
ഓ.ടി.ടിയില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ് നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാനും നീന ഗുപ്തയും മുഖ്യവേഷങ്ങളിലെത്തിയ 1000 ബേബീസ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സീരീസില്‍ ഒരു മുഖ്യവേഷത്തില്‍ ആദില്‍ ഇബ്രാഹിമും ഉണ്ട്. ആദ്യ കേള്‍വിയില്‍ അസ്വസ്ഥതയുണ്ടാക്കിയ തിരക്കഥയെന്നാണ് 1000 ബേബീസിനെ ആദില്‍ വിശേഷിപ്പിക്കുന്നത്. സീരീസിനൊപ്പം തന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതിന്റെയും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെയും സന്തോഷത്തിലാണ് ആദില്‍. ആദില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു...
മികച്ച പ്രതികരണത്തില്‍ സന്തോഷമുണ്ട്
പല ഭാഷകളില്‍ വന്നതുകൊണ്ട് മലയാളികള്‍ മാത്രമല്ല പ്രതികരണം അറിയിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലായാലും ഫെയ്‌സ്ബുക്കിലായാലും എനിക്കുമാത്രമല്ല, ഇതിലഭിനയിച്ചിട്ടുള്ള എല്ലാവര്‍ക്കും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി വരുന്നതുകൊണ്ടാണ് സിനിമയില്‍ ഇപ്പോള്‍ അങ്ങനെ കാണാത്തത്. എന്നെ പോലീസ് വേഷത്തിലാണ് അവതരിപ്പിക്കുന്നത് എന്നിടത്തുതന്നെ അന്‍സാരി എന്ന വേഷത്തില്‍ ഒരു വ്യത്യസ്തത തോന്നി. ഇത്രയും പ്രാധാന്യമുള്ളതും സ്‌ക്രീന്‍സ്‌പെയ്‌സുള്ളതുമായ കഥാപാത്രം നമുക്ക് തന്നതിലുള്ള സന്തോഷമുണ്ട്. ഇതുപോലെ കഥയോട് വലിയ രീതിയില്‍ ഇഴചേര്‍ന്നുകിടക്കുന്ന വെബ്‌സീരീസുകള്‍ മലയാളത്തില്‍ അങ്ങനെ വന്നിട്ടില്ല. അതിന്റെ ഭാഗമാകാനുള്ള അവസരവും 1000 ബേബീസിലൂടെ കിട്ടി. എന്റെ റോള്‍ എന്ത് എന്നതിലുപരി അങ്ങനെയൊരു ടീമിന്റെ ഭാഗമാകുക എന്നതായിരുന്നു എന്നെ സംബന്ധിച്ചുള്ള സന്തോഷം.
സീരീസില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തയാള്‍
ഏറ്റവും അവസാനമാണ് അന്‍സാരി എന്ന കഥാപാത്രം എന്നിലേക്ക് വരുന്നത്. സഞ്ജുവിന്റെ ഭാഗങ്ങളൊക്കെ കാക്കനാടാണ് ഷൂട്ട് ചെയ്തത്. ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് ഇവരെ പോയി കാണുന്നത്. പോലീസ് വേഷമായതുകൊണ്ട് ശരീരം ഒന്ന് ഫിറ്റാക്കിവെയ്ക്കുന്നതിന് സമയം കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങി ഒരുമാസമൊക്കെ കഴിഞ്ഞാണ് എന്റെ ഭാഗങ്ങളെടുത്തത്. അതിനുള്ളില്‍ ശരീരം അല്പമെങ്കിലും ശരിയാക്കിയെടുത്തു. റഹ്‌മാന്‍ സാര്‍ അവതരിപ്പിക്കുന്ന അജി കുര്യന്‍ എന്ന അന്വേഷണോദ്യോഗസ്ഥന്റെ പ്രിയപ്പെട്ട അസിസ്റ്റന്റാണ്. അങ്ങനെതന്നെ ചെയ്താല്‍ മതിയെന്നാണ് കിട്ടിയ നിര്‍ദേശം. കൂടുതലായി ഒന്നും ചെയ്യേണ്ടിവന്നില്ല.
സീരീസ് ക്ലിക്കായതില്‍ റഹ്‌മാന്‍ സാര്‍ ഹാപ്പിയാണ്
അതിഗംഭീരമായ എക്‌സ്പീരിയന്‍സായിരുന്നു റഹ്‌മാന്‍ സാറിനൊപ്പമുണ്ടായിരുന്നത്. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പിന്നെ എല്ലാ ഷെഡ്യൂളുകളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെ ഞങ്ങള്‍ വളരെ അടുത്തു. വാട്ട്‌സാപ്പ് ഗ്രൂപ്പ്, ഷൂട്ടിനിടയില്‍ വോളിബോള്‍ കളിയെല്ലാം, ഭക്ഷണംകഴിക്കാന്‍ പോവുക ഉണ്ടായിരുന്നു. എന്നെപ്പോലുള്ള തുടക്കക്കാര്‍ക്കൊപ്പം നില്‍ക്കുന്നയാളായിരുന്നു അദ്ദേഹം. സീരീസ് ഇറങ്ങി രണ്ട് ദിവസമേ ആയിട്ടുള്ളൂ. കഴിഞ്ഞദിവസം വിളിച്ചിട്ട് എല്ലാവരും നന്നായെന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നു. വളരെ സീനിയറായ താരമാണ്. പക്ഷേ അദ്ദേഹത്തിന്റെ സന്തോഷം നമ്മളോട് പറയുമ്പോള്‍ നമുക്കും അത് സന്തോഷമാണ്.

സഞ്ജുവിനെ അഭിനന്ദിക്കാതെ വയ്യ
സഞ്ജു അവതരിപ്പിച്ച ബിബിന്‍ ഔസേപ്പ് ആണ് ഈ സീരീസില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെക്കാലമായി പരിചയമുള്ള സുഹൃത്താണ് സഞ്ജു. അവന് ഇതുപോലെ ഒരു വേഷം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. അത്രയേറെ കഴിവുള്ളയാളാണ് സഞ്ജു. നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ എന്നുപറയുന്നപോലുള്ള നടന്മാരാണ് ഞാനും സഞ്ജുവുമെല്ലാം. ബിബിന്‍ എന്ന കഥാപാത്രമാവാന്‍ മാനസികമായി നല്ല തയ്യാറെടുപ്പുകള്‍ അവന്‍ നടത്തിയിരുന്നു. അതെല്ലാം അവന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സഞ്ജു ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് എല്ലാവരും പറയുമ്പോള്‍ സുഹൃത്തെന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.

നീന ഗുപ്തയുടെ പ്രകടനം കാണാനായി സെറ്റില്‍ പോയി
നീന ഗുപ്തയ്‌ക്കൊപ്പം എനിക്ക് സീനില്ലെങ്കിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍ ഞാന്‍ പോയിരുന്നു. ബദായി ഹോ, പഞ്ചായത്ത് ഒക്കെ കണ്ടിട്ട് അവരുടെ ഫാനായ ആളാണ് ഞാന്‍. ഈരാറ്റുപേട്ടയിലാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. രാവിലെ മുതല്‍ അവിടത്തെ ചിത്രീകരണമെല്ലാം കണ്ടിട്ട് തിരിച്ചുപോന്നു. ആദ്യത്തെ എപ്പിസോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അവരുടെ പ്രകടനം ലൈവായി കണ്ട് ആകെ ത്രില്ലടിച്ചുപോയി. ഈ സീരീസില്‍ ഞാനൊരു കഥാപാത്രം ചെയ്യുന്നുണ്ട് എന്നുമാത്രമായിരുന്നു അന്ന് അവരോട് സംസാരിക്കാന്‍ പറ്റിയത്. പിന്നെ വിശദമായി സംസാരിക്കാന്‍കഴിഞ്ഞത് റിലീസിനോടനുബന്ധിച്ചായിരുന്നു, ഇന്‍സ്റ്റാഗ്രാമിലൂടെ. അപ്പോഴാണ് ഞാനേത് കഥാപാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ക്കും ശരിക്ക് മനസിലായത്.

