പ്രിയാ രാജ്​വംശിന് കാന്‍ ഫെസ്റ്റിവല്‍ ചുവപ്പു പരവതാനി വിരിച്ചിട്ടില്ല. പാം ഡി ഓറിന്റെയോ ഗ്രാന്‍പ്രീയുടെയോ അസുലഭ സൗഭാഗ്യം അവര്‍ക്ക് വര്‍ണക്കുട പിടിച്ചിട്ടുമില്ല. എന്നിട്ടും പായല്‍ കപാഡിയയെയും ടീമിനെയും പുരസ്‌കാരനിറവില്‍ കണ്ടപ്പോള്‍ മനസിലേയ്ക്ക് ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെന്ന പോലെ പ്രിയയുടെ സുന്ദരമായ മുഖവും പടി കടന്നുവന്നു. തീര്‍ത്തും രംഗബോധമില്ലാതെ, ഇന്നും ചുരുളഴിയാത്ത അവരുടെ ദാരുണമായ മരണവും. നിനച്ചിരിക്കാതെയാണ് അവരെ സിനിമ വന്നു വിളിച്ചത്. അത്ര പോലും നിനയ്ക്കാത്ത നേരത്താണ് ക്രൂരമായൊരു കൊലപാതകത്തിന്റെ രൂപത്തില്‍ മരണവും, സിനിമ പോലെ സംഭവബഹുലമായ ആ ജീവിതത്തിലേയ്ക്ക് വിരുന്ന് വന്നത്. ആദിമധ്യാന്തം ഒരു ബോളിവുഡ് ബ്ലോക്ബസ്റ്ററിനുവേണ്ട എല്ലാ മെലോഡ്രാമാ ചേരുവകളുമുണ്ടായിരുന്ന ആ ജീവിതത്തെ കാനിന്റെ പകിട്ടുമായി കൂട്ടിയിണക്കുന്നത് ചേതന്‍ ആനന്ദാണ്. പായലിന് എട്ട് പതിറ്റാണ്ട് മുന്‍പേ കാനിലെ ഗ്രാന്‍പ്രീ ആദ്യമായി ഇന്ത്യയിലെത്തിച്ച സംവിധായകന്‍. ചേതന്റെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നായികയാണ് പ്രിയ. പിന്നീട് കല്ല്യാണം കഴിക്കാതെ തന്നെ മൂന്ന് പതിറ്റാണ്ട് ജീവിതപങ്കാളിയായി കഴിയുകയും ജീവിതസായാഹ്നത്തില്‍ സിനിമയെപോലും വെല്ലുന്ന ആന്റിക്ലൈമാക്സ് പോലെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. കൊല്ലം ഇരുപത്തിനാല് കഴിഞ്ഞിട്ടും ഇന്നും തീര്‍പ്പാവാതെ തുടരുകയാണ്,  ചേതന്റെ മക്കള്‍ പ്രതികളായ, ആ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും.

To advertise here,

ചേതന്റെ നീച്ചാ നഗര്‍ മറ്റ് പതിനൊന്ന് ചിത്രങ്ങള്‍ക്കൊപ്പം പ്രഥമ കാന്‍ ഫെസ്റ്റിവലില്‍ തന്നെ ഇന്നത്തെ പാം ഡി ഓര്‍ ആയ പഴയ ഗ്രാന്‍പ്രീ നേടി ചരിത്രം കുറിക്കുമ്പോള്‍ പത്ത് വയസ്സേ ഉണ്ടായിരുന്നുള്ളൂ പ്രിയക്ക് പ്രായം. പിന്നെയും ഒരു പത്ത് കൊല്ലം കഴിഞ്ഞു മാത്രമാണ് അവര്‍ തീര്‍ത്തും അപ്രതീക്ഷിതമായി വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് വിരുന്നുവന്നത്. 

മാലിന്യങ്ങള്‍ കൊണ്ട് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ധനാഢ്യനായൊരു ബില്‍ഡറെ ഗ്രാമം ഒന്നടങ്കം ചെറുക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള പ്രമേയം അവതരിപ്പിച്ച ചേതന്റെ കന്നിച്ചിത്രത്തിന്, പക്ഷേ, അക്കാലത്ത് ഇന്ത്യയിലെ തീയേറ്ററുകളില്‍ വെളിച്ചം കാണാനുള്ള യോഗം ഉണ്ടായിരുന്നില്ല. 1980ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തപ്പോള്‍ മാത്രമാണ് ഇന്ത്യയിലെ സാധാരണ പ്രേക്ഷകര്‍ പണ്ഡിറ്റ് രവിശങ്കര്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച നീച്ചാ നഗറിന്റെ യഥാര്‍ഥ മാറ്ററിയുന്നത്. അപ്പൊഴേയ്ക്കും പതിറ്റാണ്ട് നാല് കടന്നുപോയി. അതിലെ നായിക ഉമാ ആനന്ദ് ചേതന്റെ ജീവിതസഖിയാവുകയും പിന്നീട് പിണങ്ങിപ്പിരിഞ്ഞ് വേര്‍പ്പെട്ട് പോവുകയും ചെയ്തു.

പില്‍ക്കാലത്ത് റോജര്‍ മൂറിന്റെ ബോണ്ട് ചിത്രം ദി സ്പൈ ഹൂ ലവ്ഡ് മീ പോലുള്ള ചിത്രങ്ങളില്‍ വേഷമിട്ട റഫീഖ് അന്‍വര്‍ നായകനായ നീച്ചാ നഗറില്‍ സംവിധായകന്റെ ജീവിതസഖിയായ ഉമാ ആനന്ദ് യാദൃച്ഛികമായാണ് നായികയായത്. അരങ്ങേറ്റക്കാരി കാമിനി കൗശലായിരുന്നു മറ്റൊരു നായിക. ഭാര്യയുടെ പേര് ഉമ എന്നായതുകൊണ്ട് ഉമാ സൂദ് എന്ന പുതുമുഖ നായികയെ കാമിനി കൗശലാക്കുകയായിരുന്നു ചേതന്‍. ബല്‍രാജ് സാഹ്നി ചെയ്യേണ്ട വേഷമായിരുന്നു സ്വാതന്ത്ര്യലബ്ധിക്കുശേഷം ലണ്ടനിലേയ്ക്ക് കുടിയേറിയ റഫീഖിനെ തേടിയെത്തിയത്.

placeholder
ചേതൻ ആനന്ദം ദേവ് ആനന്ദം വിജയ് ആനന്ദും. Photo Courtesy: mathrubhumi archives

​അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന ഉമ രണ്ടേരണ്ട് ചിത്രങ്ങളിലെ പങ്കാളിയായിട്ടുള്ളൂ. അതിലൊന്നാണ് നീച്ചാ നഗര്‍. മറ്റൊന്ന് എട്ട് കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങിയ, ചേതന്റെയും ദേവ് ആനന്ദിന്റെയും നിര്‍മാണ കമ്പനിയായ നവകേതന്‍ ഫിലിംസിന്റെ ആദ്യത്തെ വാണിജ്യ ഹിറ്റായ ടാക്സി ഡ്രൈവറും. ഭര്‍ത്താവിന്റെ സഹോദരന്‍ ദേവ് ആനന്ദും പില്‍ക്കാലത്ത് ദേവ് ആനന്ദിന്റെ ജീവിതസഖിയായി മാറിയ കല്‍പന കാര്‍ത്തിക്കും നായികാനായകരായി അഭിനയിച്ച ടാക്സി ഡ്രൈവറിന്റെ സഹ എഴുത്തുകാരിയായിരുന്നു ഉമ. ടാക്സി ഡ്രൈവര്‍ക്കുശേഷം ഏറെക്കാലമൊന്നും ചേതന്റെയും ഉമയുടെയും ദാമ്പത്യം നിലനിന്നില്ല. സ്വരച്ചേര്‍ച്ചയില്ലായ്മ രൂക്ഷമായതോടെ ഉമ മക്കളായ കേതന്‍ ആനന്ദിനെയും വിവേക് ആനന്ദിനെയും ചേതനെ ഏല്‍പിച്ച് മുബൈ ജുഹുവിലെ റുലാ പാര്‍ക്ക് ബംഗ്ലാവില്‍ നിന്നിറങ്ങി. ആധുനിക ഇന്ത്യന്‍ നാടകപ്രസ്ഥാനത്തിന്റെ അഗ്രഗാമികളില്‍ ഒരാളായ എബ്രഹിം അല്‍ക്കാസിയുമായി അടുപ്പത്തിലായിരുന്നു ഉമ അക്കാലത്ത്. പിന്നീട് മരിക്കുംവരെ അല്‍ക്കാസിക്കൊപ്പമായിരുന്നു ഉമ താമസം. പ്രണയത്തിലുപരി വൈകാരികമായൊരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെന്നാണ് സമകാലികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഈ ബന്ധം അല്‍ക്കാസിയുടെ കുടുംബത്തില്‍ ചെറുതല്ലാത്ത ഭൂകമ്പത്തിനാണ് വഴിവെച്ചത്. അല്‍ക്കാസിയുടെ മകളും നാടകപ്രവര്‍ത്തകയും പില്‍ക്കാലത്ത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍പെഴ്സണുമായിരുന്ന അമല്‍ അല്ലാന ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. എന്നാല്‍, ഉമയുമായുള്ള ബന്ധം കുടുംബത്തെ ബാധിക്കാതെ നോക്കാൻ അച്ഛന്‍ ശ്രമിച്ചിരുന്നുവെന്നാണ് മകനും സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറുമായിരുന്ന ഫെയ്സല്‍ അല്‍ക്കാസി എന്റര്‍ സ്റ്റേജ് റൈറ്റ് എന്ന ഓര്‍മപുസ്തകത്തില്‍ കുറിച്ചത്. ആ ബന്ധത്തില്‍ കല്ലുകടികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഫെയ്സല്‍ എഴുതിയിട്ടുണ്ട്.

ഉമ ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ചേതന്‍. മടിച്ചുമടിച്ചാണ് ചലച്ചിത്രലോകത്ത് തിരിച്ചെത്തിയത്. എന്നാല്‍, ടാക്‌സി ഡ്രൈവര്‍ക്കുശേഷം ചെയ്ത രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടു. അങ്ങനെ പുതിയൊരു ചിത്രത്തിന്റെ ആലോചന തുടങ്ങി. പബാബി കവി വാരിസ് ഷായുടെ വിഖ്യാത കവിതയായ ഹീര്‍ രഞ്ജയായിരുന്നു ആലോചനയില്‍. അതിലേക്കൊരു നായികയെ തിരയുന്ന അക്കാലത്താണ് ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ വിദ്യാര്‍ഥിയായ ഷിംലക്കാരി വേര സുന്ദര്‍ സിങ്ങിന്റെ ഫോട്ടോ ചേതന്റെ കൈയിലെത്തുന്നത്. വേരയെ ചേതന് നേരത്തെ അറിയാം. ബോളിവുഡ് വില്ലന്‍ പ്രേം ചോപ്ര പഠിച്ച ഷിംലയിലെ സെന്റ് ബീഡ്സ് കോളേജില്‍ ഡിഗ്രി ചെയ്ത വേര,  പഠിക്കുന്ന കാലത്ത് തന്നെ ഷിംലയിലെ ഗെയ്റ്റി തിയ്യറ്ററില്‍ സജീവമായിരുന്നു. അതു കണ്ട ഉമാ ആനന്ദ് അവരെ ഭര്‍ത്താവിന് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാല്‍, വീണുകിട്ടിയ ആ ഓഫര്‍ നിരസിച്ച് വേര അഭിനയം പഠിക്കാന്‍ ലണ്ടനിലേയ്ക്ക് പറന്നു. അവിടെ റോയൽ അക്കാദമയിൽ ചേർന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടുകവരെ ചെയ്തു.

ഹീർ രഞ്ജയുടെ ആലോചനക്കാലത്ത് സംവിധായകന്‍ താക്കൂര്‍ രണ്‍വീര്‍ സിങ് വഴി കിട്ടിയ വേരയുടെ ഫോട്ടോ കണ്ടപ്പോള്‍ ചേതന് മറുചിന്തയുണ്ടായില്ല. ബോളിവുഡില്‍ അന്നുവരെ കണ്ടു പരിചയിച്ച നായികാമുഖങ്ങളില്‍ നിന്ന് വേറിട്ടൊരു മുഖസൗന്ദര്യമുള്ള വേര  പ്രഥമദൃഷ്ടിയില്‍ തന്നെ ചേതന്റെ മനസ്സിന്റെ ഫ്രെയിമില്‍ ആഴത്തില്‍ പതിഞ്ഞു. 'ഉടനെ ബോംബെയില്‍ എത്തുക' എന്നൊരു ടെലിഗ്രാമാണ് ലണ്ടനില്‍ അവർക്ക് കിട്ടിയത്. പിന്നീടൊരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് അറിയാതെ അന്നുതന്നെ ബോംബെയിലെത്തി. 

placeholder
ചേതൻ ആനന്ദ്.  Photo: mathrubhumi archives

എന്നാല്‍, അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഹീര്‍ രഞ്ജയുടെ ചിത്രീകരണം നടന്നില്ല. ഇക്കാലത്ത് തന്നെയാണ് ചേതനും ഉമയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ മുളപൊട്ടിത്തുടങ്ങിയത്. വൈകാതെ ഉമ വീട് വിട്ടിറങ്ങി. ചേതന് അത് മാനസികമായി വലിയ തിരിച്ചടിയായിരുന്നു. ഹീര്‍ രഞ്ജ നീണ്ടുപോയതോടെ സങ്കടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചേതന്‍ മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയില്‍ പ്രവേശിച്ചു. ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ഒരുക്കിയ ഹക്കീക്കത്ത്. അതിലേയ്ക്ക് നായികയായി മറ്റൊരാള്‍ ചേതന്റെ മനസില്‍ വന്നതേയില്ല. വേരയെ വീണ്ടും ചേതന്‍ ക്ഷണിച്ചുവരുത്തി പ്രിയ രാജ്​വംശ് എന്ന് പേരു മാറ്റി  ധര്‍മേന്ദ്രയുടെ നായികയാക്കി.

റഫി-മദന്‍ മോഹന്‍-കൈഫി അസ്മി കൂട്ടുകെട്ടിന്റെ കര്‍ ചലേ ഹം ഫിദ എന്ന നിത്യഹരിത ദേശഭക്തിഗാനം അനശ്വരമാക്കിയ ഹക്കീക്കത്ത് ചേതന്റെയും പ്രിയയുടെയും ജീവിതത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലുകൂടിയായി. ആ ജീവിതങ്ങള്‍ ഒന്നിച്ച് മറ്റൊരു കൈവഴിയിലേയ്ക്ക് ഗതിമാറി ഒഴുകിത്തുടങ്ങിയത് ഈ യുദ്ധ ചിത്രം മുതലാണ്. മറ്റൊരു കല്‍പന കാര്‍ത്തിക്കിനെയോ ഷീല രമണിയെയോ ഒക്കെയാണ് ബോളിവുഡ് സ്വാഭാവികമായും പ്രതീക്ഷിച്ചത്. പ്രിയ, പക്ഷേ, അന്ന് വലതുകാല്‍ വച്ചു കയറിയത് ബോളിവുഡിലേയ്ക്ക് മാത്രമല്ല, തന്നേക്കാള്‍ പതിനഞ്ച് വയസ് കൂടുതലുള്ള ചേതന്റെ ഏകാന്തജീവിതത്തിലേയ്ക്ക് കൂടിയായിരുന്നു. യുദ്ധഭൂമിയില്‍ ഒരു ഇന്ത്യന്‍ സൈനികനും ഒരു കശ്മീരി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ സമാന്തര കഥ പറഞ്ഞ ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതല്‍ തന്നെ സംവിധായകനും നായികയും തമ്മിലുള്ള അനുരാഗവും മൊട്ടിട്ടുതുടങ്ങി. ഹീര രഞ്ജയോടുകൂടി അത് തീവ്രമായി. ഇരുവരും ഏകാന്തതയില്‍ നിന്ന് മോചനം തേടുന്ന കാലമായിരുന്നു അതെന്നാണ് എഴുത്തുകാരന്‍ ഹസ്സന്‍ കമല്‍ പില്‍ക്കാലത്ത് അനുസ്മരിച്ചത്. എന്തായാലും അതങ്ങനെ മുപ്പത് വര്‍ഷം നീണ്ടുനിന്ന, ഒടുവില്‍ ദുരന്തപര്യവസാനിയുമായ ഒരു ബന്ധത്തിന്റെ തുടക്കവുമായി. 

ഹക്കീക്കത്തിനെ പ്രിയയുടെ തുടക്കവും ഒടുക്കവും എന്നാണ് സഹോദരന്‍ ഗുല്ലു സിങ് പണ്ടൊരു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. ഹക്കീക്കത്തിനുശേഷം വൈകാതെ പ്രണയത്തിന്റെ ഒളിച്ചുകളികള്‍ ഉപേക്ഷിച്ച് ഒന്നിച്ചായി ജീവിതം. ഉമയുമായി ഔദ്യോഗികമായി വിവാഹമോചനം ലഭിക്കാത്തതുകൊണ്ടാവണം, പരസ്പരം വിവാഹിതരാവാതെയായിരുന്നു ചേതന്റെയും പ്രിയയുടെയും ഒന്നിച്ചുള്ള ജീവിതം. 

അരങ്ങേറ്റ ചിത്രത്തില്‍ തന്നെ സ്റ്റാന്‍സ്ലോവ്‌സ്‌കി ശൈലിയിലുള്ള മെത്തേഡ് അക്റ്റിങ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ കഴിഞ്ഞിരുന്നു റോയല്‍ അക്കാദമിയുടെ സൃഷ്ടിയായ പ്രിയക്ക്. എന്നാല്‍, ബെര്‍ണാഡ് ഷായുടെയും ജോണ്‍ മില്ലിങ്ടണ്‍ സിഞ്ചിന്റെയുമൊക്കെ കാവ്യാത്മക ഡയലോഗുകള്‍ പറഞ്ഞുശീലിച്ച പ്രിയക്ക് ഉറുദുവും ഹരിയാന്‍വിയുമൊക്കെ ചേര്‍ന്ന ബോളിവുഡിന്റെ ഹിന്ദി നാവിലത്രയ്ക്കങ്ങോട്ട് വഴങ്ങിയില്ല. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് കലര്‍ന്ന ആ ഡയലോഗുകള്‍ അങ്ങനെ കല്ലുകടിയായി തുടര്‍ന്നു, കരിയറില്‍ ഉടനീളം. എന്നിട്ടും താരതമ്യങ്ങളില്ലാത്ത പ്രിയയുടെ സൗന്ദര്യത്തെ തേടി അവസരങ്ങള്‍ ഒരുപാട് വന്നു ബോളിവുഡില്‍ നിന്ന് എന്നാല്‍, പ്രിയയെ ഒരര്‍ഥത്തിലും മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല ചേതന്‍. പിന്നീടുള്ള ചേതന്റെ എല്ലാ ചിത്രങ്ങളിലും പ്രിയയായിരുന്നു നായിക. ഇരുപത് കൊല്ലത്തെ കരിയറില്‍ മറ്റൊരാളുടെയും ചിത്രത്തില്‍ പേരിന് പോലും മുഖം കാണിക്കാന്‍ അവര്‍ക്കായില്ല. പ്രിയ രാജ്​വംശിന്റെ പേര് അവസാനിക്കുന്നത് എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരുന്നു. ഹക്കീക്കത്തിനുശേഷം ചേതന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഒന്നൊഴികെ എല്ലാം തുടങ്ങുന്നത് എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരുന്നു. രാജേഷ് ഖന്നയുടെ അരങ്ങേറ്റ ചിത്രമായ ആഖ്‌രി ഖത്ത് മാത്രമായിരുന്നു അപവാദം. വിചിത്രമായ ആ നിലയിലേയ്ക്ക് വളര്‍ന്ന് വഴിമാറിപ്പോയിരുന്നു അവരടെ ബന്ധം. അതില്‍ അഭിനയമികവിന് കൈയടി ഏറെ കിട്ടിയ ഹീര്‍ രഞ്ജയും ഇരട്ടവേഷം ചെയ്ത, ഇന്ത്യാ-പാക് യുദ്ധത്തിന്റെ കഥ പറഞ്ഞ ഹിന്ദുസ്ഥാന കി കസമും ഉള്‍പ്പെടും. ഇതില്‍ ഒരു ചാര വനിതയുടെ വേഷമായിരുന്നു പ്രിയക്ക്. സ്‌ക്രീനില്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ക്ക് നായികയുടെ സംസാരം വഴങ്ങുന്നില്ലെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും മറ്റുള്ള നടികളെ തഴഞ്ഞ് പ്രിയയെ മാത്രം എല്ലാ ചിത്രങ്ങളിലും നായികയാക്കിയതിന് ഒരൊറ്റ ന്യായമേ ഉണ്ടായിരുന്നുള്ളൂ ചേതന്. 'മറ്റ് നടികള്‍ക്ക് ഓരോ കാര്യങ്ങളില്‍ ഇടപെടാന്‍ അവരുടെ അമ്മമാരോ സെക്രട്ടറിമാരോ ഉണ്ടാവും. പ്രിയക്ക് ആരുമില്ല. എനിക്ക് ശല്ല്യമൊന്നുമില്ലാതെ ജോലി ചെയ്യാനാണ് ആഗ്രഹം.'

placeholder
പ്രിയ രാജ്​വംശ് ഹക്കീക്കത്തിൽ. Photo Courtesy: youtube

'പ്രിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ആ ബന്ധമെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പ്രിയയുടെ സഹോദരന്‍ കമല്‍ജിത്ത് സിങ് എന്ന ഗുല്ലു സിങ് തുറന്നുപറഞ്ഞിരുന്നു. 'ചേതനാണ് പ്രിയയുടെ ഉദയത്തിന് കാരണം. ആ പ്രതിഭയുടെ അസ്തമയത്തിന് കാരണക്കാരനായതും ചേതന്‍ തന്നെയാണ്'  അഭിമുഖത്തില്‍ ഗുല്ലു സിങ് മുഖം നോക്കാതെ തുറന്നടിച്ചു. പ്രിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ആ ബന്ധം. മറ്റൊരുടെ സിനിമയില്‍ അഭിനയിക്കാനും ചേതന്‍ പ്രിയയെ അനുവദിച്ചില്ല. ഇരുപത്തിരണ്ട് കൊല്ലത്തിനുള്ളില്‍ ഏഴ് സിനിമകളില്‍ മാത്രമാണ് അവര്‍ക്ക് അഭിനയിക്കാനായത്. ഇരുപത്തിരണ്ടാം വയസ്സില്‍ ഹക്കീക്കത്തില്‍ അഭിനയിച്ച അവര്‍ അടുത്ത ചിത്രമാണ് ഹീര്‍ രഞ്ജയില്‍ അഭിനയിക്കുന്നത് ആറ് കൊല്ലം കഴിഞ്ഞാണ്. കാലം കടന്നുപോകുന്നത് അവര്‍ അറിഞ്ഞതേയില്ല. ചേതനുവേണ്ടി ഉഴിഞ്ഞുവച്ചതുപോലെയായിരുന്നു ആ ജീവിതം-ഗുല്ലു സിങ് അന്നു പറഞ്ഞു.

എന്നാല്‍, തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും തട്ടും തടവുമില്ലാത്തതായിരുന്നു അവരുടെ ജീവിതം. എല്ലാ അര്‍ഥത്തിലും പരസ്പരം മനസിലാക്കിക്കൊണ്ടുള്ളൊരു സഹവാസം. ആരെയും അസൂയപ്പെടുത്തുന്ന ഒരുതരം സിനിമാസ്റ്റൈല്‍ റൊമാന്റിക് ജീവിതം എന്നാണ് പ്രിയയുടെ അടുത്ത സഹൃത്തും തിരക്കഥാകൃത്തുമായ മൊയ്ന്‍ ബെയ്ഗ് ഒരിക്കല്‍ ഫിലിംഫെയറില്‍ എഴുതിയത്. പ്രിയ സാധാരണ നിലയില്‍ കലുമല്‍ എസ്റ്റേറ്റിലെ സ്വന്തം വീട്ടിലാണ് താമസം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ് ജുഹുവിലെ ചേതന്റെ ബംഗ്ലാവിലേയ്ക്ക് വരിക. അന്ന് കൂട്ടുകാരെയൊക്കെ വിളിക്കും. രാവുവെളുക്കുംവരെ ഭക്ഷണം കഴിച്ചും ചര്‍ച്ച നടത്തിയും നേരംകഴിക്കും. ഇതിനിടയില്‍ ഇരുവും തമ്മില്‍ തര്‍ക്കമൊക്കെ ഉണ്ടാവും. അങ്ങനെ തര്‍ക്കിച്ച് പിണങ്ങിയിരുന്നാല്‍ പ്രിയയെ ബിംബോ എന്ന ഓമനപ്പേരു വിളിച്ച് ഇണക്കുന്ന ചേതന്റെ കാഴ്ച ഒന്ന് കാണേണ്ടതുതന്നെയായിരുന്നുവെന്നും ബെയ്ഗ് പറഞ്ഞിട്ടുണ്ട്. പ്രായത്തില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും സങ്കല്‍പത്തിലെ പ്രണയത്തിന്റെ ഔന്നിത്യത്തില്‍ വിരാജിക്കുന്നതായിരുന്നു ഇരുവരുടെയും ബന്ധം എന്നാണ് അക്കാലത്ത് അടുപ്പമുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തിയത്. മറ്റ് താരദമ്പതികളെപ്പോലെ കെട്ടിയെഴുന്നളളി നടക്കുകയും പാര്‍ട്ടികളില്‍ ആഘോഷം നടത്തുകയോ ചെയ്തില്ല അവര്‍. വളരെ കുറച്ച് സുഹൃത്തുക്കളേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അവരെ ജുഹുവിലെ ബംഗ്ലാവിലേയ്ക്ക് ക്ഷണിച്ചുവരുത്തി സത്കരിക്കുകയായിരുന്നു അവരുടെ രീതി. അതുകൊണ്ടുതന്നെ അക്കാലത്ത് കൊണ്ടുപിടിച്ചുനടന്ന പേജ് ത്രീ ഗോസിപ്പ് കോളങ്ങളിലൊന്നും അവ ഇടംപിടിച്ചില്ല. സ്വന്തമായി ഒരു വരുമാനമാര്‍ഗം കണ്ടെത്താന്‍ ഉപദേശിച്ചവരോട് ചേതന് അപ്പുറത്ത് എനിക്കൊരു ജീവിതമില്ലെന്ന് വളരെ നിസ്സംഗമായി തന്നെ പറഞ്ഞൊഴിയുമായിരുന്നു പ്രിയ. വന്ന ഓഫറുകള്‍ അതേ നിസ്സംഗതയോടെ തള്ളിക്കളയുകയും ചെയ്തു.

1997 ല്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ചേതന്‍ മരിച്ചതോടെയാണ് പ്രിയയുടെ ജീവിതത്തിലെ ആന്റി ക്ലൈമാക്സ് ആരംഭിക്കുന്നത്. അതോടെ പ്രിയ തീര്‍ത്തും ഒറ്റപ്പെട്ടു. ചേതന്റെ മക്കളായ കേതനും വിവേകുമായുള്ള ബന്ധവും ഊഷ്മളമായിരുന്നില്ല. ചേതന്റെ മരണത്തിനുശേഷവും മക്കള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നതെങ്കിലും തന്റെ ജീവിതം സദാ ഭീഷണിയുടെ നിഴലിലായിരുന്നുവെന്ന് പ്രിയ പറഞ്ഞതായി പിന്നീടൊരിക്കല്‍ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. പ്രിയ പൂര്‍ണമായും സിനിമാലോകത്ത് നിന്ന് അകന്നുപോയപ്പോള്‍ കേതനും വിവേകും അച്ഛന്റെ വഴിയില്‍ സജീവമായി. 

കാലുമല്‍ എസ്റ്റേറ്റില്‍ സ്വന്തമായി ഒരു അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നെങ്കിലും ചേതന്റെ മരണശേഷം അവര്‍ ജുഹുവിലെ ചേതന്റെ ബംഗ്ലാവായ ഷാക്കിയില്‍ തന്നെയായിരുന്നു താമസം. അതില്‍ ചേതന്റെ മക്കള്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ലെന്ന് അന്നുണ്ടായിരുന്നു ഒരു കേള്‍വി. ചേതന്റെ വില്‍പത്രം അനുസരിച്ച് കോടികള്‍ വിലവരുന്ന ഈ ബംഗ്ലാവില്‍ പ്രിയക്കും രണ്ട് ആണ്‍മക്കള്‍ക്കും തുല്ല്യ അവകാശമായിരുന്നു. 

തീര്‍ത്തും ദയനീയമായിരുന്നു പ്രിയയുടെ കാര്യം. വീടും സ്വർണവുമെല്ലാം ഉണ്ടായിരുന്നെങ്കിലും കൈയില്‍ കാര്യമായ പണമൊന്നുമില്ല. സിനിമയില്‍ നിന്നുള്ള വരുമാനവും പൂര്‍ണമായി നിലച്ചു. അരിഷ്ടിച്ചായിരുന്നു പല കാര്യങ്ങളും ചെയ്തിരുന്നതത്രെ. അങ്ങനെ രോഗവും വിഷാദവും കയറിപ്പിടിച്ചു. ആ കാലത്ത് മുംബൈ വിട്ട് ചാണ്ഡീഗഡിലേയ്ക്ക് താമസം മാറിയാലോ എന്നുവരെ ആലോചന ഉണ്ടായിരുന്നു പ്രിയക്ക്. അഭിമുഖത്തിന് സമയം ലഭിച്ച് കാണാനെത്തുന്നവരെ  പോലും മുറി തുറക്കാതെ തളര്‍ന്ന ശബ്ദത്തില്‍ ദയനീയമായി മടക്കിഅയച്ച അനുഭവം പലരും എഴുതിയിട്ടുണ്ട്. മൊയ്ന്‍ ബെയ്ഗ്, അയല്‍വാസിയായ മഹാറാണി സംയുക്ത റാണി തുടങ്ങിയ അപൂര്‍വം ചിലരോടു മാത്രമേ  അക്കാലത്ത് അവര്‍ക്ക് കൂട്ടുണ്ടായിരുന്നുള്ളൂ. ചലച്ചിത്രലോകം പൂര്‍ണമായി തന്നെ അവരെ മറന്ന അവസ്ഥയായിരുന്നു.

2000 മാര്‍ച്ച് 27ന് ബോംബയില്‍ ബന്ദായിരുന്നു. അന്ന് മഹാറാണിക്കൊപ്പം അത്താഴത്തിന് വരാമെന്ന് ഏറ്റിരുന്നു പ്രിയ. നേരം കഴിഞ്ഞിട്ടും കാണാതായതോടെ മഹാറാണി കാര്യം തിരക്കാന്‍ ജോലിക്കാരനെ വിട്ടു. ഉടനെ വരുമെന്നായിരുന്നു പ്രിയയുടെ ജോലിക്കാരിയുടെ മറുപടി. എന്നിട്ടും കാണാതായപ്പോള്‍ അവര്‍ വീണ്ടും ജോലിക്കാരനെ വിട്ടു. ഇത്തവണ പ്രിയ ബോധംകെട്ടു വീണു എന്ന മറുപടിയാണ് ലഭിച്ചത്. ഉടനെ മഹാറാണിയും ഭര്‍ത്താവുമെല്ലാം പ്രിയയുടെ വീട്ടിലേയ്ക്ക് ഓടിച്ചെന്നു. അവിടെ അവര്‍ കണ്ടത് ഞെട്ടുന്നൊരു കാഴ്ചയാണ്. ഒരു കാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച നായിക ജീവനറ്റ് കുളിമുറിയില്‍ കിടക്കുന്നു. അമ്പത്തിയേഴ് വയസ്സായിരുന്നു അന്ന് പ്രിയക്ക്.

പ്രിയ ആത്മഹത്യ ചെയ്തുവെന്നും ഹൃദയാഘാതം വന്നു മരിച്ചുവെന്നുമൊക്കയായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പത്രങ്ങള്‍ അച്ചുനിരത്തിയതും ഇങ്ങനെയൊക്കെ തന്നെ. ചേതന്റെ മരണശേഷം തീവ്രവിഷാദത്തിന്റെ പിടിയിലായിരുന്നുവെന്നും അമിതമദ്യപാനത്തിന്റെ ആഴങ്ങളിലായിരുന്നു അവര്‍ അഭയം തേടിയിരുന്നവെന്നുമൊക്കെ അന്ന് വാര്‍ത്ത പരന്നു.

പ്രിയ മരിക്കുന്നതിന്റെ തലേദിവസം വീട്ടുജോലിക്കാരി മാല ചക്രവര്‍ത്തിയും അവരുടെ മൂന്ന് മക്കളുമായിരുന്നു ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്. വീട്ടുജോലിക്കാരിയുമായി നിത്യവും വഴക്കായിരുന്നു പ്രിയ. മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസവും അവര്‍ വഴക്കിട്ടതിന് സാക്ഷികളുണ്ട്. പ്രിയ തന്നോട് പാല് വാങ്ങി വരാന്‍ ആവശ്യപ്പെട്ടുവെന്നും പാലുമായി താന്‍ എത്തിയപ്പോള്‍ പ്രിയയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മാല ആദ്യം പോലീസിനോട് പറഞ്ഞത്. പ്രിയ തലേന്ന് അണിഞ്ഞ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം ശരീരത്തില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ട് കൊലപാതകസാധ്യതയും മോഷണശ്രമവുമൊക്കെ പോലീസ് പ്രഥമദൃഷ്ട്യാ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പ്രിയ ഒരാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി. ഏതോ ഒരു തിക്കഥാകൃത്ത് ഒരു കഥയുമായി പ്രിയയെ സമീപിച്ചിരുന്നുവെന്നും അവര്‍ തമ്മില്‍ ഏറെ നേരം ചര്‍ച്ച നടത്തിയിരുന്നുവെന്നും വിവരങ്ങള്‍ പുറത്തുവന്നു. അങ്ങനെ അതൊരു ആത്മഹത്യയാവാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞില്ല.

എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തോടെ കഥയാകെ മാറിമറിഞ്ഞു. കഴുത്തു ഞെരിച്ചതാണ് പ്രിയയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇതോടെ പോലീസ് ആത്മഹത്യാ സിദ്ധാന്തം ഉപേക്ഷിച്ച് വീണ്ടും പ്രേതപരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലില്‍ നിന്ന് ജെ.ജെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. കൊലപാതകത്തിന്റെ തുമ്പ് തേടി അന്വേഷണവും ആരംഭിച്ചു. ജോലിക്കാരി മാല, സെക്യൂരിറ്റി ജീവനക്കാരന്‍ ദത്തു, തോട്ടക്കാരന്‍, ഡ്രൈവര്‍, ചേതന്റെ മക്കളായ കേതന്‍, വിവേക് എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം. മാലയെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ അവര്‍ ആദ്യത്തെ മൊഴികള്‍ മാറ്റി. ബന്ധുവായ അശോക് ചിന്നസ്വാമിക്കൊപ്പം താനാണ് പ്രിയയെ കൊന്നതെന്ന് മാല സമ്മതിച്ചു. ദുപ്പട്ട കഴുത്തില്‍ കരുക്കിയായിരുന്നു കൊലയെന്നും അതിനുവേണ്ടി പ്രിയയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ നാലായിരം രൂപ പ്രതിഫലം തന്നുവെന്നും അവര്‍ മൊഴി നല്‍കി. ചേതന്റെ മകന്‍ വിവേകുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും മാല ചോദ്യംചെയ്യലില്‍ തുറന്നുപറഞ്ഞു. ഈ ബന്ധത്തെ പ്രിയ എതിര്‍ത്തതായിന്നുവത്രെ അവരുമായുള്ള വഴക്കിന് കാരണം.

എന്നാല്‍, ഈ കുറ്റസമ്മതമൊഴി പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിരുന്നില്ല. കേസന്വേഷണം വഴിതെറ്റിച്ച് മറ്റാരെയോ രക്ഷിക്കുകയായിരന്നു മാലയുടെ ഉദ്ദേശമെന്ന് പോലീസ് സംശയിച്ചു. ഈ സംശയം നീങ്ങിയത് കേതനെയും വിവേകിനെയും അറസ്റ്റ് ചെയ്തതോടെയാണ്. ഇവരും പ്രിയയും തമ്മിലുള്ള വസ്തുതര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്ന നിഗമനത്തില്‍ പോലീസെത്തുകയും ചെയ്തു. അവസാന കാലത്ത് വലിയ സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്നു പ്രിയ എന്ന കാര്യം പരസ്യമായിരുന്നു. അക്കാലത്ത് ഒരു സീരിയല്‍ നിര്‍മിക്കാന്‍ ശ്രമം നടത്തുകയും അതിനുവേണ്ട സാമ്പത്തിക സഹായത്തിന് കേതനെയും വിവേകിനെയും സമീപിച്ചതായും വിവരമുണ്ട്. അത് നടക്കാതെ വന്നപ്പോള്‍ ഉന്നതരായ ചില ബില്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയും ബംഗ്ലാവ് വില്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. അതിനുവേണ്ടി, അക്കാലത്ത് ഏതാണ്ട് 10 കോടി രൂപയെങ്കിലും മതിപ്പ് വില വരുന്ന ബംഗ്ലാവ് വില്‍ക്കാന്‍ കേതന്റെയും വിവേകിന്റെയും മേല്‍ സമ്മര്‍ദം ചെലുത്തിവരുന്നുണ്ടായിരുന്നു. കേവലം രണ്ട് കോടി രൂപയ്ക്ക് ബംഗ്ലാവ് വില്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും അത് വാങ്ങാന്‍ ഒരാളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് വസ്തു വില്‍ക്കേണ്ട എന്നായിരുന്നു കേതന്റെയും വിവേകിന്റെയും അഭിപ്രായം. പ്രിയയുടെ കാലശേഷം ഈ സ്വത്ത് തങ്ങള്‍ക്ക് മാത്രമായി വന്നുചേരുമെന്നൊരു ദുഷ്ടലാക്കും ബംഗ്ലാവ് വില്‍ക്കാന്‍ സമ്മതിക്കാതിരുന്നതിന് പിറകില്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കം മൂർച്ഛിച്ചതാണ് പ്രിയയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു കേസന്വേഷിച്ച ജുഹു പോലീസിന്റെ കണ്ടെത്തല്‍. പ്രിയക്ക് ബംഗ്ലാവിന്റെ മൂന്നിലൊന്ന് ഓഹരി കൊടുക്കാതിരിക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. പ്രിയയുടെ മരണവും ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ആനന്ദ് കുടുംബം വലിയ താത്പര്യം കാണിക്കാതിരുന്നത് പോലീസിന്റെ സംശയം ബലപ്പെടുത്തി. ചേതന്റെ മരണശേഷം ആ കുടുംബം പ്രിയയോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് കൂപ്പര്‍ ആശുപത്രിയില്‍ നിന്ന് പ്രിയയുടെ ജഡം ഏറ്റുവാങ്ങിയ സഹോദരന്‍ കന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രിയയുടെ മരണത്തിനുശേഷം നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ കന്‍വര്‍ സിങ് വിജയ് ആനന്ദിനെ അനുവദിക്കുകപോലും ചെയ്തിരുന്നില്ല. അവര്‍ കൊടുത്തയച്ച കാറിലല്ല, കന്‍വര്‍ വിമാനത്താവളത്തില്‍ നിന്ന് വന്നതുപോലും. മരണശേഷം ഒരാള്‍ പോലും തന്നെ ആശ്വസിപ്പിക്കാന്‍ വരാതിരുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെയാണ് ജോലിക്കാര്‍ക്കൊപ്പം കേതനും വിവേകും അറസ്റ്റിലാവുന്നത്. 

എന്നാല്‍, ചേതന്റെ മക്കള്‍ അത്തരത്തിലൊരു കൃത്യം ചെയ്യില്ലെന്ന ഉറച്ചവിശ്വാസക്കാരനായിരുന്നു സഹോദരന്‍ ദേവ് ആനന്ദ്. പ്രിയയുടെ സഹോദരനെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു വിജയ് ആനന്ദ് പറഞ്ഞത്. ആനന്ദ്മാര്‍ മാത്രമല്ല, സംവിധായകനായ കേതനും വിവേകിനും വേണ്ടി നിരവധി ബോളിവുഡ് താരങ്ങളും രംഗത്തിറങ്ങി.

placeholder
പ്രിയ രാജ്​വംശ് ഹീര രഞ്ജയിൽ. Photo Courtesy: youtube

പ്രിയയും ചേതന്റെ മക്കളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുതര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ കോടതിയില്‍ വാദിച്ചത്. ബംഗ്ലാവിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ഒരു മിത്തലാണെന്നും ഇത് 99 വര്‍ഷത്തേയ്ക്ക് ചേതന്‍ ലീസിനെടുക്കുക മാത്രമാണ് ചെയ്തതെന്നും സതീഷ് സമര്‍ഥിച്ചു. ചേതന്‍ ജീവിച്ചിരുന്ന കാലത്ത് പോലും പ്രിയ റൂയ പാര്‍ക്ക് ഷാക്കില്‍ രാത്രി കഴിയാറില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. ചേതന്റെ മരണശേഷം അവര്‍ അവിടെ കൂടെക്കൂടെ സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തിരുന്നത്. അവരുടെ സ്വന്തം വസ്തുക്കളൊന്നും തന്നെ അവര്‍ അവിടെ സൂക്ഷിച്ചിരുന്നില്ല-അങ്ങനെ പോയി വാദങ്ങള്‍.

എന്നാല്‍, ഈ വാദങ്ങളൊന്നും മുംബൈ സെഷന്‍സ് കോടതി മുഖവിലയ്ക്കെടുത്തില്ല. കേതനും വിവേകിനും മാല ചക്രവര്‍ത്തിക്കും അശോക് ചിന്നസ്വാമിക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വധശിക്ഷയായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. വിചാരണ കോടതി പിന്നീട് കേതനെയും വിവേകിനെയും കൊലപാതകക്കേസില്‍ നിന്ന് ഒഴിവാക്കി. ഗൂഢാലോചനാക്കുറ്റം മാത്രമാണ് അവര്‍ക്കെതിരേ പിന്നീട്  നിലനിന്നത്. മാല ചക്രവര്‍ത്തിയുടെയും അശോക് ചിന്നസ്വാമിയുടെയും ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇതിനെതിരേ പ്രതികള്‍ ഹെെക്കോടതിയിൽ അപ്പീല്‍ നല്‍കുകയും അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അവര്‍ ജാമ്യത്തില്‍ തന്നെയാണ്. കേസില്‍ അന്തിമതീര്‍പ്പ് ഇനിയുമായിട്ടില്ല. പ്രിയയ്ക്ക് അനന്തരാവകാശികള്‍ ആരുമില്ല. അതുകൊണ്ടുതന്നെ ഈ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ആരുമുണ്ടാവില്ല. പ്രതികളുടെ ജാമ്യം ആജീവനാന്തമാവുമെന്ന് സാരം. അല്ലെങ്കില്‍ ഒരുനാള്‍ സമ്പൂര്‍ണ നിരാപരാധികളായി പ്രഖ്യാപിക്കപ്പെട്ടേക്കാം.

മരണശേഷവും പ്രിയയെ ദുര്‍വിധി വിട്ടൊഴിഞ്ഞില്ല. മരിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പത്ത് കോടിയോളം വിലവരുന്ന അവരുടെ വസ്തുക്കള്‍ക്കും ആഭരണങ്ങള്‍ക്കും അവകാശവാദം ഉന്നയിച്ച് സഹോദരന്മാര്‍ രണ്ടുപേരും രംഗത്തുവന്നു. പ്രിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ദാനം ചെയ്യാന്‍ വച്ചതായിരുന്നു സ്വത്തൊക്കെ. തര്‍ക്കം കോടതി കയറുകയും ചെയ്തു. വിഷാദത്തില്‍ കഴിയുന്ന കാലത്ത് തിരിഞ്ഞുനോക്കാത്ത രണ്ടുപേരും കേസിനുവേണ്ടി പലവട്ടം അമേരിക്കയില്‍നിന്ന് മുംബൈയിലെത്തി. സ്‌നേഹം അളന്ന് കോടതിമുറികളില്‍ തര്‍ക്കിച്ചു.

വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത പ്രിയയുടെ സംസ്‌കാരച്ചടങ്ങില്‍ വളരെ കുറച്ച് താരങ്ങള്‍ മാത്രമേ ബോളിവുഡില്‍ നിന്ന് പങ്കെടുത്തിരുന്നുള്ളൂ. പക്ഷേ, മരണവിവരമറിഞ്ഞ് അന്നുതന്നെ ചേതന്റെ ഭാര്യ ഉമ ഡെല്‍ഹിയില്‍ നിന്ന് പറന്നുവന്നു. കണ്ണീരണിഞ്ഞാണ് അവര്‍ പ്രിയയുടെ ചേതനയറ്റ ശരീരത്തെ യാത്രയാക്കിയത്. സിനിമയിലെ ജീവിതങ്ങള്‍ക്ക് വെള്ളിത്തിരയിലെ പുറംപൂച്ചിന് പുറമെ ഇങ്ങനെയുമുണ്ട് ചില മുഖങ്ങള്‍. ദയനീയമായ ആ മരണം, പ്രിയയിലെ അഭിനേത്രി അര്‍ഹിച്ചതായിരുന്നില്ല. ഉമയുടെ കവിള്‍ത്തടത്തിലൂടെ ഒഴുകിയ കണ്ണീര്‍ കാലവും വിധിയും ആ നീതികേട് അടിവരയിടുന്നു. ഇനി ഊഴം നീതിപീഠത്തിന്റേതാണ്. പ്രിയ മണ്‍മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട് ആവാറാവുന്നു. ഇനിയെങ്കിലും ആ മരണത്തിന്റെ പുകമറ നീക്കി പ്രിയയോട് നീതി കാട്ടാന്‍ നിയമത്തിന് കഴിയുമോ?