-ആദ്യ ഏഷ്യൻ ഗെയിംസിൽത്തന്നെ മെഡൽ നേടാൻ സാധിച്ചതിൽ എന്തു തോന്നുന്നു

To advertise here,

ഒരുപാട് സന്തോഷം തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. ഈ മെഡലെനിക്ക് ഒരുപാട് ഊർജം തന്നു. 26-ന് 50 മീറ്റർ റൈഫിൾ ത്രീപൊസിഷൻ മത്സരം ബാക്കിയുണ്ട്. അതിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണു പ്രതീക്ഷ.

-മെഡൽ നേട്ടം ആർക്കാണ് സമർപ്പിക്കുന്നത്

എനിക്കു മെഡൽ കിട്ടാൻ കാരണക്കാരായ ഒരുപാടുപേരുണ്ട്. പ്രത്യേകം എടുത്തുപറയേണ്ടത് പരിശീലകൻ മനോജ്കുമാറിനെയാണ്. അദ്ദേഹത്തിന്റെ മികച്ച പിന്തുണയില്ലായിരുന്നെങ്കിൽ എനിക്കീ മെഡൽ ലഭിക്കുമായിരുന്നില്ല. ഭർത്താവ് മനു എസ്. രവി, എന്റെയും ഭർത്താവിന്റെയും കുടുംബാംഗങ്ങൾ, എന്റെ സഹോദരൻ... ഇവരെല്ലാം ഒരുപോലെ എന്നെ പിന്തുണച്ചു. ഞാൻ ഷൂട്ടിങ്ങിലേക്കു വന്ന സമയത്ത് എനിക്ക് പുറത്തുനിന്നുള്ള പിന്തുണ വളരെ കുറവായിരുന്നു. ഞാൻ ചില മത്സരങ്ങളിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാതിരുന്നപ്പോഴും ഞാൻ അൽപം പിറകോട്ടുപോയപ്പോഴുമൊക്കെ ഇവരെല്ലാം എന്നോടൊപ്പമുണ്ടായിരുന്നു. ഇവർക്കെല്ലാവർക്കും ഈ മെഡൽ സമർപ്പിക്കുന്നു.

-ഇത്തവണ ഇന്ത്യയുടെ ആദ്യ മെഡലിൽത്തന്നെ ഒരു മലയാളിസ്പർശം കൊണ്ടുവരാൻ പറ്റി. അതിന്റെയൊരു ആവേശം എത്രത്തോളമുണ്ട്

മത്സരം കഴിഞ്ഞ് ഏറെനേരം പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ ആദ്യ മെഡൽ ഷൂട്ടിങ്ങിൽനിന്നാണെന്നറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ടീമൊന്നാകെ സന്തോഷത്തിലാണ്. മെഡൽ ദിനത്തിൽ ആദ്യമത്സരം ഞങ്ങളുടേതാണെന്ന് അറിയാമായിരുന്നു. അതു നല്ലരീതിയിൽ ചെയ്യണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അതു ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

-ജപ്പാനിൽ എത്തിയശേഷം താമസിക്കാൻ മുറികൾ കിട്ടാൻ ബുദ്ധിമുട്ടിയോ? അത് പ്രകടനത്തെയോ മറ്റോ ബാധിച്ചിരുന്നോ?

ആദ്യ ദിവസം ചെറിയ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. യാത്രചെയ്യാൻ ബസ്സൊന്നും കൃത്യമായി ഏർപ്പാടു ചെയ്തിരുന്നില്ല. മുറിയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ രണ്ടാംദിനം മുതൽ എല്ലാം ശരിയായി. താമസിക്കുന്ന സ്ഥലത്തുനിന്ന് ഇങ്ങോട്ട് ഒരു മണിക്കൂറിലേറെ യാത്രചെയ്യേണ്ടിവരുന്നുണ്ട്. ഇത്രദൂരമുണ്ടാകുമെന്നു കരുതിയില്ല. അതിന്റെ ചില ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്.