സീരീസിലെ ഡീറ്റെയിലിങ്, നേരിട്ട വിമര്‍ശനം
മലയാളത്തില്‍ രണ്ട് രീതിയില്‍ ഈ ഡീറ്റെയിലിങ്ങിനെ കാണാം. അധികം ഡീറ്റെയിലിങ് കൊടുത്തില്ലെങ്കില്‍ ഒരു വെബ് സീരീസായിട്ടും ഒന്നും ചെയ്തില്ലെന്ന് പറയും. ചെയ്താല്‍ ഒത്തിരി കൂടിയെന്നും പറയും. കുറച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് 1000 ബേബീസിന്റെ ഹൈലൈറ്റ്. മലയാളത്തില്‍ ഇത് പുതുമയാണ്. പിന്നെ എല്ലാവരും പറഞ്ഞ ഒരു വിമര്‍ശനം പോലീസ് സ്‌റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ എന്നായിരുന്നു. സാധാരണഗതിയില്‍ ഇന്ത്യയിലെ പോലീസ് സ്‌റ്റേഷന്‍ കാണിക്കുമ്പോള്‍ സെപ്പിയ നിറത്തില്‍ ചെയ്യും. 1000 ബേബീസിന്റെ പ്രമേയത്തില്‍ ഹോട്ട്‌സ്റ്റാറിനുള്‍പ്പെടെ വലിയ വിശ്വാസമായിരുന്നു. ഒ.ടി.ടിയില്‍ ആയതുകൊണ്ട് അന്താരാഷ്ട്രതലത്തിലുള്ള പ്രേക്ഷകര്‍ ഇത് കാണും. അതുകൊണ്ട് നമ്മള്‍ നമ്മുടെ പോലീസ് സ്‌റ്റേഷന്‍ കാണിക്കുമ്പോള്‍ ദാരിദ്ര്യം കാണിക്കേണ്ട എന്ന് സംവിധായകനും തിരക്കഥാകൃത്തുമുള്‍പ്പെടെ എല്ലാവരും ഉറപ്പിച്ചിരുന്നു. നിര്‍മാതാവിന് കാശുണ്ടെന്ന് കാണിക്കാനല്ല ആ രംഗങ്ങള്‍ അങ്ങനെ ചെയ്തത്. റിയലിസ്റ്റിക് വേണം എന്ന് നിര്‍ബന്ധംപിടിച്ച് സിനിമയുടെ സാധ്യത മറക്കുന്നതായി തോന്നിയിട്ടുണ്ട്. പിഞ്ച് ടു സൂം ടെക്‌നോളജി ഇന്ന് പലരുടേയും മൊബൈല്‍ ഫോണില്‍ വരെയുണ്ട്. എന്തെങ്കിലും പറയാനായി പറയുന്നതല്ലേ എന്നും തോന്നിയിട്ടുണ്ട്. നമ്മുടെ പോലീസ്് സ്‌റ്റേഷനുകള്‍ക്കുള്ള ദാരിദ്ര്യത്തിന്റെ ഇമേജ് മാറ്റണമെന്നേ ഉദ്ദേശിച്ചുള്ളൂ.

