
മലയാളത്തില്‍ മൂന്നോളം സിനിമകള്‍, തമിഴിലും തെലുങ്കിലുമായി മുപ്പതോളം സിനിമകള്‍, രചന എന്ന അഭിനേത്രി ഒരുപക്ഷേ പുതിയ തലമുറയ്ക്ക് പരിചിതയായിരിക്കുകയില്ല. 1980 കളിലും തൊണ്ണൂറുകളിലും നായികയും സഹനായികയായും വേഷമിട്ട രചനയെ മലയാളികള്‍ ഓര്‍ക്കുന്നത് മിനി എന്ന പേരിലായിരിക്കും.
'വി.ഐ.പി' എന്ന ചിത്രത്തിന് ശേഷം രചന പിന്നീട് മലയാളത്തില്‍ അഭിനയിച്ചില്ല. കേരളത്തില്‍ തന്നെ തേടി വന്ന അവസരങ്ങളെല്ലാം വേണ്ടെന്ന് വച്ചതില്‍ രചനയ്ക്ക് ഒരു വലിയ കാരണമുണ്ടായിരുന്നു. തമിഴില്‍ 'പുതു നെല്ല് പുതു നാത്ത്' എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം രചന എന്നന്നേക്കുമായി അഭിനയത്തില്‍ നിന്ന് വിടപറഞ്ഞു.
സിനിമയില്‍ നിന്ന് ഏറെ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച രചനയുടെ സന്തോഷം അധികാകാലം നീണ്ടുനിന്നില്ല. രണ്ടുകൈക്കുഞ്ഞുങ്ങളായിരിക്കേ ഭര്‍ത്താവ് പ്രസാദിന്റെ പെട്ടന്നുള്ള മരണം ജീവിതത്തെ പിടിച്ചുലച്ചു. എന്നാല്‍ രചന തളര്‍ന്നില്ല, പറക്കമുറ്റാത്ത രണ്ടു മക്കളേയും ചേര്‍ന്ന് നിര്‍ത്തി കനല്‍വഴി ഒരുപാട് താണ്ടിയെങ്കിലും ജീവിതം തിരികെ പിടിച്ചു. ഇന്ന് ചെന്നൈയില്‍ ഡബ്ബിങ് തിരക്കുകള്‍ക്കിടയിലും തന്റെ പോരാട്ടത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഈ മുന്‍കാലനടി.
ബാലതാരമായി സിനിമയിലേക്ക്...
കൊല്ലം സ്വദേശിയാണ് എന്റെ അച്ഛന്‍ രാമചന്ദ്രന്‍. അമ്മ രാധ തൃശ്ശൂര്‍ക്കാരിയും. ജനിച്ചതും വളര്‍ന്നതുമെവല്ലാം ചെന്നൈയിലാണ്. 1977 ല്‍ ബാലതാരമായാണ് സിനിമയില്‍ വന്നത്. ആ സിനിമയുടെ പേര് പോലും ഞാന്‍ ഇന്നോര്‍ക്കുന്നില്ല. പഴയകാല നടി പദ്മിനി അഭിനയിച്ച ചിത്രമാണ്. അന്നെനിക്ക് വെറും രണ്ടര വയസ്സായിരുന്നു പ്രായം. എന്റെ കുടുംബസുഹൃത്ത് സുമതി ആന്റി വഴിയാണ് പിന്നീട് ഇദയം ഒരു ഇമയം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. നായികയെ തേടുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്റെ ചിത്രം അവര്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഞാന്‍ അന്ന് നൃത്തത്തില്‍ സജീവമായിരുന്നു. അങ്ങനെ നിഴല്‍കള്‍ രവിയുടെ നായികയായി ആ ചിത്രത്തില്‍ വേഷമിട്ടു. ഒരു സിനിമയില്‍ അഭിനയിക്കാം പിന്നീട് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതിയാണ് അഭിനയിച്ചു തുടങ്ങിയത്. പിന്നീട് അവസരങ്ങള്‍ വന്നപ്പോള്‍ വേണ്ടെന്ന് വച്ചില്ല. ഡേവിഡ് അങ്കിള്‍, ഭാഗ്യരാജിനൊപ്പം അവസര പോലീസ് 100 തുടങ്ങി മുപ്പതോളം സിനിമകള്‍ തെലുങ്കിലും തമിഴിലുമായി ചെയ്തു.
മലയാളസിനിമ വേണ്ടെന്ന് വച്ച അനുഭവം
മുക്തിയായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. പിന്നീട് അയ്യര്‍ ദ ഗ്രേറ്റിലും ഒരു ചെറിയ വേഷം ചെയ്തു. വി.ഐ.പി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. പിന്നീട് അഭിനയിക്കാന്‍ തോന്നിയില്ല. വി.ഐ.പിയില്‍ ശ്രീരാമന്‍, ശ്രീനാഥ് എന്നിവരായിരുന്നു നായകന്‍മാര്‍. ആ സിനിമ അഭിനയിച്ച് തീര്‍ത്തുപുറത്ത് വന്നപ്പോള്‍ അടിമുടി മാറി. ഞാന്‍ ഉദ്ദേശിച്ചപോലൊരു സിനിമയായിരുന്നില്ല. എ സര്‍ട്ടിഫിക്കേഷന്‍ ആയിരുന്നുവെന്ന് തോന്നുന്നു. പിന്നീട് മലയാളത്തില്‍ നിന്ന് മറ്റു അവസരങ്ങള്‍ വന്നെങ്കിലും അഭിനയിക്കാന്‍ തോന്നിയില്ല. ഇവിടെ അഭിനയിക്കാന്‍ എന്തോ ഒരുഭയം. അതോടെ മലയാള സിനിമയില്‍ നിന്നകന്നു. നെപ്പോളിയനൊപ്പം അഭിനയിച്ച പുതു നെല്ല് പുതു നാത്ത് ആയിരുന്നു എന്റെ അവസാനചിത്രം. നെപ്പോളിയന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍. ശിവകാമി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പ്രായമായ ഒരു സ്ത്രീയുടെ ഗെറ്റപ്പിലാണ് ഞാന്‍ അഭിനയിച്ചത്. ഇന്നും ഇവിടെയുള്ളവര്‍ എന്നെ ഓര്‍ക്കുന്നത് ശിവകാമി എന്ന പേരിലാണ്.
അഞ്ചുവര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം

അഭിനയം നിര്‍ത്തി കുറച്ച്നാളുകള്‍ക്ക് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നു. തലശ്ശേരി സ്വദേശിയായ പ്രസാദ് ആയിരുന്നു ഭര്‍ത്താവ്. ചെന്നൈയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അന്ന് കേരളം. നഗരത്തില്‍ ജനിച്ച് വളര്‍ന്ന എന്നെ നാട്ടിന്‍പുറത്തേക്ക് പറിച്ചു നട്ടപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടി. എന്റെ ആ ബുദ്ധിമുട്ട് മനസ്സിലാക്കിയ പ്രസാദ് എന്നോട് പഠനം തുടരാന്‍ ആവശ്യപ്പെട്ടു. സ്വന്തമായി വരുമാനം നേടാനായാല്‍ കൂടുതല്‍ സ്വതന്ത്രയാകാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കോഴിക്കോട് വന്ന് അയാട്ട പഠിക്കുന്നത്. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഗര്‍ഭിണിയായതോടെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. മകന്‍ ജനിച്ചശേഷം ഒന്നുരണ്ടു വര്‍ഷത്തിനിടെ വീണ്ടും ഗര്‍ഭിണിയായി. രണ്ടാമത്തേത് പെണ്‍കുഞ്ഞായിരുന്നു. ഓയില്‍ കമ്പനിയില്‍ ഡീലറായി ജോലി ചെയ്യുകയായിരുന്നു പ്രസാദ്. പെരിന്തല്‍മണ്ണയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ജീവിതം നന്നായി പോകുന്നതിനിടെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം പ്രസാദിനെ കൊണ്ടുപോയി. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷക്കാലം മാത്രമേ അദ്ദേഹത്തോടൊപ്പം ജീവിക്കാനായുള്ളൂ.
പറക്കമുറ്റാത്ത കുട്ടികളെയും ചേര്‍ത്തുപിടിച്ച് ഭീതിയോടെ ജീവിച്ച കാലം
അദ്ദേഹത്തിന്റെ മരണശേഷമാണ് ജീവിതം എന്താണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. ഭര്‍ത്താവ് മരിച്ച ഒരു യുവതി രണ്ടു ചെറിയ കുട്ടികളുമായി ഒരു ഗ്രാമത്തില്‍ ജീവിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഞാന്‍ തികച്ചും ഒറ്റയ്ക്കായിപ്പോയ പോലെ. ആ സമയത്ത് എല്‍.എം.എല്‍ വെസ്പയുടെ ഷോറൂമില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. ജോലിക്കായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിവൈകീട്ട് തിരിച്ചെത്തുന്ന എന്നെക്കുറിച്ച് അപവാദപ്രചരണങ്ങള്‍ ഉണ്ടാക്കി. ഒറ്റയ്ക്ക് നടക്കാന്‍ പോലും ഞാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു അത്. രാത്രി സമാധാനത്തോടെ ഉറങ്ങാന്‍ തലയിണക്കടിയില്‍ വാക്കത്തി കരുതേണ്ട അവസ്ഥപോലും എനിക്കുണ്ടായിട്ടുണ്ട്. ഇതുപോലെ ജീവിതം തുടരാനാകില്ലെന്ന് തോന്നിയപ്പോള്‍ കുട്ടികളെയും കൊണ്ട് ചെന്നൈയിലേക്ക് പോന്നു. ഒറ്റയ്ക്ക് ജീവിക്കാന്‍ ചെന്നൈപോലൊരു നഗരമാണ് സുരക്ഷിതമെന്ന് തോന്നി.
ചെന്നൈയിലേക്ക് തിരിച്ചെത്തിയ ഞാന്‍ പല ജോലികളും നോക്കി. പക്ഷേ ഒന്നും ശരിയായില്ല. സിനിമയില്‍ അവസരങ്ങള്‍ക്ക് ശ്രമിക്കാന്‍ പലരും നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്റെ കുട്ടികളെ ഒരുദിവസം പോലും പിരിഞ്ഞിരിക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. കുട്ടികള്‍ എനിക്കൊപ്പം തന്നെ വളരണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവരെ ഇടയ്ക്കിടെ പിരിയേണ്ടി വരും. അങ്ങിനെ ഇരിക്കെയാണ് ഒരു പരിചയക്കാരനൊപ്പം വെയിംങ് മെഷീന്‍ ഡീലര്‍ഷിപ്പ് ബിസിനസ് തുടങ്ങുന്നത്. കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടെ പാര്‍ട്ട്നര്‍ പണം തിരിമറി നടത്തി. അതൊരു വലിയ ചതിയായിരുന്നു. പിന്നീട് അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല.
ഡബ്ബിങ്ങിലൂടെ സിനിമയിലേക്ക്...
അഭിനയിച്ചില്ലെങ്കിലും ഒടുവില്‍ ഞാന്‍ സിനിമയില്‍ തിരിച്ചെത്തി. ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍. ആദ്യമായി ചെയ്തത് ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ ഒരു ചിത്രത്തിന്റെ ഡബ്ബിങ്ങായിരുന്നു. തുടക്കത്തില്‍ എനിക്കത് വഴങ്ങുമെന്ന് കരുതിയില്ല. പക്ഷേ ആദ്യത്തെ ഡബ്ബിങ് കുഴപ്പമില്ലെന്ന് തോന്നിയപ്പോള്‍ ആത്മവിശ്വാസമായി. മാങ്കൊമ്പ് ഗോപാകൃഷ്ണന്റെ ഒരു പ്രൊജക്ടില്‍ ഡബ്ബ് ചെയ്തു. അതിന് ശേഷം കൂടുതല്‍ ചെയ്തത് തെലുങ്കിലും തമിഴിലുമായിരുന്നു. രചന ക്രിയേഷന്‍സിന്‍ ഇപ്പോള്‍ കൂടുതലും മൊഴിമാറ്റ ചിത്രങ്ങളാണ് ചെയ്യുന്നത്. മലയാള സിനിമ തമിഴിലേക്ക് മൊഴിമാറ്റുമ്പോള്‍ അതിന് വേണ്ട സ്‌ക്രിപ്റ്റും എഴുതും. ലൂക്ക, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഞാന്‍ തമിഴില്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നു.
കുടുംബം

രാഹുല്‍ ദേവ് പ്രസാദ്, ശ്വേത പ്രസാദ് എന്നിവരാണ് മക്കള്‍. രാഹുല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കി. ശ്വേത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഇരുവരും ഡബ്ബിങ് രംഗത്തുണ്ട്. പെന്‍ഗ്വിന്റെ മലയാള മൊഴിമാറ്റത്തില്‍ കീര്‍ത്തി സുരേഷിന് വേണ്ടി ശ്വേത ഡബ്ബ് ചെയ്തത് ചെയ്തിരുന്നു. ജഗമേ തന്തിരത്തിന്റെ മലയാളത്തില്‍ ധനുഷിന് വേണ്ടി ഡബ്ബ് ചെയ്തത് മകനാണ്, ഐശ്വര്യ ലക്ഷ്മിയ്ക്ക് വേണ്ടി മകളും.
അഭിനയത്തിലേക്ക് ഇനിയൊരു മടക്കമോ?

അഭിനയം ഒരിക്കലും എന്റെ ഫോക്കസ് ആയിരുന്നില്ല. കാലം മാറി എന്റെ രൂപം മാറി. അതിന്റെ ഒരു ആത്മവിശ്വാസക്കുറവുണ്ട്. തല്‍ക്കാലം അഭിനത്തിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നില്ല.
Content Highlights: Rachana Prasad Actor Interview, Yesteryear actress, VIP Malayalam Movie, Tamil, Telugu Cinema, actor Mini, dubbing artist Rachana Creations
Published: 13 Aug 2021, 08:35 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented