
തിയേറ്ററില്‍ ചിരിപ്പൂരം നിറച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ് സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തിയ 'മദനോത്സവം'. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന മദനന്റെ കഥപറയുന്ന 'മദനോത്സവം' നവാഗതനായ സുധീഷ് ഗോപിനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥ. ഇപ്പോഴിതാ തമാശ വേഷങ്ങള്‍ ചെയ്യാനുള്ള ഇഷ്ടത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് സുരാജ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'തമാശവേഷങ്ങള്‍ ഉപേക്ഷിച്ചോ എന്ന ചോദ്യം കുറേക്കാലമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഗൗരവമുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചതുകൊണ്ടാകണം പ്രേക്ഷകരില്‍ അങ്ങനെയൊരു സംശയമുണ്ടായത്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴല്ല, ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനത്തിനെത്തിയശേഷമാണ് സീരിയസായ വേഷങ്ങള്‍ പലരും ധൈര്യസമേതം ഏല്‍പ്പിക്കാന്‍ തുടങ്ങിയത്. പുരസ്‌കാരം നേടിത്തന്ന സിനിമ അധികമാരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ചവേഷങ്ങള്‍ നല്‍കാന്‍ പറ്റുമോ, അഭിനയിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു പലര്‍ക്കും. എന്നാല്‍, ആക്ഷന്‍ ഹീറോയിലെ കഥാപാത്രം അത്തരം സംശയങ്ങള്‍ക്ക് ഉത്തരംനല്‍കി. പിന്നീടുവന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ്, കാണെക്കാണെ, ജനഗണമന... അങ്ങനെ ഒരുപാട് സിനിമകള്‍ തമാശവേഷങ്ങളില്‍നിന്ന് എന്നെ അകറ്റിനിര്‍ത്തി. അപ്പോഴെല്ലാം നല്ലൊരു കോമഡിവേഷത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്. ചിരിയിലൂടെയാണ് ഞാന്‍ പ്രേക്ഷകമനസ്സില്‍ കയറിപ്പറ്റിയത്. അതുകൊണ്ടുതന്നെ ചിരിവിട്ടൊരു കളിയില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ല തമാശവേഷങ്ങള്‍ തരൂ, അഭിനയിക്കാന്‍ ഞാനൊരുക്കമാണ്', സുരാജ് പറഞ്ഞു.
ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മദനോത്സവം. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസര്‍കോട്, കൂര്‍ഗ്, മടിക്കേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ് വിവേക് ഹര്‍ഷനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
(മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം)
Content Highlights: suraj venjarammoodu about new movie madanolsavam and comedy roles
Published: 15 Apr 2023, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented