്തരീക്ഷത്തിൽ ഒരേ സമയത്ത് രണ്ട് തരത്തിലാണ് ജയിലിനെ കാണുന്നതും ആസ്വദിക്കുന്നതും. തടവുകാരും അവരെ നിയന്ത്രിക്കുന്നവരും ഒരിടത്ത് തന്നെ. പോലീസുകാർ ജീവിതമാർ​ഗത്തിന്റെ ഭാ​ഗമായി എത്തുന്നു, തടവുകാർ നീതിന്യായ വ്യവസ്ഥയുടെ ഭാ​ഗമായി എത്തുന്നു. ഇങ്ങനെ പലതരത്തിൽ ജയിലിനെ നോക്കിക്കാണാമെന്ന് ജിജു കഥ പറയാൻ നേരം എന്നോട് പറഞ്ഞിട്ടുണ്ട്. 

placeholder
ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

പലരും കാരണങ്ങൾ കൊണ്ടും ഒരു നിമിഷത്തിലുണ്ടാകുന്ന വെെകാരികക്ഷോഭത്തില്‍ ചെയ്തുപോകുന്ന കാര്യങ്ങൾ കൊണ്ടും ജയിലിൽ എത്തിപ്പെടാറുണ്ട്. കാലം അങ്ങനെയൊന്ന് കാത്തുവെച്ചിട്ടുണ്ടെങ്കിൽ തെറ്റ് ചെയ്താലും ഇല്ലെങ്കിലും ജയിലിൽ എത്തും. ജീവിതസാഹചര്യത്തിൽ ഒന്ന് തെന്നിയാൽ ജയിലിൽ എത്തും. കോടതിയിലെ വകുപ്പൊക്കെ കാണാതെ അറിയുന്ന പുള്ളികൾ വരെ ജയിലിൽ ഉണ്ടാകും. മതിൽക്കെട്ടിനുള്ളിലെ നിയമവും വ്യവസ്ഥിതിയും അനുസരിച്ച് നമ്മൾ അങ്ങനെയാകും. മറ്റൊന്നുണ്ട്, പുറത്താണെങ്കിലും ഓരോരുത്തരും സങ്കൽപ്പങ്ങളുടേയും വികല്പങ്ങളുടേയും ജയിലിനുള്ളിലാണ് ജീവിതം. വ്യക്തിക്കും സമൂഹത്തിനും ഒക്കെ അതിർവരമ്പുകളുണ്ട്. അതുവിട്ട് ഒരിക്കലും പുറത്തുപോകാനാകില്ല. ഇത് സ്വാതന്ത്ര്യമുള്ള ജയിലെന്നും മറ്റേത് സ്വാതന്ത്ര്യമില്ലാത്ത ജയിലെന്നുമേ വിശേഷിപ്പിക്കാനാകൂ.    

ക്ലീഷേ ഒഴിവാക്കാനിഷ്ടപ്പെടുന്ന പുതിയ തലമുറ; അവർക്കിഷ്ടം വെല്ലുവിളികൾ

ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന എഴുത്തുകാരും സംവിധായകരും നിലവിലുള്ള ഇമേജുകൾ വെച്ചാണ് ഓരോന്നും ഉണ്ടാക്കുന്നത്. പുതിയ കുട്ടികൾക്ക് ഇതിനോട് താത്പര്യമില്ല. അവർ പുതിയ ഇമേജുകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. തമാശ കെെകാര്യം ചെയ്യുന്ന താരങ്ങളെ മറ്റു വേഷങ്ങളിലേയ്ക്ക് കാസ്റ്റ് ചെയ്യുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഒക്കെ എനിക്ക് അങ്ങനെ കിട്ടിയതാണ്. പണ്ട് പദ്മരാജനും മോഹനും ഒക്കെ ഇങ്ങനെയായിരുന്നു. 

placeholder
വൺ, ഖൊ ഖൊ ചിത്രങ്ങളിൽ പ്രകാശ് | photo: facebook/prakash vg
വൺ, ഖൊ ഖൊ ചിത്രങ്ങളിൽ പ്രകാശ് | photo: facebook/prakash vg

ചില സംവിധായകർ അങ്ങനെ ചെയ്യാറില്ല. സ്റ്റീരിയോടെെപ്പ് രീതികൾ വിട്ട് ഇക്കൂട്ടർ ചിന്തിക്കാറില്ല. ഇപ്പോഴും മാറിചിന്തിക്കാത്തവരുണ്ട്. പുതിയ കുട്ടികൾ ക്ലീഷേ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തലമുറകളുടെ വ്യത്യാസമാണ്. ഇവർക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനാണ് ഇഷ്ടം. 

ഞാനൊരു പരാജയപ്പെട്ട ജീവിതത്തിൻ്റെ ഉടമ

നമുക്ക് ജീവിതത്തിൽ സംതൃപ്തിയുണ്ടെങ്കിലേ കലയിൽ സംതൃപ്തിയുണ്ടാകൂ. ഞാനൊരു പരാജയപ്പെട്ട ജീവിതത്തിന്റെ ഉടമയാണ്. അതുകൊണ്ട് കരിയറിന്റെ ഏറ്റക്കുറച്ചിലൊന്നും ഞാൻ കുറിച്ചുവെക്കാറില്ല. സിനിമ എനിക്ക് ഇപ്പോഴും വളരെ വിദൂരമായി നിൽക്കുന്ന സംഭവം തന്നെയാണ്. ഓരോ സിനിമയിലും ചെന്നുപെടുമ്പോൾ അത് നല്ലൊരു അന്തരീക്ഷം ആണെങ്കിൽ അടുത്ത് വരികയും പ്രിയപ്പെട്ടതാവുകയും ചെയ്യുന്നു. അത് കഴിയുമ്പോൾ ദൂരെയാകും. 

നടനാകണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. തിയേറ്റർ ആയിരുന്നു എന്റെ സ്വപ്നം, അതിൽ ഉയർച്ചയുണ്ടാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിന് പക്ഷേ സാധിച്ചില്ല. കാലം വിപരീതമാകുമ്പോൾ നമ്മൾ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല, നമ്മൾ കീഴടങ്ങേണ്ടി വരും. വരുന്നത് സ്വീകരിക്കുക എന്നേയുള്ളൂ. ഒരു ജോലിയിൽ നമുക്ക് പ്രതിബദ്ധതയുണ്ട്. കലാപരമായ വശത്ത് നമ്മൾ നിർവഹിക്കേണ്ട ചുമതലകളെക്കുറിച്ച് എന്റെയുള്ളിൽ ബോധ്യമുണ്ട്. അത് സിനിമയിൽ ആയാലും ഏത് കലാരൂപത്തിലായാലും അങ്ങനെ തന്നെയാണ്. ഇത് ചെറുപ്പത്തിലേ കൂടെ കൂടിയതാണ്. 

placeholder
പ്രകാശ് | photo: facebook/prakash vg
പ്രകാശ് | photo: facebook/prakash vg

ഒരു ചിത്രകാരൻ ബ്രഷും പെയിന്റും ഉപയോ​ഗിച്ച് ചിത്രം വരയ്ക്കുന്ന സമയത്ത്, അത് സൃഷ്ടിക്കുന്ന സമയത്ത് അയാൾ കലാകാരനാണ്. അത് എഴുത്തിലാണെങ്കിലും അഭിനയത്തിലാണെങ്കിലും അങ്ങനെ തന്നെ. അതുകഴിഞ്ഞാൽ പിന്നെ നമ്മൾ സാധാരണ മനുഷ്യരാണ്. 

സിനിമയിൽ ഏറിയ പങ്കും വ്യവസായമാണ് അതിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമയ്ക്ക് ഇന്ന് തനതായ കലാകാരൻ തന്നെ വേണമെന്നില്ല. സിനിമ ഉണ്ടാക്കാൻ ഇറങ്ങുന്ന ആൾ കണ്ടുമുട്ടുന്ന എന്തെങ്കിലും പ്രത്യേകതയുള്ള ഒരു വ്യക്തിയോ പൊതു​ഗുണത്തിൽനിന്ന് വ്യത്യാസമുള്ള എന്തെങ്കിലും ഷെയിഡ് ഉണ്ടെങ്കിൽ അതിൽനിന്നോ പിടിച്ചെടുത്ത് തുടങ്ങാൻ പറ്റാവുന്ന രീതിയിലേയ്ക്ക് ഇൻഡസ്ട്രിയുടെ എഴുത്തും സംവിധാനവും ഒക്കെ മാറിക്കഴിഞ്ഞു. നമ്മുടെ കൊച്ചുകേരളവും ആ രീതിയിലേയ്ക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ ആനിമേഷനും ജീവനില്ലാത്തവയും ഉറുമ്പും വവ്വാലും ഒക്കെ വെച്ച് ഇഷ്ടം പോലെ ചിത്രങ്ങൾ വരുന്നത്. ടെക്നോളജിയുടെ മാറ്റമാണത്. പണ്ടത്തെ പോലെയല്ല സിനിമ ഇന്ന്. ടെക്നോളജി വളർന്നിട്ട് കാണികളിൽ ഒരു അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിലേയ്ക്ക് സിനിമ വളർന്നു. അവിടെ നടന്മാർക്കൊക്കെ പ്രാധാന്യം കുറയുകയാണ്. കഥാപാത്രങ്ങളെ സ്വീകരിക്കുന്ന പ്രേക്ഷകരെക്കാൾ നടന്മാരെ സ്വീകരിക്കുന്ന പ്രേക്ഷകാണ് മലയാളത്തിലുള്ളത്. സത്യത്തിൽ നടന്മാരല്ല, കഥാപാത്രങ്ങളാണ് സ്വീകരിക്കപ്പെടേണ്ടത്. പിന്നെ ഇത്രയും നാളായിട്ട് ഇതിന്റെ കച്ചവടസാധ്യത എനിക്ക് അറിയില്ല. അങ്ങനെ ചിന്തിച്ച് എനിക്ക് മുന്നോട്ട് പോകാനുമാകില്ല. 

പ്രിയപ്പെട്ടൊരാൾ ചുറ്റുമുള്ളപ്പോൾ മാത്രമേ ഓർമകൾക്ക് പ്രാധാന്യമുള്ളൂ

ജീവിക്കണമെങ്കിൽ പെെസ വേണം. പക്ഷേ കച്ചവടരീതിയായി മാത്രം കലയെ കാണരുത്. എം.ടിയുടെ നിർമാല്യത്തിലെ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ ആന്റണി ചേട്ടൻ എന്ന മനുഷ്യൻ എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുള്ളയാളാണ്. ഒരുകാലത്ത് സാംസ്കാരിക പരിവർത്തനത്തിന് ഒരുപാട് പങ്കുവഹിച്ചയാളാണ്. അദ്ദേഹമൊക്കെ എത്ര കോടി ഉണ്ടാക്കിയിട്ടാണ് മരിച്ചത്. ഒരുപാട് നേടിയവരൊക്കെ വളരെക്കുറവാണ്. 

ആത്മസമർപ്പണത്തിന്റെ പേരിൽ നമ്മളൊക്കെ ചിലരെ ഓർത്തിരിക്കുന്നുവെന്ന് മാത്രം. ഞാനൊക്കെ മരിച്ചുപോയാൽ സിനിമയിലൂടെ ഓർക്കുമല്ലേയെന്ന് ഒരുകുട്ടി എന്നോട് ചോദിച്ചുണ്ട്. സത്യത്തിൽ ഒരു കഥാപാത്രം ചെയ്തുകഴിയുമ്പോൾ നമ്മൾ മരിക്കുകയാണ്. നമ്മുടെ ജീവിതവുമായി അതിന് പിന്നെ ബന്ധമില്ല. ജീവിച്ചിരിക്കുമ്പോൾ ​ഗുണമില്ല, പിന്നെയാണ് മരിക്കുമ്പോൾ. നമുക്ക് പ്രിയപ്പെട്ടൊരാൾ ചുറ്റുമുള്ളപ്പോൾ മാത്രമേ ഓർമകൾക്ക് പ്രാധാന്യമുള്ളൂ. നമ്മൾ മരിച്ച് കഴിഞ്ഞിട്ട് ആരെങ്കിലും ഓർത്തിട്ട് എന്തു​ഗുണം.

