നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും അനുബന്ധ ക്രമക്കേടുകൾക്കുമെതിരെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പരിസമാപ്തിയാണ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം, ജൂലായ് 20-ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിനെതിരായ പോലീസ് നടപടിയോടെ കൂടുതൽ ജനശ്രദ്ധ ലഭിച്ചു. പ്രതിഷേധക്കാർക്കുനേരെ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിച്ചു. പ്രക്ഷോഭത്തിന്റെ ഗതി നിർണയിക്കുന്നതിൽ സിനിമാ മേഖലയിൽനിന്നുള്ള വ്യാപക പിന്തുണ പ്രധാന ഘടകമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഷകളിലെയും സിനിമാ വ്യവസായങ്ങളിലെയും താരങ്ങളും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തി.

To advertise here,

മുതിർന്ന നടി ഷബാന ആസ്മി പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് സമരത്തിലെ ആദ്യമുഖങ്ങളിൽ ഒന്നാണ്. താൻ സഞ്ചരിച്ച ട്രക്ക് പോലീസ് ആക്രമിച്ചിട്ടും കുലുങ്ങാതെ വിദ്യാർഥികൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. യുവാക്കളുടെ പ്രതിഷേധത്തെ സ്വാതന്ത്ര്യസമരത്തോടാണ് അദ്ദേഹം ഉപമിച്ചത്. മലയാളിയായ റാപ്പർ ഹനുമാൻകൈൻഡ്, രഞ്ജിനി ഹരിദാസ്, നോയല ഫ്രാൻസിസ് തുടങ്ങിയവരും സമരഭൂമിയിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചവരാണ്.

പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധത്തിന് വ്യാപക പിന്തുണ ലഭിച്ചു. ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ മലയാള ചലച്ചിത്ര പ്രവർത്തകരും ഒന്നൊന്നായി പിന്തുണയുമായെത്തി. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, മഞ്ജു വാര്യർ തുടങ്ങി ഒരുപിടിപ്പേർ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചു. നടൻ ജോജു ജോർജ്, റാപ്പർ വേടൻ, സംവിധായകൻ ആഷിഖ് അബു, യുവനടൻ മാത്യു തോമസ് ഉൾപ്പെടെ ഒട്ടേറെപ്പേർ തെരുവിലിറങ്ങി.

'സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?' എന്ന ചോദ്യവുമായാണ് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ രംഗത്തെത്തിയത്. ഇതിന്റെ പേരിൽ വിസ്മയയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നാലെ പ്രതികരണവുമായെത്തിയ മേജർ രവി, വിസ്മയയ്ക്ക് രാഷ്ട്രീയമറിയില്ലെന്ന് പറഞ്ഞു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി.

യുവാക്കൾ രാജ്യത്തിന്റെ സമ്പത്താണെന്നും അവരുടെ ശബ്ദം കേൾക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടപ്പോൾ, ഭിന്നിപ്പിലൂടെയല്ല സഹാനുഭൂതിയിലൂടെയാണ് ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ദുൽഖർ കുറിച്ചു. സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്ന് ടൊവിനോ തോമസും വ്യക്തമാക്കി.

ഇൻഫ്‌ളുവൻസറും നടിയുമായ പേളി മാണി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും വിദ്യാർഥികളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത് വലിയ വിവാദത്തിന് തിരികൊളുത്തി. 'ജീവൻ അപകടത്തിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങൂ, സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല' എന്ന പേളിയുടെ കുറിപ്പിനെ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇതിന് മറുപടി നൽകിയ പേളിയുടെ 'പരാജയപ്പെട്ട സിനിമാക്കാരൻ' എന്ന വിശേഷണം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. സിബി മലയിലിനെ ലക്ഷ്യമിട്ടാണ് പേളിയുടെ പരാമർശമെന്ന് വിമർശനമുയർന്നു. തുടർന്ന് പേളി തന്റെ കുറിപ്പ് പിൻവലിക്കുകയും ചെയ്തു.

സംവിധായകൻ മേജർ രവി പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും സോറോസ് ഫണ്ടിംഗാണെന്നും ആരോപിച്ചതാണ് മറ്റൊരു വിവാദം. സമരത്തിൽ പങ്കെടുക്കുന്നവർ മദ്യത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് എത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ സമരത്തിൽ പങ്കെടുത്ത 12-ാം ക്ലാസ് വിദ്യാർഥിനി മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു.

ബിജെപി നേതാവ് കൂടിയായ കൃഷ്ണകുമാർ സമരത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചു. 'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ മകൾ അഹാന കൃഷ്ണ അച്ഛന്റെ നിലപാടിനെ തള്ളി വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാൻ ആദ്യം വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സമരക്കാരോടും സോനം വാങ്ചുക്കിനോടും സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത് ശ്രദ്ധേയമായി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർ. മാധവൻ വിഷയത്തിൽ തുടക്കത്തിൽ മൗനം പാലിച്ചത് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായി. മാധവനെ 'കാണാനില്ല' എന്ന പോസ്റ്ററുമായി വിദ്യാർഥികൾ പ്രതിഷേധിച്ചു. പിന്നീട് മാധവനും പ്രതികരണവുമായി രംഗത്തെത്തേണ്ടി വന്നു.

സമരത്തിന്റെ ഐഡന്റിറ്റിയായി മാറിയ ദൃശ്യം വന്നത് മുംബൈയിൽ നിന്നായിരുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത റിയ ആഹിർ എന്ന യുവമോഡലിന്റെ ദൃശ്യമായിരുന്നു ചർച്ചയായത്. ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ റിയ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ചു. റിയയെ അനുകരിച്ച് നടി നവ്യ നായർ സാമൂഹികമാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ചിരുന്നു. പോലീസ് വാനിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചെങ്കിലും മിനിറ്റുകൾക്കകം അത് നീക്കം ചെയ്തു. പങ്കുവെച്ച ഫോട്ടോയും പിന്നീട് അത് പിൻവലിച്ചതും വിമർശനങ്ങൾക്ക് വിധേയമായി.

ഏറ്റവും ഒടുവിൽ സിനിമാ ലോകത്തുനിന്ന് ശക്തമായ ശബ്ദമുയർന്നത് നടി ജ്യോതികയുടേതായിരുന്നു. 'ധർമേന്ദ്ര പ്രധാൻ പദവി ഒഴിയുക, രാജിവെക്കുക' എന്ന് ജ്യോതിക തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങൾ തുറന്നുപറയാൻ മടിക്കാത്ത 'ജെൻ സി'യെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അവർ കുറിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട ജ്യോതികയുടെ ധൈര്യം പ്രശംസിക്കപ്പെട്ടു.

നീറ്റ് സമരത്തോടനുബന്ധിച്ച് നടന്ന സംഭവവികാസങ്ങൾ സിനിമാ മേഖലയിലെ താരങ്ങളുടെ രാഷ്ട്രീയ ബോധത്തെയും സാമൂഹിക പ്രതിബദ്ധതയെയും പരീക്ഷിക്കുന്നതായിരുന്നു. ചിലർ വിദ്യാർഥികൾക്കായി ശബ്ദമുയർത്തിയപ്പോൾ മറ്റു ചിലർ അതിനെതിരെ നിലകൊണ്ടു. അഴകൊഴമ്പൻ നിലപാടുകൊണ്ട് സേഫ് ഗെയിം കളിച്ചവരും ഏറെ.