ചരിത്രമായിരുന്നു ആ വരവ്, ഒരു സൂപ്പർ ഹിറ്റ് സിനിമയിലെ നായകന്റെ മാസ് എൻട്രിപോലെ. ആരാധകരും സമൂഹവും ഒരുപോലെ കൈയടിച്ചു. പക്ഷേ, ഇപ്പോൾ ക്ലൈമാക്‌സിൽ സീൻ മുഴുവൻ ‘ഡാർക്കാ’ണ്. മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ സമീപകാല അവസ്ഥയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് വാക്കുകളിൽ അടയാളപ്പെടുത്താനാകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചൊഴിഞ്ഞപ്പോഴാണ് ചരിത്രപരമായ ഒരു തിരുത്തലെന്നോണം കഴിഞ്ഞവർഷം ഓഗസ്റ്റിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ എട്ട് വനിതാ പ്രതിനിധികളടങ്ങുന്ന പുതിയസമിതി ‘അമ്മ’യുടെ തലപ്പത്തെത്തിയത്. വനിതകളുടെ കരുത്തിന്റെ അടയാളചിത്രം കണ്ട് എല്ലാവരും സന്തോഷത്തോടെ കൈയടിച്ചതാണ്. എന്നാൽ, ഒരുവർഷം തികയുന്നതിനുമുൻപുതന്നെ വനിതാ ഭരണസമിതി സാമ്പത്തിക-വർഗീയ ആരോപണങ്ങളിൽപ്പെട്ട് തകരുമ്പോൾ അത് മലയാള സിനിമാ മേഖലയ്ക്കൊപ്പം കേരളീയ സമൂഹത്തിന് മുന്നിൽത്തന്നെ കുറെ ചോദ്യങ്ങളുയർത്തുന്നുണ്ട്.

To advertise here,

പുറത്തേക്ക്, അകത്തേക്ക്

ജനറൽബോഡി യോഗത്തിൽ ഉയർന്ന ആരോപണങ്ങൾക്കുപിന്നാലെ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിക്കുമ്പോൾ ‘അമ്മ’ വീണ്ടും വലിയ രീതിയിലുള്ള ആഭ്യന്തരകലഹങ്ങളിലേക്കും രാഷ്ട്രീയവിവാദങ്ങളിലേക്കും നീങ്ങുകയാണ്. ശ്വേത രാജിവെച്ച അതേ യോഗത്തിൽവെച്ചാണ് ജനറൽബോഡി അംഗങ്ങൾ ചേർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചത്. എന്നാൽ, ദിവസങ്ങൾക്കുശേഷം താൻ രാജിവെക്കില്ലെന്നും അടുത്തതിരഞ്ഞെടുപ്പുവരെ തുടരുമെന്നുമുള്ള നിലപാടുമായി ശ്വേത രംഗത്തെത്തിയതോടെ സംഘടനയിലെ പോര് മുറുകുകയാണ്. അഡ്‌ഹോക്ക് കമ്മിറ്റിയുടെ സാധുത ചോദ്യംചെയ്ത് കോടതി സ്‌റ്റേചെയ്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്കാണ് താരസംഘടന നീങ്ങുന്നത്.

അഡ്‌ഹോക്ക് കമ്മിറ്റി സ്‌റ്റേചെയ്ത തീരുമാനത്തിനെതിരേ നിയമപോരാട്ടത്തിന് പോകില്ലെന്നു രാജിവെച്ച കൺവീനറായ രമേഷ് പിഷാരടി പറഞ്ഞിട്ടുണ്ടെങ്കിലും സംഘടനയിലെ മറ്റ് അംഗങ്ങളുടെ നിലപാട് അതാകില്ലെന്നാണ് സൂചന. ജനറൽബോഡിയിൽ വലിയ ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ താനും തന്റെ സമിതിയും രാജിവെക്കുന്നുവെന്നു പറഞ്ഞാണ് പ്രസിഡന്റ് ശ്വേതാ മേനോൻ ഇറങ്ങിപ്പോയത്. സംഘടനയിലെ പ്രാഥമികാംഗത്വവും രാജിവെക്കുന്നുവെന്ന് പറഞ്ഞിരുന്നു. ആനിലയ്ക്ക് സംഘടനയിൽ അംഗമല്ലാതായ ഒരാൾ എങ്ങനെയാണ് പ്രസിഡന്റായി തുടരുമെന്നു പറയുന്നതെന്നാണ് ഒരുവിഭാഗം താരങ്ങൾ ചോദിക്കുന്നത്. അഡ്‌ഹോക്ക് കമ്മിറ്റിക്ക് സ്‌റ്റേ വന്നെങ്കിലും ധാർമികമായും നിയമപരമായും ശ്വേതയ്ക്ക് പ്രസിഡന്റായി തുടരാൻ സാധിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പവർ ഗ്രൂപ്പും പോരാട്ടവും

‘‘പാവയായി എനിക്ക് തുടരാനാകില്ല, സംഘടനയിൽ പവർ ഗ്രൂപ്പ് ശക്തമാണ്...’’ -രാജിവെച്ചശേഷം ശ്വേതാ മേനോൻ ഉന്നയിച്ച ആരോപണങ്ങൾ കേരളംപോലൊരു സമൂഹത്തിന് പരിശോധിക്കാതെ തള്ളിക്കളയാനാകുന്ന ഒന്നല്ല. സംഘടനയ്ക്കുള്ളിൽ അദൃശ്യരാഷ്ട്രീയവും പുരുഷാധിപത്യ ചേരിതിരിവുകളും നിലനിൽക്കുന്നുണ്ടെന്ന ആരോപണം ശ്വേതാ മേനോന്റെ വാക്കുകളിൽ വ്യക്തമാണ്. മുൻകാല പ്രതിസന്ധികളിൽ ആരോപണവിധേയരായ വ്യക്തികൾ സംഘടനയെ പൂർണമായും ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും തങ്ങളെ പുറത്താക്കാൻ കൃത്യമായ അജൻഡയുണ്ടായിരുന്നെന്നും ശ്വേത ആരോപിക്കുന്നതും നിസ്സാരമായി കാണാനാകില്ല. ഒരുകാലത്ത് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾമുതൽ ഇപ്പോൾ ഹേമ കമ്മിറ്റിക്കുശേഷം ഉയർന്നുവന്ന പവർ ഗ്രൂപ്പ് വിവാദങ്ങൾവരെ ‘അമ്മ’യിലെ അധികാരക്കൈമാറ്റങ്ങളെ നിയന്ത്രിക്കുന്നത് ഏതാനും പ്രമുഖവ്യക്തികളുടെ നിക്ഷിപ്തതാത്പര്യങ്ങളാണെന്ന ആരോപണത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

അൻസിബയുടെ രാജിയും ഭിന്നതയും

സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ പരസ്യമായ യുദ്ധത്തിലേക്ക് വഴിമാറിയത് ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അൻസിബ ഹസ്സന്റെ രാജിയിലൂടെയാണ്. രാജി ഉയർത്തിയ ചോദ്യങ്ങൾക്ക് പലതിനും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല എന്നതും പ്രധാനകാര്യമാണ്. തനിക്കുനേരേ ഭാരവാഹികളിൽ ചിലർ വ്യക്തിഹത്യയും വർഗീയചേരിതിരിവുകളും നടത്തിയെന്ന അൻസിബയുടെ വെളിപ്പെടുത്തൽ സിനിമാമേഖലയിൽ വലിയ ചർച്ചയായിരുന്നു. സ്‌പോൺസർഷിപ്പ് വിവാദങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെപേരിൽ സമിതിയിലെ ചിലർ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾക്കിടയിലും ഭിന്നത രൂക്ഷമായെന്നാണ് സമീപകാല ദൃശ്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. സംഘടനയുടെ വാർഷിക റീയൂണിയൻ പരിപാടിയുമായി ബന്ധപ്പെട്ട് 67 ലക്ഷം രൂപ ചെലവഴിച്ചതിൽ കൃത്യമായ ഓഡിറ്റ് റിപ്പോർട്ടോ കണക്കുകളോ ബോധിപ്പിക്കാൻ സമിതിക്ക് കഴിഞ്ഞില്ലെന്ന മുതിർന്ന അംഗങ്ങളുടെ ആരോപണവും നിസ്സാരമായി കാണാനാകില്ല. കരാറുകൾ വിളിക്കുന്നതിൽ ക്വട്ടേഷൻ നടപടികൾ ഒന്നും പാലിച്ചില്ലെന്ന മുൻ ജോയിന്റ് സെക്രട്ടറികൂടിയായ അൻസിബ ഹസ്സന്റെ ആരോപണത്തിനും വലിയ പ്രാധാന്യമുണ്ട്.

രാഷ്ട്രീയത്തിന്റെ വെള്ളിത്തിര

താരങ്ങളുടെ രാഷ്ട്രീയനിലപാടുകളോ താത്പര്യങ്ങളോ ഒന്നും നോക്കാതെയാണ് കലാകേരളം അവർക്ക് ഒരുപോലെ പിന്തുണനൽകിയിരുന്നത്. നല്ല സിനിമകൾക്കും നല്ല നടീനടന്മാർക്കും കലയുടെ മാർക്കുമാത്രം നൽകി സൗഹാർദത്തോടെയും സ്‌നേഹത്തോടെയും സ്വീകരിച്ചിരുന്ന ഒരു സമൂഹത്തിലേക്കാണ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ വിവാദമേഘങ്ങൾ കടന്നുവന്നിരിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സംഘടനയുടെ മുൻനിരയിലുള്ള ചില ഭാരവാഹികളുടെ രാഷ്ട്രീയ ചായ്‌വുകളും പരസ്യമായ രാഷ്ട്രീയനിലപാടുകളും സിനിമയ്ക്കുള്ളിൽ വളർന്നുവന്ന പുതിയ രാഷ്ട്രീയ അടിയൊഴുക്കുകളും ഇതിനു തെളിവായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

സംഘടനയിൽ രാഷ്ട്രീയത്തിനുപുറമേ വർഗീയമായ ചേരിതിരിവുകൾ ഉടലെടുത്തിട്ടുണ്ടെന്ന ആരോപണവും നിസ്സാരമായി കാണേണ്ടതല്ല. തന്നെ മറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങൾ മാനസികമായി പീഡിപ്പിക്കുന്നെന്നും വർഗീയമായി അധിക്ഷേപിക്കുന്നെന്നും ആരോപിച്ച് അൻസിബ രംഗത്തെത്തിയത് കലാകേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്നെയായിരുന്നു. നടൻ ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചതായി അൻസിബ ആരോപിച്ചതോടെ വിഷയം പോലീസിലും കോടതിയിലുമെത്തി. ഇതിനിടെ താരങ്ങൾ തമ്മിലുണ്ടായ വാക്‌പോരുകൾ സംഘടനയുടെ ആഭ്യന്തര അച്ചടക്കം പൂർണമായും തകർത്തെന്നും വിമർശനമുണ്ട്. പരസ്പരം വിഭാഗീയത ശക്തമായതോടെ സംഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങൾപോലും വിസ്മരിക്കപ്പെട്ടുവെന്നാണ് ഇതിലെ സങ്കടകരമായ കാര്യമെന്ന് കുറെ താരങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എല്ലാം ശുഭമാകട്ടെ

സംഘടനയിലെ ദൈനംദിന കാര്യങ്ങൾ തടസ്സപ്പെടരുതെന്നു ചൂണ്ടിക്കാട്ടിയാണ് ജനറൽബോഡി യോഗത്തിലെ വിവാദങ്ങൾക്കു പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചത്. അംഗങ്ങൾക്ക് നൽകിയിരുന്ന കൈനീട്ടം പദ്ധതിയും സഞ്ജീവനി പദ്ധതിയുമൊക്കെ മുടങ്ങാതിരിക്കലും പ്രധാനമായിരുന്നു. എന്നാൽ, ഇപ്പോൾ അഡ്‌ഹോക്ക് കമ്മിറ്റി ഇല്ലാതായതിനൊപ്പം പഴയ കമ്മിറ്റി ചുമതലകൾ നിർവഹിക്കാതിരുന്നാൽ ഈ പദ്ധതികളൊക്കെ നിലച്ചേക്കുമെന്ന ആശങ്കയും ചില താരങ്ങൾക്കുണ്ട്. അവശതയനുഭവിക്കുന്ന കുറെ കലാകാരന്മാർക്ക് വലിയ സഹായകമായിരുന്ന കൈനീട്ടം പദ്ധതി സംഘടനയിലെ ചേരിപ്പോരിൽ ഇല്ലാതാകുന്ന അവസ്ഥ വരരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അടുത്ത നാലുമാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിച്ചിരുന്നതെങ്കിലും നിയമയുദ്ധങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ‘അമ്മ’യുടെ ഭാവി കൂടുതൽ കലുഷിതമാകും. അതിലേക്കൊന്നും പോകാതെ സംഘടനയിലെ അംഗങ്ങൾ ചേർന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കലാണ് ഇവിടെ വേണ്ടത്. കലാകാരരുടെ കൂട്ടായ്മയിൽനിന്ന് കേരളസമൂഹം പ്രതീക്ഷിക്കുന്നതും അതുപോലെയുള്ള ചില ശ്രമങ്ങളാണ്. അങ്ങനെ സംഭവിച്ച് പ്രശ്നങ്ങളെല്ലാം തീരട്ടെ, പഴയകാല സിനിമകളുടെ അവസാനം സ്‌ക്രീനിൽ എഴുതിക്കാണിക്കുന്നതുപോലെയാകട്ടെ കാര്യങ്ങൾ... ശുഭം!