
മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു എബ്രഹാം ഓസ്ലര്‍ എന്ന ചിത്രം. തീയേറ്ററുകളില്‍ ചിത്രം ഇപ്പോഴും മികച്ചരീതിയില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിലെ നായകന്‍ ജയറാമായിരുന്നെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന എക്‌സ്റ്റെന്‍ഡഡ് കാമിയോക്കും ഗംഭീര കയ്യടിയായിരുന്നു തീയേറ്ററില്‍ ലഭിച്ചത്. അലക്‌സാണ്ടറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പുതുമുഖം ആദം സാബിക്കും ഇപ്പോള്‍ നിറഞ്ഞ സന്തോഷത്തിലാണ്. ആദ്യചിത്രം മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍, അവതരിപ്പിച്ചത് സാക്ഷാല്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം. അഭിനയിച്ച പൂമാനമേ എന്ന ഗാനം സൂപ്പര്‍ഹിറ്റും. എല്ലാം ഒരു ഭാഗ്യമാണെന്നാണ് ഈ മൂവാറ്റുപുഴക്കാരന്‍ പറയുന്നത്. ആദം സാബിക്ക് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടില്‍പ്പോലും അറിയില്ലായിരുന്നു
എന്റെ വീട് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് കിഴക്കേക്കരയാണ്. ഉമ്മ സാജിത, ബാപ്പ അബ്ദുല്‍ കരീം, അനുജന്‍ മുഹമ്മദ് സിയാന്‍, അനുജത്തി ഫാത്തിമ. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. അഭിനയിക്കുന്നുണ്ട് എന്നറിയാമായിരുന്നെങ്കിലും എന്താണ്? ഏതാണ് എന്നൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടില്‍ പറയാതെയാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. മലപ്പുറത്ത് ഒരു സുഹൃത്തിന്റെ കല്യാണം, ഒന്നുരണ്ട് പരസ്യചിത്രങ്ങള്‍ എന്നെല്ലാം പറഞ്ഞാണ് വീട്ടില്‍ നിന്ന് മാറിയത്. ഒരുമാസം കഴിഞ്ഞപ്പോളാണ് എല്ലാവരും അറിഞ്ഞത്. എല്ലാവര്‍ക്കും ഭയങ്കര അതിശയവും സന്തോഷവുമൊക്കെയായി.
മമ്മൂക്കയാണ് ഓ.കെ. പറഞ്ഞത്
ഓസ്ലര്‍ ബിഗ് സ്‌ക്രീനിലെ ആദ്യത്തെ സിനിമയാണ്. നേരത്തേ ഷോര്‍ട്ട് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. സനീഷ് എന്ന എനിക്ക് നേരത്തേ പരിചയമുള്ള ചേട്ടന്‍ ആര്‍ട്ടിസ്റ്റുകളെ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന ആളാണ്. ഓസ്ലറിലെ ഫ്‌ളാഷ്ബാക്ക് അവതരിപ്പിക്കാന്‍ കുറച്ച് പയ്യന്മാരെ വേണം എന്ന് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ് ആണ് സനീഷ് ചേട്ടനോട് പറയുന്നത്. എന്റെ ഹ്രസ്വചിത്രങ്ങളെക്കുറിച്ചെല്ലാം സനീഷ് ചേട്ടന് അറിയാമായിരുന്നു. അതുകൊണ്ട് ഓഡിഷന്‍ ഒന്നുമില്ലായിരുന്നു. പിന്നീടൊരു ദിവസം എന്നോട് ഈ സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. പക്ഷേ എന്റെ റോള്‍ അപ്പോഴും ഉറപ്പിച്ചിരുന്നില്ല. ഞാന്‍ ഓക്കേ ആണോയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ പറയണം, മമ്മൂക്കയ്ക്കും ഓക്കേ ആകണം. രണ്ടാഴ്ച കഴിഞ്ഞ് മമ്മൂക്ക ഓകെയാണെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഈ സിനിമയിലേക്ക് കടക്കുന്നത്.
മമ്മൂക്കയുടെ ചെറുപ്പകാലമാണ് ചെയ്യേണ്ടതെന്ന് നേരത്തേ പറഞ്ഞിരുന്നു
അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായി മമ്മൂക്കയെ നേരത്തേ തന്നെ അവര്‍ ഉറപ്പിച്ചിരുന്നു. മമ്മൂക്കയുടെ ചെറുപ്പകാലമാണ് അവതരിപ്പിക്കേണ്ടതെന്ന് കാസ്റ്റിങ്ങിന്റെ സമയത്തും തിരക്കഥ വായിക്കുമ്പോഴുമെല്ലാം അറിഞ്ഞിരുന്നു. പിന്നെ മമ്മൂക്കയുടേതായ ചില കാര്യങ്ങള്‍ നോക്കി പഠിച്ചുവെച്ചിരുന്നു. ചെറിയരീതിയിലുള്ള ഹോംവര്‍ക്ക് നടത്തിയിട്ടാണ് സെറ്റിലെത്തിയത്. പക്ഷേ സംവിധായകനായ മിഥുന്‍ ചേട്ടന് അലക്‌സാണ്ടര്‍ എന്ന കാര്യത്തേക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹമാണെന്നെ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് പാകമാക്കിയെടുത്തത്.
ജയറാം എന്ന നടനും മനുഷ്യനും
ജയറാമേട്ടനേക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിനൊപ്പം ഞങ്ങള്‍ക്ക് സീനുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ സെറ്റിലുണ്ടായിരുന്നു. വളരെയധികം ഇഷ്ടം തോന്നിയൊരു വ്യക്തിയാണ് ജയറാമേട്ടന്‍. നല്ലൊരു മനുഷ്യനാണ്. പ്രചാരണ പരിപാടികള്‍ക്ക് ഓരോ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കയറി നില്‍ക്ക് എന്നുപറഞ്ഞ് ഞങ്ങളെ മുന്നോട്ടുനിര്‍ത്തും. അത്രയധികം ഞങ്ങളെ പരിഗണിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ തിയേറ്ററില്‍ പോകുമ്പോഴും ഞങ്ങളെ ഓരോരുത്തരേയും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് എടുത്തുപറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്.
മമ്മൂക്കയെ കാണാന്‍ എന്നും കുളിച്ചൊരുങ്ങി പോകുമായിരുന്നു
ജയറാമേട്ടനേ പോലെതന്നെ മമ്മൂക്കയുമായും കോമ്പിനേഷന്‍ രംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ എന്നും രാവിലെ കുളിച്ചൊരുങ്ങി മമ്മൂക്കയെ കാണാന്‍ സെറ്റിലേക്ക് പോകും. അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് നേരിട്ടുകാണുന്നതിലും വലിയ ഭാഗ്യമെന്താണ്? സ്‌ക്രീനില്‍ മാത്രമല്ലേ നമ്മള്‍ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടുള്ളൂ. പോരാത്തതിന് ഇതെന്റെ ആദ്യത്തെ സിനിമയും. അതൊരു വലിയ അനുഗ്രഹമായാണ് കാണുന്നത്. പിന്നെ അദ്ദേഹവുമായി ചെറുതായി സംസാരിക്കാനുംപറ്റി. പിന്നെ, എന്നേക്കുറിച്ചും എന്റെ പ്രകടനത്തേക്കുറിച്ചും മമ്മൂക്ക എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയണമെങ്കില്‍ മിഥുന്‍ ചേട്ടന്റെയടുത്തുതന്നെ ചോദിക്കേണ്ടിവരും.
സഹോദരബന്ധമായിരുന്നു ഞങ്ങള്‍ നാലുപേര്‍ തമ്മില്‍
സുഹൃദ്ബന്ധത്തിലുപരി സഹോദരബന്ധമായിരുന്നു ഞങ്ങള്‍ നാലുപേര്‍ തമ്മില്‍. ഇക്കൂട്ടത്തില്‍ ഞാന്‍ മാത്രമായിരുന്നു പുതുമുഖം. രവി വെങ്കിടരാമന്‍ ആയെത്തിയ ഷെജീര്‍ ടീച്ചര്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശിവാ ഹരിഹരന്‍ ഹൃദയത്തില്‍ അഭിനയിച്ചിട്ടുണ്ട്. സേവിയെ അവതരിപ്പിച്ച ശിവരാജ് തുറമുഖത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിലരംഗങ്ങളൊക്കെ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച്, പ്ലാന്‍ചെയ്ത്, ഫുള്‍ സെറ്റായിട്ടായിരിക്കും ഷൂട്ടിങ് സ്ഥലത്തെത്തുക. പക്ഷേ ആ സീന്‍ നമ്മള്‍ മനസില്‍ കണ്ടപോലെയേ ആയിരിക്കില്ല മിഥുന്‍ ചേട്ടന്‍ ചെയ്യുക. നമ്മള്‍ മനസില്‍ കണ്ടതിനെ പുള്ളി മൊത്തം പൊളിച്ചെഴുതിയിട്ടുണ്ടാകും. അവസാനം ഞങ്ങള്‍ പ്ലാന്‍ ചെയ്യല്‍ നിര്‍ത്തി. പിന്നീടങ്ങോട്ട് ലൊക്കേഷനില്‍ പോകും, ആശാന്‍ പറയുന്നത് മാത്രം ചെയ്യും. പിന്നെ എന്റെ ഈ സുഹൃത്തുക്കളില്‍നിന്നുതന്നെ എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റിയിട്ടുണ്ട്.
മമ്മൂക്കയുടെ ലുക്ക് ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല
മമ്മൂക്കയുടെ ലുക്ക് ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആളുകള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. പക്ഷേ അതുപോലെയൊന്നും ആവാന്‍ കഴിയില്ല. പിന്നെ ഈ സിനിമയുടെ ചിത്രീകരണം മുഴുവന്‍ ഒരു പഠനം പോലെയായിരുന്നു. ഓരോ ആളുകളില്‍നിന്ന് ഓരോ കാര്യങ്ങള്‍ പഠിച്ചു. പിന്നെ, വളരെക്കാലം മുമ്പ് തരംഗം സൃഷ്ടിച്ച ഒരു പാട്ടാണ് പൂമാനമേ. നമ്മുടെ സിനിമയിലൂടെ ആ പാട്ട് വീണ്ടും വരുന്നു, ആളുകള്‍ ഏറ്റെടുക്കുന്നു എന്നൊക്കെ അറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ആ സന്തോഷത്തിലാണ് ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.
അനശ്വര ഇപ്പോള്‍ അടുത്ത സുഹൃത്താണ്
അനശ്വര എന്ന നടിയോട് നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് ബഹുമാനം കൂടിയിരിക്കുകയാണ് ഇപ്പോള്‍. ആ കഥാപാത്രത്തിനുവേണ്ടി അത്രത്തോളം അധ്വാനിച്ചിട്ടുണ്ടവര്‍. എങ്ങനെ തന്റെ കഥാപാത്രം നന്നാക്കാം എന്ന് നൂറുശതമാനം ഗൃഹപാഠം ചെയ്തിട്ടാണ് അനശ്വര സെറ്റിലേക്കുവരുന്നത്. എന്തെങ്കിലും ചെറിയ തിരുത്തലുകള്‍ വേണ്ടിവന്നാല്‍ അതും ദ്രുതഗതിയില്‍ പഠിച്ചെടുത്ത് ക്യാമറയ്ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്യും. സിനിമ ഇറങ്ങിയശേഷം ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍.
ഞങ്ങളുടെ കരുത്തിന്റെ തൂണാണ് മിഥുന്‍ ചേട്ടന്‍
മിഥുന്‍ ചേട്ടന്റെ സിനിമയിലൂടെത്തന്നെ സിനിമയില്‍ വരാന്‍ പറ്റിയത് ഒരു ഭാഗ്യമായാണ് കാണുന്നത്. ഞങ്ങളുടെ കരുത്തിന്റെ തൂണാണ് മിഥുന്‍ ചേട്ടനെന്നാണ് ഞാന്‍ പറയുക. ഫ്‌ളാഷ്ബാക്ക് രംഗങ്ങളില്‍ അഭിനയിച്ച ഞങ്ങളുടെ മാത്രമല്ല, മൊത്തം ക്രൂവിന്റെയും കപ്പിത്താനായിരുന്നു അദ്ദേഹം. എന്തുണ്ടെങ്കിലും അദ്ദേഹത്തോടുചോദിച്ചിട്ടേ തീരുമാനമെടുക്കൂ. ഇപ്പോള്‍ സിനിമ കഴിഞ്ഞിരിക്കുന്ന സമയമാണെങ്കില്‍പ്പോലും ഞങ്ങളുടെ ജീവിതത്തില്‍ അദ്ദേഹം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തേക്കുറിച്ച് പറയാനുള്ളത്.
പുതിയ പ്രതീക്ഷകള്‍
ദൈവം അനുഗ്രഹിച്ച് ഇപ്പോള്‍ കുറച്ച് പ്രൊജക്റ്റുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു ചുവടുവെയ്ക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: actor adam sabiq about abraham ozler movie, adam sabiq interview
Published: 28 Jan 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented