'ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല'


തയ്യാറാക്കിയത്: ബൈജു പി സെന്‍

മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല, എന്നിട്ടും ആ ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റോ മമ്മൂട്ടി ഏറ്റുവാങ്ങി. കാരണം ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുചേര്‍ന്ന വിജയാഘോഷം.

സത്യൻ അന്തിക്കാട്, ഫോട്ടോ: വി പി പ്രവീൺകുമാർ

മമ്മൂട്ടി, ഐ.വി. ശശി, മോഹന്‍ലാല്‍, സീമ, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന കാസിനോ കമ്പനിയുടെ ഹിറ്റ് ചിത്രമായിരുന്നു നാടോടിക്കാറ്റ്. സംവിധായന്‍ സത്യന്‍ അന്തിക്കാട് ആ ഹിറ്റിന്റെ കഥ പറയുന്നു

ടി.പി. ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിനുശേഷമാണ് ഞാനും ശ്രീനിവാസനും മോഹന്‍ലാലും ചേര്‍ന്ന ഹിറ്റ് കോമ്പിനേഷന്‍ ആരംഭിക്കുന്നത്. ആ ചിത്രത്തിലൂടെയാണ് ലാല്‍ ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയത്. അതിനുമുന്‍പ് 'അപ്പുണ്ണി'യും 'കിന്നാര'വും 'കുറുക്കന്റെ കല്ല്യാണ'വും ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിനുശേഷമാണ് ഞാന്‍ എന്റെ റൂട്ട് തിരിച്ചറിയുന്നത്. അതുകഴിഞ്ഞ് ടി.പി. ബാലഗോപാലന്‍ എം.എ., സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നീ ഹിറ്റ് ചിത്രങ്ങള്‍ പിറന്നു. അതെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായിരുന്നു. \

എന്നാല്‍ അതിനെത്തുടര്‍ന്ന് ഒരുക്കിയ 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' ഞങ്ങളുടെ മറ്റ് ചിത്രങ്ങളുടെ ലെവലിലേക്ക് എത്തിയില്ല. അത് ഞങ്ങളുടെതന്നെ കുറ്റമായിരുന്നു. അതിന്റെ ക്ഷീണം നന്നായി ബാധിച്ചു. അടുത്ത സിനിമ സൂപ്പര്‍ഹിറ്റാക്കുക എന്നത് എന്റെയും ശ്രീനിയുടെയും അഭിമാനപ്രശ്നമായി. അങ്ങനെ നാടോടിക്കാറ്റിന്റെ കഥ ഒരുക്കാന്‍ ഒരുവര്‍ഷക്കാലം ഞങ്ങള്‍ ചെലവഴിച്ചു. ഐ.വി. ശശി, മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്ന കാസിനോ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു സിനിമ നിര്‍മിച്ചത്.

കള്ളലോഞ്ചിന്റെ സത്യം

തൊഴിലില്ലായ്മയായിരുന്നു അന്നത്തെ യുവാക്കളുടെ പ്രധാന പ്രശ്നം. അത്തരത്തിലെ നിരവധി കഥകള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. പക്ഷേ, പലതും തൃപ്തിപ്പെടുത്തിയില്ല. ഞാന്‍ അന്ന് മാരുതി കാര്‍ വാങ്ങിയ കാലമായിരുന്നു.തിരുവനന്തപുരത്തെ ഹോട്ടലിലിരുന്ന് കഥ ചര്‍ച്ചചെയ്ത് ബോറടിച്ചപ്പോള്‍ കോഴിക്കോട് കാപ്പാടുവരെ ഒരുരാത്രി ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്.

എന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ 'എന്ന ചിത്രത്തിന്റെ തിരക്കഥ സിദ്ധിഖ്-ലാല്‍ ആയിരുന്നു. അതിന്റെ കഥാചര്‍ച്ചയ്ക്കിടയില്‍ അവര്‍ പറഞ്ഞ മറ്റൊരു കഥയിലെ ഒരുഭാഗം ഞാന്‍ ശ്രീനിയുടെ ശ്രദ്ധയില്‍പെടുത്തി. ആ കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ ഗള്‍ഫിലേക്കാണെന്നുപറഞ്ഞ് കള്ളലോഞ്ചില്‍ കയറി, ചെന്നൈയില്‍പോയി ഇറങ്ങേണ്ടിവന്ന ഭാഗമുണ്ടായിരുന്നു. തൊഴിലില്ലാത്ത യുവാക്കളുടെ, ഞങ്ങളുടെ കഥയില്‍ ആ ഭാഗം വന്നാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ അവരുടെ അനുവാദത്തില്‍ ആ ഭാഗംമാത്രം ഞങ്ങളുടെ സിനിമയില്‍ ഉപയോഗിച്ചു. ബാക്കിയെല്ലാം ശ്രീനിവാസന്റെ ഭാവനയില്‍ പിറന്നതാണ്. അതിന്റെ നന്ദിസൂചകമായി ചിത്രത്തില്‍ സ്റ്റോറി, ഐഡിയ എന്ന ക്രെഡിറ്റും , ഞാനും ശ്രീനിയും ചേര്‍ന്ന് തരക്കേടില്ലാത്ത പ്രതിഫലവും സിദ്ധിഖ്-ലാല്‍ ടീമിന് നല്‍കി.

ഗതികേടില്‍ നിന്നുള്ള തമാശകള്‍

കഥാചര്‍ച്ചയില്‍ ചെറുപ്പക്കാരുടെ പ്രതിനിധിയായ കഥാപാത്രങ്ങളായി ദാസനെയും വിജയനെയും കിട്ടി. എഴുതുന്നത് കഥയാണെങ്കിലും ഏത് സീനും ജീവിതവുമായി ബന്ധപ്പെടുത്തി എഴുതാന്‍ ശ്രീനിവാസന് അപാരമിടുക്കാണ്. ദാരിദ്ര്യത്തില്‍ ഹ്യൂമര്‍ കാണാന്‍ ശ്രീനിയ്ക്ക് കഴിയും. ഗതികേടില്‍നിന്നാണ് തമാശകള്‍ ഉയരുന്നത്. പശുവിനെ വാങ്ങി വളര്‍ത്തിയപ്പോള്‍ അതിന്റ കരച്ചില്‍കേട്ട് ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നു എന്ന് പറഞ്ഞവര്‍ പിന്നീട് വിശപ്പടക്കാന്‍ കഴിയാതെ പശുവിന് കൊടുക്കാന്‍വെച്ച തേങ്ങാപ്പിണ്ണാക്ക് എടുത്ത് തിന്നുന്നുണ്ട്. ജീവിതത്തിന്റ ശക്തമായ അടിയൊഴുക്കില്‍ പിറന്ന ധര്‍മസങ്കടങ്ങളായിരുന്നു ആ ചിത്രത്തിലെ തമാശകള്‍. അതുകൊണ്ടാണ് ആ സിനിമയ്ക്ക് ഇന്നും പ്രേക്ഷകരുണ്ടാകുന്നത്.

Star And style

ഒരു സിനിമയുടെ ത്രെഡ് രൂപപ്പെടുത്തിയതിനുശേഷം തിരക്കഥ, ഷൂട്ടിങ് തലേന്നാള്‍ എഴുതിത്തരുന്നതാണ് ശ്രീനിയുടെ രീതി. എന്നാല്‍ ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ദാസന്റെയും വിജയന്റെയും ദുബായ് യാത്രവരെയുള്ള കാര്യങ്ങള്‍ സമയമെടുത്ത് ശ്രീനി ഒറ്റയടിയ്ക്ക് എഴുതിത്തന്ന് എന്നെ അദ്ഭുതപ്പെടുത്തി.

