ഭാര്യയുടെ രോഗശയ്യക്കരികിൽ നിന്നാണ് ഒരു ദിവസം കാലത്ത് അയാൾ വിളിച്ചത്. "അവൾക്കൊരു പാട്ട് താങ്കളെ പാടിക്കേൾപ്പിക്കണം എന്ന് പറയുന്നു. ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. കേൾക്കാൻ സമയമുണ്ടാവുമോ?" - വിനയപൂർവം ഭർത്താവിന്റെ ചോദ്യം. ആ വാക്കുകളിൽ വിതുമ്പിനിന്നിരുന്ന നേർത്ത വിഷാദമാണ് ആദ്യ കേൾവിയിൽ മനസ്സിനെ തൊട്ടത്. തിരക്കുകളെല്ലാം മറന്ന് "അതിനെന്താ, കേൾക്കാലോ.." എന്ന് മറുപടി പറയാൻ പ്രേരിപ്പിച്ചതും ആ കേൾവി തന്നെ. അധികം വൈകാതെ തെല്ലു വിറയാർന്ന ഒരു സ്ത്രീശബ്ദം പാട്ടായി ഫോണിലൂടെ ഒഴുകിത്തുടങ്ങുന്നു. ക്ഷീണിതമെങ്കിലും ഭക്തിഭാവം നിറഞ്ഞുതുളുമ്പുന്ന ശബ്ദം: "മാനവേദന് മയിൽ‌പ്പീലി നൽകിയ മായനെ ഒരു നോക്കു കാണേണം, മഞ്ജുളാൽത്തറയിലെ കുഞ്ഞുകാൽപ്പാടുകൾ മനസ്സിലും പതിയേണം, കൃഷ്ണാ മനഃസുഖമറിയേണം...."

To advertise here,

അത്ഭുതം തോന്നി. അധികമാരും പാടിക്കേൾക്കാറില്ല ആ പാട്ട്. കൃഷ്ണഭക്തിഗാനമാണ്. രണ്ടു പതിറ്റാണ്ടോളം മുൻപ് എസ്. രമേശൻ നായരും സുരേഷ് ശിവപുരവും ചേർന്നൊരുക്കിയ മുകുന്ദമാല എന്ന ആൽബത്തിൽ ജയചന്ദ്രൻ പാടിയ ആ പാട്ടിനോട് എന്തായിരിക്കണം ഗായികക്ക് ഇത്രയേറെ സ്നേഹം എന്നറിയാൻ കൗതുകം തോന്നി. മറുപടി തന്നത് ഭർത്താവാണ്. "അതിലെ ഒരു വാക്കാണ് ജീവിതത്തിൽ ഏറ്റവുമധികം അവൾ ഉച്ചരിച്ചിട്ടുണ്ടാകുക: മനഃസുഖമറിയേണം. ആ വാക്ക് ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് നിറയും. ഇപ്പോഴത്തെ അവസ്ഥയിൽ വിശേഷിച്ചും."

അത്ര പ്രസാദഭരിതമായിരുന്നില്ല അവസ്ഥ. ഭാര്യയും ഭർത്താവും രോഗഗ്രസ്ഥർ. അർബുദമാണ് ഭാര്യക്ക്. ഭർത്താവിന് ഹൃദ്രോഗവും. മക്കളില്ല അവർക്ക്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പരസ്പരം താങ്ങായി, തണലായി ഒരു കൊച്ചു വീട്ടിൽ കഴിയുന്നു. കൂട്ടിന് പഴയ പാട്ടുകൾ മാത്രം. "എത്രതന്നെ സൗഭാഗ്യങ്ങളുണ്ടായിട്ടും കാര്യമില്ല, മനഃശാന്തിയാണ് ജീവിതത്തിൽ സർവ പ്രധാനം എന്ന് വീണ്ടും വീണ്ടും നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ജയചന്ദ്രന്റെ ആ പാട്ട്. ആദ്യം കേട്ട കാലം മുതൽ ഇഷ്ടമുള്ള പാട്ടാണ്. ഇപ്പോഴാണ് അത് കൂടുതൽ അർത്ഥപൂർണ്ണമായി തോന്നുന്നതെന്ന് മാത്രം. എല്ലാം കാലത്തിന്റെ നിയോഗങ്ങൾ..."

ദമ്പതികൾ പങ്കുവെച്ച കഥ ഫോണിലൂടെ വിവരിച്ചപ്പോൾ നിമിഷങ്ങളോളം നിശ്ശബ്ദനായി നിന്നു ഭാവഗായകൻ. "എല്ലാം ഗുരുവായൂരപ്പന്റെ നിശ്ചയം. എനിക്കും ഇപ്പോ തോന്നിത്തുടങ്ങീട്ടുണ്ട് മനഃസുഖമാണ് ഏറ്റവും പ്രധാനംന്ന്. മറ്റെന്തുണ്ടായിട്ടും കാര്യംല്യ. നമ്മൾ പാടിയ പാട്ട് മറ്റുള്ളോർക്ക് മനസ്സമാധാനം കൊടുക്കുന്നു എന്നറിയുമ്പോൾ സന്തോഷം." ഒരു നിമിഷം നിർത്തി ജയചന്ദ്രന്റെ ആത്മഗതം: "നമുക്ക് സമാധാനം ഉണ്ടാവാൻ ഗുരുവായൂരപ്പൻ തന്നെ വിചാരിക്കണല്ലോ...."

ആരോഗ്യപ്രശ്നങ്ങൾ അക്കാലത്ത് വേണ്ടതിലേറെ ഉണ്ടായിരുന്നതുകൊണ്ടാവാം, ആരാധക ദമ്പതിമാരുടെ അനുഭവകഥനം അദ്ദേഹത്തെ വികാരഭരിതനാക്കിയത്. രമേശൻ നായരുടെ രചനകളെക്കുറിച്ചും വാചാലനായി അന്ന് ജയചന്ദ്രൻ. "അതേ കാസറ്റിൽ വേറൊരു പാട്ടുണ്ട്. വളരെ ഹൃദയസ്പർശിയായി തോന്നിയ പാട്ടാണ്." ഓർമ്മയിൽ നിന്ന് ആ പാട്ടിന്റെ പല്ലവി മൂളിക്കേൾപ്പിക്കുന്നു അദ്ദേഹം: "കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴല് ചമച്ചു, പാട്ടുകൊണ്ട് പേരെടുത്തു സഖിയെ വിളിച്ചു അവൾ കേട്ടപാതി കാൽത്തളിരിനു ചിറകു മുളച്ചു..." അവസാന വരി പാടി റെക്കോർഡ് ചെയ്യുമ്പോൾ ആ "ചിറകു മുളക്കൽ" അതിന്റെ എല്ലാ ചാരുതയോടെയും ഒരു ദൃശ്യത്തിലെന്നോണം മനസ്സിൽ തെളിഞ്ഞുവെന്ന് ജയചന്ദ്രൻ.

‘മുകുന്ദമാല’യിൽ വേറെയുണ്ടായിരുന്നു മനോഹര ഗാനശില്പങ്ങൾ: എല്ലാ മുളംതണ്ടും പുല്ലാങ്കുഴലല്ല വല്ലഭൻ ചുംബിച്ചിടായ്കിൽ, ഹൃദയമിടയ്ക്കയാക്കി പാടുന്നു ഞാനൊരു യദുകുലകാംബോജി, ഗുരുവായൂരമ്പലത്തിൽ തുലാഭാരം നേർന്നിട്ടാകാം ഒരു പറ പൊന്നുമായി വരുന്നു സൂര്യൻ, കുന്നിമണിക്കൊരു മോഹം ഗുരുവായൂരപ്പാ നിന്റെ കുഞ്ഞിളം മാറിലെ മാലയാകാൻ .... കാവ്യഭംഗി കൊണ്ടും സംഗീത മാധുര്യം കൊണ്ടും ഭക്തിപൂർണ്ണമായ ആലാപനം കൊണ്ടും ചുണ്ടിലും മനസ്സിലും തങ്ങിനിൽക്കുന്ന ഗാനങ്ങൾ. എങ്കിലും ‘മാനവേദന്റെ മയിൽപ്പീലി’യോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട്. പാട്ടിന്റെ ചരണത്തിലെ ‘ഒന്നു തൊടാനും കഴിയാതെ ആ പൊൻമഴമുകിലൊളി മായുമ്പോൾ’ എന്ന വരികളിലെ പൊൻമഴമുകിലൊളിയ്ക്ക് ജയേട്ടൻ നൽകുന്ന മാന്ത്രിക സ്പർശം എങ്ങനെ മറക്കാൻ? പാട്ടെഴുതിയ രമേശൻ നായരും പാടിയ ജയചന്ദ്രനും ഇന്ന് ഓർമ്മ. സംഗീതം കൊണ്ട് ആ ഗാനങ്ങളുടെ ആത്മാവിനെ തൊട്ടയാൾ മാത്രമേ നമുക്കൊപ്പമുള്ളൂ: സുരേഷ് ശിവപുരം.

‘മുകുന്ദമാല’യിലെ ഗാനങ്ങളുടെ പിതൃത്വം മറ്റ് പല സംഗീത സംവിധായകർക്കും ചാർത്തിക്കൊടുക്കുന്നവരെ പതിവായി കണ്ടുമുട്ടാറുണ്ട് സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും. അവഗണിക്കപ്പെടുന്നതിൽ ദുഖമില്ലേ എന്ന് ചോദിച്ചപ്പോൾ സൗമ്യമായ ചിരിയായിരുന്നു സുരേഷിന്റെ മറുപടി; ഒരു മറുചോദ്യവും: ‘എന്തിന്? ആ പാട്ടുകളുടെ ശില്പി സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എവിടെ നിന്നാണ് ആ ഈണങ്ങൾ എന്റെ മനസ്സിലും വിരൽത്തുമ്പിലും വന്നുചേർന്നതെന്ന് എനിക്കുപോലുമറിയില്ല..’പാട്ടുകൾക്ക് അതീവഹൃദ്യമായി ഓർക്കസ്‌ട്രേഷൻ നിർവഹിച്ച കെ.എം. ഉദയനേയും നന്ദിപൂർവം സ്മരിക്കുന്നു സുരേഷ്. ‘എന്റെ മിക്ക പാട്ടുകൾക്കും വാദ്യവിന്യാസം നിർവഹിച്ചത് അദ്ദേഹമാണ്.’

സുരേഷിലെ സംഗീത സംവിധായകനെയല്ല, ഗായകനെയാണ് ആദ്യം പരിചയപ്പെട്ടത്; കാൽ നൂറ്റാണ്ടോളം മുൻപ്. ഹരിപ്പാട് കെ.പി.എൻ. പിള്ളയാണ് സുരേഷിന്റെ സംഗീതഗുരു. അഭിഭാഷകവൃത്തിയും സംഗീതവും സമാന്തരമായി കൊണ്ടുനടക്കുന്ന സുരേഷിൽ നല്ലൊരു സംഗീതശില്പിയുമുണ്ടെന്ന് അന്നേ തോന്നിയിരുന്നു. ‘മുകുന്ദമാല’യിലെ ഗാനങ്ങൾ ആ പ്രതീക്ഷക്ക് അടിവരയിട്ടു. രമേശൻ നായരും പി.കെ.കേശവൻ നമ്പൂതിരിയും ചേർന്നൊരുക്കിയ ‘പുഷ്പാഞ്ജലി’ക്ക് ശേഷം ജയചന്ദ്രന്റെ ശബ്ദത്തിൽ കേട്ട ഏറ്റവും മികച്ച ഭക്തിഗാനങ്ങൾ മുകുന്ദമാലയിലേതാണ് എന്ന് വിശ്വസിക്കുന്നവർ ഏറെ; ഞാനുൾപ്പെടെ. ഇന്നും പ്രഭാതനടത്തത്തിന് അകമ്പടിയായി ആ ആൽബത്തിലെ പാട്ടുകളുണ്ട്; പ്രത്യേകിച്ച്, ‘മാനവേദന് മയിൽ‌പ്പീലി നൽകിയ’ എന്ന ഗാനം. ‘കൃഷ്ണാ മനഃസുഖമറിയേണം’ എന്ന വരിയിലുള്ളത് നമ്മുടെ പ്രാർത്ഥന കൂടിയാണല്ലോ.

ഒരു കോടതിക്കാര്യവുമായി ബന്ധപ്പെട്ടാണ് രമേശൻ നായരുമായി സുരേഷ് ശിവപുരം പരിചയപ്പെടുന്നത്. സംഗീത സംവിധാനത്തിലും സുരേഷിന് താല്പര്യമുണ്ടെന്നറിഞ്ഞപ്പോൾ നമുക്കൊരുമിച്ച് ഒരു കാസറ്റ് ചെയ്യണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് കവി തന്നെ. ‘ഭാര്യ ആലുവയിൽ മജിസ്ട്രേട്ട് ആയിരുന്നതു കൊണ്ട് തൃപ്പൂണിത്തുറയിലാണ് അന്ന് കുടുംബസമേതം ഞാൻ താമസം. വീട്ടിൽ വെച്ചുതന്നെ രമേശൻ നായരുടെ രചനകൾ ഞാൻ ചിട്ടപ്പെടുത്തി. വരികൾ വായിച്ചു നോക്കുമ്പോഴേ മനസ്സിൽ അനുയോജ്യമായ ഈണങ്ങൾ വന്നുനിറഞ്ഞു എന്നതാണ് സത്യം. എങ്ങനെ വരാതിരിക്കും? ആഴത്തിലുള്ള ആശയങ്ങൾ ഏത് സാധാരണക്കാരനും ഉൾക്കൊള്ളാൻ കഴിയുന്നവണ്ണം അത്രയും ലളിതസുന്ദരമായിട്ടല്ലേ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത്. ആ വരികളെ ഈണം കൊണ്ട് ഒന്ന് മൃദുവായി സ്പർശിക്കുകയേ വേണ്ടവന്നുള്ളൂ.’

കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. ‘ജീവിതം തന്നെ ലാഘവത്തോടെ കാണുന്നയാളാണ് ജയേട്ടൻ. എന്നാൽ മൈക്കിന് മുന്നിൽ ചെന്നുനിന്നാൽ ആളാകെ മാറും. പാട്ടിലൂടെ സ്വയം മറന്ന് ഒഴുകുകയാണ് പിന്നെ ചെയ്യുക. ഭക്തിഭാവമൊക്കെ സ്വാഭാവികമായി ആ ശബ്ദത്തിൽ വന്നുനിറയും.’ - സുരേഷിന്റെ ഓർമ്മ. ‘ആൾ മുൻകോപിയും കലഹപ്രിയനുമൊക്കെ ആണെന്നാണ് കേട്ടിരുന്നത്. അതുകൊണ്ടുതന്നെ  ‘ഗുരുവായൂരമ്പലത്തിൽ തുലാഭാരം നേർന്നിട്ടാകാം’ എന്ന പാട്ടിലെ ഒരു നുള്ളു കളഭവും ഓരിലത്തുളസിയും എന്ന് തുടങ്ങുന്ന വരി ഒന്ന് മാറ്റിപ്പാടിയാൽ നന്നായിരിക്കും എന്ന് തോന്നിയപ്പോൾ അത് തുറന്നുപറയാൻ മടി. സകല ധൈര്യവും സംഭരിച്ച് കാര്യം ഉണർത്തിച്ചപ്പോഴാകട്ടെ യഥാർത്ഥ പ്രൊഫഷണൽ ഗായകനായി മാറി ആ നിർദ്ദേശം ഹൃദയപൂർവം സ്വീകരിച്ചു ജയചന്ദ്രൻ. രണ്ടാമത് പാടിയത് അതീവ ഹൃദ്യമാകുകയും ചെയ്തു. അതേ ചരണത്തിന്റെ ഒടുവിൽ ‘ഞാനൊന്നുമില്ലാത്തൊരു പാവമല്ലേ’ എന്ന് ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ ആരുടെ ഹൃദയമാണ് നൊമ്പരപ്പെടാതിരിക്കുക.

സംഗീത സംവിധാന രംഗത്ത് മൂന്ന് പതിറ്റാണ്ടോളമായി സജീവമെങ്കിലും വിരലിലെണ്ണാവുന്ന ആൽബങ്ങൾക്കേ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളൂ ബാലുശ്ശേരി സ്വദേശി സുരേഷ്. ‘അയ്യനയ്യൻ’, ‘ആരതി’, ‘ചുറ്റുവിളക്ക്’ എന്നീ കാസറ്റുകൾക്ക് പാട്ടെഴുതിയത് രമേശൻ നായർ തന്നെ. മുംബൈയിലെ ഡിആർടി കോടതി ജഡ്ജിയായ ഭാര്യ ശ്രീകലയോടൊപ്പം മുംബൈയിൽ താമസിക്കുന്നു സുരേഷ്. മകൻ ശ്രീശങ്കർ സുരേഷ് നല്ലൊരു ഗായകനാണ്. ഹിന്ദുസ്ഥാനിയും ഗസലും ഭജനുമൊക്കെയാണ് ശ്രീശങ്കറിന്റെ മേഖലകൾ. ഇപ്പോൾ പേരക്കിടാവും പാടിത്തുടങ്ങിയിരിക്കുന്നുവെന്ന് സുരേഷ്.

‘മുകുന്ദമാല’യുടെ ആരാധകരെ ഇന്നും കണ്ടുമുട്ടാറുണ്ട് സുരേഷ്. ‘കാസറ്റ് പുറത്തിറങ്ങി കുറച്ചു നാളുകൾക്കകം ചെന്നൈയിലെ ഒരു വലിയ മ്യൂസിക് ഷോപ്പിൽ ചെല്ലാനിടവന്നു. അകത്തുചെന്നപ്പോൾ ആദ്യം കണ്ടത് മസ്റ്റ് ബൈ എന്ന ബോർഡ് വെച്ച ഒരു വലിയ ഷെൽഫാണ്. ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും ഡിമാൻഡുള്ള ആൽബങ്ങൾ പ്രദർശിപ്പിച്ചിരുന്ന ആ അലമാരയിൽ നമ്മുടെ മുകുന്ദമാലയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഗുരുവായൂരപ്പന് നന്ദി പറഞ്ഞു. ഇന്നും ഗുരുവായൂരിൽ ചെല്ലുമ്പോൾ ഏതെങ്കിലുമൊരു കടയിലെ സ്പീക്കറുകളിൽ നിന്ന് മുകുന്ദമാലയിലെ പാട്ടുകൾ കേൾക്കാം. പോയി മറഞ്ഞ നല്ലൊരു കാലം ഓർമ്മവരും അപ്പോൾ. ഇനിയൊരിക്കലും തിരികെ വരാനിടയില്ലാത്ത കാലം.’