പടവെട്ടിലെ പുഷ്പ ആകാന്‍ വീട്ടില്‍ പശുവിനെ മേടിച്ചു, തെങ്ങുകയറ്റം പഠിച്ചു; രമ്യ സുരേഷ് അഭിമുഖം


സൂരജ് സുകുമാരന്‍

കോട്ടയമാണ് എന്റെ സ്വദേശം. ഭര്‍ത്താവിന്റെ നാട് ഹരിപ്പാടാണ്. യാതൊരു വിധ അഭിനയ പാരമ്പര്യവുമില്ലാത്ത ചുറ്റുപാടിലാണ് വളര്‍ന്നത്. അഭിനയത്തോട് ഒരു കമ്പവുമില്ലായിരുന്നു. കാരണം നമുക്ക് ഒരിക്കലും എത്തിപ്പെടാനാവാത്ത മേഖലയാണ് സിനിമ എന്നാണ് വിചാരിച്ചിരുന്നത്. ദുബായില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും ദുബായില്‍ മേഴ്‌സിഡസ് കമ്പനിയിലാണ്.

രമ്യ സുരേഷ് പടവെട്ടിൽ, നിവിൻ പോളിയ്ക്കും ഷമ്മി തിലകനുമൊപ്പം രമ്യ സുരേഷ്‌

ജീവിതത്തില്‍ അപ്രതീക്ഷിതമായി നേരിട്ട ഇന്‍സള്‍ട്ടാണ് രമ്യ സുരേഷിന് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റായത്. ദുബായില്‍ ജോലിയും കുടുംബവുമായി സന്തോഷമായി ജീവിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട്ടിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണമാണ് രമ്യയ്ക്ക് സിനിമയെന്ന പുതിയ മേഖലയിലേക്കുള്ള യാത്രയ്ക്ക് കരുത്ത് നല്‍കിയത്. സിനിമ മോഹം സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന രമ്യക്ക് അന്ന് മുതല്‍ സിനിമ അഭിനയംതീവ്രമായി ആഗ്രഹമായി മാറി. ആ ഉറച്ച തീരുമാനമെടുത്ത് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിലെ ശ്രദ്ധേയ സഹനടിയായി രമ്യ സുരേഷ് വളര്‍ന്നുകഴിഞ്ഞു. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം 'പടവെട്ടി'ല്‍ പുഷ്പ എന്ന കഥാപാത്രമായി കൈയടി നേടുകയാണ് രമ്യയിപ്പോള്‍. കരിയറിലെ ഏറ്റവും വലിയ കഥാപാത്രത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും രമ്യ സുരേഷ് സംസാരിക്കുന്നു.

പടവെട്ടിലെ പുഷ്പ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്, എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്...?

പടവെട്ടിന്റെ ഭാഗമാകുന്നത് ഒഡീഷനിലൂടെയാണ്. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ണൂരിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ എത്തി കഥ കേട്ടപ്പോള്‍ ഞാന്‍ അവതരിപ്പിക്കേണ്ട 'പുഷ്പ' എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലായി. നിവിന്‍ പോളി അവതരിപ്പിക്കുന്ന രവി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ചിറ്റയാണ് പുഷ്പ. സിനിമയില്‍ ആദ്യാവസാനം ഏറെ പ്രധാന്യമുള്ള കഥാപാത്രം. എന്ത് പ്രതിസന്ധിയുണ്ടായാലും പുഷ്പയെ വിട്ടുകളയരുതെന്ന് മനസ്സ് പറഞ്ഞു.
നാട്ടിന്‍പുറത്തുകാരിയായതിനാല്‍ പശുവളര്‍ത്തലും തെങ്ങുകയറ്റവുമൊക്കെ പുഷ്പയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവ രണ്ടും എനിക്ക് തീരെ പരിചയമില്ലാത്ത സംഗതികളായിരുന്നു. ഇതൊക്കെ ചെയ്യാന്‍ പേടിയുണ്ടോ എന്ന് സംവിധായകന്‍ ചോദിച്ചു. 'എന്തിനാ പേടിക്കുന്നത്, ഞാന്‍ എന്തിനും റെഡിയാണ്' എന്ന് മറുപടി നല്‍കി. അങ്ങനെ പറയുമ്പോവും എന്റെ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു. തിരിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ആദ്യം ഒരുപശുവിനെ മേടിച്ചു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിനോട് പെരുമാറേണ്ട രീതിയെപ്പറ്റിയെല്ലാം പഠിച്ചു. പിന്നെയുള്ള ടാസ്‌ക് തെങ്ങുകയറ്റമായിരുന്നു. ഹരിപ്പാട് മുതുകുളം പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ എന്റെ ബന്ധുവാണ്. അവരോട് കാര്യം പറഞ്ഞപ്പോള്‍ തെങ്ങുകയറ്റ പരിശീലനത്തിന് ആളെ ഏര്‍പ്പാടാക്കി തന്നു. രണ്ടുപേര്‍ ചേര്‍ന്ന് കുറച്ച് പരിശീലനം നല്‍കി. തിരിച്ച് കണ്ണൂരിലെ ലൊക്കേഷനിലെത്തിയപ്പോള്‍ ദിവസവും മുടങ്ങാതെ തെങ്ങുകയറി പരിശീലിച്ചു. തെങ്ങിന്റെ പകുതി വരെ മാത്രമേ ഷോട്ടില്‍ കയറേണ്ടി വരികയുള്ളൂ എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ ഷൂട്ട് ചെയ്തപ്പോള്‍ തെങ്ങിന്റെ മുകളില്‍ കയറി തേങ്ങയിട്ടശേഷമാണ് കട്ട് പറഞ്ഞത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ ഞാനിട്ട കരിക്ക് എനിക്കുതന്നെ വെട്ടി തന്നു. ശേഷം എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചു.

കണ്ണൂരിലെ മാലൂരാണ് പടവെട്ടിന്റെ കഥാപശ്ചാത്തലം, സിനിമയില്‍ മുഴുവന്‍ കണ്ണൂര്‍ ഭാഷയാണ്. ഭാഷ വെല്ലുവിളിയായിരുന്നില്ലേ...?

പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ ഇത്രയും സ്‌ക്രീന്‍ സ്‌പേസ് ഉള്ള കഥാപാത്രം കരിയറില്‍ ആദ്യമായാണ് ചെയ്യുന്നത്. കണ്ണൂര്‍ ഭാഷ വെല്ലുവിളി തന്നെയായിരുന്നു. ഒാഡീഷന് കണ്ണൂര്‍ ഭാഷയില്‍ വീഡിയോ അയക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഒരുവഴികണ്ടെത്തി. എനിക്ക് കണ്ണൂരില്‍ കുറച്ച് സുഹൃത്തുക്കളുണ്ട്. അവരുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തു. മറുപടികളെല്ലാം കണ്ണൂര്‍ ഭാഷയില്‍ വോയ്‌സ് ആയി അയക്കാന്‍ മുന്‍കൂട്ടി പറഞ്ഞു. എന്നാല്‍ പത്ത് പേര്‍ അയച്ചതും പത്ത് തരത്തിലായിരുന്നു. അപ്പോഴാണ് കണ്ണൂരിന്റെ പലഭാഗത്തുള്ളവര്‍ സംസാരിക്കുന്നത് പലരീതിയിലാണെന്ന് മനസ്സിലായത്. അതോടെ ടെന്‍ഷന്‍ കൂടി. എല്ലാത്തില്‍ നിന്നും പൊതുവായ ഒരു രീതി കണ്ടെത്തി. ശേഷം കണ്ണൂര്‍ ഭാഷയില്‍ സംസാരിച്ച് ഒരുവീഡിയോ ഉണ്ടാക്കി ഓഡീഷന് അയച്ചുകൊടുത്തു. സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഭാഷ പഠിക്കാന്‍ എന്നെ സഹായിച്ചത് ഷൂട്ടിങ് ലൊക്കേഷനിലുള്ള ചേച്ചിമാരാണ്. അവരുടെ കൂടെ ഭാഷ പഠിക്കാനായി എന്നെ പറഞ്ഞയച്ചു. അവരുമായി സംസാരിച്ചാണ് കണ്ണൂര്‍ ഭാഷ സ്വായത്തമാക്കിയത്.

ദുബായില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമാ പ്രവേശം, അഭിനയമോഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നോ..?

കോട്ടയമാണ് എന്റെ സ്വദേശം. ഭര്‍ത്താവിന്റെ നാട് ഹരിപ്പാടാണ്. യാതൊരു വിധ അഭിനയ പാരമ്പര്യവുമില്ലാത്ത ചുറ്റുപാടിലാണ് വളര്‍ന്നത്. അഭിനയത്തോട് ഒരു കമ്പവുമില്ലായിരുന്നു. കാരണം നമുക്ക് ഒരിക്കലും എത്തിപ്പെടാനാവാത്ത മേഖലയാണ് സിനിമ എന്നാണ് വിചാരിച്ചിരുന്നത്. ദുബായില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും ദുബായില്‍ മേഴ്‌സിഡസ് കമ്പനിയിലാണ്. ഞാനും ഭര്‍ത്താവും രണ്ടുമക്കളും അടങ്ങുന്നതാണ് കുടുംബം. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുകയായിരുന്നു. ആയിടെ സുഹൃത്തുക്കള്‍ മാത്രമുള്ള ഒരുവാട്‌സാപ്പ് ഗ്രൂപ്പില്‍ തമാശയ്ക്ക് ഒരുപാട്ട് പാടി വീഡിയോ ഇട്ടു. വളരെ ബോര്‍ ആയി പാട്ട് പാടുന്ന വീഡിയോയായിരുന്നു അത്. ആ വീഡിയോ ആ ഗ്രൂപ്പിലുള്ള ഒരാള്‍ മറ്റിടങ്ങളിലേക്ക് ലീക്ക് ചെയ്തു. അതോടെ ഫോര്‍വേഡുകളിലൂടെ വീഡിയോ വൈറലായി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എനിക്ക് നേരെ തെറിവിളിയായി. ആ സംഭവം എന്നെ മാനസികമായി ഏറെ തളര്‍ത്തി. ഇതിന്റെ സത്യാവസ്ഥ ലോകത്തോട് വിളിച്ചുപറയണമെന്ന് തോന്നി. എന്നാല്‍ ഒരുസാധാരണക്കാരി എന്ത് പറഞ്ഞാലും അത് എവിടെയും എത്തില്ല എന്ന ബോധ്യമുണ്ടായിരുന്നു. എന്നാല്‍ സിനിമ നടിയായാല്‍ നമ്മള്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിക്കും. അങ്ങനെയൊരു ചിന്തയാണ് സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചാലോ എന്ന തോന്നലില്‍ എത്തിയത്. അങ്ങനെയാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന സിനിമയുടെ ഓഡിഷന്‍ കോള്‍ കണ്ടപ്പോള്‍ അപേക്ഷിച്ചത്. എന്റെ ഭാഗ്യമെന്ന് പറയട്ടെ സെലക്ഷന്‍ ലഭിച്ചു. പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനില്‍ നല്ലൊരു വേഷം കിട്ടി. നിഖില വിമല്‍ അവതരിപ്പിച്ച സലോമി എന്ന നായിക കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു അതില്‍. പടം സൂപ്പര്‍ഹിറ്റായതോടെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ദുബായിലെ ജോലി ഉപേക്ഷിച്ച് ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, യുവം, സബാഷ് ചന്ദ്രബോസ്, ജാനേ മന്‍, അര്‍ച്ചന 31 നേട്ടൗട്ട്, നിഴല്‍, മലയന്‍കുഞ്ഞ് തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ചെയ്തു. സൗദി വെള്ളക്ക, വെള്ളരിപ്പട്ടണം, ആളങ്കം, ക്രിസ്റ്റഫര്‍ തുടങ്ങി റിലീസിനൊരുങ്ങി നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങളുണ്ട്. പടവെട്ടിന് കിട്ടുന്ന നല്ല പ്രതികരണങ്ങള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. കൂടുതല്‍ നല്ല സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബോള്‍ഡായിട്ടുള്ള പൊലീസ് വേഷങ്ങള്‍ നെഗറ്റീവ് ഷെഡുള്ള ജയില്‍പുള്ളി റോളുകള്‍ എന്നിവയൊക്കെ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.

സിനിമയില്‍ നാടന്‍ കഥാപാത്രങ്ങളാണെങ്കിലും ജീവിതത്തില്‍ മോഡേണ്‍ ആണ്, പ്രേക്ഷകര്‍ പൊതുവിടങ്ങളില്‍ തിരിച്ചറിയാറുണ്ടോ..?

ഞാന്‍ സിനിമയില്‍ ചെയ്തവയില്‍ ഭൂരിഭാഗവും നാടന്‍ കഥാപാത്രങ്ങളാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നൊരാളല്ല ഞാന്‍. ഏറെക്കാലം ദുബായില്‍ ജീവിച്ചത് കൊണ്ട് ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അതിനാല്‍ പലപ്പോഴും പൊതുയിടങ്ങളില്‍ ആള്‍ക്കാര്‍ എന്നെ പെട്ടെന്ന് തിരിച്ചറിയാറില്ല. എന്നാല്‍ തിരിച്ചറിഞ്ഞവര്‍ വന്ന് സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യും.

മോര്‍ഫ് ചെയ്ത വ്യാജ വീഡിയോയുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്, ആയൊരു സാഹചര്യത്തെ മറികടന്നത് എങ്ങനെയാണ്...?

അപ്രതീക്ഷിതമായ ആക്രമണമായിരുന്നു അത്. ജീവിതം തന്നെ തകര്‍ത്തുകളയുന്ന രീതിയിലുള്ളത്. എന്നാല്‍ ഉടനടി പ്രതികരിക്കുകയാണ് ചെയ്തത്. നമ്മുടെ ഭാഗത്ത് തെറ്റ് പറ്റാത്ത സംഭവത്തിന്റെ പേരില്‍ പഴികേള്‍ക്കേണ്ട ആവശ്യമില്ലല്ലോ. ബോള്‍ഡായി നിന്നത് കൊണ്ടാണ് ആയൊരു സാഹചര്യത്തെ മറികടക്കാന്‍ സാധിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന എല്ലാവരോടും ഞാന്‍ ഉടനടി പ്രതികരിക്കാനാണ് പറയാറുള്ളത്. കൂട്ടായി പ്രതികരിച്ചാല്‍ മാത്രമേ മോര്‍ഫിങും സൈബര്‍ ബുള്ളിയിങും ഓക്കെ ചെയ്യുന്ന കുറ്റവാളികളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. സ്വന്തം കുടുംബത്തെ കുറിച്ച് ചിന്തിക്കുന്നവരാരും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല. ഇവര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിക്കണം. ഇപ്പോഴും ഇവിടത്തെ സൈബര്‍ നിയമങ്ങള്‍ പരിമിതിയുണ്ട്. അതുകൊണ്ട് ഉടനടി ഒരുനടപടി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കില്‍പ്പോലും ഏറ്റവും ശക്തമായി തന്നെ അത്തരക്കാര്‍ക്കെതിരെ പോരാടുക.
ഇന്നും ചിലയിടങ്ങളില്‍ പോകുമ്പോള്‍ അല്ലെങ്കില്‍ ഞാന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ചിലര്‍ കമന്റ് പറയും 'ഇവരല്ലേ പണ്ട് എന്തോ മോര്‍ഫിങ് പ്രശ്‌നത്തില്‍ കരഞ്ഞോണ്ട് വന്നത്, എന്നിട്ട് ഇവരിപ്പോള്‍ ഇടുന്ന ഡ്രസ്സ് നോക്കിയോ' എന്നൊക്കെ. ഇത്തരം മനുഷ്യരും സമൂഹത്തിലുണ്ട്. ഇവര്‍ ഒരിക്കലും മാറില്ല. ഇങ്ങനെയുള്ളവരെ ഒരിക്കലും നമുക്ക് മാറ്റാനും സാധിക്കില്ല

Content Highlights: Ramya Suresh Actress Interview, Padavettu, Film Nivin Pauly, Liju Krishna, from Nurse to actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented