
പോലീസിൽനിന്ന് റിട്ടയർ ചെയ്തതിന്റെ പിറ്റേദിവസവും പതിവുപോലെ സ്റ്റേഷനുമുന്നിലെ കടയിൽ ചായകുടിക്കാൻ രാമചന്ദ്രൻ എത്തിയിരുന്നു. ചായകുടിച്ചശേഷം സ്റ്റേഷനിലേക്ക് കടന്നുചെന്ന് അവിടത്തെ കാര്യങ്ങൾ തിരക്കാനും രാമചന്ദ്രൻ മറന്നില്ല. വിരമിച്ചതിന്റെ ഓർമ്മകളൊന്നുമില്ലാതെ പഴയ പോലീസ് യൂണിഫോമിന്റെ ഊർജത്തിൽ പൊതിഞ്ഞുനിന്നിരുന്ന രാമചന്ദ്രൻ പക്ഷേ, പതുക്കെപ്പതുക്കെ ആ സത്യം തിരിച്ചറിയാൻ തുടങ്ങി...’’ ഒരു സസ്പെൻസ് ത്രില്ലറിന്റെ മൂഡിലാണ് കലാഭവൻ ഷാജോൺ സംസാരിച്ചുതുടങ്ങിയത്. പുതിയ ചിത്രമായ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ. കൂടി വെള്ളിത്തിരയിലെത്തിയതോടെ ഷാജോണിന് പോലീസ് വേഷങ്ങൾ ഏറെ ഇണങ്ങുമെന്ന വിശ്വാസം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുകയാണ്. ദൃശ്യത്തിലെ സഹദേവൻ അടക്കം പ്രേക്ഷകർ ഏറ്റുവാങ്ങിയ പോലീസ് വേഷങ്ങൾ തനിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണെന്നാണ് ഷാജോൺ പറയുന്നത്. പൊട്ടിച്ചിരിയുടെ കൂടിൽനിന്ന് സീരിയസ് കഥാപാത്രങ്ങളുടെ അദ്‌ഭുതാവഹമായ പകർന്നാട്ടങ്ങളിലേക്ക് അനായാസം ചലിച്ചുകൊണ്ടിരിക്കുന്ന ഷാജോണിന് നിറഞ്ഞ കൈയടികൾ നൽകുന്നതാണ് എന്നും പോലീസ് വേഷങ്ങൾ.
ചാച്ചൻ പോലീസായിരുന്നില്ലേ!
എന്റെ ചാച്ചൻ ഇ.ജെ. ജോൺ വിജിലൻസിൽനിന്ന് റിട്ടയർചെയ്ത ഒരു പോലീസുകാരനായിരുന്നു. റിട്ടയർചെയ്ത പോലീസുകാരന്റെ മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലുള്ളതാണ്. അത് കൃത്യമായി മനസ്സിലാക്കാൻകഴിഞ്ഞ ഒരാളെന്നനിലയിലാണ് എനിക്ക് വളരെപ്പെട്ടെന്ന് സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന സിനിമയിലേക്ക് കടന്നുവരാനായത്. സിനിമയിലെ നായകകഥാപാത്രമായ രാമചന്ദ്രന്റെ മാനസിക, ശാരീരിക ഭാഷകൾ മനസ്സിലാക്കാനും അതനുസരിച്ച് അഭിനയിക്കാനും കഴിഞ്ഞതുതന്നെയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. എന്റെ ചാച്ചൻ റിട്ടയർചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ വെറ്റില മുറുക്കാൻ തുടങ്ങി. തനിക്ക് പ്രായമായെന്നും ഇനി ഇതൊക്കെയാണ് തനിക്ക് ചെയ്യാനുള്ളതെന്നുമൊക്കെ സ്വയം കരുതിയുള്ള ഒരുതരം കൂടുമാറ്റമായിരുന്നു അത്. അതൊക്കെ അടുത്തുനിന്നു കാണാൻസാധിച്ച ഒരാളായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ രാമചന്ദ്രൻ എന്ന കഥാപാത്രത്തെപ്പറ്റി സംവിധായകനായ സനൂപ് സത്യൻ പറഞ്ഞപ്പോൾ എനിക്ക് കാര്യങ്ങൾ കുറെക്കൂടി എളുപ്പമായിരുന്നു. കഥാപാത്രത്തെ നന്നായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം.
പോസിറ്റീവും നെഗറ്റീവും

പോലീസ് കഥാപാത്രങ്ങൾ ചെയ്യുന്നത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, ഞാൻ ചെയ്ത പോലീസ് കഥാപാത്രങ്ങളിൽ 99 ശതമാനവും നെഗറ്റീവ് ടച്ചുള്ള പോലീസായിരുന്നു. ഇത്തിരി ബലംപിടിത്തവും മുഖത്ത് അല്പം ക്രൂരഭാവവുമൊക്കെയുള്ള പോലീസ് കഥാപാത്രങ്ങളായിരുന്നു അതിൽ പലതും. എന്നാൽ, രാമചന്ദ്രൻ എന്ന പോലീസുകാരൻ അതിൽനിന്നെല്ലാം വ്യത്യസ്തനാണ്. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ ഏറെ രസികനായ ഒരാളാണ് രാമചന്ദ്രൻ. ഭാര്യയോടും മകളോടുമൊക്കെ തമാശപറയുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പോലീസുകാരൻ. ഇത്തരത്തിലുള്ള കുറെ പോലീസുകാർ നമ്മുടെ ചുറ്റുമുണ്ട്. പ്രീഡിഗ്രി വരെ പോലീസ് ക്വാർട്ടേഴ്സിൽ താമസിച്ച ഒരാളെന്നനിലയിൽ ഇവരൊക്കെ എനിക്ക് ഏറെ പരിചിതരായവരായിരുന്നു. ജോലിയുടെ സമയത്ത് അതിനുവേണ്ട മുഖംമൂടി എടുത്തണിയുകയും അതു കഴിഞ്ഞാൽ അത് കൃത്യമായി അഴിച്ചുവെച്ച് യഥാർഥമായ ഭാവത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന പോലീസ് എന്നും പോസിറ്റീവാണ്. നെഗറ്റീവും പോസറ്റീവും ചെയ്യുമ്പോഴല്ലേ ഒരാൾ നല്ല നടനാകുന്നത്.
ആട്ടം, ഇതുവരെ
എന്റെ സിനിമകളുടെ ട്രാക്ക് മാറുന്നത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. ആട്ടം, ഇതുവരെ തുടങ്ങിയ സിനിമകളിലൂടെ വ്യത്യസ്തമായ അഭിനയശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന കുറെ കഥാപാത്രങ്ങൾ കിട്ടി. ഇതൊന്നും മനഃപൂർവം എന്നിലേക്കെത്താൻ ഞാൻ ശ്രമിച്ചതിന്റെ ഫലമായി കിട്ടിയതല്ല. ദൈവാനുഗ്രഹത്താൽ കിട്ടിയ കുറെ നല്ല കഥാപാത്രങ്ങൾ ഏതൊരു നടന്റെയും കരിയറിൽ നിർണായകമാണ്. എന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചതാണ് ഈ കഥാപാത്രങ്ങളെല്ലാം. കിട്ടിയ കഥാപാത്രങ്ങൾ പരമാവധി നന്നാക്കാൻ ശ്രമിക്കുകയെന്നത് മാത്രമാണ് എന്റെ ജോലി. ടൈറ്റിൽ റോളുള്ള നായകകഥാപാത്രമായാലും ചെറിയ റോളായാലും ഞാൻ അഭിനയത്തിലൂടെ ചെയ്യേണ്ടത് എന്താണോ, അത് പരമാവധി ഭംഗിയായി ചെയ്യാനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതിനിടയിൽ സംവിധായകനായും എഴുത്തുകാരനായും സിനിമയിലെ മറ്റു മേഖലകളിലേക്കും ഞാൻ സഞ്ചരിക്കുന്നുണ്ട്. അവിടെയും പരമാവധി ഭംഗിയായി കാര്യങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹവും പ്രാർഥനയും.
സിനിമയുടെ എല്ലാ മേഖലയിലേക്കും
മലയാള സിനിമയുടെ പുതിയ ട്രെൻഡിൽ ഞാൻ അതിസന്തോഷവാനാണ്. കോടികളുടെ ക്ലബ്ബിൽ കടക്കുന്നതിനെക്കാൾ നമ്മുടെ സിനിമയുടെ മികവിലും പ്രതിഭയിലുമാണ് എന്റെ സന്തോഷം. ഞാൻ സിനിമയിലേക്കുവരുന്നകാലത്ത് സഞ്ചരിച്ച ഹാസ്യമല്ല ഇന്നത്തെ ന്യൂജെൻ പിള്ളേരുടെ സിനിമയിൽ പറയുന്നത്. എന്റെ സിനിമാ സുഹൃത്തുക്കൾ പലരും എന്നോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്, അത്യാവശ്യം സിനിമയൊക്കെയുണ്ടല്ലോ, പിന്നെന്തിനാ ഇതിനിടയിൽ സംവിധാനത്തിന്റെയും എഴുത്തിന്റെയുമൊക്കെ ടെൻഷനിലേക്ക് പോകുന്നതെന്ന്. എന്നാൽ, സിനിമയുടെ എല്ലാ ഭാഗങ്ങളിലും പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ഒരു കലാകാരനാണ് ഞാൻ എന്നതാണ് അതിനുള്ള ഉത്തരം. സി.ഐ.ഡി. രാമചന്ദ്രനുശേഷം പ്രഭുദേവയ്ക്കൊപ്പമുള്ള തമിഴ് സിനിമയും ധ്യാൻ ശ്രീനിവാസനൊപ്പമുള്ള സിനിമയും ദിലീഷ് പോത്തനൊപ്പമുള്ള സിനിമയും വരാനുണ്ട്. നടൻ എന്നനിലയിൽ കരിയറിൽ മുന്നോട്ടുപോകുന്നതിനൊപ്പം സംവിധായകനായും എഴുത്തുകാരനായും മലയാളത്തിന്റെ വെള്ളിത്തിരയിൽ ഇനിയും തെളിയണമെന്നാണ് എന്റെ ആഗ്രഹം.
Content Highlights: actor director kalabhavan shajohn about his latest movies
Published: 23 Jun 2024, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented