എസ്.പി.ബിയുടെ സംഗീതസാന്ദ്രമായ ഓർമകൾക്ക് അഞ്ചാണ്ട്

ശാസ്ത്രീയ രാഗാധിഷ്ഠിതമായ പാട്ടുകള്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട്? നാല് പതിറ്റാണ്ടോളം ശങ്കരാഭരണത്തിന്റെ ശില്‍പ്പി ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും പരിഭവലേശമന്യേ ഹൃദയം തുറന്നു ചിരിച്ചു സംവിധായകന് കെ. വിശ്വനാഥ്. 'നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ബാലു പാടിയ പാട്ടുകളില്‍ തന്നെയുണ്ട്. 35 വര്‍ഷം ആ പാട്ടുകള്‍ കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അത്ഭുതം..'
ശങ്കരാഭരണം ഒരു ആശയമായി മനസ്സില്‍ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ്.പി.ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്-പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ശാസ്ത്രീയസംഗീത വിശാരദനായ ഡോ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകന് കെ.വി. മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകന് ലോകം മുഴുവന്‍ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരന് ആകരുതല്ലോ.
എന്നാല്‍ എസ്.പി.ബി. ഒരു സാധാരണ ഗായകന് അല്ല എന്ന് മറ്റാരെക്കാള്‍ അറിയാമായിരുന്നു, അടുത്ത ബന്ധു കൂടിയായ വിശ്വനാഥിന്. 'പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീതജ്ഞരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാള്‍ക്ക്. നല്ലൊരു നടനാണ്. അതിലുപരി കഴിവുറ്റ ശബ്ദാനുകരണ കലാകാരനും. ആരുടേയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം.ജി.ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാന്‍. സംവിധായകന് ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തില്‍ കൊണ്ടുവരാന്‍ ഉള്ളിലെ ഈ ശബ്ദാനുകരണ വിദഗ്ദന് അയാളെ സഹായിച്ചിട്ടുണ്ടാകം.'
ശങ്കരാഭരണത്തില്‍ പരമ്പരാഗത ശൈലിയിലുള്ള ശാസ്ത്രീയ സംഗീത കൃതികളല്ല ശങ്കരശാസ്ത്രികള്‍ പാടുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു വിശ്വനാഥ്. 'ലളിതശാസ്ത്രീയ ഗാനങ്ങളാണ് അവ. ചെറിയൊരു നാടകീയത ഇല്ലെങ്കില്‍ അത്തരം പാട്ടുകള്‍ ജനകീയമാവില്ല. സിനിമയിലെ കഥാമുഹൂര്‍ത്തങ്ങളുടെ വൈകാരിക ഭാവവുമായി ചേര്ന്നുനില്ക്കുകയും വേണം അവ. ആലാപനത്തില്‍ ഈ നാടകീയത ആവിഷ്കരിക്കാന്‍ എസ്.പി.ബിയോളം കഴിവുള്ളവര്‍ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം.'
മറ്റൊന്നു കൂടി പറഞ്ഞു വിശ്വനാഥ്. 'ബാലുവും ഞാനും തമ്മില്‍ അപൂര്‍വമായ ഒരു ഹൃദയൈക്യമുണ്ട്. ബാലുവിന്റെ കഴിവുകളുടെ വ്യാപ്തി എനിക്ക് നന്നായറിയാം. എന്നിലെ സംവിധായകന് വേണ്ടത് എന്താണെന്ന് അയാള്‍ക്കും. മാത്രമല്ല ബാലു എന്റെ അടുത്ത ബന്ധു കൂടിയാണ്. സഹോദരതുല്യന്‍. കുട്ടിക്കാലം മുതലേ അറിയാം അയാളെ. ലക്ഷ്യത്തിലെത്താന്‍ വേണ്ടി കഠിനമായി പ്രയത്നിക്കാന്‍ മടിയില്ലാത്ത കൂട്ടത്തിലാണ്. ശങ്കരാഭരണത്തിലെ പാട്ടുകളുടെ പൂര്‍ണ്ണതക്ക് വേണ്ടി ബാലു സഹിച്ച ത്യാഗങ്ങള്‍ നേരിട്ട് കണ്ടയാള്‍ എന്ന നിലക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാനാകും എനിക്ക്-മറ്റാര് പാടിയാലും ആ ഗാനങ്ങള്‍ ഇത്രകണ്ട് ശ്രദ്ധിക്കപ്പെടില്ലായിരുന്നു...'
മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നന്ദി അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും ഉള്‍പ്പെടെ 'ശങ്കരാഭരണം' എന്ന സിനിമ നേടിത്തന്ന കീര്‍ത്തിമുദ്രകള്‍ ഒന്നടങ്കം എസ്.പി. ബാലസുബ്രഹ്മണ്യം സമര്‍പ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരത്തുകാരനാണ്. ചാലയില്‍ ജനിച്ചുവളര്‍ന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ദനായി പേരെടുത്ത വേലപ്പന് നായര്‍ എന്ന അപ്പുവിന്.
'പുകഴേന്തി' എന്ന പേരിലാണ് സിനിമാലോകത്ത് അപ്പുവിന് ഖ്യാതി. കെ.വി. മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാര്‍ഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കില്‍ ശങ്കരാഭരണത്തിലെ പാട്ടുകള്‍ പാടി ഫലിപ്പിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിച്ചു എസ്.പി.ബി. 'ശങ്കരാഭരണത്തില്‍ പാടാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാന്‍ ശ്രമിച്ചത്. പിതാവിനെ പോലെ ഞാന്‍ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്. ഈ പടവും ഒരു അവിസ്മരണീയ ദൃശ്യാനുഭവം ആകുമെന്നുറപ്പായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. പാട്ടുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഒരു ക്ലാസിക് പടം ശ്രദ്ധിക്കപ്പെടാതെ പോയാലോ? അതില്‍പ്പരം ഒരപമാനമുണ്ടോ. സംവിധായകന് മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും അത് ദുഷ്പേരുണ്ടാക്കും. എനിക്കു പകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാന്‍ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളില്‍ അത്രയും വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റര്‍ക്കും.'
കെ.വി. മഹാദേവനാണ് സംഗീതസംവിധായകന്. 'അടിമൈപ്പെണ്' എന്ന എം.ജി.ആര്. ചിത്രത്തിലെ 'ആയിരം നിലവേ വാ' എന്ന മനോഹര പ്രണയഗാനത്തിലൂടെ എസ്.പി.ബിയ്ക്ക് സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ഏറ്റവും വലിയ ബ്രേക്ക് നല്കിയ വ്യക്തി. വേറെയും മെലഡികള്‍ കെ.വി.എമ്മിന് വേണ്ടി പാടി ഹിറ്റാക്കിയിട്ടുണ്ടെങ്കിലും ശങ്കരാഭരണത്തില്‍ തന്നെ കാത്തിരിക്കുന്നത് ആയുസ്സിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് നന്നായറിയാം എസ്.പി.ബിക്ക്. 'ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ച നാളുകളായിരുന്നു അവ. റെക്കോര്‍ഡിങ് അടുക്കുന്തോറും പിരിമുറുക്കവും കൂടിവന്നു. ആ സന്നിഗ്ധ ഘട്ടത്തിലാണ് ദൈവദൂതനെ പോലെ പുകഴേന്തി സാര്‍ അവതരിക്കുന്നത്. കെ.വി.എമ്മിന്റെ വിശ്വസ്തനായ സംഗീത സഹായി. പുകഴേന്തിയുടെ മാന്ത്രിക സ്പര്‍ശമില്ലാത്ത ഒരൊറ്റ മഹാദേവഗാനവുമില്ല. ഉള്ളിലെ വേവലാതി എന്റെ മുഖത്തു നിന്ന് വായിച്ചെടുത്തിരിക്കണം അദ്ദേഹം. ഒരു ദിവസം പുകഴേന്തി എന്നെ വിളിച്ചു പറഞ്ഞു: 'പേടിക്കേണ്ട. ഈ പടത്തിലെ എല്ലാ പാട്ടുകളും നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു. ഒരാഴ്ച സാവകാശം തരുക.' ഒരാഴ്ചയല്ല ഒരു വര്‍ഷമിരുന്നു പഠിച്ചാലും പിഴവില്ലാതെ ശാസ്ത്രീയ കൃതികള്‍ പാടാന്‍ തനിക്ക് കഴിയില്ല എന്നു തന്നെയായിരുന്നു അപ്പോഴും എസ്.പി.ബിയുടെ വിശ്വാസം.
പിറ്റേന്ന് കാലത്തു തന്നെ കുറെ ഓഡിയോ കാസറ്റുകളുമായി പുകഴേന്തി എസ്.പി.ബിയെ കാണാനെത്തുന്നു. 'പടത്തിലെ ഗാനങ്ങള്‍ എല്ലാം കാസറ്റില്‍ പാടിവെച്ചിരിക്കുകയാണ് അദ്ദേഹം. ശ്രദ്ധാപൂര്‍വ്വം അവ കേള്‍ക്കാനും ഏറ്റു പാടാനുമാണ് എനിക്ക് കിട്ടിയ നിര്‍ദേശം.' -എസ്.പി.ബി. 'ആ നിമിഷം മുതല്‍ ഒരു തപസ്യ പോലെ ഞാന്‍ എന്റെ പരിശീലനം തുടങ്ങി. വീട്ടിലോ സ്റ്റുഡിയോയിലോ വെറുതെ ഇരിക്കുമ്പോള്‍, കാറില്‍ യാത്ര ചെയ്യുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, കുളിക്കുമ്പോള്‍, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍, പുലര്‍ച്ചെ ഉണരുമ്പോള്‍ എല്ലാം ഞാന്‍ ആ കാസറ്റുകള്‍ കേട്ടുകൊണ്ടിരുന്നു. പുകഴേന്തിയുടെ തെല്ലു പരുഷമെങ്കിലും ഹൃദ്യമായ ശബ്ദത്തില്‍ നിറഞ്ഞുനിന്ന ഭാവാംശം എന്റെ ആലാപനത്തിലേക്കു പകര്‍ത്താന്‍ ശ്രമിച്ചു. ദിവസവും രാവിലെ പുകഴേന്തിയുടെ ഫോണ്‍ വരും. ഈ അഗ്നിപരീക്ഷയില്‍ ഞാന്‍ പരാജയപ്പെടരുതെന്ന് എന്നെക്കാള്‍ നിര്‍ബന്ധം ആ വലിയ മനുഷ്യനായിരുന്നു...''
പരീക്ഷണം ഒടുവില്‍ എസ്.പി.ബി. ജയിച്ചുകയറുക തന്നെ ചെയ്തു; തിളക്കമാര്‍ന്ന ആ വിജയം തന്നെയായിരുന്നു പുകഴേന്തിക്കുള്ള അദ്ദേഹത്തിന്റെ 'ഗുരുദക്ഷിണ'യും.
'ശങ്കരാ നാദശരീരാ പരാ...' എന്ന ഗാനമാണ് സൂപ്പര്‍ഹിറ്റായി മാറിയതെങ്കിലും, പാടി ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസപ്പെട്ടത് 'ഓംകാര നാദാനു സന്താന മൗഗാനമേ...' എന്ന ഗാനമാണെന്നു പറഞ്ഞിട്ടുണ്ട് എസ്.പി. ബാലസുബ്രഹ്മണ്യം. ദേശീയ അവാര്‍ഡ് നേടിത്തന്നതും ഇതേ ഗാനം തന്നെ. 'മറ്റു പാട്ടുകള്‍ എല്ലാം അനായാസമായിരുന്നു എന്നല്ല അതിന്റെ അര്‍ഥം. നീണ്ട റിഹേഴ്സലുകള്‍ക്കു ശേഷമാണ് ഓരോ പാട്ടും റെക്കോര്‍ഡ് ചെയ്തത്. പുകഴേന്തി സാറിന്റെ ക്ഷമാശീലത്തിനു നന്ദി. വാണി ജയറാംജിയുടെ പ്രോത്സാഹനത്തിനും. പാടിയതില്‍ ഏറ്റവും എളുപ്പം ഏതായിരുന്നു എന്നു ചോദിച്ചാല്‍ പറയാം, പോപ് മ്യൂസിക് ഭ്രാന്തന്മാരെ പാഠം പഠിപ്പിക്കാന്‍ വേണ്ടി ശങ്കരശാസ്ത്രി യോഡ്ലിങ് ശൈലിയില്‍ പാടുന്ന സംഗീത ശകലം. സിനിമയിലെ ശാസ്ത്രീയ കൃതികളേക്കാള്‍ സാധാരണക്കാരായ പ്രേക്ഷകരുടെ കയ്യടി നേടിയത് അതാണെന്ന കാര്യം വേറെ.'
ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ പുതുമ നശിക്കാത്ത ശ്രവ്യാനുഭവങ്ങളായി മാറിയതിനു പിന്നില്‍ എസ്. സ്വാമിനാഥന് എന്ന ശബ്ദലേഖന വിദഗ്ധന്റെ ഇന്ദ്രജാലം കൂടിയുണ്ട്. സിനിമക്ക് വേണ്ടി എസ്.പി.ബി. ആദ്യം പാടിയ ഗാനം - ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ (1966) ഏമി ഈ വിന്ത മോഹം - ഇതേ വിജയാ ഗാര്‍ഡന്‍സില്‍ റെക്കോര്‍ഡ് ചെയ്തത് സ്വാമിനാഥനായിരുന്നു.
'നൂറു വര്‍ഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമ കൊണ്ട് വിശ്വനാഥിനും എസ്.പി.ബിക്കും കഴിഞ്ഞു' എന്നു പറഞ്ഞത് കര്‍ണ്ണാടക സംഗീത കുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍. സംഗീതയാത്രയില്‍ ലഭിച്ച ഏറ്റവും മഹത്തായ അംഗീകാരമായി കണ്ടു എസ്.പി.ബി. ആ നിരീക്ഷണത്തെ. ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നിപ്പിച്ച വാക്കുകള്‍.
2020 സെപ്തംബര്‍ 25-ന് എസ്.പി.ബി. ഓര്‍മ്മയായി; മൂന്ന് വര്‍ഷം കഴിഞ്ഞ് വിശ്വനാഥും. ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും പത്തരമാറ്റ്.
Published: 25 Sept 2025, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented