ഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. ചാപ്റ്റര്‍ 2 സര്‍വ്വകാല റെക്കോഡുകളും തകര്‍ത്ത് ഇന്ത്യയൊട്ടാകെ പ്രദര്‍ശനം തുടരുകയാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കന്നട സിനിമയെ അതിര്‍ത്തികള്‍ക്കപ്പുറം കൊണ്ടുപോയി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീല്‍. മേക്കിങിന്റെ എല്ലാമേഖയിലും മികച്ചുനിന്നതാണ് കെ.ജി.എഫിനെ വ്യത്യസ്തമാക്കുന്നത്. കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്... അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ കെ.ജി.എഫ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നായി. അതില്‍ എടുത്ത് പറയേണ്ടതാണ് രവി ബസ്‌രൂര്‍ എന്ന സംഗീത സംവിധായകന്റെ സംഭാവന.വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് രവിയുടെ മികവുകൊണ്ടാണ്.

To advertise here,

സംഗീത സംവിധായകനിലേക്കുള്ള രവിയുടെ യാത്ര കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് രവി നടത്തിയ യാത്ര അതിസാഹിസകമെന്ന് വിശേഷിപ്പിക്കാം.

കര്‍ണാടകയിലെ തീരദേശ ഗ്രാമമായ ബസ്രൂരിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ഇപ്പോഴത്തെ രവി ബസ്രൂര്‍ എന്നറിയപ്പെടുന്ന കിരണിന്റെ ജനനം. പിതാവ് പരമ്പരാഗതമായി കൊല്ലപ്പണിക്കാരനാണ്‌. ഒരു സഹോദരിയും രണ്ടു സഹോദരന്‍മാരും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകനായിരുന്നു രവി. രവിയുടെ അമ്മാവന് സംഗീതവുമായി ബന്ധമുണ്ടായിരുന്നു. യക്ഷഗാനവും ക്ഷേത്ര ഭജനയുമാണ് അമ്മാവന്റെ മേഖല. കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ രവിയുടെ സഹോദരനെ അമ്മാവന്റെ സംഘത്തില്‍ നിന്ന് പിരിച്ച് വിട്ടതിന് ശേഷം രവി സ്വന്തമായി ഒരു ഓര്‍ക്കസ്ട്ര തുടങ്ങി. ക്ഷേത്രങ്ങളില്‍ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ച് കുടുംബത്തെ പോറ്റി. എന്നാല്‍ ഓര്‍ക്കസ്ട്രയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. 

കല്ലിലും മരത്തിലുമുള്ള കൊത്തുപണി പഠിക്കാന്‍ തന്റെ 17-ാമത്തെ വയസ്സില്‍ രവി ബെംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെയുള്ള ഒരു ആര്‍ട്ട് അക്കാദമയില്‍ ചേര്‍ന്ന് കൊത്തുപണി പഠിച്ചു. മരത്തിലും വിഗ്രഹത്തിലും കൊത്തുപണി ചെയ്ത് ഉപജീവനം മാര്‍ഗം കണ്ടെത്തുന്നതിനോടൊപ്പം സിനിമാമേഖലയിലുള്ള സംഗീതജ്ഞരെ കാണാനും സംസാരിക്കാനും രവി ശ്രമിച്ചുകൊണ്ടേയിരുന്നു. 

രവിയ്ക്ക് പിന്തുണയുമായി അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നു. അവരുടെ സഹായത്തോടെ ഭക്തിഗാന ആല്‍ബം റെക്കോഡ് ചെയ്തുവെങ്കിലും പണമില്ലാത്തതിനാൽ പുറത്തിറക്കാന്‍ കൊണ്ട് സാധിക്കാത്ത സാഹചര്യം വന്നു. ഒടുവില്‍ പക്കലുണ്ടായിരുന്ന കീബോര്‍ഡ് വിറ്റാണ് പണമുണ്ടാക്കിയത്. എന്നാല്‍ ആല്‍ബം വേണ്ടത്ര ശ്രദ്ധ നേടിയില്ല. കയ്യിലുള്ള ഏക സംഗീതോപകരണമായ കീബോര്‍ഡും നഷ്ടമായെങ്കിലും രവി പ്രതീക്ഷ കൈവിട്ടില്ല. ഒരു വര്‍ഷത്തോളം സിനിമാസംഗീത മേഖലയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും പഠിക്കാന്‍ സമയം ചെലവിട്ടു. ചെറിയ ജോലികള്‍ ചെയ്ത് ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിവച്ച് ഒരു കമ്പ്യൂട്ടര്‍ സ്വന്തമായി വാങ്ങുകയും ഗ്രാമത്തില്‍ ഒരു ചെറിയ സ്റ്റുഡിയോ ഒരുക്കുകയും ചെയ്തു. ഒരു സിനിമയില്‍ അവസരം ലഭിക്കുമെന്ന് ആരോ പ്രതീക്ഷ നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇതെല്ലാം നടന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. 

നിരാശനായ രവി വീണ്ടും മറ്റൊരു യാത്ര ആരംഭിച്ചു. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയിലേക്കായിരുന്നു അദ്ദേഹം അടുത്ത ഭാഗ്യപരീക്ഷണത്തിനായി വണ്ടി കയറിയത്. ഒന്നര വര്‍ഷത്തോളം കൊത്തുപണി ചെയ്ത് മുംബൈ നഗരത്തില്‍ കഴിച്ചുകൂട്ടി. മുംബൈയിലെ പബുകളിലും ബാറുകളിലും സംഗീതസദസ്സുകള്‍ സാധാരണമായതിനാല്‍ അതിനുള്ള അവസരത്തിനായി രാത്രികളില്‍ കറങ്ങി നടന്നു. അങ്ങനെയിരിക്കെയാണ് സ്വന്തം ഗ്രാമത്തില്‍ നിന്നുള്ള ഒരു പബിന്റെ ഉടമസ്ഥനെ രവി അവിടെ വച്ച് കണ്ടുമുട്ടുന്നത്. അദ്ദേഹം രവിയ്ക്ക് അവസരം നല്‍കുന്നു

ജോലിക്കുള്ള ആദ്യയാത്രയില്‍ ലോക്കല്‍ ട്രെയിനില്‍ അന്ധേരി ഈസ്റ്റിലേക്ക് പോകേണ്ടതുണ്ടായിരുന്നു രവിയക്ക്. തന്റെ വസ്ത്രങ്ങളും സംഗീത ഉപകരണങ്ങളും എല്ലാമെടുത്താണ് രവി യാത്ര തിരിച്ചത്. അതേ ദിവസം മുംബൈയില്‍ ഒരു ട്രെയിനില്‍ ബോംബ് സ്‌ഫോടനം നടന്നതോടെ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജനങ്ങളെല്ലാം പരിഭ്രാന്തിയിലായിരുന്നു. അന്ധേരി ഈസ്റ്റിലെത്താന്‍ അദ്ദേഹത്തിന് ഒരു മാര്‍ഗവുമില്ലാതാകുന്നു. കയ്യില്‍ പണമുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങമെന്ന് കരുതി താനെ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയായി. പോലീസ് വ്യാപകമായി ട്രെയിനില്‍ പരിശോധന നടത്തുന്ന സമയമായിരുന്നു അത്.

കയ്യില്‍ വലിയ ബാഗുമായി നില്‍ക്കുന്ന രവിയെ താനേയില്‍ എത്തുന്നതിനും മുന്‍പ് പോലീസ് പിടികൂടി. കടുത്ത ഭാഷയില്‍ രവിയെ ചോദ്യം ചെയ്യാനും കയ്യേറ്റം ചെയ്യാനും ആരംഭിച്ചു. താനൊരു സംഗീതജ്ഞനാണെന്ന് പറഞ്ഞ് പോലീസിനോട് കേണപേക്ഷിച്ചിട്ടും അവരത് ചെവികൊണ്ടില്ല. രവിയുടെ കണ്‍മുന്നില്‍ വച്ച് പോലീസുകാരില്‍ ഒരാള്‍ എല്ലാ സംഗീത ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ഒരു ഭയാനകമായ സംഭവം തന്റെ മുന്നില്‍ അരങ്ങേറിയത് കണ്ട് രവി ശരിക്കും തകര്‍ന്നുപോയി. 

താനേയില്‍നിന്ന് കള്ളവണ്ടി കയറി ഒടുവില്‍ രവി ബസ്രൂരിലെത്തി. നാട്ടിലെത്തിയ ശേഷവും സിനിമാസംഗീതത്തിലേക്കുള്ള സ്വപ്നം പിന്തുടരാനുള്ള തീരുമാനത്തിന് രവിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നു. കുടുംബത്തോടൊപ്പം ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. കടബാധ്യതയുള്ളതിനാല്‍ ബാങ്കില്‍ നിന്ന് നോട്ടീസുകള്‍ വന്നുകൊണ്ടേയിരുന്നു. കടങ്ങള്‍ വീട്ടാനുള്ള സമ്മര്‍ദ്ദത്തില്‍ ഒടുവില്‍ തന്റെ വൃക്ക വില്‍ക്കാന്‍ രവി തീരുമാനമെടുക്കുന്നു. ഗ്രാമത്തിലെ ഒരു പുതിയ ആശുപത്രിയില്‍ അതിനുള്ള എല്ലാ തയ്യാറെടുകള്‍ നടത്തുകയും ചെയ്തു. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിലെത്തിയ ശേഷമാണ് രവി മാറി ചിന്തിക്കുന്നത്. ഒടുവില്‍ ആരോടും ഒന്നും പറയാതെ അവിടെനിന്ന് പുറത്തിറങ്ങി.

ദുരനുഭവങ്ങള്‍ തകര്‍ത്തെറിഞ്ഞുവെങ്കിലും രവി ഒരിക്കല്‍ കൂടി തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുന്നു. അതിനായി ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുന്നു. സിനിമ സ്വപ്‌നം കണ്ട് അവിടെ ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ശ്രമിക്കുന്നു. ഒരു സുഹൃത്തിനൊപ്പമാണ് രവി ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഒരു തര്‍ക്കത്തിന്റെ പേരില്‍ രവിയെ സുഹൃത്ത് മുറിയില്‍നിന്ന് പുറത്താക്കുന്നു. പണവും താമസസ്ഥലവും ഇല്ലാതെ ഗോവിന്ദരാജ് നഗറിലെ പൊതുശൗചാലയത്തിന് ചുറ്റിപ്പറ്റി രവി രണ്ട് മാസത്തോളം കഴിച്ചുകൂട്ടി. ക്ഷേത്രങ്ങളില്‍നിന്ന് ലഭിച്ചിരുന്ന നിവേദ്യമായിരുന്നു ഭക്ഷണം. 

ഒരു ദിവസം ബെംഗളൂരുവിലെ അവന്യൂ റോഡില്‍ അലഞ്ഞുനടക്കുന്നതിനിടയില്‍ എം.കെ കാമത്ത് എന്നൊരാളെ രവി പരിചയപ്പെടുന്നു. അയാള്‍ രവിയെ മുഖംനോക്കി ഭാവി പറയുന്ന ഒരാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. രവിയുടെ മുഖം നോക്കി അയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, നിങ്ങളുടെ അപ്പോയിന്‍മെന്റിനായി ആളുകള്‍ കാത്തുനില്‍ക്കുന്ന ഉയരങ്ങളിലേക്ക് നിങ്ങളെത്തും. അത് രവിയ്ക്ക് തികച്ചും അത്ഭുതമായിരുന്നു. ജീവിതത്തില്‍ എന്താകണമെന്നാണ് ആഗ്രഹമെന്ന് അയാള്‍ ചോദിച്ചു. സംഗീത്തോടുള്ള അഭിനിവേശത്തെക്കുറിച്ച് രവി തുറന്ന് പറഞ്ഞു. സംഗീതോപകരണങ്ങള്‍ നഷ്ടമായ കഥ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അയാള്‍ രവിയ്ക്ക് 35,000 രൂപ നല്‍കി. അതായിരുന്നു തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് രവി പറയുന്നു.

വൈകാതെ രവിയ്ക്ക് ഒരു എഫ്.എം റേഡിയോയില്‍ ആര്‍.ജെ സുഹൃത്ത് വഴി ജിംഗിൾസ്‌ ചെയ്യാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടനായ എഫ്.എം സ്റ്റേഷന്‍ 15,000 രൂപ ശമ്പളത്തില്‍ ഓഡിയോ എഡിറ്ററായി ജോലി നല്‍കി. തന്റെ ആഗ്രഹം പിന്തുടരുന്നതിനുള്ള ഒരു പടി കൂടിയായിരുന്നു അത്. പിന്നീട് കന്നട സിനിമയില്‍ പ്രോഗ്രാമ്മറായി അവസരം ലഭിച്ചു. വിവിധ സംഗീത സംവിധായകരുടെ കീഴിലും പ്രവര്‍ത്തിച്ച് സംഗീത പരിജ്ഞാനം നേടി. ഒടുവില്‍ ഉഗ്രം എന്ന സിനിമയില്‍ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 2015-ലെ സൈമ അവാര്‍ഡും രവിയെ തേടിയെത്തി. 2014-ല്‍ തുടങ്ങിയ ആ യാത്ര 2022-ല്‍ എത്തിയപ്പോഴേക്കും ഇരുപത്തിയാറോളം സിനിമകളില്‍ രവി ബസ്രൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. പ്രശാന്ത് നീലിന്റെ സലാര്‍ ആണ് രവിയുടേതായി ഇനി പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യ ചിത്രം. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍ തുടങ്ങി ഒട്ടേറ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു. 

താന്‍ സഞ്ചരിച്ച വഴികള്‍ രവിയെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. താഴേ തട്ടില്‍നിന്ന് വളര്‍ന്ന് വരുന്ന പ്രതിഭകള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് രവിയ്ക്ക് നിര്‍ബന്ധമുണ്ട്. ഒരുപാട് സ്വപ്‌നം കാണുക, അതിലേക്കുള്ള വഴി എത്ര ദുര്‍ഘടമാണെങ്കിലും പിന്തിരിയാതെ നടക്കുക. സ്വന്തം കഴിവില്‍ വിശ്വസിക്കുക- രവി ബസ്രൂരിന്റെ ജീവിതം പഠിപ്പിക്കുന്നത് ഈ സന്ദേശമാണ്.