
പ്രിയഗായികയുടെ കരസ്പർശമേറ്റ കറൻസി നോട്ട് വർഷങ്ങളോളം സ്വന്തം പൂജാമുറിയിൽ സൂക്ഷിച്ചുവെച്ചു ശ്രീകാന്ത്; ഒടുവിൽ ഒരു നാൾ മനസ്സില്ലാമനസ്സോടെ കയ്യൊഴിയും വരെ. തീർത്തും വേദനാജനകമായിരുന്നു ആ 'വേർപാട്' എന്ന് ശ്രീകാന്ത്. "ചെറുപ്പം മുതലേ വല്ലാത്തൊരു ആരാധനയുണ്ടായിരുന്നു പി സുശീലാമ്മയുടെ ശബ്ദത്തോട്. സിനിമയിൽ പിന്നണിഗായകനായപ്പോൾ അവർക്കൊപ്പം ഒരു പാട്ടെങ്കിലും പാടാൻ കഴിയുമല്ലോ എന്നോർത്ത് സന്തോഷിച്ചു. എന്തുചെയ്യാം? വിധി അതനുവദിച്ചില്ല. എസ്. ജാനകിയോടും മാധുരിയോടും വാണിജയറാമിനോടും അമ്പിളിയോടും ലതയോടും പി. ലീലച്ചേച്ചിയോടുമെല്ലാം ഒപ്പം യുഗ്മഗാനങ്ങൾ പാടി. സുശീലാമ്മക്കൊപ്പം മാത്രം പാടി റെക്കോർഡ് ചെയ്യാൻ ഭാഗ്യമുണ്ടായില്ല..." -- ചുവന്ന സന്ധ്യകൾ (1975) എന്ന ചിത്രത്തിൽ വയലാർ - ദേവരാജൻ ടീമൊരുക്കിയ 'ഇതിഹാസങ്ങൾ ജനിക്കും മുൻപേ' എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായകൻ പറയുന്നു.
സിനിമയിൽ തിരക്കു കുറഞ്ഞ കാലത്ത് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കമുകറ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാനമേളയിലാണ് സുശീലാമ്മയോടൊപ്പം വേദിയിൽ ആദ്യമായി ഒരു യുഗ്മഗാനം പാടിയത്; കാൽ നൂറ്റാണ്ടോളം മുൻപ്. മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്ന് ശ്രീകാന്ത്. "തുലാഭാരത്തിലെ 'ഓമനത്തിങ്കളിനോണം പിറക്കുമ്പോൾ'എന്ന പാട്ട് പാടുന്നതിനിടെ ഇടയ്ക്കിടെ എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു അവർ. ചിലപ്പോൾ പഴയ കാലം ഓർമ്മവന്നിരിക്കാം. എങ്കിലും പാടിക്കഴിഞ്ഞ ശേഷം പ്രത്യേകിച്ചൊന്നും പറഞ്ഞില്ല..."

വേദിയിൽ അടുത്തതായി ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'പ്രമദവനം വീണ്ടും ഋതുരാഗം' ചൂടി എന്ന സൂപ്പർ ഹിറ്റ് ഗാനം പാടുന്നു ശ്രീകാന്ത്. ഗാനമേളാവേദികളിൽ സ്ഥിരമായി പാടി കയ്യടി നേടാറുള്ള പാട്ട്. പതിവുപോലെ ഹൃദയം നൽകിത്തന്നെ അത് പാടി ശ്രീകാന്ത്. ആരാധനാപാത്രമായ സുശീലാമ്മ ശ്രോതാവായി ഉള്ളപ്പോൾ ഒട്ടും മോശമാവരുതല്ലോ ആലാപനം.
ഇനിയാണ് അത്ഭുതം. പ്രമദവനം പാടി ബാക്ക് സ്റ്റേജിൽ തിരിച്ചെത്തിയ ഗായകനെ സംഘാടകരിലൊരാൾ തേടിയെത്തുന്നു. "സുശീലാമ്മയ്ക്ക് നിങ്ങളെ ഒന്ന് നേരിൽ കാണണമെന്ന് പറയുന്നു. ഇപ്പോൾ പാടിയ പാട്ടിനെക്കുറിച്ച് എന്തോ പറയാനുണ്ടത്രേ.."
ചെറുതായൊന്ന് ഞെട്ടിയെന്ന് ശ്രീകാന്ത്. എന്തായിരിക്കും അവർക്ക് തന്റെ പാട്ടിനെക്കുറിച്ചു പറയാനുണ്ടാകുക? ഇഷ്ടപ്പെട്ടില്ലെന്ന് വരുമോ? സകല ധൈര്യവും സംഭരിച്ചു മുന്നിൽ ചെന്നുനിന്നപ്പോൾ ഇരുന്ന ഇരിപ്പിൽ കൈകൂപ്പിക്കൊണ്ട് തെന്നിന്ത്യയുടെ ഗാനകോകിലം പറഞ്ഞു: "രൊമ്പ അഴകാന പാടൽ. ബ്യൂട്ടിഫുൾ സിംഗിങ്. അപ്പപ്പാ എന്ന കുരൾ.... പ്രമദവനം പ്രമാദമായിരിക്ക്.."
എന്തു പറയണമെന്നറിയാതെ വികാരാധീനനായി കൈകൂപ്പി നിന്നു ശ്രീകാന്ത്. "സിനിമയിൽ പാടിക്കൂടേ എന്ന് അവർ നിഷ്കളങ്കമായി ചോദിച്ചത് ഓർമ്മയുണ്ട്. ഞാൻ സിനിമയിൽ പാടിയ കാര്യമൊന്നും അവർ അറിഞ്ഞിരിക്കണമെന്നില്ലല്ലോ. അന്നവർ വളരെ തിരക്കുള്ള ഗായികയായിരുന്നു. സിനിമയിൽ പാടിയ കഥ പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ ചിരിച്ചു. ഇനിയും അവസരങ്ങൾ കിട്ടട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു."
അടുത്ത നിമിഷം കയ്യിലെ ഹാൻഡ്ബാഗ് തുറന്ന് അഞ്ഞൂറ് രൂപയുടെ ഒരു നോട്ടെടുത്ത് ശ്രീകാന്തിന് നേരെ നീട്ടുന്നു സുശീല. "ഇത് എന്റെ ഒരു ചിന്ന ഗിഫ്റ്റ്. എന്റെ മനസ്സിന്റെ സന്തോഷത്തിന് വേണ്ടിയാണ്. സ്വീകരിക്കണം.", എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലനായി നിന്നപ്പോൾ അടുത്തുണ്ടായിരുന്ന സംഘാടകൻ ഇടപെടുന്നു: "മടിക്കാതെ വാങ്ങണം. അവർ സന്തോഷത്തോടെ തരുന്നതല്ലേ? ഇതൊന്നും എപ്പോഴും കിട്ടുന്നതല്ല..."
നിറഞ്ഞ കണ്ണുകളോടെ ഇരുകൈയും നീട്ടി ആ പാരിതോഷികം ഏറ്റുവാങ്ങി ശ്രീകാന്ത്. "വിധി നമുക്കുവേണ്ടി കരുതിവെക്കുന്ന അത്ഭുതങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു ഞാൻ. ഒരിക്കലെങ്കിലും ഒന്ന് കാണാൻ, ഒപ്പം പാടാൻ മോഹിച്ചിട്ടുള്ള ഗായിക ഇതാ എനിക്ക് മുന്നിൽ എന്റെ പാട്ടിനോടുള്ള സ്നേഹവുമായി... ദൈവത്തിന് നന്ദി പറഞ്ഞു ഞാൻ.."
ആ അഞ്ഞൂറ് രൂപയുടെ മൂല്യം അറിയാമായിരുന്നതുകൊണ്ട് വീട്ടിലെ പൂജാമുറിയിൽ തന്നെ അത് ഭദ്രമായി സൂക്ഷിച്ചുവെച്ചു താനെന്ന് ശ്രീകാന്ത്. "ഒരിക്കലും ആ നോട്ട് ചെലവാക്കരുത് എന്നായിരുന്നു ആഗ്രഹം. സുശീലാമ്മ സമ്മാനിച്ചതല്ലേ? പക്ഷേ, നിനച്ചിരിക്കാതെ വന്നുപെട്ട ഒരു സാമ്പത്തിക പ്രതിസന്ധി എന്റെ മോഹം തകർത്തു. ദാരിദ്ര്യം അനുഭവിക്കേണ്ടി വരുമ്പോൾ നമ്മൾ മറ്റൊന്നും ഓർക്കില്ലല്ലോ. മനസ്സില്ലാമനസ്സോടെ ആ തുകയെടുത്തു ചെലവാക്കേണ്ടി വന്നു എനിക്ക്. ഇന്നും അതോർക്കുമ്പോൾ സങ്കടമാണ്. ഇനിയൊരിക്കലും കാണാനാവില്ലല്ലോ ആ സമ്മാനം..."
പ്രായം എഴുപതുകളിലെത്തിയെങ്കിലും ഗാനമേള വേദികളിൽ ഇപ്പോഴും സജീവമാണ് ഈ അനുഗൃഹീത ഗായകൻ. "പാട്ടില്ലാതെ നമുക്കൊരു ജീവിതമില്ലല്ലോ. ആരും എന്നെ മറക്കരുതേ എന്നൊരു പ്രാർഥന മാത്രം..."
Content Highlights: singer P Susheela singer Birthday singer sreekanth about p susheela
Published: 13 Nov 2023, 03:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented