വയലാർ രാമവർമക്കും ദേവരാജൻ മാഷിനും യേശുദാസിനും മാത്രമല്ല മറ്റൊരാൾക്ക് കൂടി അവകാശപ്പെട്ടതാണ് കാറ്റടിച്ചു കൊടുംകാറ്റടിച്ചു എന്ന അനശ്വരഗാനം: സിനിമാലോകം ബെന്നി അങ്കിൾ എന്ന് സ്നേഹപൂർവം വിളിക്കുന്ന പി.എം. ബെന്നിക്ക്.

To advertise here,

അലോഷ്യസ് വിൻസന്റ് സംവിധാനം ചെയ്ത തുലാഭാരം എന്ന ക്ലാസിക് സിനിമയിൽ ആ മനോഹര ഗാനത്തിനൊത്ത് ചുണ്ടനക്കിയത് ബെന്നിയാണ്. വലകെട്ടിക്കൊണ്ട് വയലാറിന്റെ ദാർശനികമായ വരികളിലൂടെ ഒഴുകിപ്പോകുന്ന മത്സ്യത്തൊഴിലാളി കഥാപാത്രത്തെ എങ്ങനെ മറക്കാൻ?

ബെന്നി അങ്കിൾ തൊണ്ണൂറ്റിനാലാം വയസ്സിൽ വിടപറഞ്ഞ വാർത്ത അദ്ദേഹത്തിന്റെ അടുത്ത ബന്ധു കൂടിയായ ഛായാഗ്രാഹകൻ ജയാനൻ വിൻസന്റ് അറിയിച്ചപ്പോൾ വേദന തോന്നി. ഏതാനും വർഷങ്ങളായി അനാരോഗ്യവുമായി മല്ലടിച്ച് ആലപ്പുഴയിലെ തുറവൂരിലുള്ള വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹം. ഓർമക്കുറവിന്റെ അസ്കിതകൾ വേറെ.
 

യാദൃച്‌ഛികമായാണ് ബെന്നിയെ പരിചയപ്പെട്ടത് -- ഏറെ പ്രിയപ്പെട്ട ഗാനം സിനിമയിൽ പാടി അഭിനയിച്ച തോണിക്കാരനെ തേടിയുള്ള യാത്രക്കൊടുവിൽ. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകരിൽ ഒരാളായ എ. വിൻസെന്റിന്റെ സഹോദരീഭർത്താവാണ് ബെന്നി. സ്വദേശം കോഴിക്കോട്. പൊള്ളാച്ചിക്കടുത്ത് ആനമലൈ എസ്റ്റേറ്റിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലിനോക്കുമ്പോഴാണ് സിനിമാമോഹം ബെന്നിയുടെ ഉള്ളിൽ തലപൊക്കിയത്. അഭിനയിക്കാനുള്ള ആഗ്രഹവുമായി ചെന്നൈയിൽ ചെന്ന് വിൻസന്റ് മാസ്റ്ററെ കാണുന്നു ബെന്നി. സിനിമയുടെ സാങ്കേതിക മേഖലയിൽ ചേർന്നു പ്രവർത്തിക്കാനാണ് മാസ്റ്റർ അളിയന് നൽകിയ ഉപദേശം. നടനായാൽ ഉള്ള വില കൂടി പോകും; അവസരങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരും. ക്യാമറയുടെ പിന്നിൽ നിൽക്കാം എന്ന് തീരുമാനിച്ചാൽ ആ പ്രശ്‌നമില്ല.

വിൻസന്റ് ഛായാഗ്രഹണം നിർവഹിച്ച ഭക്തപ്രഹ്ലാദ എന്ന തെലുങ്ക് ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹായിയായി ബെന്നി അരങ്ങേറ്റം കുറിച്ചത് 1967 ൽ. പിന്നീടങ്ങോട്ട് വിൻസന്റ് ചിത്രങ്ങളിലെ സ്ഥിരം ക്യാമറാസഹായിയായി മാറി അദ്ദേഹം. ഒപ്പം നിരവധി പടങ്ങളിൽ കൊച്ചുകൊച്ചു റോളുകളിൽ മുഖം കാട്ടുകയും ചെയ്തു. 'അസുരവിത്തി'ലെ 'പകലവനിന്ന് മറയുമ്പോൾ' ആണ് ആദ്യം പാടി അഭിനയിച്ച ഗാനം. കാളവണ്ടിക്കാരന്റെ റോളായിരുന്നു. 'ഒരു സുന്ദരിയുടെ കഥ'യിലെ അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ എന്ന പ്രശസ്ത ഗാനം, വയലോരത്തെ കാവൽപ്പുരയിലിരുന്ന് പാടുന്ന അജ്ഞാതഗായകനും ബെന്നി അങ്കിൾ തന്നെ.

പക്ഷേ ബെന്നിയെ മലയാളി മനസ്സിൽ അനശ്വരനാക്കിയത് കാറ്റടിച്ചു എന്ന നിത്യസുന്ദര ഗാനമാണ്. "സിനിമയിൽ യേശുദാസ് അഭിനയിച്ചു പാടാൻ മോഹിച്ച പാട്ടാണതെന്ന് നിർമാതാവായ ഹരിപോത്തൻ പറഞ്ഞുകേട്ടിട്ടുണ്ട്.''-- ബെന്നിയുടെ ഓർമ്മ. "പക്ഷേ ദാസിന്റെ ആഗ്രഹം തക്ക സമയത്ത് സംവിധായകനെ അറിയിക്കാൻ ഹരിപോത്തൻ മറന്നു. അങ്ങനെയാണ് ആ ദൗത്യം എന്നെ തേടിവന്നത്. ചീനവലക്കരികെ നിന്നു കൊണ്ട് ഞാൻ പാടുന്ന പാട്ടാണ്. അരൂരിൽ വെച്ചായിരുന്നു ഷൂട്ടിങ്. അഭിനയിക്കുമ്പോൾ ആ പാട്ട് ഇത്രയും വലിയ ഹിറ്റാകും എന്ന് നമ്മൾ വിചാരിക്കുന്നില്ലല്ലോ..''

വിൻസന്റിന് പുറമെ ശശികുമാറിന്റെയും പടങ്ങളിൽ സഹകരിച്ചിട്ടുണ്ട് ബെന്നി. അശ്വമേധം, നദി, ആൽമരം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുഖം കാണിച്ചു. ഏറെയും അപ്രധാന റോളുകൾ. അശ്വമേധത്തിലായിരുന്നു ഭേദപ്പെട്ട വേഷം. ശങ്കരാടിക്കു നീക്കി വെച്ചിരുന്ന ഒരു പുരോഹിതന്റെ റോളാണ് അതിൽ അഭിനയിച്ചത്. ആ കഥാപാത്രത്തിന് വേണ്ടി ഡബ് ചെയ്തത് രാമു കാര്യാട്ട് ആണെന്ന പ്രത്യേകത കൂടിയുണ്ട്. ശശികുമാറിന്റെ `ഇവിടെ തുടങ്ങുന്നു'വിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചത് മറ്റൊരു മറക്കാനാവാത്ത അനുഭവം.

1977 ൽ മുഹൂർത്തങ്ങൾ എന്ന ചിത്രത്തിലൂടെ ബെന്നി സ്വതന്ത്ര സംവിധായകനാകുന്നു. സോമനും ശ്രീവിദ്യയും അഭിനയിച്ച ഈ സിനിമ ഇന്ന് ഓർക്കപ്പെടുന്നത് ഒ.എൻ.വി - അർജുനൻ ടീമിന്റെ `സരോവരം പൂചൂടി' എന്ന ഗാനത്തിലൂടെയാവണം. പിൽക്കാലത്ത് പ്രശസ്തനായി മാറിയ ഷാജി എൻ. കരുൺ ആയിരുന്നു ആ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിനിമയോട് വിടവാങ്ങിയ ശേഷം കുറച്ചു കാലം സീരിയലുകളുടെ അണിയറയിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു ബെന്നി.

സിനിമയിലെ സംഗീത സങ്കല്പങ്ങൾ ആകെ മാറി. പാട്ടുകളുടെ കെട്ടും മട്ടും മാറി. അശരീരി ഗാനങ്ങൾ പഴങ്കഥയായി. സിനിമയിലെ തോണിക്കാരനും ദാർശനിക മാനങ്ങളുള്ള അവന്റെ പാട്ടുമൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗം. ഉത്തരമില്ലാത്ത ആ ചോദ്യം മാത്രം ബാക്കി : "സ്വർ‍ഗത്തിൽ‍ വന്നൊരാ കനി നീട്ടി ഞങ്ങളെ ദുഖക്കടലിൽ‍ എറിഞ്ഞു, എന്തിനീ ദുഖക്കടലിൽ‍ എറിഞ്ഞു..? ''