മരണമേ, നീയെന്തിന് മനുഷ്യര്‍ക്കിടയിലിങ്ങനെ മതില്‍ തീര്‍ക്കുന്നു- മമ്മൂട്ടി


മമ്മൂട്ടി

മമ്മൂട്ടി, കെ.പി.എ.സി ലളിത

മതില്‍ എന്ന മറയ്ക്ക് ഇരുപുറംനിന്നാണ് നാരായണിയും ഞാനും പരസ്പരം സംസാരിച്ചത്. ബഷീറായി ഞാനും നാരായണിയായി ലളിതച്ചേച്ചിയും. പരസ്പരം കാണാതെ പിരിയുന്ന ബഷീറും നാരായണിയും. വെള്ളിത്തിരയിലെ എഴുതപ്പെട്ട ആ വേര്‍പിരിയലിന് സമാനമായൊരു വിയോഗവാര്‍ത്തയാണ് കഴിഞ്ഞ രാത്രി എന്നെത്തേടിയെത്തിയത്. ലളിതച്ചേച്ചി പോയി. കരഞ്ഞും ചിരിച്ചും തമാശപറഞ്ഞും ശകാരിച്ചും ഒപ്പമുണ്ടായിരുന്ന ഒരാള്‍. ശബ്ദംകൊണ്ടും ഭാവംകൊണ്ടും ഒരുപോലെ വിസ്മയിപ്പിച്ച പ്രതിഭ. അവര്‍ ഇനിയില്ല എന്നറിയുമ്പോള്‍ പെട്ടെന്ന് ഒരു പകല്‍ അസ്തമിച്ചതുപോലെ. വെളിച്ചത്തുരുത്തുകളില്‍ ഇരുള്‍മൂടിയതുപോലെ. മരണമേ, നീയെന്തിന് മനുഷ്യര്‍ക്കിടയിലിങ്ങനെ മതില്‍ തീര്‍ക്കുന്നു.

അമ്മയായും ഭാര്യയായും പരിചയക്കാരിയായുമൊക്കെ ലളിതച്ചേച്ചി എനിക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട്. 'മതിലുകളി'ലെ നാരായണി എന്ന ബഷീറിന്റെ കാമുകി, 'കനല്‍ക്കാറ്റി'ല്‍ നത്തിന്റെ ഭാര്യയായ ഓമന... ഒന്നിച്ച് അഭിനയിച്ച അക്കാലം, അവര്‍ കൈയടക്കത്തോടെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍... ഇതൊക്കെയും മറക്കുവതെങ്ങനെ. ലൊക്കേഷനുകളില്‍ ചേച്ചി സമ്മാനിച്ച കരുതല്‍, വിളമ്പിത്തന്ന രുചികള്‍... ഓര്‍മകള്‍ ഒഴുകിപ്പരക്കുന്നു. ഓരോ മരണവും ഉള്ളില്‍ ഉണര്‍ത്താറുണ്ട് കനമുള്ളൊരു നിസ്സംഗത. ചേച്ചി മരിച്ച വിവരം അറിഞ്ഞതുമുതല്‍ മനസ്സില്‍ കനം വെച്ചു പെരുകുകയാണ് തീവ്രമായ, നിറംകെട്ട നിസ്സംഗത. അരങ്ങിന് അകത്തും പുറത്തും ചേച്ചി എപ്പോഴുമെപ്പോഴും അമ്പരപ്പിച്ചിരുന്നു. അവരിലെ അഭിനേത്രിയും വ്യക്തിയും ഒരുപോലെ എന്നെ അതിശയിപ്പിച്ചു. അവിചാരിത ആഘാതങ്ങള്‍ തേടി വന്നപ്പോഴും അവര്‍ ജീവിതത്തെപ്പറ്റി നിരാശപ്പെട്ടില്ല. തേടിയെത്തിയ കഥാപാത്രങ്ങളുടെ കണ്ണീരിലൂടെ ഒരുപക്ഷേ, അവര്‍ ഒഴുക്കിക്കളഞ്ഞത് പരിഹാരമില്ലാത്ത ജീവിതച്ചവര്‍പ്പു തന്നെയാകാം.

മനോബലംകൊണ്ട് ലളിതച്ചേച്ചി എന്നുമെന്നും എന്നെ വിസ്മയിപ്പിച്ചു. ജീവിതത്തിലെ കയറ്റിറക്കങ്ങളോരോന്നിലും അവര്‍ ഒരു ചെറുചിരി എപ്പോഴും മുഖത്ത് സൂക്ഷിച്ചു. ആ ചിരിയുടെ തെളിച്ചത്തോടെയല്ലാതെ ഞാനവരെ കണ്ടിട്ടില്ല. അവരെപ്പോഴും ഒരുപോലെയായിരുന്നു. അതുകൊണ്ടാകാം അവരുടെ നോവും ചിരിയും കണ്ണീരും ഇത്രമേലിങ്ങനെ നമ്മില്‍ ആഴത്തില്‍ പതിഞ്ഞതും. ലൊക്കേഷനുകളില്‍ അവര്‍ ഞങ്ങള്‍ക്കൊക്കെയും മടിയില്ലാതെ കലര്‍പ്പില്ലാതെ കരുതല്‍ ചൊരിഞ്ഞ തണലിടമായിരുന്നു. ഒരു കൂടപ്പിറപ്പുപോലെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി. ആഴത്തില്‍ പതിഞ്ഞ ഓര്‍മകളില്‍നിന്ന് അത്രയെളുപ്പത്തില്‍ ഇറങ്ങിപ്പോകാന്‍ അവര്‍ക്കാകുകയില്ലല്ലോ. അതിനാരും അവരെ അനുവദിക്കുകയില്ലല്ലോ. ബാക്കിവെച്ചുപോയ ഓര്‍മകളിലൂടെ, അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ ലളിതച്ചേച്ചി ഇവിടെത്തന്നെയുണ്ടാകും എന്നെനിക്കുറപ്പുണ്ട്.

Content Highlights: Mammootty remembers KPAC Lalitha shares experience working with her

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented