
നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്താൻ ഒറിജിനൽ സീരീസായ 'ജോ ബച്ചേ ഹേ സംഗ് സമേട് ലോ' ഇന്ത്യയിൽ ലഭ്യമാകുമെന്ന വാർത്തകളെ തുടർന്ന് ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങളിൽ, പ്രത്യേകിച്ച് എക്സിൽ വിവാദം കത്തിപ്പടരാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി. ഡിസംബർ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന വെബ് സീരീസിന്റെ സംപ്രേഷണത്തിനെതിരെ നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചതിനെ തുടർന്ന് പാകിസ്താൻ അടിസ്ഥാനമാക്കിയ ഉള്ളടക്കങ്ങൾ രാജ്യത്ത് ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025 മേയ് എട്ടിന് ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ മാനിക്കാനും പാകിസ്താനിൽ നിർമിച്ച സിനിമകളോ വെബ് സീരീസുകളോ ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കില്ലെന്ന ഉറപ്പ് പാലിക്കാനും മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ കലാ, കായിക രംഗങ്ങളിലേക്കും പടരുന്നത് ഇതാദ്യമായല്ല. ബെംഗളൂരുവിൽ നവംബർ 28-നും ഡിസംബർ അഞ്ചിനും പ്രദർശിപ്പിക്കാനിരുന്ന 'ദർ ഇ നജാത്' എന്ന പാക് ടിവി സീരിയലിന്റെ സ്വകാര്യപ്രദർശനം സംഘാടകർ പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. ബോളിവുഡ് സിനിമകളിൽനിന്ന് പാക് കലാകാരന്മാരെ ഒഴിവാക്കാൻ നിർമാതാക്കൾ നിർബന്ധിതരായ സന്ദർഭങ്ങളുണ്ടായി. നമ്മുടെ ഐ.പി.എല്ലിൽ പാക് കളിക്കാരില്ലാത്തതും മറ്റൊന്നും കൊണ്ടല്ല.
അതേസമയം, ദോഹയിൽ നടക്കുന്ന ഏഷ്യാകപ്പ് റൈസിങ് സ്റ്റാഴ്‌സ്- 26 ടൂർണമെന്റിൽ ഇന്ത്യ പാകിസ്താനെതിരെ കളിച്ചത് വലിയ ആഭ്യന്തര വിമർശനങ്ങൾക്ക് വഴിവെക്കുന്ന സമയത്താണ് ഈ വിവാദമെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) തലപ്പത്ത് ഇന്ത്യക്കാരനായ ജയ് ഷാ ഉള്ളപ്പോൾ ഇങ്ങനെയൊരു ടൂർണമെന്റ് അനുവദിക്കരുതായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ കളിച്ചില്ലെങ്കിൽ ഒരു നഷ്ടവും വരാനില്ലെന്നിരിക്കെ കളിക്കളത്തിലെ ഇന്ത്യാ- പാക് ശത്രുത ടെലിവിഷനു വിറ്റു കാശാക്കാനുള്ള വ്യഗ്രതയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) കാണിച്ചത്. ലോക കായികരംഗത്തെ ഏറ്റവും ലാഭകരമായ മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ- പാക് മത്സരങ്ങൾ എന്നത് മാത്രമാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ കാരണം- അവർ ചൂണ്ടിക്കാട്ടുന്നു.
അപ്രസക്തമായ ഒരു മത്സരത്തിൽ ഇന്ത്യയ്ക്ക് പാകിസ്താനെതിരെ കളിക്കാം. പക്ഷേ, പാകിസ്താനിൽനിന്നുള്ള ഒരു ഒ.ടി.ടി. പരമ്പര കാണാൻ പാടില്ലെന്ന് പറയുന്നതിലെന്ത് ന്യായമെന്നാണ് വിമർശകരുടെ ചോദ്യം. പാകിസ്താനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കില്ലെന്നും എന്നാൽ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കുമെന്നുമാണ് സർക്കാരിന്റെ ദീർഘകാല നിലപാട്. ഐ.സി.സി. ടൂർണമെന്റുകളിൽ കളിച്ചില്ലെങ്കിൽ വിലക്ക് വരുമെന്നതാണ് പ്രശ്നമെന്ന് സർക്കാർ പക്ഷം പറയുന്നു.
നെറ്റ്ഫ്ലിക്സിനെ എതിർക്കുന്നതിനു പിന്നിൽ
രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര തൊഴിലാളി സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ, പരമ്പരയുടെ സ്ട്രീമിങ് തടയാനും പാകിസ്താൻ ഉള്ളടക്കങ്ങൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്താൻ നിയമനിർമാണം നടത്താനും നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരമ്പര ഇന്ത്യൻ കാറ്റലോഗിൽനിന്ന് നീക്കം ചെയ്യണമെന്ന് നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ട അസോസിയേഷൻ, അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് ഓഫീസിന് മുന്നിൽ സമരം നടത്തുമെന്നും രാജ്യവ്യാപക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുമെന്നും മുന്നറിയിപ്പു നൽകി. ഷോയുടെ റിലീസ് തടയാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
പാക് പരിപാടികൾ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നതിനു പിന്നിൽ വാണിജ്യതാത്പര്യം മാത്രമാണെന്ന് വിമർശകർ പറയുന്നു. ഇന്ത്യയിൽ മൂന്നു കോടിയോളം വരിക്കാരുള്ള പ്ലാറ്റ്ഫോമിന് പാകിസ്താനിൽ മൂന്നുലക്ഷം പോലുമില്ല. (കണക്കുകൾ സ്ഥിരീകരിച്ചതല്ല. പക്ഷേ, ശരിക്കുള്ള അക്കങ്ങളിൽനിന്ന് വളരെ അകലെയാകാനിടയില്ല). കാര്യങ്ങൾ വ്യക്തമാണ്- നെറ്റ്ഫ്ലിക്സ് എന്ന ആഗോള പ്ലാറ്റ്ഫോം നിർമിച്ച പരമ്പരയുടെ മുഖ്യലക്ഷ്യം ഇന്ത്യൻ ഭവനങ്ങളാണ്; കാരണം, വിപണിയും പണവും അവിടെയാണ്!
പാകിസ്താൻ ഉള്ളടക്കം ചർച്ചയാവുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ ഇന്ത്യൻ വലതുപക്ഷം പ്ലാറ്റ്ഫോമിനെതിരെ ഗുരുതരമായ പരാതികൾ ഉന്നയിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലെ പരമ്പരകളിൽ ഹിന്ദുവിരുദ്ധ പക്ഷപാതവും 'വോക്കിസവും' ഉണ്ടെന്നാണ് പ്രധാന ആരോപണങ്ങൾ. എതിർപ്പുകളെത്തുടർന്ന് ഒരു സിനിമയുടെ പേര് മാറ്റേണ്ടി വന്നത് വിമർശകർ ഓർമിപ്പിക്കുന്നു. 2026 ആദ്യമാണ് നീരജ് പാണ്ഡെ നിർമിച്ച 'ഘൂസ്ഖോർ പണ്ഡാത്' (അഴിമതിക്കാരൻ പൂജാരി/ പണ്ഡിതൻ) എന്ന ചിത്രം പേരിന്റെ പേരിൽ കോടതി കയറിയത്. ഒരു സമുദായത്തെ മുഴുവൻ അഴിമതിക്കാരായി മുദ്രകുത്തുന്ന പേരെന്ന് പരാതിക്കാർ വാദിച്ചു. ഒടുവിൽ 'ഗജബ് രാത്' എന്നു പേരുമാറ്റേണ്ടി വന്നു.
ഹിന്ദു വിഭാഗങ്ങൾ പരാതിപ്പെട്ട നിരവധി പരമ്പരകൾ പ്ലാറ്റ്ഫോമിൽ വേറെയും വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 2024-ൽ സംപ്രേഷണം ചെയ്ത 'ഐ.സി. 814- കാണ്ഡഹാർ ഹൈജാക്ക്' ആയിരുന്നു. ഇതിൽ വിമാനം തട്ടിയെടുത്ത ഭീകരന്മാരുടെ പേരുകൾ അവർ കോഡായി ഉപയോഗിച്ച ഹിന്ദു നാമങ്ങളായിരുന്നു! ഷോയുടെ തുടക്കത്തിൽ അത് വ്യക്തമാക്കിയിരുന്നുമില്ല. 2020-ൽ 'എ സ്യൂട്ടബിൾ ബോയ്' എന്ന പരമ്പരയ്ക്കെതിരെ ലവ് ജിഹാദ് ആരോപണമുണ്ടായി. ഷെഫ് ആവുന്ന ബ്രാഹ്‌മണ പെൺകുട്ടി ഇറച്ചി പാകം ചെയ്യുന്നതും കഴിക്കുന്നതും മറ്റും പ്രമേയമായുള്ള 'അന്നപൂർണി' എന്ന ചിത്രം (നയൻതാര ആയിരുന്നു മുഖ്യവേഷത്തിൽ) കടുത്ത പ്രതിഷേധത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിനു പിൻവലിക്കേണ്ടി വന്നു. അതായത്, പ്ലാറ്റ്ഫോമിനെ സംശയത്തോടെ കാണുന്ന ഒരുവിഭാഗം ആളുകളുടെ ധാരണകളെ ബലപ്പെടുത്തുന്നതാണ് പുതിയ വിവാദം.
പരമ്പരയുടെ ഉള്ളടക്കമല്ല ഇക്കുറി പ്രതിഷേധങ്ങൾക്ക് പ്രധാനകാരണമെന്നത് കൗതുകകരമാണ്. ഫർഹത് ഇഷ്തിയാഖ് രചിച്ച ഇതേ പേരിലുള്ള ഉർദു നോവലിനെ അടിസ്ഥാനമാക്കിയ പരമ്പര മൂന്നു തലമുറ നീളുന്ന പ്രണയകഥയാണ്. പ്രമേയം ഭീകരവാദവും ഇന്ത്യാവിരോധവുമല്ല. പക്ഷേ, അഭിനേതാക്കളുടെ രാഷ്ട്രീയമാണ് പ്രശ്നമായി ഉന്നയിക്കപ്പെടുന്നത്. ലഷ്‌കറെ തൊയ്ബ സ്ഥാപകനും ആഗോളഭീകരനുമായ ഹാഫിസ് സയീദിനെ 2017-ൽ 'ഏറ്റവും മര്യാദയുള്ളവരിൽ ഒരാൾ' എന്നും 'ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യൻ' എന്നും വിശേഷിപ്പിച്ചയാളാണ് ഹംസ അലി അബ്ബാസി. ഓപ്പറേഷൻ സിന്ദൂറിനെ ഫവാദ് ഖാൻ 'ലജ്ജാകരമായ ആക്രമണം' എന്നും മാഹിറാ ഖാൻ 'ഭീരുത്വം' എന്നും വിശേഷിപ്പിച്ചിരുന്നു.
മുമ്പ് പാകിസ്താനി ക്രിക്കറ്റർമാർ നടത്തിയ വർഗീയ പരാമർശങ്ങളും വലതുപക്ഷം കുത്തിപ്പൊക്കുന്നുണ്ട്. ഷോയബ് അഖ്തറിന്റെ പഴയ അഭിമുഖത്തിലെ ഗസ്വാ എ ഹിന്ദ് പരാമർശവും 2021-ലെ ലോകകപ്പ് മത്സരത്തിനുശേഷം ഹിന്ദുക്കളുടെ മധ്യത്തിൽ റിസ്വാൻ നമാസ് നടത്തിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായിരുന്നു എന്ന് വഖാർ യൂനിസ് പറഞ്ഞതും (പിന്നീട് അദ്ദേഹം മാപ്പു ചോദിച്ചു) എല്ലാം. പാകിസ്താൻ കളിക്കാർക്കും (ഐ.പി.എല്ലിൽ അനൗദ്യോഗിക വിലക്കുണ്ട്) അഭിനേതാക്കൾക്കും നല്ല പ്രതിഫലവും അംഗീകാരവും കിട്ടണമെങ്കിൽ ഇന്ത്യയിൽ വരണം. പക്ഷേ, ഇന്ത്യക്കാരുടെ വികാരം മാനിക്കാൻ അവർ തയ്യാറല്ല. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പരസ്യനിലപാടെടുക്കുന്നവർക്കെതിരെ ജനങ്ങൾ പ്രതികരിക്കുന്നത് സ്വാഭാവികമാണ്- നിരോധനത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
വിലക്കുകളും പാകിസ്താന്റെ സോഫ്റ്റ് പവർ കുറുക്കുവഴിയും
സാമൂഹികമാധ്യമങ്ങളുടെയും വില കുറഞ്ഞ ഇന്റർനെറ്റിന്റെയും കാലത്ത് പഴുതടച്ച വിലക്കുകൾ ഏറെക്കുറെ അസാധ്യമാണ്. 'ധുരന്ധർ' എന്ന ആദിത്യ ധർ സിനിമയുടെ കാര്യം നോക്കിയാൽ അത് വ്യക്തമാവും. പാകിസ്താനിൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്ന സ്പൈ ത്രില്ലർ പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 20 ലക്ഷം പേരാണ് ചിത്രം അനധികൃതമായി ഡൗൺലോഡ് ചെയ്തത്. ഇന്ത്യക്കെതിരെ ഭീകരവാദത്തെ ഭരണകൂട ഉപകരണമാക്കുന്ന സ്വന്തം രാജ്യത്തെ തുറന്നുകാട്ടുന്ന ഒരു സിനിമ കാണുന്നതിൽനിന്ന് സാധാരണക്കാരായ പാകിസ്താനികളെ തടയാൻ നിരോധനത്തിന് കഴിഞ്ഞില്ല. ഇന്ത്യയിലെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ പാക് ഉള്ളടക്കമുള്ള പ്രോഗ്രാമുകൾ കാണിക്കുന്നില്ലെങ്കിലും അവിടെനിന്നുള്ള നിരവധി സീരീസുകളും ചർച്ചാപരിപാടികളും യൂട്യൂബിലും മറ്റ് നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
സഹസ്രാബ്ദങ്ങൾ ഒന്നായിരുന്ന ഭൂഭാഗമാണ്, വിഭജിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടായിട്ടില്ല. ഒരേ ഭാഷയും സംസ്‌കാരവും പങ്കുവെക്കുന്ന ജനങ്ങൾ അയൽരാജ്യത്ത് നിർമിച്ച കലാപരിപാടികൾ ആസ്വദിച്ചാൽ എന്താണു തെറ്റെന്ന് നെറ്റ്ഫ്ലിക്സിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. കാണുന്നത് അവർക്ക് ഇഷ്ടമായതുകൊണ്ടാവും, രാജ്യദ്രോഹികളോ രാഷ്ട്രീയത്തെക്കുറിച്ച് അജ്ഞരോ ആയതു കൊണ്ടല്ല എന്നും അവർ പറയുന്നു.
പക്ഷേ, അത്രയ്ക്ക് ലളിതമല്ല കാര്യങ്ങൾ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ, കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളുടെ, മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് ചോദിക്കൂ എന്ന് നിരോധനത്തെ അനുകൂലിക്കുന്നവർ പറയുന്നു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി പറഞ്ഞ 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന കർശന നിലപാട്, പാകിസ്താൻ നിലപാട് മാറ്റുന്നതുവരെ എല്ലാ മേഖലയിലും തുടരണമെന്നതിൽ അവർക്ക് സംശയമില്ല.
കശ്മീരിൽ മുമ്പുണ്ടായിരുന്ന വൻസ്വാധീനവും അടിത്തറയും നഷ്ടമായത് ഇന്ത്യയെ ക്ഷീണിപ്പിക്കാൻ മറ്റു കുറുക്കുവഴികൾ തേടാൻ പാകിസ്താനെ നിർബന്ധിതമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇൻഫ്ലുവൻസർമാരെ സ്വാധീനിക്കൽ, സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയുമൊക്കെ പെൺകെണിയിൽ കുടുക്കൽ തുടങ്ങിയ വാർത്തകളിൽ സമീപകാലത്ത് ഗണ്യമായ വർധനവുണ്ടായത് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ, സിനിമയും സീരിയലും സംഗീതവുമൊക്കെ ഉപയോഗപ്പെടുത്തി ഇന്ത്യക്കാരിൽ സാംസ്‌കാരികവും മാനസികവുമായ സ്വാധീനം വളർത്തിയെടുക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായും കരുതപ്പെടുന്നു.
പാകിസ്താൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ. തിരക്കഥകൾക്ക് അംഗീകാരം നൽകുകയും സൈനിക പ്രതിച്ഛായയ്ക്ക് അനുകൂലമായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പാക് സൃഷ്ടികളുടെ പ്രദർശനം (ഈയിടെ വിലക്കിയ ബെംഗളുരുവിലെ സ്വകാര്യ പ്രദർശനം പോലുള്ളവ), ഓൺലൈൻ സംവാദം എന്നിവ സംഘടിപ്പിക്കുകയും ഇൻഫ്ലുവൻസർമാർക്ക് പ്രതിഫലവും മറ്റു ആകർഷണങ്ങളും വെച്ചുനീട്ടുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കാൻ തെളിവുകളുണ്ട്. ഐ.എസ്.ഐക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട് കഴിഞ്ഞവർഷം ഹരിയാണക്കാരി വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിലായത് ഉദാഹരണം.
കലയ്ക്ക് അതിരുകളില്ലെന്ന് പറയാൻ എളുപ്പമാണ്. പക്ഷേ, ഭൂമിശാസ്ത്രപരമായ അതിർത്തികളും അതിനെക്കാൾ ആഴത്തിലുള്ള മുറിവുകളും പരസ്പര സംശയവും ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുമ്പോൾ അത് വാക്കുകളിലൊതുങ്ങാനാണ് കൂടുതൽ സാധ്യത എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവാദം.
Content Highlights: The article examines controversy surrounding Netflix's Pakistani original series Jo Bachay Hain Sang Samait Lo ahead of its scheduled December 4 release, reporting that the Information and Broadcasting Ministry asked Netflix to ensure compliance with May 8, 2025 national security guidelines issued after the Pahalgam terror attack. It notes film bodies such as All India Cine Workers Association and Federation of Western India Cine Employees opposed the release, while critics highlighted tensions over India playing Pakistan in the Asia Cup Rising Stars tournament in Doha
Published: 28 Nov 2026, 01:07 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented