സ്കറും ഗോൾഡൻ ഗ്ലോബും ദേശീയ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയ സംഗീതജ്ഞനാണ് കീരവാണി. ആയിരത്തി നാനൂറ് കോടി ബജറ്റിലൊരുങ്ങുന്ന രാജമൗലി ചിത്രമായ വാരാണസിയുടെ സംഗീത സംവിധാനത്തിൽനിന്നും അവധിയെടുത്ത് അദ്ദേഹം കഴിഞ്ഞദിവസം അധികമാരുമറിയാതെ കൊച്ചിയിലെത്തി. സിതാര കൃഷ്ണകുമാറിന്റെ പ്രോജക്ട്‌ മലബാറിക്കസ് എന്ന ബാൻഡിനൊപ്പം ഒരു പാട്ട് ചിട്ടപ്പെടുത്താൻ. അതിന്റെ വരികളെഴുതിയ ബി.കെ. ഹരിനാരായണൻ കീരവാണിയോട്‌ ദീർഘമായി സംസാരിച്ചതിന്റെ സംക്ഷിപ്തരൂപമാണിത്‌

To advertise here,

ആന്ധ്രപ്രദേശിലെ കോവ്വൂരിലുള്ള കൊടൂരി ശിവശക്തി ദത്തയ്ക്കും ഭാനുമതിക്കും 1961 ജൂലായ്‌ നാലിന് ഒരു ആൺകുഞ്ഞ് പിറന്നു. സിത്താർ വാദകനും ഗായകനും കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമൊക്കെയായിരുന്നു ശിവശക്തിദത്ത. ഭാനുമതി നന്നായി വീണ വായിക്കുമായിരുന്നു. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന രണ്ടുപേരും ചേർന്ന് മകന് ഒരു രാഗത്തിന്റെ പേരിട്ടു -കീരവാണി. മുഴുവൻ പേര് കൊടൂരി മരഗതമണി കീരവാണി! കർണാടകസംഗീതത്തിലെ എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളിൽ ഇരുപത്തിയൊന്നാമത്തേതാണ് കീരവാണി. ആരോഹണത്തിലും അവരോഹണത്തിലും സപ്തസ്വരങ്ങൾ മുഴുവനും ചേരുന്ന സമ്പൂർണരാഗം. അതുകൊണ്ടുകൂടിയാവാം, കൊടൂരി മരഗതമണി കീരവാണി എന്ന പേരിൽത്തന്നെ നിറഞ്ഞ സംഗീതമുണ്ട്. പേരിൽ മാത്രമല്ല, ആ മനുഷ്യനിലും. ഓരോ നിമിഷവും സംഗീതത്തെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാൾ. ചെയ്തുെവച്ചതാവട്ടെ, എണ്ണിത്തീരാത്ത ഹിറ്റുകൾ. ഓസ്കറും ഗോൾഡൻ ഗ്ലോബും ദേശീയ പുരസ്കാരവുമടക്കമുള്ള അംഗീകാരങ്ങൾ. ഇനി വരാനുള്ളതും വമ്പൻ പ്രോജക്ടുകൾ. ചുറ്റും സിനിമയുടെ, സംഗീതത്തിന്റെ തിരക്കുപിടിച്ച ലോകം. ആയിരത്തിനാനൂറു കോടി രൂപയുടെ ബജറ്റിലൊരുങ്ങുന്ന എസ്.എസ്. രാജമൗലിയുടെ വാരാണസി, പ്രശാന്ത് വർമയുടെ ബിഗ് ബജറ്റ് ചിത്രം ജയ് ഹനുമാൻ എന്നിവയുടെ തിരക്കിനിടയിൽനിന്നാണ്‌ കീരവാണി, ആളും ആരവവുമൊന്നുമില്ലാതെ ഒരു ഫ്ളൈറ്റിൽ കയറി ഒറ്റയ്ക്ക് കഴിഞ്ഞദിവസം കൊച്ചിയിലെത്തുന്നത്. സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് എന്ന ബാൻഡിനൊപ്പം ഒരു ഇൻഡിപെൻഡന്റ് സോങ് ചെയ്യാനായിട്ടായിരുന്നു വരവ്. വന്നപാടേ ബാൻഡ് അംഗങ്ങളോടൊപ്പം അവരുടെ ജാമിങ് ഹൗസിലേക്ക്. പ്രത്യേക വാഹനമോ ഭക്ഷണമോ വേണ്ട, വലുപ്പച്ചെറുപ്പങ്ങളില്ല. ബാൻഡ് അംഗങ്ങൾ എല്ലാവർക്കുമൊപ്പം അവരിലൊരാളായി, തമാശ പറഞ്ഞ്, കുസൃതികലർന്ന ചിരിയോടെ, ഓരോ ആർട്ടിസ്റ്റിനും നൊട്ടേഷൻസ് പറഞ്ഞുകൊടുത്ത്, അവരെക്കൊണ്ട് അത് വായിപ്പിച്ച്, റെക്കോഡ് ചെയ്യിപ്പിച്ച്, സിതാരയ്ക്ക് പാട്ട് പറഞ്ഞുകൊടുത്ത്, അത് പാടിച്ച്, എല്ലാവർക്കും ഭക്ഷണം വാങ്ങിക്കൊടുത്ത്, ഒരു കുട്ടിയെപ്പോലെ തനിക്കിഷ്ടപ്പെട്ട ചോക്ലേറ്റ് കേക്ക് കൊതിയോടെ കഴിച്ച്, ഏറ്റവും ലളിതമായ ഒരു പാട്ടുപോലെ ആ മനുഷ്യൻ അവിടെ ഒഴുകിനടന്നു.

‘‘ചേട്ടാ, പുള്ളി അകത്തുണ്ട്.. ഒരു പേടീം വേണ്ട...നമുക്കേറ്റോം പ്രിയപ്പെട്ട അങ്കിളൊക്കെ വീട്ടില് വെക്കേഷന് വരാറില്ലേ, ...ആ ഒരു മൂഡാ...’’ -പരിഭ്രമിച്ചുനിന്ന എന്നോട് ബാൻഡിന്റെ മാനേജർ പ്രദീപ് പറഞ്ഞു.

ചെല്ലുമ്പോൾ മുൻവശത്തെ മുറിയിൽത്തന്നെ അദ്ദേഹമുണ്ട്. ചെന്ന് അഭിവാദ്യംചെയ്തു. നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ഇരിക്കാൻ പറഞ്ഞു. വരികൾ ഞാൻ മുന്നേ എഴുതിക്കൊടുത്തിരുന്നു. ‘വരികൾ ട്യൂൺ ചെയ്ത് പാടിയത് കേട്ടോ, ഇഷ്ടപ്പെട്ടോ’ എന്നാണ് ആദ്യം എന്നോട് ചോദിച്ചത്. ഉവ്വെന്ന് പറഞ്ഞപ്പോൾ ഒരു ചെറുചിരിമാത്രം മറുപടി. അപ്പോഴേക്കും സിതാരയും അവിടേക്കെത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അദ്ദേഹം ഞങ്ങളെ രണ്ടുപേരെയും അടുത്ത മുറിയിലേക്കുവിളിച്ചു. വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റ് നിമിഷനേരം കൊണ്ട് ആ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ഞങ്ങളിൽ ആകാംക്ഷയും.

‘‘പുതിയൊരു സോങ് ഐഡിയ എനിക്ക് കിട്ടിയിട്ടുണ്ട്. നമ്മുടെ ബാൻഡിലെ ഗിറ്റാറിസ്റ്റ് ലിബോയ് ആണ് അതിലെ നായകൻ. എനിക്കയാളെ വല്ലാതെ ഇഷ്ടപ്പെട്ടു. തുറന്ന പ്രകൃതക്കാരൻ’’ -മനസ്സിലുള്ള പാട്ടിന്റെ കഥ ഞങ്ങളോട് പറഞ്ഞു. പിന്നെ ട്യൂൺ പാടി. എന്നിട്ട് എന്നെ നോക്കി.

‘‘എന്താ നിങ്ങൾക്കെഴുതാമോ?’’ ഞാൻ പേനയും പേപ്പറുമെടുത്ത് തയ്യാറായി. അപ്പോഴേക്ക് ലിബോയ് റൂമിലേക്ക് വന്നു.

‘‘ഇനി പിന്നെയാവാം’’ എന്ന് ഞങ്ങളോട് കണ്ണുകൊണ്ട് കാട്ടി അദ്ദേഹം ലിബോയെ കെട്ടിപ്പിടിച്ചു.

‘‘ലിബോയ്, നിങ്ങൾക്കൊരു സർപ്രൈസ് തരുന്നുണ്ട്.’’ -ഞങ്ങളെ നോക്കി പറഞ്ഞു.

‘‘ഒന്ന് സൂക്ഷിച്ച് നോക്കൂ. അല്ലു അർജുന്റെ ഛായയില്ലേ ഇയാൾക്ക്?’

ഞങ്ങളെല്ലാം ചിരിച്ചു. എത്രമേൽ ക്രിയേറ്റീവാണ്, സ്പൊണ്ടേനിയസാണ്, ഈ മനുഷ്യനെന്ന് തൊട്ടറിയുന്ന നിമിഷം.

മേശയ്ക്കുചുറ്റും ഒപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ചോദിച്ചു: ‘‘ഇപ്പൊ പറഞ്ഞ ആ സോങ് കൺസെപ്റ്റ് ഇഷ്ടപ്പെട്ടോ? ആ മീറ്ററിൽ എഴുതാൻ പറ്റില്ലേ?’’

‘‘പറ്റും സാർ’’

‘‘നമ്മുടെ പാട്ടിന്റെ ആദ്യത്തെ കേൾവിക്കാരൻ നമ്മൾ തന്നെയാണ്. നമ്മളെ ഇഷ്ടപ്പെടുത്തലാണ് പ്രധാനം. അല്ലാതെ പുറമേയുള്ളവരെയല്ല. അവനവനോട് സത്യസന്ധത പുലർത്തണം. അങ്ങനെ പാട്ട് ചെയ്താലേ അത് ജനങ്ങൾക്കും ഇഷ്ടപ്പെടൂ. നിങ്ങൾ ചെയ്ത ജോലിയിൽ നിങ്ങൾക്ക് സംതൃപ്തി തോന്നിയാൽ അത് തനിയെ ശ്രദ്ധിക്കപ്പെടും. അതാണ് ഏറ്റവും വലിയ ഹിറ്റ് ഫോർമുല.’’

നമ്മളുണ്ടാക്കുന്ന പാട്ടിൽ നമ്മൾ സൃഷ്ടികർത്താക്കളാണല്ലോ. ഒരേ സമയം സൃഷ്ടികർത്താവും ആസ്വാദകരും ആയി നിൽക്കാൻ പറ്റാറുണ്ടോ?

പറ്റും. എന്റെ അനുഭവംകൊണ്ടും കേൾവിപരിചയംകൊണ്ടും എനിക്കതിന് സാധിക്കും. പക്ഷേ, അത് സംവിധായകനെയോ നിർമാതാവിനെയോ മനസ്സിലാക്കിക്കലാണ് ബുദ്ധിമുട്ട്. അവർക്ക് അത്തരത്തിലുള്ളൊരു ജഡ്ജ്‌മെന്റ് ആയിരിക്കില്ല ഉള്ളത്. അവരുടെ താത്‌പര്യവും ഇഷ്ടവുമൊക്കെ മറ്റൊന്നായിരിക്കും. ഞാനെന്നല്ല, ഇന്ത്യയിൽ എല്ലായിടത്തുമുള്ള സംഗീതസംവിധായകരും അഭിമുഖീകരിക്കുന്ന കാര്യമാണത്. ഇതുപോലെയുള്ള ഇൻഡിപെൻഡന്റ് സോങ്സ്‌ ചെയ്യുമ്പോൾ നമുക്ക് ആ പ്രശ്നമില്ല. അത്തരം സമ്മർദങ്ങളില്ല. നമ്മുടെ ഇഷ്ടത്തിന് ചെയ്യാനാകും. ചെറിയ ബജറ്റിൽ ഇത്തരം പാട്ടുകൾ ചെയ്യാം. കേരളത്തിൽ ഒരുപാട് നല്ല ഇൻഡിപെൻഡന്റ് സോങ്സ് വരുന്നുണ്ട്. സിതാരയുടെ ചായപ്പാട്ട് നോക്കൂ. ചെറിയ തുകയ്ക്ക് ചെയ്തതാണ്. വലിയ ജനശ്രദ്ധ കിട്ടിയില്ലേ? അങ്ങനെ ഒരുപാട് നല്ല പാട്ടുകൾ കേരളത്തിൽനിന്ന് വരുന്നുണ്ട്. കേരളത്തിലെ സ്വതന്ത്രസംഗീതരംഗം മികച്ചതാണ്. വലിയ ബജറ്റിൽ നമ്മൾ ഇത്തരം പാട്ടുകൾ ചെയ്യരുത്. തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. ചെറിയ ബജറ്റിൽ ചെയ്യുകയാണെങ്കിൽ, അതിനി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അത്ര പണമല്ലേ നഷ്ടപ്പെടൂ.

പല ആർട്ടിസ്റ്റുകളോടും സംസാരിക്കുമ്പോൾ മനസ്സിലാവുന്നത് ഇൻഡിപെൻഡന്റ് മ്യൂസിക് മാത്രം ചെയ്തുകൊണ്ട് നിലനിൽക്കാൻ എളുപ്പമല്ല എന്നാണ്. ഒരുപാട് സ്വതന്ത്രഗാനങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. എന്നാൽ, അവ സിനിമാസംഗീതത്തിനുള്ളിൽ പെട്ടുപോവുന്നില്ലേ? ചില പാട്ടുകൾക്ക് മുടക്കുമുതൽ തിരിച്ചുകിട്ടുന്നുണ്ടാവാം. ഭൂരിപക്ഷത്തിനും അതില്ലല്ലോ.

കീരവാണി സാർ ഒരു നിമിഷം എന്നെ നിശ്ശബ്ദമായി നോക്കി. പിന്നെ തിരിച്ചൊരു ചോദ്യം ചോദിച്ചു.

‘‘നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്?’’

‘‘ദോശ’’ ഞാൻ പറഞ്ഞു.

‘‘ഏറ്റവും ഇഷ്ടപ്പെട്ട ദോശ കഴിക്കാൻ നിങ്ങൾ ഒരു ഹോട്ടലിൽ ചെന്നു എന്ന് വെക്കുക. അൻപതോ നൂറോ രൂപ കൊടുത്ത് ദോശ കഴിക്കുന്നു. നിങ്ങളുടെ മനസ്സും വയറും നിറയുന്നു. അതിനുശേഷം ആ ഹോട്ടലുടമ ആ നൂറു രൂപ തിരിച്ചു തരണം എന്ന് പറഞ്ഞാൽ നടക്കുമോ? അവിടെ മനസ്സും വയറും നിറയലാണ് പ്രധാനം. പണമാണ് പ്രധാനമെങ്കിൽ നിങ്ങൾ മറ്റ് വഴികൾ നോക്കേണ്ടിവരും. അവിടെ മനസ്സ് നിറയണമെന്നില്ല. എന്നെ സംബന്ധിച്ച് സ്വതന്ത്രസംഗീതം മനസ്സ് നിറയാനുള്ളതാണ്. പണം നോേക്കണ്ട എന്നല്ല, ഇഷ്ടപ്പെട്ട ദോശയ്ക്കുവേണ്ടി നിങ്ങൾക്ക് അൻപത് രൂപചെലവാക്കാം, നൂറ്റൻപത് രൂപ ചെലവാക്കാം, അതുപോലെ ഇഷ്ടപ്പെട്ട ഒരു പാട്ട് ചെയ്യാൻ ഇരുപത്തയ്യായിരമോ അൻപതിനായിരമോ ചെലവാക്കാം. അതിൽ കൂടുമ്പോൾ സൂക്ഷിക്കണം.’’

സാർ എഴുന്നേറ്റ് കൈ കഴുകി. പിന്നെ അവിടെയുള്ള ഓരോരുത്തരെയും അങ്ങോട്ടുചെന്ന് പരിചയപ്പെട്ടു. ആർട്ടിസ്റ്റുകളോട് ഇന്നലെ നടന്ന റെക്കോഡിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു. അവരെ അഭിനന്ദിച്ചു. ബാൻഡിൽ കീബോർഡും ഹാർമോണിയവും വായിക്കുന്ന ശ്രീനാഥിനെ അടുത്തുവിളിച്ച്, ഹാർമോണിയത്തിൽ ആർ.ഡി. ബർമ്മന്റെ പ്രസിദ്ധമായ ‘രേനാ ബീത്ത് ജായെ’ വായിച്ചു. പിന്നെ ഒരു പെന്നും പേപ്പറുമെടുത്ത് അത് നൊട്ടേറ്റ് ചെയ്ത് കാണിച്ച് ആ പാട്ടിലൊളിപ്പിച്ചുെവച്ച കൗതുകങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുത്തു. അപ്പുറത്ത് ഞങ്ങൾ ചെയ്ത പാട്ടിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചപ്പുറത്തേക്ക് മാറിയിരുന്നു. ഞാൻ പതുക്കെ സാറിനടുത്ത് ചെന്നിരുന്നു.

‘‘ഒരു മലയാളം പാട്ട് പാടാമോ’’

‘‘എന്റെ പാട്ടോ അതോ മറ്റേതെങ്കിലുമോ?’’

ഒന്ന് ചിന്തിച്ച്, പിന്നെ പറഞ്ഞു:

‘‘ശ്യാം സാറിന്റെ പാട്ട് പാടാം. ഞാനിവിടെ ‘സമ’ത്തിന്റെ ഒരു ഫങ്ഷന് പാടിയിരുന്നു.’’

ഹാർമോണിയത്തിൽ ആ വിരലുകൾ ചലിക്കാൻ തുടങ്ങി. അതിനൊപ്പം ശബ്ദവും.

ശ്രുതിയിൽനിന്നുയരും നാദശലഭങ്ങളേ...

സ്വരമാം ചിറകിൽ അലസം നിങ്ങളെൻ

മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ... പല്ലവിയും അനുപല്ലവിയും പാടി നിർത്തി.

‘‘എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ്. ശ്യാം സാറിന്റെ’’.

അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ടോ

ഇല്ല. ഇത് തൃഷ്ണ സിനിമയിലെ അല്ലേ?

‘‘അതെ. ബിച്ചു തിരുമലയ്ക്ക് സംസ്ഥാന അവാർഡ് കിട്ടിയത് ഈ പാട്ടിനും കൂടി ചേർന്നാണ്’’

അദ്ദേഹവുമായി ഞാൻ ജോലി ചെയ്തിട്ടില്ല. കൈതപ്രം, പി.കെ. ഗോപി, എം.ഡി. രാജേന്ദ്രൻ, ഷിബു ചക്രവർത്തി, ഇത്രയും പേരുമായേ ജോലി ചെയ്തിട്ടുള്ളൂ.''

അങ്ങൊരു ഗാനരചയിതാവ് കൂടിയാണല്ലോ. ദണ്ഡാലയ്യ, കണ്ണാ നിദുരിഞ്ചര, ഒക പ്രാണം, തുടങ്ങി കുറെ പാട്ടുകളുണ്ടല്ലോ?

ഞാൻ പ്രൊഫഷണലി ഒരു മ്യൂസിക് ഡയറക്ടറാണ്. ഗാനരചന എന്റെ പാഷനാണ്. പ്രൊഫഷണൽ ആവുമ്പോൾ നമ്മൾ തലച്ചോർകൊണ്ടും ചെയ്യും. പാഷൻ ആവുമ്പോൾ ഹൃദയത്തിൽനിന്നേവരൂ. എനിക്ക് ഇഷ്ടപ്പെടാത്ത സിറ്റുവേഷനുമായി ബന്ധപ്പെട്ടും എനിക്ക് പാട്ടിന്റെ ഈണമുണ്ടാക്കാൻ പറ്റും. ഗാനങ്ങൾ അങ്ങനെയല്ല. ചില പാട്ടുകൾക്ക് ഈണമിടുമ്പോൾത്തന്നെ വരികൾ വരും; ചിലതിന് ഉണ്ടാവില്ല. മാത്രമല്ല, അതിഗംഭീരമായി എഴുതുന്ന ഗാനരചയിതാക്കളുമായാണ് ഞാൻ ജോലി ചെയ്യുന്നത്. ചില പാട്ടുകൾക്ക് ഞാൻ ആദ്യവാക്കോ വരിയോ കൊടുക്കാറുണ്ട്. അത് ഈണത്തിനൊപ്പം വരുന്നതാണ്‌.

ഒരു പാട്ടിന്റെ നിർവചനമെന്താണ്?

പാട്ട് എന്നാൽ വരികളാണ്. ഈണത്തിന് രണ്ടാംസ്ഥാനമേയുള്ളൂ. സംഗീതാത്മകമായി പറയുന്ന വരിയാണ് ഗാനം. വരികളിൽ ആശയമുണ്ടാവണം. കവിതയും ആത്മാവും വേണം. അപ്പോഴേ എന്നുമോർക്കുന്ന ഗാനമാവൂ.

എന്നിട്ട് എന്നോട് ചോദിച്ചു: സൗന്ദര്യലഹരി വായിച്ചിട്ടുണ്ടോ? അതിലെ 47-ാമത്തെ ശ്ലോകമുണ്ട്.

ഭ്രുവൗ ഭുഗ്‌നേ കിഞ്ചിദ് ഭുവനഭയഭംഗവ്യസനിനി

ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണം

ധനുർമന്യേ സവ്യേതരകരഗൃഹീതം രതിപതേഃ

പ്രകോഷ്‌ഠേ മുഷ്ടൗ ച സ്ഥഗയതി നിഗൂഢാന്തരമുമേ...

‘പാർവതിയുടെ പുരികക്കൊടികളെ കാമദേവന്റെ വില്ലിനോടാണ് ശങ്കരാചാര്യർ ഉപമിച്ചിരിക്കുന്നത്. അതാണ് കവിത. വരികൾ എഴുതുമ്പോൾ നമുക്ക് പ്രാസം ഒക്കെ ഉപയോഗിക്കാം, അതുകൊണ്ട് അത് നല്ല വരികൾ ആവില്ല. സംഗീതാത്മകം ആയേക്കാം. അത്‌ ഒരു പ്ലാസ്റ്റിക് റോസാപ്പൂ കാണിക്കുന്നത് പോലെയേ വരൂ. അതിന് നിറവും ഇതളും തണ്ടുമൊക്കെയുണ്ടാകും. പക്ഷേ, ശരിക്കും റോസാപ്പൂ ആകണമെങ്കിൽ മണം വേണം. ആ സൗരഭ്യമാണ് കവിത. അത് എങ്ങനെ ഉണ്ടാകും എന്ന് നമുക്ക് കാണിച്ചുകൊടുക്കാനാവില്ല, അനുഭവിച്ചറിയാനേ പറ്റൂ. അതുണ്ടെങ്കിലേ പാട്ട് പാട്ടാവൂ.’’
 

അങ്ങയുടെ വായന എങ്ങനെയാണ്?

വലിയ ഇഷ്ടമാണ്. സമയം കിട്ടുമ്പോഴൊക്കെ വായിക്കും. ഏത് പുസ്തകമെന്നില്ല. കൈയിൽ കിട്ടുന്നതൊക്കെ. ഇന്ത്യൻ ഭരണഘടന മുതൽ സോണി ടി.വി.യുടെ മാനുവൽ ഗൈഡ് വരെ വായിക്കും.

കീരവാണി സാർ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. വീണ്ടും ഷൂട്ടിലേക്ക് പോയി. അവിടെ ഷൂട്ടിങ്‌ നടക്കുമ്പോഴും വളരെ സ്വാഭാവികമായി പുതിയപുതിയ നിർദേശങ്ങൾ സാർ പറയുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് ടീഷർട്ടിൽ ഭക്ഷണസാധനമോ മറ്റോ വീണ് ചെറിയൊരു കറ വന്നു.

‘‘ടീഷർട്ട് മാറ്റണോ?’’ ക്യാമറ ക്രൂവിൽ ആരോ ചോദിച്ചു.

‘‘എന്തിന്?’’ അത് വെള്ളം കൊണ്ട് തുടച്ച് വളരെ കൂളായി അദ്ദേഹം വീണ്ടും വന്നിരുന്നു.

അങ്ങ് ഇപ്പോഴും ബസിലൊക്കെ യാത്ര ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് ഇത്ര ലളിതമായി ജീവിക്കാനാവുന്നത്?

അദ്ദേഹം തന്റെ കണ്ണടച്ചില്ലിലൂടെ വളരെ ഗൗരവത്തോടെ ഒരുനിമിഷം എന്നെ നോക്കിയിരുന്നു. പിന്നെ പറഞ്ഞു. ഞാൻ ബസിൽ, ഊബറിൽ, ഓട്ടോയിൽ, ഒക്കെ യാത്രചെയ്യും. അതുകൊണ്ടെന്താ? അതെന്റെ സൗകര്യവും ഇഷ്ടവുമല്ലേ. എന്റെ ജോലിയും ജീവിതവുമായി ബന്ധപ്പെടുത്തേണ്ടതില്ലല്ലോ. ഒരാൾ പണക്കാരനായി എന്നുവെക്കുക. ആവശ്യത്തിൽ കൂടുതൽ പണം അയാൾക്കുണ്ട്. എന്നുെവച്ച് അയാളുടെ വാഷ് റൂമിലെ ടോയ്‌ലറ്റ് സീറ്റ് സെറാമിക്കിന് പകരം സ്വർണംകൊണ്ടാക്കുമോ? വായിലുള്ള പല്ലുകളെല്ലാം പറിച്ചെടുത്ത് സ്വർണപ്പല്ല് വെക്കുമോ? അത്രേയുള്ളൂ.

ഈ സമയം സാറിന്റെ ഫോൺ റിങ് ചെയ്തു. അദ്ദേഹത്തിന്റെ കോളർ ട്യൂൺ ഒരു മലയാളം പാട്ടാണ്. താരേ രാഗധാരേ നിന്നിൽ പഞ്ചമഭാവമുണർന്നോ... യു. രാധാകൃഷ്ണൻ എഴുതി, രാജാമണി സംഗീതം നൽകി യേശുദാസ് പാടിയ, ഇതൊരു തുടക്കംമാത്രം എന്ന ചിത്രത്തിലെ പാട്ട്. സംസാരം സ്വാഭാവികമായും രാജാമണിയിലെത്തി.

“രാജാമണി സാറിനെക്കുറിച്ച് പറഞ്ഞാൽ ഒരു പേജ് പോരാ. അതൊരു പുസ്തകമാണ്. അത്രയ്ക്കധികം അനുഭവങ്ങളുണ്ട്. അദ്ദേഹം എനിക്ക് ഗുരുനാഥനാണ്, സുഹൃത്താണ്. ശരിക്കും ഒരു ജീനിയസ്സായിരുന്നു, പ്രത്യേകിച്ച് സിനിമകളുടെ പശ്ചാത്തലസംഗീതം. തന്റെ ജീവിതത്തെ, സംഗീതത്തെ, അദ്ദേഹം ഒരു ആഘോഷമാക്കി. ഒപ്പം ജോലി ചെയ്യുന്ന ആർട്ടിസ്റ്റുകളെ, അസിസ്റ്റന്റുമാരെ, എല്ലാം വലുപ്പച്ചെറുപ്പമില്ലാതെ ചേർത്തുനിർത്തി. രാജാമണി സാറിന്റെ കീഴിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. എനിക്കുവേണ്ടി അദ്ദേഹവും ജോലി ചെയ്തിട്ടുണ്ട്. മണിയണ്ണാ എന്നാണ് ഞാൻ വിളിക്കാറ്. എനിക്ക് മൂത്ത ജ്യേഷ്ഠനാണ്. ഞാൻ ആദ്യം ജോലി ചെയ്യുന്നത് അദ്ദേഹത്തിനുവേണ്ടിയാണ്,ബെംഗളൂരുവിൽവെച്ച്. രോമാഞ്ചന എന്ന കന്നഡ സിനിമയിൽ. സാഹിത്യകാരനായ ചന്ദ്രശേഖര കമ്പാർ ആയിരുന്നു സംഗീതസംവിധായകൻ. മണിയണ്ണനായിരുന്നു മ്യൂസിക് അറേഞ്ച് ചെയ്യുന്ന കണ്ടക്ടർ. ഞാൻ അസിസ്റ്റന്റ് കണ്ടക്ടർ. ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ 1986 നവംബർ 10, 11, 12 തീയതികളിലായിരുന്നു റെക്കോഡിങ്. ആ മൂന്ന് ദിവസത്തെ ജോലിക്ക് അദ്ദേഹം എനിക്ക് ഇരുനൂറ് രൂപ ശമ്പളം തന്നു. ആ ഇരുനൂറ് രൂപയാണ് ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടുന്ന പ്രതിഫലം! വളരെ പെട്ടെന്നാണ് അദ്ദേഹം ഈ ലോകം വിട്ടുപോയത്. എന്നെ സംബന്ധിച്ച് അതൊരു വല്ലാത്ത നഷ്ടമാണ്‌”-കീരവാണി സാർ വികാരാധീനനായി.

സംസാരിക്കുന്നതിനിടയിൽ ഒന്നോർത്തെടുക്കുകപോലും വേണ്ടാതെയാണ് കൃത്യമായ കൊല്ലവും തീയതിയുമൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി തന്റെ അനുഭവം പറഞ്ഞു. കീരവാണി സാറിന്റെ ഒരു ജോലിയുമായി ബന്ധപ്പെട്ട് രൂപ ഹൈദരാബാദിലുള്ളപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കുപോയി. അവിടെവെച്ച് എന്തോ സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു.

‘രൂപയുടെ ജനനത്തീയതിയും സമയവും എപ്പോഴാണ്?’

രൂപ അതിനുത്തരം കൊടുത്തപ്പോൾ, കീരവാണി തന്റെ സൂക്ഷിച്ചുെവച്ച ഡയറിയോ മറ്റോ തപ്പിനോക്കി. പിന്നെ പറഞ്ഞു.

‘‘രൂപ ജനിച്ച സമയത്ത് ഞാനൊരു സ്വീറ്റ് കഴിക്കുകയായിരുന്നു’’

തന്റെ ജീവിതത്തിലെ ഓരോ ദിവസവും നടക്കുന്ന ഓരോ ചെറിയ സംഭവങ്ങൾ പോലും ഈ മനുഷ്യൻ കുറിച്ച് വെക്കുന്നുണ്ട്. അത്രയ്ക്ക് സൂക്ഷ്മമായി. ആദ്യം അത് ഡയറിയിലോ പുസ്തകത്തിലോ ആയിരുന്നെങ്കിൽ ഇപ്പോൾ കംപ്യൂട്ടറിലോ പെൻഡ്രൈവിലോ ആണ്. അദ്ദേഹത്തിന്റെ റെക്കോഡിങ്ങുകൾ ഒരു ആഘോഷം പോലെയാണ്. അവിടെ വലിയ ആർട്ടിസ്റ്റെന്നോ ചെറിയ ആർട്ടിസ്റ്റെന്നോ ഇല്ല. എല്ലാവർക്കും ഒരേ പരിഗണന, ഉയർന്ന ശമ്പളം. റെക്കോഡിങ് കഴിഞ്ഞാൽ എല്ലാവർക്കും അദ്ദേഹം ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കും. എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും.

‘‘പഴയ സംഗീത സംവിധായകർ തൊട്ട് പുതിയവരുടെ പാട്ട് വരെ അദ്ദേഹം കേൾക്കും. ഏത് ഭാഷയിലെ ആയാലും. അങ്ങനെ ഇഷ്ടപ്പെട്ട പാട്ടുകളെക്കുറിച്ച് പ്രശംസിച്ച് പറയും. ആ പാട്ടുകൾ അവർക്ക് ക്രെഡിറ്റ് കൊടുത്തുകൊണ്ട് തന്റെ ഷോകളിൽ പാടും. അതിലൊന്നും ഒരു ഈഗോയോ മടിയോ ഇല്ല’’ -രൂപ രേവതി പറഞ്ഞു.

പാട്ടിന്റെ ഷൂട്ടിൽ അദ്ദേഹത്തിന്റെയും എന്റെയും ഭാഗം കഴിഞ്ഞു. കീരവാണി സാർ മുറിയിലേക്കുപോയി. പതുക്കെ കൂടെച്ചെന്നു. ഞങ്ങളുടെ സംസാരം വീണ്ടും മലയാളസിനിമയിലേക്കെത്തി.

“മലയാളത്തിൽ ഞാൻ വളരെ കുറച്ചു സിനിമയേ ചെയ്തിട്ടുള്ളൂ. നീലഗിരി, സൂര്യമാനസം, പുന്നാരം കുയിൽ, സ്വർണച്ചാമരം, വർഷാഞ്ജലി തുടങ്ങി വളരെ കുറച്ച്. റിലീസ് ചെയ്യാത്ത ചില ചിത്രങ്ങളുമുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത തമിഴ് ചിത്രം അഴഗനിൽ സംഗീതം ചെയ്തത് ഞാനാണ്. അതിലെ നായകൻ മമ്മൂട്ടിസാറായിരുന്നു. അഴഗനിലെ പാട്ടുകൾ ഇഷ്ടപ്പെട്ട് അദ്ദേഹമാണ് എന്നെ നീലഗിരിയിലേക്കും സൂര്യമാനസത്തിലേക്കും ശുപാർശ ചെയ്തത്. ദേവരാഗത്തിൽ ഭരതൻ സാറിനൊപ്പം ജോലി ചെയ്തു. ആ ചിത്രത്തിലാണ് പി. ജയചന്ദ്രനെക്കൊണ്ട് പാടിക്കുന്നത്. അദ്ദേഹത്തിന് എന്റെ അച്ഛന്റെ മുഖച്ഛായയുണ്ട്. ആ രൂപവും ഭാവവും ചെറുപ്പകാലത്തെ എന്റെ അച്ഛനെ ഓർമ്മിപ്പിക്കും. ദാസേട്ടനെക്കാണ്ടും എം.ജി. ശ്രീകുമാറിനെക്കൊണ്ടും നാലോ അഞ്ചോ പാട്ടുകളേ എനിക്ക് പാടിക്കാൻ പറ്റിയിട്ടുള്ളൂ. ദേവരാഗത്തിനുശേഷം ഭരതൻ സാർ എന്നെ ഒരു സിനിമയ്ക്ക് വിളിച്ചു. ഏറ്റെടുത്ത മറ്റ് സിനിമകളുടെ ജോലികൾ കാരണം എനിക്കതിന് പോകാൻ കഴിഞ്ഞില്ല. പിന്നീട് മാക്ടയുടെ ഒരു ഫങ്ഷന് കണ്ടപ്പോൾ ഞാനദ്ദേഹത്തോട് ക്ഷമാപണം പറഞ്ഞു. ‘‘അതൊന്നും സാരമില്ല, ഇതൊക്കെ സ്വാഭാവികമല്ലേ,’’ എന്നദ്ദേഹം സ്നേഹത്തോടെ മറുപടി പറയുകയും ചെയ്തു. എന്നെ സംബന്ധിച്ച്, മലയാളസിനിമ ഒരു നദിപോലെ ഒഴുകുന്നതാണ്. വലിയ സംഘർഷങ്ങളൊന്നുമില്ലാതെ, സുഖകരമായിരുന്നു ഓരോ ജോലിയും. സംഘർഷങ്ങളുണ്ടെങ്കിലേ കഥകളുണ്ടാവൂ. അതുകൊണ്ടുതന്നെ പറയാൻ അധികം കഥകളില്ല’’ -അദ്ദേഹം ചിരിച്ചു.

എന്നാൽ, സൂര്യമാനസത്തിന്റെ റെക്കോഡിങ്ങിനെപ്പറ്റി രസകരമായ ഒരു കഥ വിജി തമ്പി പിന്നീട് സംസാരിച്ചപ്പോൾ പറഞ്ഞു. അദ്ദേഹവും ഗാനരചയിതാവ് കൈതപ്രവും കൂടി മദ്രാസിൽ എ.വി.എം. സ്റ്റുഡിയോയിൽച്ചെന്ന് കീരവാണിയെ കണ്ടു. കഥയും ഗാനസന്ദർഭങ്ങളും പറഞ്ഞുകൊടുത്തു. കേട്ടശേഷം കീരവാണി പറഞ്ഞു:

‘‘ഒരാഴ്ച കഴിഞ്ഞ് വരൂ. അപ്പോഴേക്കും ഞാൻ ട്യൂണുകൾ ഉണ്ടാക്കാം’’

സാധാരണ ഗതിയിൽ പിറ്റേന്നുതന്നെ കംപോസിങ്‌ തുടങ്ങാറാണ് പതിവ്. ഇനി എന്ത് ചെയ്യുമെന്നായി രണ്ടുപേരും. ആ ഒരാഴ്ച മദ്രാസിൽ തന്നെ താമസിച്ചു. തിരിച്ചു പോന്നില്ല. പറഞ്ഞദിവസം സ്റ്റുഡിയോയിൽ ചെന്ന അവർ ശരിക്കും ഞെട്ടിപ്പോയി. ഒറ്റ സന്ദർഭത്തിന് ഇരുപത്തിമൂന്ന് പല്ലവി ട്യൂണുകളാണ് ചെയ്തിരിക്കുന്നത്! കുഴങ്ങിപ്പോയ വിജി തമ്പി പറഞ്ഞു: ‘‘ഇതിൽ നിന്ന് നല്ല അഞ്ചെണ്ണം നിങ്ങൾ തിരഞ്ഞെടുത്ത് തരൂ. അതിൽനിന്ന് ഒന്ന് ഞങ്ങൾ പറയാം.’’

അങ്ങനെ കീരവാണി തിരഞ്ഞെടുത്ത അഞ്ചിൽ നിന്ന് അവർ തിരഞ്ഞെടുത്ത ഈണമാണ് ഇന്ന് നമ്മൾ കേൾക്കുന്ന തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം എന്ന പാട്ടിന്റേത്! ഈ വരികളിൽ നിന്നാണ് സിനിമയ്ക്ക് പേരും ഉണ്ടായത്!

അങ്ങയുടെ ആത്മീയയാത്രകളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്

സംഗീതത്തിലൂടെ സഞ്ചരിക്കൽ തന്നെ ഒരു തീർഥയാത്രയാണ്. എന്നെ സംബന്ധിച്ച് പോകുന്ന സ്ഥലമല്ല പ്രധാനം, കൂടെ സഞ്ചരിക്കുന്ന മനുഷ്യരാണ്. അവരുമായി മനസ്സടുപ്പമുണ്ടായാൽ എവിടേക്കുള്ള യാത്രയും സുന്ദരമാണ്.

മലയാളസിനിമയിലേക്ക് ഇനിയും വരില്ലേ?

തീർച്ചയായും. അവസരങ്ങൾ വന്നാൽ ഞാൻ വരും. മലയാളസിനിമ ഒരു പൂന്തോട്ടമാണ്. വ്യത്യസ്തമായ പൂക്കളുണ്ട്. അവയിലെല്ലാം നിറയെ തേനും. രണ്ടോ മൂന്നോ കിലോഗ്രാം തേനിൽനിന്ന് ആകെ ഒരു തുള്ളിയേ ഞാൻ എടുത്തിട്ടുള്ളൂ. ഇനിയും എത്രയോ ഉണ്ട്.

ഓസ്കറിനെയും തന്റെ പേരുമാറ്റത്തെയുമൊക്കെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി. ‘‘അതൊക്കെ പലവട്ടം പറഞ്ഞതല്ലേ.’’

ഉച്ചഭക്ഷണത്തിനായി എഴുന്നേറ്റു. തീന്മേശയ്ക്കുമുന്നിൽ നിൽക്കുമ്പോൾ എന്നോട് കൈ തൊഴുന്നതുപോലെ പിടിക്കാൻ പറഞ്ഞു. അത് ചെയ്തപ്പോൾ കൈകൾ കുടന്ന പോലെ മലർത്താൻ ആവശ്യപ്പെട്ടു. പിന്നെ ആ കുടന്നയിലേക്ക് നോക്കി പറഞ്ഞു. ‘‘ഇത്ര ഭക്ഷണമേ നമ്മൾ കഴിക്കാൻ പാടുള്ളൂ. അത് എന്നോട് സഹസംവിധായികയായ ഒരു പെൺകുട്ടി പറഞ്ഞതാ. ഞാനത് പാലിക്കാൻ ശ്രമിക്കാറുണ്ട്. ഒരറിവും ചെറുതല്ലല്ലോ.’’

എല്ലാവർക്കുമൊപ്പം ഇരുന്ന് അദ്ദേഹം ഭക്ഷണം കഴിക്കാൻ തുടങ്ങി. അത്രമേൽ ആസ്വദിച്ച്, സുന്ദരമായ ഒരു പാട്ടുണ്ടാക്കുന്നതുപോലെ.