അമിതാഭ് ബച്ചന്റെയും മൗഷ്മി ചാറ്റർജിയുടെയും കൈപിടിച്ച് മുംബൈയിലെ മറീൻ ഡ്രൈവിലൂടെ കളിച്ചും ചിരിച്ചും നടന്നുപോയ ഒരു മഴയുണ്ട്. സിനിമയിൽ ഞാൻ കണ്ട ഏറ്റവും പ്രണയസുരഭിലമായ മഴ.

To advertise here,

നാലര പതിറ്റാണ്ടിനിപ്പുറവും മോഹിപ്പിക്കുന്നു ആ മഴ. ഒപ്പം പശ്ചാത്തലത്തിൽ ഒഴുകിയെത്തിയ ലതാ മങ്കേഷ്‌കറുടെ പാട്ടും: 'രിംജിം ഗിരേ സാവൻ സുലഗ് സുലഗ് ജാനേമൻ.....' സ്‌ക്രീനിൽ കാണുന്ന ബോംബെ ഇന്ന് ചരിത്രരേഖയായി മാറിക്കഴിഞ്ഞല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി.

മഴയുടെ നിറഭേദങ്ങളും ഭാവഭേദങ്ങളും സിനിമയിൽ മനോഹരമായി ആവിഷ്‌കരിച്ചവരാണ് സത്യജിത് റായിയും രാജ് കപൂറും മണിരത്‌നവും മുതൽ നമ്മുടെ കമൽ വരെയുള്ള ചലച്ചിത്രകാരന്മാർ; ശാന്തം, വീരം, രൗദ്രം, കരുണം, ശൃംഗാരം എന്നിങ്ങനെ. 'മൻസിലി'ലെ ഗാനരംഗത്ത് കണ്ടത് പ്രണയ മഴയാണ്. സിനിമക്ക് വേണ്ടി കൃത്രിമമായി മഴ പെയ്യിക്കുകയല്ല മൻസിലിന്റെ സംവിധായകൻ ബസു ചാറ്റർജി ചെയ്തത്. പകരം പെരുമഴയിലേക്ക് സ്വന്തം കഥാപാത്രങ്ങളെ ഇറക്കിവിട്ടു അദ്ദേഹം; പേരിനൊരു കുട പോലും കൊടുക്കാതെ. ഹിന്ദി സിനിമാലോകത്ത് ചെലവ് ചുരുക്കലിന്റെ ആശാൻ എന്നറിയപ്പെട്ടിരുന്ന ബസുദാ ചിലപ്പോൾ ആ വഴിക്കും ചിന്തിച്ചുകാണണം. അധികൃതരിൽ നിന്ന് അനുമതി പോലും വാങ്ങാതെയാണ് ബസുദാ ലൈവ് ആയി ആ രംഗം ചിത്രീകരിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു മൗഷ്മി ചാറ്റർജി.

റിഹേഴ്സലും റീടേക്കുകളുമില്ലാത്ത ആ ഷൂട്ടിങ് വലിയൊരു ഗാംബ്ലിംഗ് ആയിരുന്നു. ബോളിവുഡിലെ മെഗാസ്റ്റാർ പദവിയിൽ അമിതാഭ് ജ്വലിച്ചു നിൽക്കുന്ന കാലമായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. ഭാഗ്യവശാൽ കോരിച്ചൊരിയുന്ന മഴക്കിടെ പെരുവഴിയിലെ ക്യാമറയും കോലാഹലവും അധികമാരും ശ്രദ്ധിക്കാൻ മെനക്കെട്ടില്ല. അമിതാഭ് ബച്ചനെപ്പോലൊരു മഹാനടൻ യഥേഷ്ടം മറീൻ ഡ്രൈവ്- ചർച്ച്ടി ഗേറ്റ് പരിസരങ്ങളിലൂടെ ഓടിക്കളിക്കുമെന്ന് സങ്കൽപ്പിക്കുന്നു പോലുമില്ലല്ലോ ആരും. കാലാ പത്ഥറും മിസ്റ്റർ നട്വർ ലാലും ഗ്രേറ്റ് ഗാംബ്ലറുമൊക്കെ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം.

അമിതാഭിനൊപ്പമുള്ള ഗാനചിത്രീകരണത്തിന്റെ രസകരമായ ഓർമകൾ ഈയിടെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു മൗഷ്മി ചാറ്റർജി. 'കോരിച്ചൊരിയുന്ന മഴയിലാണ് ഷൂട്ടിങ്. പശ്ചാത്തലത്തിൽ പ്ലേ ചെയ്തിരുന്ന പാട്ട് മഴയുടെ ശബ്ദം കാരണം പലപ്പോഴും കേൾക്കാതെ വന്നു. ദൂരെ നിന്നുകൊണ്ട് ആരോ തൂവാല വീശേണ്ടിവന്നു, ഷോട്ടുകൾ തുടങ്ങാനും നിർത്താനും വേണ്ട നിർദേശങ്ങൾ നൽകാൻ.'

നായകൻ ആറടി രണ്ടിഞ്ചുകാരൻ; നായികയാകട്ടെ അഞ്ചടി മൂന്നിഞ്ചുകാരിയും. 'അമിതാഭ് കാലുകൾ നീട്ടിവെച്ചു നടന്നാൽ ഞാൻ ഏറെ പിന്നിലായിപ്പോകും. അതറിഞ്ഞുകൊണ്ട്, വളരെ സൂക്ഷിച്ച് കൊച്ചുകൊച്ചു ചുവടുകൾ വക്കാൻ അദ്ദേഹം ശ്രദ്ധിച്ചു', മൗഷ്മി ഓർക്കുന്നു. മറ്റൊരു പ്രശ്‌നം മേക്കപ്പായിരുന്നു. 'വാട്ടർ പ്രൂഫ് മേക്കപ്പ് ഇല്ല അന്ന്. മഴയിൽ ഒരു ഷോട്ട് ചിത്രീകരിച്ചു കഴിഞ്ഞാൽ കണ്മഷി കവിളിൽ പടർന്നിട്ടുണ്ടാകും. അതു കണ്ട് അമിതാഭ് ഉൾപ്പെടെയുള്ളവർ കളിയാക്കി ചിരിക്കുന്നത് ഓർമയുണ്ട്. തുടർച്ചയായ മഴയിൽ എന്റെ സാരിയുടെ നിറമിളകി പച്ചനിറം ശരീരത്തിൽ പടർന്നത് മറ്റൊരു കൗതുകമുള്ള ഓർമ.'

യോഗേഷ് എഴുതി ആർ.ഡി. ബർമ്മൻ ചിട്ടപ്പെടുത്തിയ ഗാനം അതേ സിനിമയിൽ കിഷോർ കുമാറിന്റെ സ്വരത്തിൽ ആവർത്തിക്കപ്പെട്ടിട്ടുമുണ്ട്. കുറേക്കൂടി ഭാവദീപ്തമാണ് കിഷോറിന്റെ ആലാപനം എന്ന് തോന്നും. പക്ഷേ ചിത്രീകരണ മികവ് ലതാജിയുടെ പാട്ടിന് തന്നെ. ഇന്ത്യൻ സിനിമയിലെ മഴയുടെ പശ്ചാത്തലത്തിലുള്ള ഗാനരംഗങ്ങളിൽ ഏറ്റവും ഹൃദ്യമായ ദൃശ്യാനുഭവം.

തോരാത്ത മഴപ്പെയ്ത്തിലേക്ക് ഇറങ്ങിനിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു പ്രണയഗീതം; 'മൻസിലി'ന്റെ സംവിധായകൻ ബസു ചാറ്റർജിക്ക് വേണ്ടത് അതായിരുന്നു. സിനിമയിൽ രണ്ടു വ്യത്യസ്ത കഥാമുഹൂർത്തങ്ങളിൽ, പുരുഷ ശബ്ദത്തിലും സ്ത്രീശബ്ദത്തിലും കടന്നുവരേണ്ട പാട്ട്. ഈണത്തിലും പല്ലവിയിലും മാറ്റം വേണ്ട. പക്ഷേ മറ്റ് വരികൾ വ്യത്യസ്തമാകണം. 'മഴയെക്കുറിച്ചോർത്തപ്പോഴേ ആദ്യം മനസ്സിൽ തടഞ്ഞ വാക്കാണ് രിംജിം. പിന്നെയെല്ലാം എളുപ്പമായിരുന്നു. കഥാപാത്രങ്ങളുടെ മാനസികനില രണ്ടു പാട്ടുകളിലും കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം', പാട്ടെഴുതിയ യോഗേഷിന്റെ വാക്കുകൾ.

ലതാജിയുടെ ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ ചരണം ഇങ്ങനെ: 'പഹ്ലേ ഭി യൂ തോ ബരസേ ഥേ ബാദൽ, പഹ്ലേ ഭി യൂ തോ ഭീഗാ ഥാ ആഞ്ചൽ, അബ്കെ ബരസ് ക്യോ സജൻ, സുലഗ് സുലഗ് ജായേ മൻ...' (മുൻപും മേഘജാലം മഴ ചൊരിഞ്ഞിട്ടുണ്ട്, എന്റെ വസ്ത്രങ്ങളെ ഈറനണിയിച്ചിട്ടുമുണ്ട്; ഈ ഋതുവിന് മാത്രമെന്ത് പ്രത്യേകത? ഹൃദയം ആളിക്കത്തുന്നു ഇപ്പോഴും) പശ്ചാത്തലം മഴ തന്നെയെങ്കിലും കിഷോർ ഗാനത്തിന്റെ ചരണം വേറെയാണ്: 'ജബ് ഗുംഗ്രൂവോം സി ബജ്ത്തീ ഹേ ബൂന്ദേ, അർമാൻ ഹമാരെ പൽക്കേ ന മൂന്ദേ, കൈസേ ദേഖേ സപ്‌നേ നയൻ, സുലഗ് സുലഗ് ജായേ മൻ...' (കിലുങ്ങുന്ന കാൽത്തളകൾ പോലെ മഴത്തുള്ളികൾ പൊഴിയുമ്പോൾ, ഉള്ളിലെ മോഹങ്ങൾക്ക് ഉറങ്ങാൻ മടി; പിന്നെങ്ങനെ എന്റെ കണ്ണുകൾക്ക് കിനാവ് കാണാനും ഹൃദയം ആളിക്കത്തിക്കാനുമാകും?)

പണക്കാരിയായ അരുണ ഖോസ്ലയെ പ്രണയിക്കുന്ന അജയ് ചന്ദ്ര എന്ന ദരിദ്ര യുവാവിന്റെ റോളിലാണ് സിനിമയിൽ അമിതാഭ്. കാമുകിയെ പ്രീണിപ്പിക്കാൻ ധനാഢ്യനായ ബിസിനസ്സുകാരനായി അഭിനയിക്കുന്ന അജയ് സുഹൃത്തിന്റെ കാറും സ്യൂട്ടും കടമെടുത്താണ് മറീൻ ഡ്രൈവിലൂടെ മഴയത്ത് കറങ്ങാനെത്തുന്നത്. നാല്പത്തഞ്ചു കൊല്ലം മുൻപത്തെ ബോംബെ മിക്കവാറും ഓർമ്മയായി. പുതിയ നഗരക്കാഴ്ചകളിൽനിന്ന് അമിതാഭ്- മൗഷ്മിമാർ സ്വപ്‌നം കണ്ടു അലഞ്ഞുനടന്ന പഴയ ബോംബെ വേർതിരിച്ചെടുക്കുക ദുഷ്‌കരം.

മഴയിൽ മുങ്ങിയ നഗരവീഥികളിലൂടെ യുവമിഥുനങ്ങളെപ്പോലെ ആടിപ്പാടി കൈകോർത്ത് ഒഴുകിപ്പോകുന്ന വയോധിക ദമ്പതിമാരുടെ വീഡിയോ കുറച്ചുകാലം മുൻപ് വൈറലായിരുന്നു. കൗമാര- യൗവന കാലത്തെ പ്രണയസുരഭിലമാക്കിയ ലതാ മങ്കേഷ്‌കറുടെ 'രിംജിം ഗിരെ സാവൻ' എന്ന ഗാനവും ഗാനരംഗവും പുനഃസൃഷ്ടിക്കുകയായിരുന്നു മുംബൈ സ്വദേശികളായ ശൈലേഷ് ഇനാംദാറും ഭാര്യ വന്ദനയും. യൂട്യൂബിൽ ദശലക്ഷങ്ങൾ കണ്ട വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര കുറിച്ചു: 'സിനിമയിലെ അതേ ലൊക്കേഷനുകളിലൂടെ സഞ്ചരിച്ച് ഇഷ്ട ഗാനം സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന ദമ്പതിമാരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. സ്വന്തം ഭാവനയെ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ജീവിതം എത്ര സുന്ദരമാക്കാൻ കഴിയും എന്ന് തെളിയിക്കുന്നു അവർ'.

ഇനാംദാർ ദമ്പതിമാർ ആർത്തുല്ലസിച്ചു നടക്കുന്ന പുതിയ മുംബൈയ്ക്ക് എഴുപതുകളിലെ മുംബൈയുമായി താരതമ്യം പോലുമില്ല. കെട്ടിടങ്ങളും വാഹനങ്ങളും തെരുവോരങ്ങളും വിളക്കുമരങ്ങളും മുതൽ മനുഷ്യരുടെ രൂപഭാവങ്ങൾ വരെ മാറി. എങ്കിലും പഴയ ശാന്തസുന്ദരമായ മുംബൈ നഗരത്തിന്റെ ചിന്തുകൾ മിന്നിമറയുന്നത് കാണാം പുതിയ വീഡിയോയിലും. മഴയുടെ ഭാവപ്പകർച്ചകൾക്കുമില്ല വലിയ മാറ്റം.

അമിതാഭിന് എൺപത്തിമൂന്നായി; മൗഷ്മിക്ക് എഴുപത്തിരണ്ടും. എങ്കിലെന്ത്? ഓർമ്മകളിലെ പ്രണയമഴക്ക് എന്നും നിത്യയൗവനം.