അതിന്റെ ഭംഗി ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ ഉണ്ട്. നാടോടിക്കാറ്റ് എന്ന സിനിമ ഓര്‍മിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന 'ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നത്...' 'എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ...' 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നീ ഡയലോഗുകള്‍ ആ ഭാഗത്തിലുള്ളതാണ്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കാരണം ഞങ്ങള്‍ക്കിടയിലെ വിശ്വാസംതന്നെ. മോഹന്‍ലാല്‍പോലും ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത് ഷൂട്ടിങ്ങിന് വന്നപ്പോള്‍ മാത്രമായിരുന്നു.

നാടോടിക്കാറ്റ്

ചിത്രത്തിന് ഒരുപാട് പേരുകള്‍ ആലോചിച്ചു. പക്ഷേ, അതിലൊന്നും സംതൃപ്തി തോന്നിയില്ല. നാടോടിക്കഥപോലൊരു ചിത്രം എന്ന ആലോചനയില്‍നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റില്‍ എനിക്ക് തോന്നിയത്. എവിടെയും കയറിച്ചെല്ലാവുന്ന കാറ്റ് പോലെ ജീവിക്കുന്ന ചെറുപ്പക്കാരുടെ കഥ എന്ന രീതിയിലാണ് ആ ടൈറ്റില്‍ ഞങ്ങള്‍ ഉറപ്പിച്ചത്. പി.എന്‍. മേനോനാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കിയത്. അങ്ങനെ ചിത്രത്തിന്റെ സിക്സ്ഷീറ്റ് പോസ്റ്റര്‍ തിരിച്ചിട്ട് അതില്‍ ശ്രീനിവാസനും മോഹന്‍ലാലും അറബിവേഷത്തില്‍ നില്‍ക്കുന്ന പോസ്റ്റര്‍ അടിച്ചു. ഇന്നും ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം ആ പോസ്റ്ററാണ്...

പവനായിയും അനന്തന്‍ നമ്പ്യാരും

മദ്രാസിലും കോഴിക്കോടുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.''വൈശാഖ സന്ധ്യേ''... എന്ന ഗാനത്തോടെ ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഹ്യൂമറിനെ വേറൊരു രീതിയില്‍ കാണാന്‍ ശ്രമിച്ച സിനിമയായിരുന്നു നാടോടിക്കാറ്റ്. ക്യാപ്റ്റന്‍ രാജു സ്ഥിരമായി വില്ലനായി അഭിനയിച്ച കാലത്താണ് പവനായി എന്ന കോമഡി ടച്ചുള്ള വില്ലനായി വന്നത്. പവനായിയെ കൊല്ലുന്ന സീനാണ് ഞങ്ങള്‍ ആദ്യം ഷൂട്ട് ചെയ്തത്. കഥാപാത്രം അല്പം കോമഡി ടച്ചുള്ളതായതിനാല്‍ ഓടുമ്പോള്‍ നാവൊക്കെ പുറത്തിട്ട് കോമിക്കായിട്ടായിരുന്നു ക്യാപ്റ്റന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ക്യാപ്റ്റനെ നിര്‍ബന്ധിച്ചാണ് സീരിയസായി അഭിനയിപ്പിച്ചത്. കഥാപാത്രത്തിന്റെ ബില്‍ഡപ്പില്‍ കോമഡിയുണ്ടെന്ന് പിന്നീട് ക്യാപ്റ്റന്‍ തിരിച്ചറിഞ്ഞു.

Nadodikkattu

ചിത്രത്തില്‍ അനന്തന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് തിലകന്‍ചേട്ടന്‍ എത്തിയത്. കഥ കേട്ടപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു... ''അനന്തന്‍ നമ്പ്യാര്‍ മനസ്സമാധാനമില്ലാത്തയാളാണല്ലേ.'' ഞാന്‍ പറഞ്ഞു ''നമ്മള്‍ കാണുന്ന പല കോടീശ്വരന്മാരും മനസ്സമാധാനമില്ലാതെ ഉറങ്ങാന്‍ പറ്റാത്തവരാണ്. പോലീസ് പിടിക്കുമോ, ഇന്‍കം ടാക്സ് റെയ്ഡ് വരുമോ എന്നൊക്കെയായിരിക്കും അവരുടെ പേടി.'' അതില്‍ത്തന്നെ തിലകന്‍ചേട്ടന് കഥാപാത്രത്തെ പിടികിട്ടി. പിന്നീട് വളരെ സൂക്ഷ്മതയോടെ ഒരു ഫോണ്‍ റിങ് കേട്ടാലും കോളിങ് ബെല്‍ കേട്ടാലും ഭയക്കുന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അനന്തന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെ സ്വീകരിച്ചത്.

തിലകനില്ലാത്ത ക്ലൈമാക്സ്

താരങ്ങളുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ എടുത്ത സീന്‍ എഡിറ്റ് ചെയ്ത് ഡബ് ചെയ്ത് ഫിനിഷ് ചെയ്ത് വെച്ചു. തിലകന്‍ചേട്ടന്റെ ഡേറ്റ് പ്രശ്നം കാരണം ക്ളൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിനിടയില്‍ ചാലക്കുടിവെച്ച് തിലകന്‍ചേട്ടന്റെ കാര്‍ ആക്സിഡന്റായി, ഡോക്ടര്‍ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാന്‍ പൊട്ടിയ മട്ടായി. പിന്നീട് തിലകന്‍ ചേട്ടനില്ലാതെ ക്ളൈമാക്സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം. കോഴിക്കോട് മഹാറാണിയിലെ 306-ാം നമ്പര്‍ മുറിയിലിരുന്നു പ്രതിസന്ധിമറികടക്കാന്‍ രണ്ട് ദിവസം ഞങ്ങള്‍ തലപുകച്ച് ആലോചിച്ചു.

പവനായിയെ കൊണ്ടുവരാന്‍ അനന്തന്‍ നമ്പ്യാര്‍ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്ളൈമാക്സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാന്‍ തിലകന്‍ചേട്ടന് വരാന്‍ പറ്റില്ല. ഒടുവില്‍ അനന്തന്‍ നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനല്‍ ഡയലോഗ് പറയിച്ചു. ''ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ...'' അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകള്‍ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്ളൈമാക്സില്‍ അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ തിലകന്‍ചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.

കരകാണാ കടലല മേലേ...

വൈശാഘ സന്ധ്യേ..., കരകാണാകടലല മേലേ... എന്നീ രണ്ട് പാട്ടുകളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. യൂസഫലിയുടെ വരികള്‍ക്ക് ശ്യാമായിരുന്നു സംഗീതമൊരുക്കിയത്. ഞാന്‍ പാട്ടെഴുതിയ കാലത്ത് കുറെ നല്ല പാട്ടുകള്‍ ഞങ്ങളൊരുക്കിയിരുന്നു. പാട്ടിനൊപ്പം റീറെക്കോഡിങ്ങില്‍ ശ്യാമിനെ നന്നായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു എന്റെ പ്ലാന്‍. ചിത്രത്തിലെ കരകാണാകടലല മേലെ എന്ന ഗാനം ദുബായിലേക്ക് ലോഞ്ച് കയറുന്ന ദാസനും വിജയനും ഉരുവിലിരുന്ന് താളമടിച്ച് പാടുന്ന പാട്ടായി അവതരിപ്പിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. എന്നാല്‍ റെക്കോഡിങ് വേളയില്‍ പശ്ചാത്തലസംഗീതത്തോടെ പാട്ട് കേട്ടപ്പോള്‍ മനസ്സിലെ വിഷ്വല്‍സ് മാറി. അങ്ങനെയാണത് മണല്‍പ്പരപ്പില്‍ ഐശ്വര്യം സ്വപ്നം കാണുന്നവരുടെ ഗാനമായി മാറിയത്. മദ്രാസിലെ ബി.ജി.ടി. ഗാര്‍ഡന്‍സിലാണ് ആ ഗാനം ചിത്രീകരിച്ചത്.

അങ്ങനെ പെര്‍മിഷനെടുക്കാതെ മദ്രാസിലെ മൗണ്ട് റോഡില്‍ ക്യാമറ ഒളിപ്പിച്ചാണ് ചിത്രത്തിലെ പല സീനും ഷൂട്ട് ചെയ്തത്. പലകാലങ്ങളിലായി ചിത്രീകരിച്ചതിനാല്‍ മൊത്തം സിനിമയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറിലേറെയായി. ഒടുവില്‍ കുറെ രസകരമായ സീനുകള്‍ കണ്ണടച്ച് വെട്ടിച്ചുരുക്കിയാണ് ചിത്രം ചെറുതാക്കിയെടുത്തത്.

Star And style


ഒടുവില്‍ ഞാനും ശ്രീനിയും സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബില്‍ കാണാനിരുന്നു. എന്നാല്‍ ഒരു സീനിലും ഞങ്ങള്‍ക്ക് ചിരി വന്നില്ല. പടം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ശ്രീനി മൂഡൗട്ടായി. ഞാന്‍ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും വായിച്ചപ്പോഴും എഡിറ്റ് ചെയ്തപ്പോളും നമ്മള്‍ ചിരിച്ചിട്ടുണ്ട്. നമ്മള്‍ ഇതിന്റെ കൂടെ ഒരുപാട് ചിരിച്ചിട്ടുണ്ട്. ഈ ചിത്രം ആദ്യമായി കാണുന്ന പ്രേക്ഷകര്‍ എന്തായാലും ചിരിക്കും... എന്റെ ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാന്‍ ശ്രീനിക്ക് ധൈര്യം പകര്‍ന്നു.

ലാലും മമ്മൂട്ടിയും ഹാപ്പി

Star And Style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

എന്റെ ഉള്ളില്‍ തീവാരിയിട്ട് ശ്രീനി നാട്ടില്‍പോയി. പേടികാരണം റിലീസ് സമയം നാട്ടില്‍ പോകാന്‍ തോന്നിയില്ല. സെഞ്ച്വറിയുടെ ഓഫീസിലാണ് താമസം. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. നാട്ടില്‍നിന്ന് സിനിമാവിശേഷങ്ങളൊന്നും വന്നില്ല. ടെന്‍ഷന്‍ കാരണം ഒരിടത്തും ഇരിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാന്‍നേരം ഓഫീസില്‍ നിന്നിറങ്ങി എങ്ങാട്ടെന്നില്ലാതെ ഒരു മണിക്കൂര്‍നേരം നടന്നു. തിരിച്ച് സെഞ്ച്വറിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ കൊച്ചുമോന്‍ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റുവാങ്ങിയ നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായ വാര്‍ത്ത അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. പിറ്റേന്ന് രാവിലത്തെ വിമാനത്തില്‍ ഞാന്‍ കൊച്ചിയിലെത്തി, എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ഷേണായിസ് തിയേറ്ററിലേക്ക് കുതിച്ചു. പവര്‍കട്ട് കാരണം തിയേറ്ററില്‍ ചുട്ടുപൊള്ളുന്ന ചൂടായിരുന്നു.കാണികള്‍ ആ ചൂട് വകവെക്കാതെ ഷര്‍ട്ട് ഊരിവീശി ചിത്രത്തിലെ തമാശകള്‍ കണ്ട് പൊട്ടിച്ചിരിച്ച് കൈയടിക്കുന്നത് കണ്ടു. അപ്പോഴാണ് നാടോടിക്കാറ്റ് കണ്ട് ഞാന്‍ ആദ്യമായി മനസ്സറിഞ്ഞ് ചിരിച്ചത്.

17-ലക്ഷംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല, എന്നിട്ടും ആ ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റോ മമ്മൂട്ടി ഏറ്റുവാങ്ങി. കാരണം ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുചേര്‍ന്ന വിജയാഘോഷം. അവിടെനിന്ന് കിട്ടിയ നല്ലവാക്കുകള്‍... ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളായിരുന്നു.
ജൂണ്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്

Content Highlights : Sathyan Anthikkad About Nadodikkattu Movie Starring Mohanlal Sreenivasan Star And Style


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented