തെങ്ങും കവുങ്ങുമെല്ലാമായി പച്ചപ്പുനിറഞ്ഞ എഴുപത്തിയഞ്ച് സെന്റിൽ ഇക്കോഫ്രൻഡ്‌ലിയിൽ നിർമിച്ച ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിച്ച വീട്. തക്കാളിയും ചീരയും പാവക്കയും നിറഞ്ഞുനിൽക്കു അടുക്കളത്തോട്ടം. വീടിന്റെ മറ്റൊരുഭാഗത്ത് പശുക്കളും സോളാർപാനലും. ശാരീരിക അവശതകളുണ്ടെങ്കിലും അതൊന്നും കൂസാതെ പതിവുചിരിയോടെ സ്വീകരണമുറിയിൽ തന്നെയായിരുന്നു ശ്രീനിവാസൻ. സൗഹൃദസംഭാഷണങ്ങൾക്ക് മുമ്പായി ചായ, ഒപ്പം വീട്ടുവളപ്പിൽ കുലച്ച വിഷാംശമില്ലാത്ത ഒന്നാംതരം നേന്ത്രപ്പഴം. നാട്ടുവിശേഷങ്ങളും പത്രവാർത്തകളും ചർച്ചചെയ്തശേഷം കാര്യപരിപാടിയിലേക്ക് പ്രവേശിച്ചു. സിനിമയുടെ അണിയറപ്രവർത്തകരെക്കുറിച്ച് നായകൻ പറയാൻപോകുന്ന നല്ലവാക്കുകൾ കേൾക്കാനെന്നോണം സംവിധായകൻ ഞങ്ങൾക്ക് ഇരുപേർക്കും ഇടയിൽ തന്നെയിരുന്നു.

To advertise here,

നിശബ്ദതയിൽ എന്റെ ആദ്യചോദ്യം ഞാൻ ചോദിച്ചു, ‘ശാരീരിക അവശതകളെ അവഗണിച്ചുകൊണ്ടാണ് ശ്രീനിയേട്ടൻ ഈ സിനിമയുമായി സഹകരിച്ചത്. കഥയും കഥാപാത്രവും അത്രയേറെ ആവേശം കൊള്ളിക്കുന്നതായിരുന്നോ?’ 

ഉത്തരം വളരെപ്പെട്ടന്നുവന്നു, ‘അല്ല...ആരോഗ്യപ്രശ്‌നങ്ങൾ കാരണം സിനിമയെല്ലാം നിർത്തിവച്ചിരിക്കുകയായിരുന്നു, പുറത്തുപോകുന്നതും കുറവായിരുന്നു. രണ്ടുമൂന്നുമാസമായി പൂർണമായി വിശ്രമത്തിലായിരുന്നു. അതിനിടെയിലാണ് കഥയുമായി ഇയാളുടെ വരവ്. ആദ്യകേൾവിയിൽതന്നെ ഒരുവസ്തുവിനും കൊളളാത്ത കഥയാണെ് മനസ്സിലായി. ഇഷ്ടക്കേട് തിരിച്ചറിഞ്ഞതുകൊണ്ടാകണം മാറ്റിവരാമെന്ന് പറഞ്ഞ് സ്വയംപോയി. കഥയിൽ തിരുത്തുകൾ വരുത്തി രാണ്ടാമതും മൂന്നാമതും വന്നു. പക്ഷെ കാര്യമൊന്നുമില്ല. ഇയാളെക്കൊണ്ടിത് ശരിയാക്കാൻ കഴിയില്ലെന്ന് എനിക്കും ഉറപ്പായി. പക്ഷെ അയാൾ വീണ്ടും ഒരിക്കൽക്കൂടിവന്നു. ഇത്തവണ കയ്യിലെ ബാഗിൽ എഴുത്തുകടലാസുകൾ മാത്രമായിരുന്നില്ല. കുറച്ചധികം പണവുമുണ്ടായിരുന്നു. അതെന്റെ മുന്നിൽ വച്ചു. ഞാൻ ചിന്തിച്ചു, വയ്യാതെ വീട്ടിലിരിക്കാൻതുടങ്ങിയിട്ട് കുറേനാളായി, കാര്യമായി വരുമാനമൊന്നുമില്ല. അഭിനയിക്കാനാണ് വിളിക്കുന്നത്. വേഷം ചെയ്തുകൊടുത്താൽ മാത്രം മതി. ആരോഗ്യപ്രശ്‌നങ്ങൾ മുൻനിർത്തി ഞാൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെല്ലാം ഇവർ അംഗീകരിക്കുന്നുമുണ്ട്. എനിക്കൊഴിച്ച് ഇവർക്കെല്ലാം സിനിമയെക്കുറിച്ച് പ്രതീക്ഷയുണ്ട്. സ്‌നേഹസമ്മർദങ്ങളുടെ പേരിൽ ഞാൻ ഈ സിനിമയുടെ ഭാഗമാകുകയായിരുന്നു’-ശ്രീനിവാസൻ പറഞ്ഞുനിർത്തി.

അഭിമുഖത്തിനിടയിലെ തുറുപറച്ചിൽ അന്ന് കുറച്ചൊന്നുമല്ല സംവിധായകനെ ഞെട്ടിച്ചത്. സംസാരം പൂർത്തിയാക്കി വീട്ടിൽനിന്നു മടങ്ങുമ്പോൾ വീടിന്റെ ഗേറ്റുവരെ അനുഗമിച്ച് സംവിധായകൻ സ്വകാര്യമായി പറഞ്ഞു. ''മറ്റേകാര്യമുണ്ടല്ലോ കഥകൊള്ളില്ലെന്നും പണം കൊടുത്തതുകൊണ്ടാണ് അഭിനയിച്ചതെന്നുമെല്ലാം ശ്രീനിയേട്ടൻ തമാശയ്ക്കുപറഞ്ഞതാണുകേട്ടോ...''

മനസ്സിലായ അർഥത്തിൽ തലകുലുക്കി ചിരിക്കാനെ എനിക്കായുളളൂ. സിനിമയെ കുറിച്ചുള്ള നായകന്റെ കമന്റ് പത്രത്തിലെങ്ങാനും അടിച്ചുവന്നാലോ എന്ന പേടികൊണ്ടാകണം സംവിധായകൻ തൊട്ടടുത്ത ദിവസങ്ങളിലും ലോഹ്യം പറയാനെന്നഭാവേന വിശേഷങ്ങൾ തിരക്കി വിളിച്ചുകൊണ്ടിരുന്നു.

സിനിമയ്ക്കുള്ളിൽ മാത്രമല്ല സൗഹൃദകൂട്ടായ്മകളിലും സാമൂഹ്യരാഷ്ട്രീയരംഗങ്ങളിലും കൃഷിമേഖലയിലുമെല്ലാം കൊള്ളരുതായ്മകൾ തുറന്നുകാണിച്ചും ഇരട്ടത്താപ്പുകളെ പൊളിച്ചടുക്കിയും ശ്രീനിവാസൻ പലതവണ വിപ്ലവം തീർത്തു.

കൃഷിയും കമ്യൂണിസവും സജീവമായ നാട്ടിലാണ് ശ്രീനിവാസൻ ജനിച്ചുവളർന്നത്, ചെറുപ്പം മുതൽകൊണ്ടുനടന്ന സാമൂഹ്യനിരീക്ഷണമാണ് അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രതിഫലിച്ചത്. അർഥമറിയാതെ മുദ്രാവാക്യം വിളിച്ച് ജാഥയിൽ നടന്നതിനെക്കുറിച്ചും ഭയം വരുമ്പോൾ ദൈവത്തെ വിളിച്ച കുട്ടിക്കാലത്തെക്കുറിച്ചും തമാശയായി ശ്രീനിവാസനിൽനിന്നുതന്നെ കേട്ടിട്ടുണ്ട്. ഡിറ്റക്ടീവ് നോവലുകൾ വായിച്ചുതുടങ്ങിയ അഞ്ചാംക്ലാസ്സുകാരന്റെ കൈകളിലേക്ക് ആദ്യമായി സാഹിത്യപുസ്തകങ്ങൾ എടുത്തുവച്ചുകൊടുത്തത് അച്ഛൻ തന്നെയാണ്. നാടകവും അഭിനയവും ആവേശമായി കൊണ്ടുനടന്ന കോളേജ് കാലത്ത് വീട്ടിലൊരു നിലയും വിലയും നൽകിയത് മാതൃഭൂമി പത്രത്തിൽ വന്നൊരു വാർത്തയാണെന്ന് ശ്രീനിവാസൻ ഓർക്കുന്നു. കാലിക്കറ്റ് സർവകലാശാലയുടെ നാടകമത്സരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വാർത്ത ചിത്രം സഹിതമാണ് അന്ന് മാതൃഭൂമി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.

വക്കീലാകണമെന്ന അച്ഛന്റെ ആഗ്രഹത്തെ മറികടന്നാണ് ശ്രീനിവാസൻ സിനിമ പഠിക്കാൻ പോകുന്നത്. ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലേക്ക് അയച്ച അപേക്ഷയ്‌ക്കൊപ്പം ഫോട്ടോകൂടി ചേർത്തിരുന്നു, അപേക്ഷയ്‌ക്കൊപ്പമുള്ള ഫോട്ടോ കണ്ടതുകൊണ്ട് പ്രവേശനം നൽകാൻ കഴിയില്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ലുക്കില്ലെന്ന വിലയിരുത്തലിൽ അവസരം നിഷേധിച്ച സ്ഥാപനമേധാവിക്ക് ശ്രീനിവാസൻ അതിനൊരു മറുപടി അയച്ചു.

പ്രേംനസീർ സുന്ദരനാണ്, കൊട്ടാരതുല്യമായ വീട്ടിലാണ് താമസിക്കുത്. അദ്ദേഹം സിനിമയിലെ നായകനാണ്. പക്ഷെ,അദ്ദേഹത്തിന്റെ അടുക്കളക്കാരന് ആ സൗന്ദര്യംതന്നെ ആവശ്യമുണ്ടോ?അധികാരികളെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച എഴുത്തായിരുന്നു അത്.

ഒരിക്കൽ ജൈവകൃഷി മുൻനിർത്തിയുള്ള സംസാരത്തിൽ ഉദാഹരണങ്ങൾ നിരത്തിയായിരുന്നു ശ്രീനിവാസൻ നിലപാടുകൾ പ്രഖ്യാപിച്ചത്. ഓർഗാനിക് കൃഷി പ്രോത്സാഹിപ്പിക്കുതിനായി സർക്കാർതലത്തിൽ പലതും ചെയ്യുന്നതായി കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും അതെല്ലാം വോട്ട് നേടാനുള്ള തട്ടിപ്പ് മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

'കേരളത്തിലെ മൂന്ന് സർക്കാർ അഗ്രികൾച്ചറൽ കോളേജുകളിൽ പഠിപ്പിക്കുന്ന സിലബസ് ശ്രദ്ധിക്കുക, എങ്ങനെ രാസവളം ഉപയോഗിച്ച് കൃഷിചെയ്യാം എന്ന സിലബസാണ് അവിടെ പഠിപ്പിക്കുത്. മാറ്റം പാഠ്യവിഷയങ്ങളുടെ പരിഷ്‌കരണത്തിൽനിന്ന് തുടങ്ങണം. രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതിയിൽ ബിരുദം നേടി പുറത്തുവരുവർ എങ്ങനെയാണ് ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സർക്കാർ അഗ്രികൾച്ചറൽ കോളേജിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ഭാവിയിൽ ഏതുതരം കൃഷിരീതിയാണ് പ്രോത്സാഹിപ്പിക്കുക, അവർക്ക് ഏതുതരം കൃഷിയെക്കുറിച്ചാണ് ബോധ്യമുണ്ടാവുകയെന്ന് നമുക്കറിയാമല്ലോ. ജൈവകൃഷിരംഗത്ത് ഇരട്ടത്താപ്പുനയമാണ് സർക്കാൻ നടത്തുന്നത്. സർക്കാരിന് ജൈവകൃഷിയെക്കുറിച്ച് ആത്മാർഥമായി പറയാൻ യാതൊരു അവകാശവുമില്ല. എല്ലാം വെറും കള്ളത്തരം, തട്ടിപ്പ്.' ശ്രീനിവാസന്റെ സ്വരം കടുത്തു.

ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പുകൾ മാത്രമാണ് നിലവിൽ നടത്തുതെ് തെളിയിക്കാൻ സുഹൃത്തിനുണ്ടായൊരു അനുഭവം അദ്ദേഹം വിശദീകരിച്ചു. 'കൃഷിഭവനിൽനിന്ന് സുഹൃത്ത് സത്യന് കൃഷിയാവശ്യത്തിനായി ജൈവവളം നൽകി. ചാക്കിനുപുറത്ത് ജൈവവളമെല്ലൊം വലുതായി എഴുതിവെച്ചിട്ടുണ്ട്. ഉപയോഗിക്കാൻ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞിപ്പോൾ ചിലസംശയങ്ങളുണ്ടായതിനെ തുടർന്ന് വളം പരിശോധനയ്ക്കയച്ചു. രാസവളമായിരുന്നു അതെല്ലാമെന്ന് തെളിഞ്ഞു. ജൈവവളമെന്ന് എഴുതിയൊട്ടിച്ച് കൃഷിഭവൻ രാസവളം വിതരണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടെ പരാതിയുമായി ഇറങ്ങി. അന്വേഷണത്തിൽ മഞ്ചേരിയിൽനിന്നാണ് വളം കൃഷിഭവനിലേക്കെത്തിയതെന്നും സംഭവത്തിനുപിന്നിൽ ഒരു ദുബായിക്കാരനാണെും തെളിഞ്ഞു. ഉദ്യോഗസ്ഥർക്ക് കൈക്കൂലികൊടുത്ത് രാസവളം ജൈവവളമെന്ന ലേബലൊട്ടിച്ച് കൃഷിഭവനിൽ വിതരണത്തിനിറക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയപ്പോൾ ദുബായിക്കാരൻ പ്രത്യക്ഷപ്പെട്ടു. ഉപദ്രവിക്കരുതെന്നായിരുന്നു അയാളുടെ ആവശ്യം.

ഈ കാര്യങ്ങളെല്ലാം സർക്കാരിനറിയാം അവർ കണ്ണുംപൂട്ടി ഇരിക്കുകയാണ്. കൃഷിഭവനിലെ തട്ടിപ്പ് ആളുകളുടെ പേരുവിലാസവുമെല്ലാം ചേർത്ത് ശ്രീനിവാസൻ പറയുന്നത് കേട്ടപ്പോൾ തൊട്ടടുത്തിരുന്ന സുഹൃത്ത് ഇവയെല്ലാം ഇതുപോലെ പത്രത്തിലോ മാഗസിനുകളിലോ അടിച്ചുവന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.

തുറചിരിയോടെ ശ്രീനിവാസൻ സുഹൃത്തിനോടായി പറഞ്ഞു. അവരിതെല്ലാം എഴുതട്ടെ. ഇങ്ങനെയൊക്കെ പറയാനും ആരെങ്കിലുമൊക്കെ വേണ്ടേ. ഇത്രപ്രായമൊക്കെ ആയില്ലേ...(നീണ്ട ചിരി) എന്തു നഷ്ടപ്പെടാൻ, ഒരുപ്രായം കഴിഞ്ഞാൽ മനുഷ്യനിങ്ങനെയൊക്കെയാണ്...എതിർപ്പുകളും വിമർശനങ്ങളുമെല്ലാം ഉണ്ടാകും. അതൊന്നും ശ്രദ്ധിക്കേതില്ല.