placeholder
പുതുക്കോട്ടയിലെ പുതുമണവാളൻ, തീർത്ഥം ചിത്രങ്ങളിൽ പ്രകാശ് | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ് :
പുതുക്കോട്ടയിലെ പുതുമണവാളൻ, തീർത്ഥം ചിത്രങ്ങളിൽ പ്രകാശ് | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ്

ചെണ്ടമേളം ആണെങ്കിലും അഭിനയം ആണെങ്കിലും ചിത്രരചനയാണെങ്കിലും കാണാൻ കുറച്ച് ആസ്വാദകർ മുൻപിൽ വരുമ്പോൾ ആ നിമിഷം നമുക്ക് ധന്യതയുണ്ടാകും. കാരണം അവർ കാണുന്ന കലാരൂപത്തിന്റെ ഭാ​ഗമാണല്ലോ നമ്മൾ. സിനിമ തിയേറ്ററിൽനിന്നോ ടിവിയിലൂടെയോ ഒക്കേ പ്രേക്ഷകർ കാണുമ്പോഴാണ് നമുക്ക് ആ ധന്യത ലഭിക്കുന്നത്. നമ്മൾ അപ്പോൾ സിനിമയിൽനിന്ന് ദൂരെപ്പോയിട്ടുണ്ടാകും. ആ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞുവെന്ന ധന്യതയുണ്ടാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ വിലപ്പെട്ട സമയമല്ലേ അയാൾ സിനിമ കാണാൻ ചിലവാക്കുന്നത്. 

സിനിമയിൽ ഒന്നും അവകാശപ്പെടാനില്ല; നാടകത്തിൽ അങ്ങനെയല്ല

നാടകത്തിന് പ്രാധാന്യം ലഭിക്കുന്നില്ലെന്ന് പഠിക്കുന്ന കാലത്തേ തോന്നിയിട്ടുണ്ട്. സിനിമയിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല, കാരണം അത് നമ്മുടെ നിയന്ത്രണത്തിലല്ല. നാടകത്തിലാകുമ്പോൾ നമ്മളുടെ ഊർജത്തിൽ കൂടിയാണ് പ്രേക്ഷകരിലേയ്ക്ക് ആ കലയെത്തുന്നത്. 

placeholder
'കൊച്ചു കൊച്ചു സന്തോഷങ്ങളി'ൽ ജയറാമും പ്രകാശ് വി.ജിയും | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ്
'കൊച്ചു കൊച്ചു സന്തോഷങ്ങളി'ൽ ജയറാമും പ്രകാശ് വി.ജിയും | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ്

സിനിമയിൽ ഒന്നും അവകാശപ്പെടാനില്ല. എഡിറ്റിങ്ങിൽ എന്തെല്ലാം കളയുന്നു. തിരക്കഥയും ഛായാ​ഗ്രഹണവും സംവിധായകന്റെ സർ​ഗാത്മകതയും ഒക്കെ സിനിമയുടെ ഓരോ ഘടകമാണ്. ഇത് മൂന്നും സാക്ഷാത്കരിക്കുന്നത് എഡിറ്റിങ് ടേബിളിലാണ്. വളരെ അനിവാര്യമായ ഒന്നാണ് എഡിറ്റിങ് ടേബിൾ. മൂന്നിലും കാണാത്ത ഒരിടത്തേയ്ക്ക് എഡിറ്റർക്ക് സിനിമയെ കൊണ്ടുപോകാനാകും. അങ്ങനെ ഒരു സിനിമ രൂപപ്പെടുമ്പോൾ അതിലെ ഒരു ഭാ​ഗം മാത്രമേ ആകുന്നുള്ളു നമ്മൾ ഷൂട്ട് ചെയ്തത്. അതിലൊരു ചെറിയ അംശം മാത്രമാണ് നടൻ. നാടകത്തിൽ അങ്ങനെ അല്ലല്ലോ, നടനിലൂടെയാണ് സംവേദനം ചെയ്യപ്പെടുന്നത്. എല്ലാ നടനകലയും ഇങ്ങനെ തന്നെയാണ്.

അഭിനയം പഠിക്കണമെന്ന ആഗ്രഹം; ടി.ജി. രവിയെന്ന മഹാനടൻ 

ഒരു കലാരൂപത്തോട് നമുക്കുള്ള പ്രണയമാണ് അത് പഠിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. അമച്വര്‍ നാടകങ്ങളുടെ ആസ്വാദകന്‍ ആകുന്നത് ബാബു ആന്റണിയുടെ ‘അഹം’ എന്ന നാടകം കണ്ടാണ്. ഞാന്‍ വിസ്മയത്തോടെ നോക്കിക്കാണുന്ന നടനാണ് ടി.ജി. രവി. ഒരു അസാധ്യ നാടക നടന്‍ കൂടിയാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ ദേഹത്ത് തൊടാന്‍ കൊതിച്ചിരുന്ന കാലം ഉണ്ടായിട്ടുണ്ട്. 

സിനിമയില്‍ അദ്ദേഹം സ്ത്രീകളെ ആക്രമിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊക്കെയാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്റെ ചെറുപ്പകാലത്ത് തൃശ്ശൂരിലെ ചെറുപ്പക്കാരെ പ്രൊസീനിയം തിയേറ്റർ എന്താണെന്ന് പഠിപ്പിച്ച മനുഷ്യന്‍ ആണ് അദ്ദേഹം. പെെസയ്ക്ക് വേണ്ടിയൊന്നും അല്ല. ഞാന്‍ അദ്ദേഹത്തിന്റെ ക്യാംപില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനും നാടകക്കാരനുമായ സുകുമാരന്‍ വഴി പോയിട്ടുണ്ട്. അവിടെ പോയാല്‍ എന്ത് പണിയും ചെയ്യേണ്ടി വരും. നാടകത്തോട് അത്ര ഭ്രാന്തായിരുന്നു എനിക്ക്. ടി.ജി. രവി എന്റെ ​ഗുരുനാഥൻ ആണെന്ന് പറയുമ്പോൾ അധികമാരും വിശ്വസിക്കാറില്ല.

അന്നത്തെക്കാലത്ത് പ്രശസ്തി ഒക്കെ ഇന്നത്തെ പോലെ പെട്ടെന്ന് കിട്ടില്ലല്ലോ. പണ്ട് കടുവയെ കീഴടക്കിയാലും അറിയില്ല, ഇന്നൊരു കല്ല് തട്ടിയാലും ലോകമറിയും. അവിടെ അന്ന് ബിജു മേനോന്റെ അച്ഛന്‍ ഒക്കെ വരുമായിരുന്നു. മനു വര്‍മയുടെ അച്ഛനും സ്ഥിരമായി വരുമായിരുന്നു.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ക്യാംപില്‍ വരുന്നവര്‍ അനവധിയായിരുന്നു. ഡിസിപ്ലിന്‍ ഒക്കെ എന്താണെന്ന് നാടക ക്യാംപിലൂടെ ഞാന്‍ പഠിച്ചു. പിന്നീടാണ് തൃശ്ശൂർ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്. ഇവരിൽ നിന്നൊക്കെ പഠിച്ചതിൻ്റെ തിയറിയാണ് പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠിച്ചത്.

placeholder
ടി.ജി രവി | ഫോട്ടോ: ഫിലിപ് ജെ/ മാതൃഭൂമി, മാതൃഭൂമി ആർക്കെവ്സ്
ടി.ജി. രവി | ഫോട്ടോ: ഫിലിപ് ജെ/ മാതൃഭൂമി, മാതൃഭൂമി ആർക്കെവ്സ്

സിനിമയില്‍ ഒരുമിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും നാടകത്തില്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിന്റെ കീഴില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സിനിമയിൽ മുഖം കാണിക്കാൻ ശ്രമിക്കുന്നവർ മാത്രമാണ് ത്യാഗം ചെയ്യുന്നതെന്ന ധാരണയുണ്ട്. നാടകത്തിന് വേണ്ടി കുടുംബം ഉൾപ്പടെ ഉപേക്ഷിക്കുന്നവരുണ്ട്. ഒരു നാടകം യാഥാർഥ്യമാക്കാൻ ഒരുപാട് കടമ്പകളുണ്ട്. അവരുടെ ഒക്കെ പ്രാണൻ്റെ ഭാഗമാണ്. 

പി.ജെ. ആന്റണിയെ പരിചയപ്പെടുത്തി തരാമെന്ന ഒരാൾ പറഞ്ഞിരുന്നു. പക്ഷേ, ആ സമയത്താണ് അദ്ദേഹം മരിച്ചുപോകുന്നത്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നമ്മളെ എത്താന്‍ തോന്നിക്കുന്ന, മറ്റ് ഒന്നിനോടും ആസക്തി തോന്നാത്ത എന്തോ ഒരു മാന്ത്രികശക്തി നാടകങ്ങള്‍ക്കുണ്ട്. പിന്നീട് പരീക്ഷണനാടകങ്ങള്‍ കൂടി വന്നു. നാടകത്തിൽ ഒരു ശാസ്ത്രം ഉണ്ടല്ലോ എന്നൊക്കെ തോന്നി. അതുകൊണ്ടാണ് പഠിക്കാൻ ചേർന്നത്.

സിനിമയിൽ സൗഹൃദങ്ങൾക്ക് സ്ഥാനമില്ല; നാടകങ്ങളിൽ കരുതലുണ്ടാകും

സിനിമയില്‍ സൗഹൃദങ്ങളില്ല. അവിടെ വൈകാരിക ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കൂട്ടുകെട്ട് കാണുമായിരിക്കും. ഞാന്‍ അതിലൊന്നും പെട്ട ആളല്ല. കുറച്ച് സമയത്തേക്കുള്ള കൂട്ടായ്മയാണ് സിനിമയെന്ന പക്ഷക്കാരനാണ് ഞാന്‍.  

placeholder
സത്യഭാമയ്ക്കൊരു പ്രേമലേഖനത്തിൽ പ്രകാശ് വി.ജി, പ്രേം കുമാർ, മാള അരവിന്ദൻ, രാജൻ പി. ദേവ്, ബിജു മേനോൻ | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ്
സത്യഭാമയ്ക്കൊരു പ്രേമലേഖനത്തിൽ പ്രകാശ് വി.ജി, പ്രേം കുമാർ, മാള അരവിന്ദൻ, രാജൻ പി. ദേവ്, ബിജു മേനോൻ | ഫോട്ടോ: മാതൃഭൂമി ആർക്കെെവ്സ്

പഠിക്കുന്ന സമയത്ത് പരിചയമുണ്ടായിരുന്ന രഞ്ജിത്തും ശ്യാമപ്രസാദും ഒക്കെയായി ഇപ്പോൾ അങ്ങനെ ബന്ധം ഇല്ല. അവരുടെ പരിശ്രമം കൊണ്ട് അതാത് മേഖലകളില്‍ അവര്‍ ഉന്നതിയില്‍ എത്തിയത്. നമുക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവമായി മാറാൻ പാടില്ല.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നയാളാണ് ഞാൻ. പിന്നെ നാടകങ്ങളിലെ ബന്ധങ്ങള്‍ക്ക് കുറച്ച് കൂടി കരുതലുണ്ടാകും. സ്റ്റേജിൽ തെറ്റു പറ്റിയാൽ തിരുത്താൻ പറ്റില്ല. അതുപോലെത്തന്നെയാണ്‌ പഞ്ചവാദ്യത്തിലും. ചെയ്യുന്ന പരിപാടി കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരുമായി വേർപിരിയും, അത് അങ്ങനെ തന്നെ വേണം. 

ഞാൻ എനിക്ക് വരുന്ന സിനിമ ചെയ്യുന്നുവെന്ന് മാത്രം. അങ്ങനെ കഥ തിരഞ്ഞെടുക്കാനുള്ള അവസരമൊന്നും ലഭിക്കാറില്ല. ചില സിനിമകള്‍ സംഭവിക്കും. ചിലത് സംഭവിക്കില്ല. പരിചയക്കാരോടുള്ള അടുപ്പം കൊണ്ടും സിനിമ ചെയ്യാറുണ്ട്. 

‘വെട്ടുകിളി’യെന്ന വിളി, സ്കൂളിൽ പോലും മാറ്റിയ പേര്

‘വെട്ടുകിളി’ എന്ന പേര് കിട്ടിയ 'എന്നോട് ഇഷ്ടം കൂടാമോ' എന്ന ചിത്രത്തിന് മുൻപ് മോഹൻ സംവിധാനം ചെയ്ത ’ഇസ്‌ബെല്ല’യില്‍ ടോണി എന്ന കഥാപാത്രം ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല ആളുകള്‍ അതിന്റെ തിരക്കഥയ്ക്ക് പിന്നിലുണ്ട്. സുമലത, ബാലചന്ദ്രമേനോൻ, നെടുമുടി വേണു എന്നീ താരങ്ങളുടെ കൂടെയാണ് അഭിനയിച്ചത്. നടന്‍ ശ്രീരാമന് വെച്ചിരുന്ന കഥാപാത്രമാണ് പ്രത്യേക സാഹചര്യത്തിൽ എനിക്ക് ലഭിച്ചത്.

placeholder
പ്രകാശ് വി. ജി | ഫോട്ടോ: ഫിലിപ്പ് ജെ / മാതൃഭൂമി, മാതൃഭൂമി ആർക്കെെവ്സ്
പ്രകാശ് വി. ജി | ഫോട്ടോ: ഫിലിപ്പ് ജെ / മാതൃഭൂമി, മാതൃഭൂമി ആർക്കെെവ്സ്

എന്നെ സംബന്ധിച്ച് ഒരു ക്ലാസ് ഡയറക്ടറാണ് മോഹൻ. മദ്രാസിൽ എത്തുമ്പോൾ മോഹന്റെ വീട്ടില്‍ ഒക്കെ പോകാറുണ്ട്. സിനിമയെപ്പറ്റി ഒക്കെ ഒരുപാട് തടിച്ച പുസ്തകങ്ങള്‍ അവിടെ കാണാം. സ്വന്തം ശൈലിയില്‍ ചിത്രമെടുത്ത ആളാണ് അദ്ദേഹം. ഇത് പറയാൻ കാരണം, എന്നെ ‘ടോണി പ്രകാശ്‘ എന്ന് ആളുകൾ വിളിച്ചാലും പ്രശ്നമില്ല. അതുപോലെ തന്നെയാണ് ‘വെട്ടുകിളി പ്രകാശ്‘ എന്ന പേരും. ഒരു കഥാപാത്രം ചെയ്ത് കഴിയുമ്പോൾ തന്നെ നമ്മൾ മരിച്ചുകഴിയും എന്ന് ഞാൻ പറയാറുണ്ട്. ഒരു പ്രേതജീവിതത്തെ പറ്റി നമ്മൾ എന്തിന് ഓര്‍ക്കണം. പേരിലൊന്നും ഒരു കാര്യവുമില്ല. പേരിൻ്റെ ബിസിനസ് സാധ്യത എനിക്കറിയില്ല. എന്നോട് പുതിയ ആള്‍ക്കാര്‍ ചോദിക്കും എന്ത് പേര് വെയ്ക്കണമെന്ന്, എന്റെ ശരിക്കുള്ള പേര് മാറ്റിയിട്ടാണ് സ്‌കൂളില്‍ ചേര്‍ത്തത്. ഏത് പേര് വിളിച്ചാലും എനിക്ക് കുഴപ്പമില്ലെന്നെ ഞാന്‍ അവരോട് പറയൂ.

ചിലപ്പോഴൊക്കെ മനസില്ലാ മനസ്സോടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ ചെയ്യുക. കഥാപാത്രത്തിന്റെ ഇമേജ് ഞാന്‍ നോക്കാറില്ല. പുള്ളി, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയൊക്കെയാണ് ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങൾ.