കിഡ്‌നിക്ക് വന്ന അസുഖത്തെ തുടര്ന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം അവസാന ചിത്രമായ ഉരോ ജഹാജ് (ദ ഫ്‌ളൈറ്റ്) സാക്ഷാത്കരിച്ചത്. ഐ.എഫ്.എഫ്.കെയില് പടവുമായി എത്തിയപ്പോഴും ഡയാലിസിസിന് പോകുമായിരുന്നു.

കവിതയിൽ നിന്ന് സിനിമയിലെത്തിയ ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ്ഗുപ്ത കേരളത്തെ സ്‌നേഹിച്ച, മലയാള സിനിമ ഏറെ ഇഷ്ടപ്പെട്ട രചയിതാവായിരുന്നു. മലനിരകളിൽ അല്ലെങ്കിൽ കടൽ കരയിൽ ഒരു വീട് വെച്ച് ഇവിടെ താമസിക്കാനുള്ള ആഗ്രഹം അദ്ദേഹം പറയുമായിരുന്നു. 'ഐ വാണ്ട് ടു ബൈ ലാന്റ് ആന്റ് ബിൽറ്റ് എ ഹൗസ് ഹിയർ' ' വാട്ട് എബൗട്ട് ബംഗാൾ ആന്റ് കൊൽക്കത്ത' 'ഐ വിൽ സ്‌റ്റേ അറ്റ് ബോത്ത് ദ പ്ലേസസ്, സം ടൈംസ് ഹിയർ സം ടൈംസ് ദേർ. വോണ്ട് യു വെൽക്കം മി' 'ഹോൾ ഹാർട്ടഡ്‌ലി'. പലതവണ അരങ്ങേറിയ രംഗങ്ങൾ സ്‌ക്രീനിൽ എന്നപോലെ അകതാരിൽ തെളിയുന്നു. കേരളത്തെ അകമഴിഞ്ഞ് സ്‌നേഹിച്ച ബുദ്ധ്‌ദേവ് ദാസ്ഗുപ്തയുടെ അഞ്ചാം ചരമവാർഷികമാണിത്.
മലയാളത്തിലെ ആർട്ട് ഹൗസ് സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ മുതൽ ടി.വി. ചന്ദ്രൻ വരെയുള്ളവരുടെ പടങ്ങൾ അദ്ദേഹം കണ്ടിട്ടുണ്ടെങ്കിലും ഏറെ ഇഷ്ടവും അടുപ്പവും അരവിന്ദനോടും ജോൺ എബ്രഹാമിനോടുമായിരുന്നു. ഒരിക്കൽ അരവിന്ദനും ബുദ്ധദേവ് ദാസ്ഗുപ്തയും ജപ്പാനിൽ കുറെ നാളുകൾ ഒരുമിച്ച് താമസിച്ചിരുന്നു. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ പോയ അവസരം പിന്നീട് ഒരു ജപ്പാൻ പര്യടനം പോലെയായി മാറി. അന്നാണ് അദ്ദേഹം അരവിന്ദനുമായി ഏറെ അടുത്തത്. തദാവോ സാറ്റോ എന്ന ജാപ്പനീസ് ചലച്ചിത്ര നിരൂപകൻ അരവിന്ദനെ ' സിനിമയുടെ ദൈവം' എന്നാണ് വിശേഷിപ്പിച്ചത്. ദാസ്ഗുപ്ത അരവിന്ദനെക്കുറിച്ച് പറഞ്ഞത് ' ജം ഓഫ് എ പേഴ്‌സൺ' എന്നായിരുന്നു.
ഐ.എഫ്.എഫ്.കെയിൽ പലതവണ ദാസ്ഗുപ്ത അതിഥിയായി എത്തിയിട്ടുണ്ട്. കൂടാതെ തൃശ്ശൂർ, കോഴിക്കോട്, നിലമ്പൂർ എന്നിവിടങ്ങളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് അദ്ദേഹം സന്നിഹിതനായിരുന്നു. ബംഗാളി സാഹിത്യത്തിൽ കവിയെന്ന നിലയിൽ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സ്ഥാനമാനങ്ങൾ നേിടിയിരുന്നു. ഏതാനും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് കവിതയിലെ പുതിയ ചലനങ്ങളുടെ വക്താവായി അദ്ദേഹം മാറിയിരുന്നു. സിനിമയോടുള്ള അഭിനിവേശം ഒരു നിർണ്ണായക ഘട്ടത്തിൽ അദ്ദേഹത്തെ സിനിമ സംവിധായകനാവാനുള്ള തീരുമാനത്തിൽ എത്തിച്ചു. തുടർന്നുണ്ടായത് ചരിത്രമാണ്. ബംഗാളി കലാമൂല്യ സിനിമയിലെ പ്രമുഖനായി അദ്ദേഹം സ്വീകരിക്കപ്പെട്ടു. എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ തുടങ്ങിയവരെപ്പോലെ ബുദ്ധദേവ് ദാസ്ഗുപ്തയും സാഹിത്യത്തിൽ നിന്ന് സിനിമയിലെത്തി വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.
ദുരത്വ, ഗൃഹയുദ്ധ്, നീമ് അന്നപൂർണ്ണ തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ വ്യത്യസ്തത പുലർത്തി. സത്യജിത്ത് റായ്, മൃണാൾ സെൻ തുടങ്ങിയ ആചാര്യന്മാർ ജ്വലിച്ചു നിന്നിരുന്ന ബംഗാൾ സിനിമയിലാണ് ദാസ്ഗുപ്ത സ്വന്തം പാത വെട്ടി തുറന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ അദ്ദേഹം സ്വന്തം ഇടം അടയാളപ്പെടുത്തിയിരുന്നു. പിന്നീട് റായ്, സെൻ എന്നിവരെപോലെ വർഷാവർഷം ഓരോ രചനയുമായി അദ്ദേഹം ബംഗാളി സിനിമയിൽ നിലയുറപ്പിച്ചു. പ്രമേയത്തിന്റെയും അവതരണത്തിന്റേയും വൈവിധ്യമാണ് ബുദ്ധദേവ് ദാസ്ഗുപ്തയുടെ സവിശേഷത. ഹിന്ദിയിൽ അദ്ദേഹം എടുത്ത ബാഗ് ബഹദൂർ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി. കാലത്തോട് മത്സരിച്ച് പരാജയപ്പെടുന്ന പുലിക്കളിക്കാരന്റെ കഥ കാലത്തിന്റെ മാറ്റം പ്രകടമാക്കുന്നു. ലോകോത്തര ചലച്ചിത്രമേളകളായ കാൻ, ബർലിൻ, വെനീസ് തുടങ്ങിയവയിലെല്ലാം അദ്ദേഹത്തിന്റെ പടങ്ങൾ പ്രദർശിപ്പിക്കുകയും സമ്മാനിതമാവുകയും ചെയ്തിട്ടുണ്ട്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ ദാസ് ഗുപ്ത കരസ്ഥമായിക്കിയിരുന്നു. കിഡ്‌നിക്ക് വന്ന അസുഖത്തെ തുടർന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം അവസാന ചിത്രമായ ഉരോ ജഹാജ് (ദ ഫ്‌ളൈറ്റ്) സാക്ഷാത്കരിച്ചത്. ഐ.എഫ്.എഫ്.കെയിൽ പടവുമായി എത്തിയപ്പോഴും ഡയാലിസിസിന് പോകുമായിരുന്നു. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ സിനിമയോടുള്ള ' പാഷൻ' കുറച്ചില്ല. സാഹിത്യ സിനിമ ലോകം തന്നെയായിരുന്നു. എന്നും ദാസ്ഗുപ്തയ്ക്ക് പ്രിയങ്കരം.
മോൺട്ടൊ മെയർ ഉപാഖ്യാൻ (ടെയ്ൽ ഓഫ് എ നോട്ടി ഗേൾ) അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്. നഗര കേന്ദ്രീകൃതവും ഗണികകൾ കഥാപാത്രങ്ങളുമാകുന്ന പടമാണിത്. പതിവ് ശൈലിയിൽ യാഥാർത്ഥ്യവും ഫാന്റസിയും കൂടി കലരുന്ന രചന. പച്ചയായ ജീവിതത്തിൽ സ്വപ്‌നം കലർത്തുന്ന അവതരണം. ഇതിൽ മാജിക്കൽ റിയലിസത്തിന്റെ ശക്തി സൗന്ദര്യങ്ങൾ തെളിയുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു. 'റിയലിസം മാത്രമാകുന്നത് ബോറാണ്. അതിൽ ഫാന്റസി കലരുമ്പോൾ രസരുചിരമാകുന്നു. ' സാഹിത്യത്തിൽ മാർക്കേസിനെപ്പോലെ അല്ലേ?'. 'ലാറ്റിൻ അമേരിക്കൻ ജീവിതം അങ്ങനെയാണ്'. ടെയ്ൽ ഓഫ് എ നോട്ടീ ഗേൾ എന്ന 80 ലക്ഷത്തിന് തീർത്ത ചിത്രത്തിന്റെ ആഗോള വിതരണവകാശം 5 കോടിക്കാണ് പോയത്. അതിന്റെ യുഎസ് ലുള്ള എൻ.ആർ.ഐ. നിർമ്മാതാവ് അടുത്ത പടത്തിനുള്ള അഡ്വാൻസ് ചെക്ക് കൊടുത്തപ്പോൾ ബുദ്ധദേവ് ദാസ്ഗുപ്ത പറഞ്ഞത് 'സമയമായില്ല' എന്നാണ്. കാരണം നിർമ്മാതാക്കൾ എന്നും അദ്ദേഹത്തിനായി കാത്തുനിന്നിരുന്നു. യൂറോപ്പിൽ അദ്ദേഹത്തിന്റെ പടങ്ങൾക്ക് തിയ്യേറ്റർ റിലീസ് ലഭിച്ചിരുന്നത് ഒരു ഏഷ്യൻ സംവിധാകന് കിട്ടുന്ന വിരളമായ അംഗീകാരമായിരുന്നു.
ഡൽഹി, മുബൈ, ഗോവ, ഹൈദരബാദ്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലായ് ബുദ്ധദേവ് ദാസ്ഗുപ്തയോടൊപ്പം ചിലവഴിച്ച സന്ദർഭങ്ങളുടെ ഓർമ്മകൾ നിരവധിയാണ്. ഒരിക്കൽ ഹൈദരബാദിൽ വെച്ച് അദ്ദേഹം ഐ സ്‌പെഷ്യലിസ്റ്റിനെ കാണുവാൻ പോകുമ്പോൾ കൂടെ ചെല്ലുവാൻ നിർബന്ധിച്ചപ്പോൾ അനുഗമിച്ചത് ഓർക്കുന്നു. ഊഴം കാത്തിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു ' ഞാൻ രണ്ട് പടങ്ങളുടെ ഔട്ട്‌ലൈൻ പറയാം. ഇഷ്ടപ്പെട്ടത് ഏതെന്നും എന്തുകൊണ്ടെന്നും പറയണം'. അന്ന് പറഞ്ഞ കഥകളിലൊന്ന് പിന്നീട് 'ഉത്തര എന്ന സിനിമയായി പുറത്തിറങ്ങി. ബർലിൻ ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയ സൃഷ്ടിയാണ് ഉത്തര. രണ്ട് മൽപ്പിടുത്തക്കാരുടെ ജീവിതത്തിലേക്ക് ഒരു യുവതി വരുന്നതും അതിനുശേഷമുള്ള സംഭവ വികാസങ്ങളുമാണ് ഉത്തര അനാവരണം ചെയ്യുന്നത്. ചരാച്ചർ, ലാൽ ദർജ തുടങ്ങിയ പടങ്ങളെപ്പോലെ ദാസ്ഗുപ്തയുടെ മികച്ച സൃഷ്ടിയാണ് ഉത്തരയും.
അദ്ദേഹത്തിന്റെ വലിയൊരു ഖേദവും നഷ്ടബോധവും മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയാത്തതായിരുന്നു. ആര്യാടൻ ഷൗക്കത്ത് നിർമ്മിച്ച് ദാസ്ഗുപ്ത മലയാളത്തിൽ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രത്തിന്റെ ചർച്ചകളിൽ പങ്കാളിയായതോർക്കുന്നു. പലതവണ ചർച്ചകൾ നടന്നെങ്കിലും പ്രൊജക്ട് സഫലമായില്ല. ഇൻസ്റ്റിറ്റൂട്ടിലൊന്നും പോകാതെ സ്വയം സിനിമ പഠിച്ച സംവിധായകനാണ് ബുദ്ധദേവ് ദാസ്ഗുപ്ത. പക്ഷേ അദ്ദേഹത്തിന്റെ രചനകൾ നമ്മെ വിസ്മയിപ്പിക്കുകയും പുതിയ അനുഭവ പാഠങ്ങൾ നൽകുകയും ചെയ്യുന്നു. എന്റെ മാസ്റ്റേഴ്‌സ് ആന്റ് മൂവീസ് എന്ന സിനിമ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ദാസ്ഗുപ്തയാണ്. അദ്ദേഹം എഴുതി '........ആന്റ് എ ഫ്രന്റ് ഓഫ് മൈൻ' അമൂല്യമായ ആ വാക്കുകൾ നൽകിയ അംഗീകാരവും സന്തോഷവും അവാച്യമാണ്.
Content Highlights: Marking the fifth death anniversary of legendary Bengali filmmaker and poet Buddhadeb Dasgupta, the Indian film fraternity remembers the master director who carved a niche of his own with magical realism and held a deep, lifelong affection for Kerala and Malayalam cinema.
Published: 30 Jun 2026, 05:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented