അതുല്യനായ സംഗീത സംവിധായകന്‍ രവീന്ദ്രൻ മാസ്റ്റർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം. അദ്ദേഹവുമായുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജൂൺ കാര്യാൽ.
സ്മരണാഞ്ജലി
വടക്കുംനാഥനിലെ സോങ്ങ് കമ്പോസിങ്ങ് വേളയിലെടുത്ത രവിയേട്ടനുമൊത്തുള്ള ഒരു ഓര്‍മ്മചിത്രമാണിത്. കൂടെ ഗിരീഷ് പുത്തഞ്ചേരിയും.
രവിയേട്ടന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം പൂര്‍ത്തിയാവുന്നു. ഞാന്‍ സംവിധാനം ചെയ്ത 4 സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് രവിയേട്ടന്‍. തച്ചിലേടത്ത് ചുണ്ടന്‍, സായവര്‍ തിരുമേനി, ഗ്രീറ്റിംഗ്‌സ്, വടക്കുംനാഥന്‍ എന്നീ നാലു സിനിമകളിലൂടെ ഞങ്ങള്‍ വളരെയധികം അടുക്കുകയും നല്ല ഹൃദയ ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. ആഴ്ച്ചയില്‍ കുറഞ്ഞത് 2 തവണയെങ്കിലും രവിയേട്ടന്‍ എനിക്ക് ഫോണ്‍ ചെയ്യുമായിരുന്നു. ഫോണ്‍ സംഭാഷണം പലപ്പോഴം അര്‍ദ്ധരാത്രി വരെ നീളം ... സിനിമയും സംഗീതവും മാത്രമാണ് വിഷയം. പല തവണ എന്റെ ഭാര്യ എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ക്കെന്താ ഇത്രയധികം സംസാരിക്കാനെന്ന്.??
ചലച്ചിത്ര വിതരണവുമായി മദ്രാസിലുള്ള കാലം മുതല്‍ അച്ഛന് രവിയേട്ടനെ പരിചയമുണ്ട്. അന്ന് രവിയേട്ടന്‍ ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് ആയിരുന്നു. എല്ലാവരും ദാസേട്ടാ എന്ന് വിളിക്കുന്നാള്‍ രവിയേട്ടന്‍ മാത്രം രാമേട്ടാ എന്നാണ് അച്ഛനെ വിളിക്കുക.. അതു കൊണ്ട് തന്നെ അച്ഛന് ആ വിളി വലിയ ഇഷ്ടവുമായിരുന്നു... കോഴിക്കോട്ട് വന്നാല്‍ രവിയേട്ടന്‍ ഉടനെ അച്ഛന് ഫോണ്‍ ചെയ്യും. എന്നിട്ട് പറയും 'ചേച്ചിയോട് പറ, രാത്രി എനിക്ക് ജീരകം അരച്ച നെല്ലു കുത്തരിയുടെ കഞ്ഞിയും മീന്‍ കറിയും എടുത്ത് വെക്കാന്‍' .
വീട്ടിലേക്ക് വരാന്‍ സമയം കിട്ടിയില്ലെങ്കില്‍ അമ്മ രവിയേട്ടന് കഞ്ഞി ഹോട്ടലിലേക്ക് സ്ഥിരമായി കൊടുത്തയക്കുമായിരുന്നു.. വിദേശ യാത്രക്ക് പോവുമ്പോള്‍ ശോഭേച്ചിയെ എന്റെ വീട്ടില്‍ താമസിപ്പിച്ചിട്ടാണ് രവിയേട്ടന്‍ പോവുക.. രവിയേട്ടന്‍ വീട്ടില്‍ വന്നാല്‍ പിന്നെ വലിയ ഓളമാണ്. രവിയേട്ടനെത്തിയാല്‍ എന്റെ അനിയന്‍ സൂരജ് കാര്യാലും സുഹൃത്തുക്കളുമെല്ലാം ഓടിയെത്തും. പിന്നെ പാട്ടും സംഗീതവുമായി ഒരാഘോഷം തന്നെയാണ്.
സുഹൃത്തുക്കളെല്ലാം പോയി കഴിഞ്ഞാല്‍ രവിയേട്ടന്‍ ഹാര്‍മോണിയപ്പെട്ടിയെടുത്ത് ഒരു പിടുത്തമിട്ടിട്ട് പറയും '' ഇത് നിനക്ക് വേണ്ടി'.... രാഗവിസ്താരം തുടങ്ങകയായി പിന്നെ... പല ഈണത്തില്‍, രാഗത്തില്‍ ഉച്ചസ്ഥായില്‍ രാഗാലാപനം..... നേരം വെളുക്കുവോളം അത് തുടരും.... സ്വര്‍ഗ്ഗത്തിലാണോ ഞാനെന് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് മാത്രം കിട്ടിയ ഭാഗ്യമായിരിക്കുമോ അത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഇതു വരെയുള്ള എന്റെ ജീവിത കാലയളവില്‍ ഞാനേറ്റവുമധികം സന്തോഷമനുഭവിച്ച നിമിഷങ്ങളായിരുന്നു അത്.
വടക്കുംനാഥന്റെ സോങ്ങ് കമ്പോസിങ്ങ് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ഗോവിന്ദന്‍ കുട്ടി ഏര്‍പ്പാട് ചെയ്തതനുസരിച്ച് രവിയേട്ടനും ശോഭേച്ചിയും ഗിരീഷ് പുത്തഞ്ചേരിയും ഞാനും കൂടി തളിപ്പറമ്പിലുള്ള രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. എല്ലാവരും ഭഗവതിക്ക് മുന്നില്‍ തൊഴുത് കഴിഞ്ഞ് ക്ഷേത്രം വലം വെക്കാനായി നടന്നു. ഒരടി മുന്നോട്ട് നടന്ന ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ രവിയേട്ടന്‍ തൊഴുതു മതിയാവാതെ അവിടെ തന്നെ നില്‍ക്കുകയാണ്. അഞ്ച് മിനിറ്റോളം കാത്തതിന് ശേഷം അദ്ദേഹത്തിന്റെ സമീപത്തേക്ക് ഞാന്‍ ചെന്നപ്പോള്‍ ആ സംഗീതജ്ഞന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകുന്നതാണ് കണ്ടത്.
എനിക്കാകെ വിഷമമായി. എന്തു പറ്റിയെന്ന് പല തവണ ചോദിച്ചിട്ടും രവിയേട്ടനൊന്നും വിട്ടു പറഞ്ഞില്ല. പിന്നീട് വടക്കുംനാഥന്റെ പാട്ട് റിലീസായി... വന്‍ ഹിറ്റായി. രവിയേട്ടന് വിദേശങ്ങളില്‍ നിന്നു ആരധകരുടെ ഫോണ്‍ കാള്‍ പ്രവാഹമായി. ഏറെ സന്തോഷത്തോടെ രവിയേട്ടന്‍ എന്നോട് പറഞ്ഞത് ഇതുവരെ ഒരു സിനിമ ഗാനങ്ങള്‍ക്കും ആരാധകരുടെ സ്വീകാര്യത വിദേശങ്ങളില്‍ ഇത്രത്തോളം ലഭിച്ചിട്ടില്ലെന്നാണ്. കൂട്ടത്തില്‍ എന്റെ ചങ്കില്‍ കുത്തിയ പോലെ തമാശ രൂപേണ ഒരു കാര്യം കൂടി ചോദിച്ചു അദ്ദേഹം ' എടാ ഷാജുണേ, കെടാന്‍ പോവുന്ന തിരിയുടെ ആളിക്കത്തലാണോ ഇത്!?' എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.
രാജ രാജേശ്വരി ക്ഷേത്രത്തില്‍ വെച്ച് എന്റെ രവിയേട്ടന്‍ കരഞ്ഞത് ഞാനോര്‍ത്തു. വീണ്ടും ഞാന്‍ ആ സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ശരിയായ മറുപടി തരാതെ അദ്ദേഹം ഒഴിഞ്ഞു മാറി. അദ്ദേഹം നിര്‍മ്മിക്കാനൊരുങ്ങുന്ന സിനിമ ഞാന്‍ സംവിധാനം ചെയ്യണമെന്നും ലാലേട്ടന്‍ തയ്യാറാണെന്നറിയിച്ചതായും രവിയേട്ടന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. പിന്നീടൊരു രാത്രി ഫോണ്‍ ചെയ്ത് അദ്ദേഹം എന്നോടാ രഹസ്യം തുറന്നു പറഞ്ഞു. ഇനി അധിക കാലം ഉണ്ടാവില്ലെടാ ഷാജൂണേ'... അതെ... ക്യാന്‍സറെന്ന മാരക രോഗം പിടി മുറുക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കേള്‍ക്കരുതെന്നാഗ്രഹിച്ച ആ ദുരന്ത വാര്‍ത്ത ഒരു ഫോണ്‍ കാളിലൂടെ മദ്രാസില്‍ നിന്ന് ലെയ്‌സണ്‍ ഓഫീസര്‍ അഗസ്റ്റിന്റെ ശബ്ദത്തിലെത്തി.... രവിയേട്ടന്‍ പോയി! ഗിരീഷ് പുത്തഞ്ചേരിയും ഞാനും മദ്രാസിലേക്ക് പറന്നു. രവിയേട്ടന്റെ ചലനമറ്റ ശരീരം കണ്ട് വിറങ്ങലിച്ച് നില്‍ക്കുന്ന എന്റടുത്തേക്കോടി വന്ന് കരഞ്ഞു കൊണ്ട് ശോഭേച്ചി പറഞ്ഞു..... നമ്മുടെ രവിയേട്ടന്‍ പോയി ഷാജൂ ..ശോഭേച്ചി എന്നെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ട് എല്ലാവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരുടെ ഏതോ ബന്ധുവാണ് ഞാന്‍ എന്നാണ് അവിടെ കൂടിയവര്‍ കരുതിയത്.
എല്ലാം ഇന്നലെ കഴിഞ്ഞ പോലെയുണ്ട്. 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....സിനിമാ രംഗത്ത് എന്നോട് ഏറ്റവും അധികം അടുപ്പവും സ്‌നേഹവും കാണിച്ച വ്യക്തിയാണ് രവിയേട്ടന്‍. ഞങ്ങള്‍ തമ്മില്‍ എന്ത് ബന്ധമാണ് ? ഇതിനെയായിരിക്കുമോ മുജ്ജന്മസുകൃതമെന്ന് പഴമക്കാര്‍ പറയുന്നത്?
രവിയേട്ടര്‍ ഓര്‍മ്മയായിട്ട് 15 വര്‍ഷം തികയുന്ന ഇന്ന് മഹാനായ ആ സംഗീത ചക്രവര്‍ത്തിക്ക് എന്റെ കണ്ണീര്‍ പ്രണാമം
Content Highlights : Shajoon Kariyal about music director Raveendran on his death anniversary