അസ്വസ്ഥത തോന്നിപ്പിച്ച കഥ
കഥ ഇതാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ത്തന്നെ വലിയരീതിയില്‍ അസ്വസ്ഥതയുണ്ടാക്കി. ഞങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അംഗങ്ങളായതുകൊണ്ട് തിരക്കഥ നല്ലരീതിയില്‍ വിശദമാക്കിത്തന്നിരുന്നു. ഈ തിരക്കഥയില്‍ പറഞ്ഞപോലെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ നമ്മുടേത് മാത്രം എന്ന് ചിന്തിച്ചുവെച്ചിരിക്കുന്നതെല്ലാം തകരുകയല്ലേ. സീരീസില്‍ പറഞ്ഞിരിക്കുന്നതുപോലെ അങ്ങനെയൊരാള്‍ ചെയ്തിട്ടുണ്ടാകുമോ എന്ന ചിന്ത തന്നെ അസ്വസ്ഥതയല്ലേ? നമ്മളെ എല്ലാവരേയും 1000 ബേബീസിലേക്ക് എത്തിച്ചതും ഈ ഘടകംതന്നെയാണ്. റഹ്‌മാന്‍ സാറിനോടാണ് നജീം ഇക്കയും സഹ തിരക്കഥാകൃത്തായ ആറൂസ് ഇര്‍ഫാനും ഈ കഥ ആദ്യം പറയുന്നത്. സിംഗപ്പൂരിലേക്ക് പോകുന്നതിന് തൊട്ടുതലേദിവസമാണ് റഹ്‌മാന്‍ സാര്‍ ഈ കഥ കേള്‍ക്കുന്നത്. കഥ മുഴുവന്‍ കേട്ടതോടെ അദ്ദേഹം അസ്വസ്ഥനായെന്നാണ് നജീം ഇക്ക പറഞ്ഞത്. ഒരു പ്രത്യേക പോയിന്റിലാണ് ആ കഥ നിര്‍ത്തിയിട്ടുള്ളത്. അത് അവസാനിച്ചിട്ടില്ല. അതുകൊണ്ടാണ് ആ എപ്പിസോഡിനെ ആന്റി ക്ലൈമാക്‌സ് എന്ന് വിളിക്കുന്നത്.

സംവിധായകന്‍ നജീം കോയയുടെ അധ്വാനം
ഇങ്ങനെയൊരു സീരീസ് ചെയ്യുന്നതിനായി നജീം കോയയുടെ ഭാഗത്തുനിന്നുണ്ടായ അധ്വാനം എടുത്തുപറയണം. ഒന്നാമത് ഇതുപോലൊരു സംഭവം ഇത്രയേറെ അഭിനേതാക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തിയല്ലോ. എല്ലാ സമയത്തും ഭയങ്കര ക്ലിയറാണ് അദ്ദേഹം. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ നിയാസ്, ആദില്‍ഡ തുടങ്ങിയവരെല്ലാം കട്ടയ്ക്ക് കൂടെനിന്നു. സുനില്‍ കാര്യാട്ടുകരയായിരുന്നു അസോസിയേറ്റ്. ഛായാഗ്രാഹകനായ ഫൈസിന്റെ ടീമും ക്രിയേറ്റീവായ ഷോട്ടുകളെടുക്കാനായി പരിശ്രമിച്ചു. എല്ലാവരും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്. പിന്നെ 'ഫ്രൈഡേ'യിലൂടെ ശ്രദ്ധേയനായ മനു എം ലാല്‍ ഗംഭീര റോളാണ് ചെയ്തത്. എത്രയോ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ തേടി ഇതുപോലൊരു കഥാപാത്രം വരുന്നത്. മനുവിന്റെ കാര്യത്തിലും ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്.

അശോക് ശെല്‍വനുമായുള്ള താരതമ്യം
തമിഴ് നടന്‍ അശോക് ശെല്‍വനുമായുള്ള താരതമ്യം നേരത്തേ തന്നെയുണ്ട്. ഓ മൈ കടവുളേ ഇറങ്ങിയ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട് എപ്പോഴാണ് ഈ പടത്തില്‍ അഭിനയിച്ചതെന്ന്. സീരീസ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത് കുറച്ച് ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ്. സിനിമകള്‍ വരുന്നുണ്ട്. ഒരു വെബ് സീരീസ് വരുന്നുണ്ട്. അതിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വിലയിരുത്തിയാല്‍ രണ്ടാം സീസണിനുള്ള സാധ്യത വളരെ കൂടുതലാണ്.
Content Highlights: actor adil ibrahim talking about 1000 babies web series
Published: 24 Oct 2024, 05:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented