വെള്ളിത്തിരയ്ക്ക് പുറത്തും ശ്രീനിവാസന് പലപ്പോഴും വാര്ത്തകളില് നിറഞ്ഞുനിന്നിട്ടുണ്ട്

മലയാളികളുടെ മനസറിഞ്ഞ ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. സാധാരണ കുടുംബത്തിൽ നിന്നുവന്ന് സ്വപ്രയത്‌നത്തിലൂടെ സിനിമയിലെത്തുകയും അവിടെ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ ജീവിതാനുഭവങ്ങളാണ് ജനപ്രിയ സിനിമകളും കഥാപാത്രങ്ങളുമൊരുക്കുന്നതിൽ അദ്ദേഹത്തിന് കരുത്തായത്. സിനിമയ്ക്കുള്ളിലും പുറത്തുമുള്ള ശ്രീനിവാസന്റെ ജീവിതം സംഭവബഹുലമാണ്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തെ പാട്യം എന്ന ഗ്രാമത്തിൽ 1956 ഏപ്രിൽ ആറിനാണ് കമ്യൂണിസ്റ്റുകാരനും അധ്യാപകനുമായ ഉണ്ണിയുടേയും വീട്ടമ്മയായ ലക്ഷ്മിയുടേയും മകനായി ശ്രീനിവാസൻ ജനിച്ചത്. കതിരൂർ ഗവ. സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ മട്ടന്നൂരിലെ പഴശ്ശിരാജ എൻ.എസ്എസ്. കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.
തുടർന്ന് 1977-ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയെടുത്തു. ഇന്നത്തെ തമിഴ് സൂപ്പർതാരം രജനീകാന്ത്, ശ്രീനിവാസന്റെ സഹപാഠിയായിരുന്നുവെന്ന വിവരം പലർക്കും ഇപ്പോഴും അറിയില്ല. പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് അടുത്ത വർഷങ്ങളിലായി സ്‌നേഹയമുന, ജയിക്കാനായി ജനിച്ചവൻ, മണ്ണ്, ഓണപ്പുടവ, സംഘഗാനം, ഒറ്റപ്പെട്ടവർ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ ഗുരുവായിരുന്ന പ്രഭാകരനാണ് മേള എന്ന കെ.ജി. ജോർജ് ചിത്രത്തിലേക്ക് ശ്രീനിയെ ക്ഷണിക്കുന്നത്. മേള മുതലാണ് ശ്രീനിവാസൻ എന്ന അഭിനേതാവിനെ മലയാളികൾ ശ്രദ്ധിച്ചുതുടങ്ങിയത് എന്ന് പറയാം. അവിടെ നിന്നിങ്ങോട്ട് മലയാളികൾ മനസിലേറ്റിയ നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.
അക്കാലത്ത് ഡബ്ബിങ്ങിലും തന്റെ പ്രാവീണ്യം തെളിയിച്ച ശ്രീനിവാസൻ, സാക്ഷാൽ മമ്മൂട്ടിക്കായി ഒന്നിലേറെ ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ടെന്ന് പറഞ്ഞാൽ ഇന്ന് പലർക്കുമത് വിശ്വസിക്കാനാകില്ല. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, മേള എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം മമ്മൂട്ടിയുടെ ശബ്ദമായത്. ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ്‌നടൻ ത്യാഗരാജനുവേണ്ടിയും പുല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായിരുന്ന സാംബശിവനുവേണ്ടിയും ശ്രീനിവാസൻ ശബ്ദം നൽകിയിരുന്നു.
രചനയിലേക്ക്
1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരചനയിലേക്ക് അരങ്ങേറിയത്. എന്നാൽ അതിനും വർഷങ്ങൾ മുമ്പ് തന്നെ പല ചിത്രങ്ങളുടേയും രചനയിൽ ക്രിയാത്മകമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. 'മേള'യുടെ തിരക്കഥ ഒരുക്കാൻ സഹായിച്ചുകൊണ്ടാണ് ശ്രീനിവാസൻ തുടങ്ങിയത്. കെ.ജി. ജോർജ് ഉൾപ്പെടെയുള്ളവരുമായി തിരക്കഥാ ചർച്ചകൾ നടത്താൻ അദ്ദേഹത്തിന് അവസരമുണ്ടായി. പിന്നീട് സൂപ്പർഹിറ്റുകളായ ഒട്ടേറെ ചിത്രങ്ങളുടെ തിരക്കഥയൊരുക്കാൻ തനിക്ക് ബലമായത് ഇക്കാലയളവിൽ താൻ പഠിച്ച തിരക്കഥാ പാഠങ്ങളാണെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. പണത്തിനുവേണ്ടി 'ക്രെഡിറ്റ്' ഇല്ലാതെ പല ചിത്രങ്ങൾക്കു വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട് ശ്രീനിവാസൻ.
പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയും തിരക്കഥാരചനയിൽ സഹകരിച്ചും ശ്രീനിവാസൻ മുന്നോട്ടുപോയപ്പോൾ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തേയും മികച്ച സിനിമകളാണ്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, മഴയെത്തും മുമ്പേ, കിളിച്ചുണ്ടൻമാമ്പഴം, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, അഴകിയ രാവണൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ എന്നിങ്ങനെ നീണ്ടുപോകുന്നു ശ്രീനിവാസൻ ജീവൻ പകർന്ന ചിത്രങ്ങളുടെ പട്ടിക.
സംവിധാനം ശ്രീനിവാസൻ
രണ്ട് ചിത്രങ്ങൾ മാത്രമാണ് ശ്രീനിവാസൻ സംവിധാനം ചെയ്തത്. മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ട് ചിത്രങ്ങൾ. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന വടക്കുനോക്കിയന്ത്രം 1989-ലാണ് പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിന്റേതുൾപ്പെടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. 1998-ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയാണ് ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടാമത്തേയും അവസാനത്തേയും ചിത്രം. സാമൂഹ്യപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി. വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനേയും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷിനേയും ശ്രീനിവാസൻ തന്നെയാണ് അനശ്വരമാക്കിയത്.
സിനിമയ്ക്ക് പുറത്തെ ശ്രീനിവാസൻ
വെള്ളിത്തിരയ്ക്ക് പുറത്തും ശ്രീനിവാസൻ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. അതിൽ പലതും സിനിമയുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് മോഹൻലാലുമായുള്ള സ്വരച്ചേർച്ചയില്ലായ്മയായിരുന്നു. ഉദയനാണ് താരം എന്ന ചിത്രത്തിന്റെ തുടർച്ചയായി ശ്രീനിവാസൻ ഒരുക്കിയ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ചിത്രം മോഹൻലാലിനെ അധിക്ഷേപിക്കുന്നതാണ് എന്ന ആരോപണം പോലും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പിന്നീട് മോഹൻലാൽ പൊതുവേദിയിൽ ശ്രീനിവാസനെ ചുംബിച്ചതും താൻ നടത്തിയ പരാമർശങ്ങളിൽ ശ്രീനിവാസൻ മോഹൻലാലിനോട് ക്ഷമ പറഞ്ഞതായി മകൻ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയതുമെല്ലാം മഞ്ഞുരുക്കത്തിന്റെ സൂചനകളായിരുന്നു.
പല വിഷയങ്ങളിലും വിവാദ പരാമർശങ്ങൾ നടത്തിയും ശ്രീനിവാസൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആശുപത്രികൾ രോഗം മാറ്റുന്നതിനേക്കാൾ ലാഭത്തിനാണ് പ്രാധാന്യം നൽകുന്നത്, കാൻസർ സെന്റർ ആവശ്യമില്ല, മോഡേൺ മെഡിസിൻ മരുന്നുകൾ വിഷമാണ്, അവ അറബിക്കടലിലെറിയണം, രാസവളങ്ങളും കീടനാശിനികളും നിർമിക്കുന്നത് ലാഭത്തിന് വേണ്ടി മാത്രമാണ് തുടങ്ങി അശാസ്ത്രീയമായ നിരവധി പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഒരിക്കൽ നിയമനടപടിയും ശ്രീനിവാസൻ നേരിട്ടിട്ടുണ്ട്.
ഇത് കൂടാതെ രാഷ്ട്രീയത്തിനെതിരെയും പലപ്പോഴും ശ്രീനിവാസൻ തുറന്നടിച്ചിട്ടുണ്ട്. മലയാളികളാണ് ലോകത്തെ ഏറ്റവും വിഡ്ഢികളായ വോട്ടർമാരെന്നും നേതാക്കൾക്ക് കൊള്ളയടിക്കാൻ അവസരം നൽകുന്നവരാണ് മലയാളികളെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചാണ് അധികാരത്തിലേറിയത് എന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധം അദ്ദേഹം നേരിട്ടു. സന്ദേശം, വരവേൽപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ നേരത്തേ തന്നെ ഇടത് അനുഭാവികളുടെ അപ്രീതി പിടിച്ചുപറ്റിയ ശ്രീനിവാസൻ, പിണറായി വിജയനെ അധികാരം ദുഷിപ്പിച്ചുവെന്ന് അടുത്തിടെ പറഞ്ഞിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ താൻ എബിവിപി പ്രവർത്തകനായിരുന്നുവെന്നും ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ടെന്നും കൈയിൽ രാഖി കെട്ടിയിരുന്നുവെന്നും ശ്രീനിവാസൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
Content Highlights: Life story of Sreenivasan
Published: 20 Dec 2025, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented