
'തും പാസ് ആയേ..
യു മുസ്‌കുരായേ..
തുംനേ നാ ജാനേ ക്യാ സപ്‌നെ ദിഖായേ..' -
തൊണ്ണൂറുകളുടെ ഒടുവിൽ ഇന്ത്യ മുഴുവൻ ഏറ്റുപാടിയ 'ദേശീയ പ്രണയഗാനം'.
25 വർഷങ്ങൾക്കിപ്പുറവും റീലുകളിൽ പുനരവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗാനരംഗങ്ങളും ത്രികോണ പ്രണയവും. അതേ, കണ്ടുപഴകിയ ത്രികോണ പ്രണയകഥ തന്നെയായിരുന്നു കുഛ് കുഛ് ഹോതാ ഹേയുടെയും വൺലൈൻ. പക്ഷേ അതുവരെ കണ്ടുപരിചയിച്ച ഹിന്ദി സിനിമാ ഫോർമാറ്റുകളിൽ നിന്ന് തികച്ചും ഭിന്നമായിരുന്നു കുഛ് കുഛ് ഹോതാ ഹേയ്ക്ക് കരൺ ജോഹർ എന്ന 25 വയസ്സ് മാത്രം പ്രായമുള്ള സംവിധായകൻ നല്കിയ ട്രീറ്റ്‌മെന്റ്. അതിന് പ്രചോദനമായത് ബെവെർളി ഹിൽസ് 90210 ഉം. അതുകൊണ്ടുതന്നെ ഗാനങ്ങളും സംഭാഷണവും മാത്രമല്ല ചിത്രത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണം പോലും രാജ്യമൊട്ടാകെ തരംഗമായി. ചിത്രത്തിലെ അഞ്ജലിയെപ്പോലെ മഷ്‌റൂംകട്ട് ഹെയർ സ്‌റ്റൈലിന് വേണ്ടി പെൺകുട്ടികൾ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി. ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ ക്യാംപസുകൾ കീഴടക്കി. അഞ്ജലിയുടെയും ടീനയുടെയും മനോഹരമായ വസ്ത്രങ്ങൾക്കായി കുഛ് കുഛ് ഹോതാ ഹേ റഫറൻസുമായി പെൺകുട്ടികൾ തുണിക്കടകളിലും ടെയ്‌ലറിങ് ഷോപ്പുകളിലുമെത്തി. പഴയ കാംപസ് പ്രണയത്തിന്റെ ഓർമയിൽ മധ്യവയസ്സു പിന്നിട്ടവർ മനസ്സിൽ അടക്കം പറഞ്ഞു കുഛ് കുഛ് ഹോതാ ഹേ.

ഇതേസമയം അങ്ങ് ന്യൂയോർക്കിൽ കന്നിസിനിമ ഒരു ബ്ലോക്ക്ബസ്റ്റാണെറിയാതെ ഒളിവുജീവിതത്തിലായിരുന്നു, ചിത്രത്തിന്റെ 25 വയസ്സുമാത്രം പ്രായമുള്ള സംവിധായകൻ കരൺ ജോഹർ. കാരണം വ്യക്തമല്ലെങ്കിലും ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെങ്കിൽ കരണിനെ വധിക്കുമെന്നുള്ള അധോലോക ഭീഷണിയെത്തുടർന്നാണ് കരണും കുടുംബവും തല്ക്കാലത്തേക്ക് നാടുവിടുന്നത്. ആറ് ആഴ്ചകൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കരണിനെ കാത്തിരുന്നത് മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഉൾപ്പടെ എട്ട് ഫിലിംഫെയർ അവാർഡുകളായിരുന്നു. അതൊരു തുടക്കം മാത്രം. വീണ്ടും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ചിത്രത്തെ തേടിയെത്തി. ഇന്ന് കുഛ് കുഛ് ഹോതാ ഹേയ്ക്ക് കരൺ ജോഹറിന്റെ സംവിധായകജീവിതത്തിനും 25 വയസ്സ് പിന്നിട്ടിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ അന്ന് ബ്ലോക്ക് ബസ്റ്ററായിരുന്ന ആ ചിത്രത്തിൽ കരൺ സന്തുഷ്ടനല്ല. ഒട്ടും ജെൻഡർ പൊളിറ്റിക്കലല്ലാത്ത ലോജിക്കില്ലാത്ത ചിത്രമായിരുന്നു കെകെഎച്ച്എച്ചെന്ന് കരൺ കുമ്പസരിക്കുന്നു.
നിലപാടുകളുടെ പേരിൽ കടുത്ത വിമർശനങ്ങളേറ്റുവാങ്ങിയിരുന്ന വ്യക്തിയാണ് കരൺ. താൻ കണ്ടുവളർന്നതിൽ നിന്ന് ഒരിഞ്ചു പിറകോട്ട് പോകാൻ കൂട്ടാക്കാത്ത ടിപ്പിക്കൽ ബിടൗൺ എലീറ്റ് ക്ലാസ് പ്രതിനിധി. സിനിമയെന്നാൽ ചില പ്രത്യേക ചേരുവകളുടെ മിശ്രണമാണെന്ന് മാത്രം കരുതിയിരുന്ന, സ്വജനപക്ഷപാത്വത്തിന് കുടപിടിച്ചിരുന്നയാൾ. എന്നാൽ 25 വർഷങ്ങൾക്ക് ശേഷമുള്ള കരൺ, ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത റോക്കി ആൻഡ് റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ പ്രതീക്ഷ നൽകിയിരിക്കുന്നു. പാട്രിയാർക്കിയുടെ പതാകാവാഹകനിൽ നിന്ന് രാഷ്ട്രീയശരികൾ തിരിച്ചറിയാനും എന്നാൽ വാണിജ്യമൂല്യങ്ങളെ അപ്പാടെ ബലികഴിക്കാതെ ആ ശരികൾക്കൊപ്പം നിൽക്കാനും കരൺ ജോഹറെന്ന സംവിധായകൻ മുതിർന്നിരിക്കുന്നു. മനുഷ്യനെന്ന നിലയിലും സംവിധായകനെന്ന നിലയിലുമുള്ള കരണിന്റെ 25 വർഷത്തെ വളർച്ചയുടെ തിരിച്ചറിവിന്റെ സാക്ഷ്യപത്രമാണ് റോക്കി ആൻഡ് റാണി കാ പ്രേം കഹാനി. കഭി ഖുശി കഭി ഗം എന്ന തന്റെ തന്നെ ചിത്രത്തിലൂടെ പറഞ്ഞുറപ്പിക്കാൻ ശ്രമിച്ച പരമ്പരാഗത കുടുംബമൂല്യങ്ങളെയും പുരുഷാധിപത്യത്തെയും തച്ചുടയ്ക്കാനുള്ള ബോധപൂർവമായ ശ്രമാണ് ഈ ചിത്രത്തിൽ കരൺ നടത്തിയിരിക്കുന്നത്. കരണിന്റെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരൂപക പ്രശംസ പിടിച്ചുപറ്റാൻ ചിത്രത്തിനായത് കാലോചിതമായ തിരുത്തലുകൾക്ക് കരൺ തയ്യാറായതുകൊണ്ടായിരിക്കാം. കരൺ ജോഹറെന്ന സംവിധായകനിൽ പ്രായത്തിന്റെയും അനുഭവത്തിന്റെയും പാകത കൈവന്നിരിക്കുന്നു.
വെറും ബാഹ്യസൗന്ദര്യത്തിന്റെ പേരിലുള്ള പ്രണയ നിർവചനങ്ങളുടെ പേരിൽ ആദ്യ ചിത്രത്തിന്, അത് ഹിറ്റായെങ്കിൽ പോലും, ഏറെ പഴികേട്ടിരുന്നു കരൺ. ഓർക്കുന്നില്ലേ ഒട്ടും ഫാഷനബിളല്ലാത്ത ടോം ബോയിയായ തന്റെ ആത്മാർഥ സുഹൃത്ത് അജ്ഞലിയെ മറികടന്ന് ഫാഷനബിളും ഹോട്ടുമായ ടീനയ്ക്ക് പിറകേ പായുന്ന രാഹുൽ പ്രണയമെന്നാൽ സൗഹൃദമാണെന്ന് നിർവചിക്കുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ഹാഫിൽ മുടി വളർത്തിയ, സാരി ചുറ്റിയ അഞ്ജലിയെ കണ്ട് അതേ രാഹുൽ അനുരക്തനാകുന്നു. മുടിയില്ലാത്തപ്പോൾ നായകന് അജ്ഞലിയോട് പ്രണയമില്ല, മുടിവളർന്നപ്പോഴെന്താ പ്രണയം വന്നോയെന്ന് ചിത്രം കണ്ട് അഭിനേതാവ് ശബാന ആസ്മി കളിയാക്കിയത് കരൺ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'എനിക്കതേക്കുറിച്ച് യാതൊരു വിശദീകരണവും നൽകാനില്ല, തെറ്റുപറ്റിപ്പോയി'എന്നുമാത്രമാണ് അവരോട് മറുപടി നൽകിയതെന്ന് കരൺ പറയുന്നുണ്ട്.
'കുഛ് കുഛ് ഹോതായിൽ ഞാൻ അവതരിപ്പിച്ച ജെൻഡർ പൊളിറ്റിക്‌സ് തെറ്റായിരുന്നു. അത് ഇനി ഒരിക്കലും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കണ്ടുവളർന്ന മസാല ചേരുവകൾ അതേപടി പകർത്തുകയാണ് ഞാൻ ചെയ്തത്. അന്ന് ജെൻഡർ പൊളിറ്റിക്‌സിനെ പറ്റി ചിന്തിച്ചില്ല. സ്റ്റോക്ക് (Stalking) ചെയ്യുന്നത് റൊമാൻസ് ആണെന്നാണ് അന്ന് ധരിച്ചിരുന്നത്. ഒരിക്കൽ കൂടി ആ സിനിമ നിർമിക്കാൻ അവസരം വരികയാണെങ്കിൽ ആ ചിത്രത്തിലെ ജെൻഡർ പൊളിറ്റിക്‌സ് കൃത്യമാക്കാൻ ശ്രമിക്കും.' സിനിമയിലെ 25-ാം വർഷത്തോടനുബന്ധിച്ച് സിനിമാസ്വാദകരുമായി നടത്തിയ ചർച്ചയ്ക്കിടയിൽ കരൺ മനസ്സ് തുറന്നത് ഇങ്ങനെയാണ്. 'നമ്മൾ ഒരു തവണയാണ് ജീവിക്കുന്നത്, മരിക്കുന്നതും ഒരുതവണയാണ്, വിവാഹം കഴിക്കുന്നതും ഒറ്റത്തവണ.. അതുപോലെത്തന്നെ പ്രണയവും" (Hum ek baar jeete Hain, ek baar marte Hain, Shaadi bhi ek baar hoti hai aur pyaar bhi.) എന്ന് ചിത്രത്തിലെ നായകനെക്കൊണ്ട് പറയിച്ചതിനെയും കരൺ സ്വയം വിമർശിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുന്ന നായകൻ തന്നെ സെക്കൻഡ് ഹാഫിൽ വീണ്ടും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും സ്വയം ചൂണ്ടിക്കാട്ടി ചെയ്തുവെച്ച മണ്ടത്തരം അയാൾ അംഗീകരിക്കുന്നു.

റോക്കി ഓർ റാണി കി പ്രേം കഹാനിയുടെ പ്രമോഷൻ പരിപാടിയിൽ
25 വർഷങ്ങൾക്ക് ശേഷം അതേ കരൺ ജെൻഡർ സ്റ്റീരിയോടൈപ്പിങ്ങിനെയും ബോഡി ഷെയ്മിങ്ങിനെയും പാട്രിയാർക്കിയെയും സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ചില ചിന്തകളെയും ചോദ്യം ചെയ്തുകൊണ്ട് റോക്കി ഓർ റാണി കി പ്രേം കഹാനിയുമായി രംഗത്തെത്തിയിരിക്കുന്നു. വളരെ നിസാരമെന്ന് നാം കരുതുന്ന ചില പരാമർശങ്ങൾ ഉദാഹരണത്തിന് ചായ കുടിച്ചാൽ കറുക്കുമെന്നാണ് ഞാൻ കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ളതെന്ന് ചിത്രത്തിലെ നായകനെക്കൊണ്ട് പറയിപ്പിക്കുന്ന കരൺ ബോഡി ഷെയ്മിങ്ങിനെതിരേയും വിവാഹമല്ല സ്ത്രീയുടെ ജീവിതം, അടുക്കളപ്പണി പെണ്ണിന്റേതു മാത്രമല്ലെന്നുമെല്ലാം കൃത്യമായി പറഞ്ഞുവെക്കുന്നു. പ്രണയത്തിന് അയാൾ നൽകുന്ന നിർവചനം പോലും മാറുന്നുണ്ട്. അഗാധ പ്രണയത്തിലിരിക്കേ മാത്രമേ ഫിസിക്കൽ ഇന്റിമസി പാടുള്ളൂ എന്ന കാഴ്ചപ്പാടുകളെ, പ്രണയത്തിന് പ്രായമില്ലെന്ന് തിരുത്തുന്നു, പുരുഷ ശരീരത്തെ ആസ്വദിക്കുന്ന സ്ത്രീനോട്ടത്തെ പരിചയപ്പെടുത്തുന്നു, കങ്കണയുടെ ഇംഗ്ലീഷ് ആക്‌സന്റിനെ പരിഹസിച്ച അതേ സംവിധായകൻ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തത് കുറവല്ലെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
തങ്ങൾക്ക് നേരെയുണ്ടായ സോഷ്യൽ മീഡിയ ബുള്ളിയിങ്ങിനെതിരേ സിനിമയിലെ കഥാപാത്രങ്ങളിലൂടെ ആലിയയും രൺവീറും പ്രതികരിക്കുന്നപോലുമുണ്ട്. പലപ്പോഴും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമായിട്ടുള്ള വ്യക്തിയാണ് രൺവീർ സിങ്. തന്നെയുമല്ല രൺവീറിന്റെ നഗ്നഫോട്ടോ ഷൂട്ട് വൻതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 'ഒബ്ജക്ടിഫൈഡ്' ആകുന്നതിനെ ഭയക്കുന്നില്ലെന്ന ചിത്രത്തിലെ രൺവീർ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രതികരണം ഇതിനോടുള്ള രൺവീർ സിങ്ങിന്റെ തന്നെ പ്രതികരണമായി വായിച്ചെടുക്കാം. പൊതുവിജ്ഞാനത്തിന്റെ പേരിൽ നിരവധി തവണ സാമൂഹികമാധ്യമങ്ങളിൽ അപഹസിക്കപ്പെട്ടിട്ടുളളവളാണ് ആലിയ. അതേ ആലിയ ഭട്ടിനെക്കൊണ്ട് രൺവീർ സിങ്ങിനോട് പൊതുവിജ്ഞാന ചോദ്യങ്ങൾ ചോദിപ്പിക്കുന്നുണ്ട് സംവിധായകൻ. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല, അതിൽ പരിഹസിക്കാൻ മാത്രം ഒന്നുമില്ലെന്ന വ്യക്തമായ സന്ദേശമാണ് തമാശയുടെ രൂപത്തിലാണെങ്കിൽ കൂടി കരൺ പങ്കുവെക്കാൻ ശ്രമിക്കുന്നത്.
പക്ഷേ ചിത്രത്തിലെ ഏറ്റവും ബ്രില്യന്റായ മൂവെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിനന്ദിക്കുന്നത് ഇതൊന്നുമല്ല. രൺവീർ സിങ്ങും ടോടാ റോയ് ചൗധരിയും (ചിത്രത്തിൽ ആലിയ ഭട്ടിന്റ പിതാവായി അഭിനയിക്കുന്ന നടൻ) ഒന്നിച്ചുള്ള നൃത്തരംഗമാണ്. ശാസ്ത്രീയനൃത്തം ചെയ്യുന്ന പുരുഷന്മാരോട് സമൂഹം വെച്ചുപുലർത്തുന്ന മനഃസ്ഥിതിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കരൺ വലിച്ചുകീറുന്നു. കലയ്ക്ക് ലിംഗവ്യത്യാസമില്ലെന്ന് അയാൾ ഉറക്കെ പ്രഖ്യാപിക്കുന്നു. ഒരുപക്ഷേ അതിനയാളെ പ്രാപ്തനാക്കിയത് സ്വന്തം അനുഭവങ്ങൾ തന്നെയായിരിക്കണം.' ചെറിയ കുട്ടിയായിരുന്ന സമയത്ത് എന്റെ മുറിയിൽ നിന്ന് ഞാൻ നൃത്തം ചെയ്തിരുന്നു. ലതാജിയുടെ ഹിന്ദി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് ശീലമായിരുന്നു. എന്റെ നൃത്തത്തെ വളരെ സന്തോഷത്തോടെയാണ് അച്ഛൻ നോക്കിക്കണ്ടിരുന്നത്. അച്ഛന് അത് വലിയ കാര്യമായിരുന്നു, കണ്ട് കൈയടിച്ചിരുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ അച്ഛൻ എന്നെക്കൊണ്ട് നൃത്തം ചെയ്യിക്കും. അവരും നന്നായെന്ന് പറയും. പക്ഷേ ഇതെല്ലാം കേട്ട് കോളേജിൽ പോയി ഇതേ ചലനങ്ങൾ ആവർത്തിച്ചപ്പോൾ ആളുകൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്റെ ശരീരഭാഷയെ, അല്ലെങ്കിൽ ഞാനെന്താണോ അതിനെ അവർ പരിഹസിക്കുകയായിരുന്നു. റോക്കി ഓർ റാണി കി പ്രേം കഹാനിയിലെ ആ നൃത്തരംഗം എന്റെ കുട്ടിക്കാലത്തെ ഓർമയുമായി ബന്ധപ്പെട്ടതാണ്. കലയ്ക്ക് ലിംഗവ്യത്യാസമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.' നൃത്തരംഗത്തെ അഭിനന്ദിച്ചതവരോടുള്ള കരണിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
ഋഷി കപൂറിന്റെ സ്വറ്ററുകളെ ഇഷ്ടം, അനുകരിച്ചിരുന്നത് ജയപ്രദയുടെ ചുവടുകൾ
മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു കരൺ. സ്‌ത്രൈണതയാർന്ന ചലനങ്ങളുള്ള കുട്ടി. ഋഷി കപൂറിനെ, അദ്ദേഹം ധരിച്ചിരുന്ന സ്വറ്ററുകളെ ഇഷ്ടപ്പെട്ടിരുന്ന സർഗത്തിലെ ദഫ്‌ലിവാലേ ദഫ്‌ലി ബജാ ഗാനത്തിന് ചുടവുവെച്ചിരുന്ന പയ്യൻ. പക്ഷേ ഗാനരംഗത്തിലെ ഋഷി കപൂറിനെ ആയിരുന്നില്ല, ജയപ്രദയുടെ ചുവടുകളായിരുന്നു കരൺ എന്നും അനുകരിച്ചിരുന്നത്. കരണിന്റെ പിതാവായ യഷ് ജോഹർ ആകട്ടേ മകന്റെ നൃത്തത്തിൽ ഏറെ അഭിമാനിച്ചിരുന്നു. തന്റെ സ്വത്വത്തെക്കുറിച്ച് അച്ഛന് മനസ്സിലായിരുന്നോ എന്ന് സംശയമുണ്ടെന്ന് കരൺ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്തൊക്കെയായാലും കരണെന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ പൂർണമായി അംഗീകരിച്ചിരുന്നു ആ പിതാവ്. ആ അംഗീകാരത്തിന്റെ ധൈര്യത്തിലാണ് കരൺ പുറത്തിറങ്ങുന്നതെങ്കിലും അതേ സമീപനമായിരുന്നില്ല സമൂഹത്തിന് കരണിനോട്. പതിയെ അന്തർമുഖനാകുകയായിരുന്നു കരൺ. 'ഞാൻ മറ്റ് കുട്ടികളിൽ നിന്ന് എല്ലാ അർഥത്തിലും വ്യത്യസ്തനായിരുന്നു. സ്‌ത്രൈണതയുണ്ടായിരുന്നു, പ്ലസ് സൈസ് ആയിരുന്നു. ഞാൻ സ്‌പോർട്‌സിൽ പങ്കെടുക്കാൻ ഇറങ്ങുമ്പോൾ എല്ലാവരും ചിരിക്കും. എന്റെ ശാരീരിക ചലനങ്ങൾ എല്ലാം സ്ത്രീകളുടേത് പോലെയായിരുന്നു. എൺപതുകളിൽ അത്തരക്കാരെ 'pansy' എന്നാണ് വിളിച്ചിരുന്നത്. ഇന്ന് ഹോമോ, ഗേ എന്നെല്ലാം പറയുന്നതുപോലെ..അതെന്നെ എത്തിച്ചത് ഒരു കൂട്ടിനകത്താണ്.' അഭിമുഖങ്ങളിൽ അഭിമുഖീകരിച്ച ദുരനുഭവങ്ങൾ സങ്കോചമില്ലാതെ കരൺ തുറന്നുപറയുന്നുണ്ട്. അതിന്റെയെല്ലാം പരിച്ഛേദമായിരുന്നു, സമൂഹത്തോടുള്ള മറുപടിയായിരുന്നു റോക്കി ആൻഡ് റാണി കി പ്രേം കഹാനിയിലെ നൃത്തരംഗം.
സെക്ഷ്വാലിറ്റി തുറന്നുപറയാൻ മടിച്ച കരൺ
അൺസ്യൂട്ടബിൾ ബോയ് എന്ന തന്റെ ആത്മകഥയിൽ പോലും താനെന്താണെന്ന് വിവരിക്കാൻ ശ്രമിക്കുമ്പോഴും തന്റെ സെക്ഷ്വാലിറ്റിയെ കൃത്യമായ ഒരു വാക്കിൽ നിർവചിക്കാൻ കരൺ വിസമ്മതിക്കുന്നുണ്ട്. താൻ ജീവിക്കുന്ന സമൂഹത്തിന് അത് അംഗീകരിക്കാനുള്ള പാകതവന്നിട്ടില്ലെന്നതുകൊണ്ട് താനത് പറയുന്നതിൽ അർഥമില്ലെന്ന് തന്നെയാണ് കരണെന്നും കരുതുന്നത്. 'നിങ്ങളുടേത് പോലെയല്ല, എന്റെ തലച്ചോറിലൂടെ പോകുന്ന ചിന്തകൾ വിഭിന്നമാണ് എന്ന് തുറന്നുപറയാൻ എനിക്ക് ഭയമായിരുന്നു. എന്നെ കൃത്യമായി മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. അച്ഛനായിരുന്നു എന്നെ എന്നും പിന്തുണച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ എന്നെ ഏറ്റവുമധികം പിന്തുണച്ചിരുന്ന ആളും ഇല്ലാതായി. തനിച്ചായതുപോലെ തോന്നി.' കരൺ പറയുന്നു. (പുരുഷ സുഹൃത്തുക്കളേക്കാൾ സ്ത്രീ സുഹൃത്തുക്കളാണ് കരണെന്നും ഉണ്ടായിരുന്നത്. കരണിന് ചുറ്റുമുള്ള ഈ സത്രീ സൗഹൃദത്തെ കരണിന്റെ പിതാവ് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. എവിടെപ്പോയാലും സ്ത്രീകളുമായി പെട്ടെന്ന് സൗഹൃദത്തിലാകുന്നതിനാൽ പാർട്ടിയിലും മറ്റും കരണിന് ചുറ്റും സ്ത്രീകൾ കൂടുന്നത് പതിവായിരുന്നു. യഷ് ജോഹറാകട്ടെ, തന്റെ സുന്ദരനായ മകനിൽ ഇവരെല്ലാം ആകൃഷ്ടരാണെന്നാണ് തെറ്റിദ്ധരിച്ചത് പോലും. അതിനാൽ തന്നെ പഞ്ചാബി സിനിമയിൽ നായകനായി അരങ്ങേറാൻ കരണിനെ പിതാവ് ഉപദേശിക്കുക വരെ ചെയ്തിട്ടുണ്ട്.)
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായതിനാൽ തന്നെ തനിച്ചിരിക്കേണ്ടി വന്ന സന്ദർഭങ്ങളിൽ കരൺ കൂട്ടു കണ്ടെത്തിയത് ഭക്ഷണത്തിലായിരുന്നു. കരണിന്റെ ഏക സുഹൃത്ത് ഏക പങ്കാളി ഭക്ഷണമായിരുന്നു. പിറന്നാൾ ദിനത്തിൽ സ്വന്തം ബർത്ത്‌ഡേ കേക്ക് മുഴുവനായി തനിച്ചിരുന്നു കഴിച്ചിരുന്നു കരൺ. അതുകൊണ്ടുതന്നെ പ്രായത്തേക്കാൾ കവിഞ്ഞ വളർച്ചയായിരുന്നു കരണിന് ഉണ്ടായിരുന്നത്. കൗമാരത്തിൽ മറ്റുകുട്ടികളേതുപോലെയാണ് താനെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി പത്താംതരത്തിൽ പഠിക്കുമ്പോൾ സ്‌കൂൾ ഹെഡ് ഗേളിനോട് ക്രഷ് ഉള്ളതായി കരൺ അഭിനയിച്ചിട്ടുപോലുമുണ്ട്. പക്ഷേ പിന്നീട് ആ പെൺകുട്ടി തന്നെ കരണിനെ തിരുത്തി. സ്വയം തിരിച്ചറിഞ്ഞപ്പോഴും സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ കരണിന് സാധിക്കുന്നുണ്ടായിരുന്നില്ല.'ഒരുപാട് വർഷത്തോളം ഒരാാളോട് അടുത്തിടപഴകേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാൻ കംഫർട്ടബിളായിരുന്നില്ല, വെളിച്ചം, വസ്ത്രമില്ലാത്ത എന്റെ ശരീരം ഇതെല്ലാം എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴാണ് ഞാൻ എന്റെ ശരീരവുമായി അടുക്കുന്നത്.'' അതേസമയം കറുത്ത സ്യൂട്ട് ധരിച്ച് വരുമ്പോൾ തനിക്ക് അങ്ങേയറ്റം ആത്മവിശ്വാസം തോന്നിയിരുന്നുവെന്നും കരൺ പറയുന്നുണ്ട്.


കരണിനെ കരണായി അംഗീകരിച്ച ആദ്യ വ്യക്തി ഷാരൂഖ് ഖാനായിരുന്നു. 'ഞാൻ ഓക്കേയാണെന്ന് എന്നെ തോന്നിപ്പിച്ച ആദ്യ വ്യക്തി ഷാരൂഖ് ഖാനാണ്. എന്റെ ലൈംഗികത ഈക്വലാണെന്ന് പറഞ്ഞ ആദ്യവ്യക്തി. അദ്ദേഹം ജനിച്ചുവളർന്നത് വളരെ പുരോഗമനാത്മകമായ ഒരു ചുറ്റുപാടിൽ ആയിരുന്നു. തീയേറ്ററിൽ നിന്നാണ് വരുന്നത്, ഒരുപാട് ആളുകളുമായി ഇടപഴകിയിട്ടുണ്ട്. എന്റെ സ്‌ത്രൈണത പലപ്പോഴും വളരെ ശക്തമായി തന്നെ പുറത്തുവന്നിരുന്നു. അത് എല്ലായ്‌പ്പോഴും പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഞാൻ നടക്കുന്നതും സംസാരിക്കുന്നതുമെല്ലാം പ്രശ്‌നമായിരുന്നു. യാതൊരു അപകർഷതയുമില്ലാതെ എന്നോട് ആദ്യം ഇടപെട്ട വ്യക്തി ഷാരൂഖ് ഖാനായിരുന്നു. അക്കാലത്ത് 'pansy' എന്നുകണക്കാക്കിയതിനെ അദ്ദേഹം അംഗീകരിച്ചു. അതിനായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ അല്ല അതിനെ നോർമലൈസ് ചെയ്യുകയാണുണ്ടായത്.' നിഖിൽ തനേജയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ പറയുന്നു.

തനിക്കുനേരെ ഉയർന്ന വിവാദങ്ങൾക്കെല്ലാമുള്ള മറുപടി, അതിലുപരി താൻ കടന്നുവന്ന അനുഭവങ്ങളോടുള്ള പ്രതികരണം, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് തന്റെ ചിത്രത്തിന് നേരയുണ്ടാകുന്ന പതിവ് നിരൂപണങ്ങൾക്കുള്ള മറുപടി, അതിലുപരി തന്നോടുതന്നെ പുലർത്തുന്ന സത്യസന്ധത ഇതെല്ലാമായിരുന്നു കരണിന് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രം. അതുകൊണ്ടുതന്നെ അമിത സമ്മർദ്ദത്തിലുമായിരുന്നു കരൺ. 'ഒരുചിത്രത്തിന്റെ റിലീസിന്റെ സമയത്തും ഞാൻ ഇത്രയും സമ്മർദ്ദത്തിൽ ആയിട്ടില്ല. പക്ഷേ റോക്കി ആൻഡ് റാണിയുടെ റിലീസ് സമയത്ത് ഞാൻ വല്ലാത്ത ആശങ്കയിലായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എനിക്കൊപ്പമിരുന്നു. അവർ കരഞ്ഞുകൊണ്ടിരുന്ന എന്നെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.അവസാനം ഞാൻ ശ്വാസമെടുക്കുകയാണ്. ആദ്യമായാണ് എന്റെ ചിത്രത്തിന് ഇത്രയേറെ നിരൂപക പ്രശംസ ലഭിക്കുന്നത്. എല്ലാവരും എന്റെ ചിത്രത്തെ പ്രശംസിക്കുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും കുഴപ്പം പറ്റിയോ എന്നായിരുന്നു എന്റെ ആദ്യ ചിന്ത.' റോക്കി ഓർ റാണിയുടെ വിജയത്തോട് കരൺ ഏറ്റവുമാദ്യം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

വിപ്ലാവാത്മകമായ വഴിയിലൂടെ കരൺ നടക്കുന്ന ആദ്യചിത്രമല്ല റോക്കി ഓർ റാണി കി പ്രേം കഹാനി. വിവാഹേതര പ്രണയ ബന്ധങ്ങളെ ആസ്പദമാക്കി കരൺ സംവിധാനം ചെയ്ത കഭി അൽവിദാ നാ കെഹ്നായും സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെ കുറിച്ച് പ്രതിപാദിച്ച ലസ്റ്റ് സ്റ്റോറീസും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് ഭിന്നമായി കാര്യങ്ങളെ നോക്കിക്കാണുന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. റോക്കി ഓർ റാണിയിലൂടെ അത് അല്പം കൂടി പ്രകടമായെന്ന് കരുതാം. യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ബോളിവുഡിൽ ഇറങ്ങുന്നുണ്ടെങ്കിലും രാഷ്ട്രീയശരികളെ മുൻനിർത്തി ഒരു വലിയ പ്രൊഡക്ഷൻ ഹൗസ് ബോളിവുഡിൽ ചിത്രമൊരുക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും.
കരൺ പറഞ്ഞതുപോലെ വലിയൊരു മാറ്റത്തിന് ബോളിവുഡ് തയ്യാറായിത്തുടങ്ങിയതായിരിക്കാം. കെട്ടുകാഴ്ചകൾക്കപ്പുറത്ത് രാഷ്ട്രീയശരികളെയും ജീവിതത്തിന്റെ യഥാർഥ വശങ്ങളെയും സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെയും എല്ലാവരേയും ഉൾക്കൊള്ളുന്നതിന്റെ ആവശ്യകതയെയും ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കാൻ, അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു മാധ്യമമാണ് സിനിമ. ശക്തമായ മാധ്യമമായതുകൊണ്ടുതന്നെ സിനിമയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്ന ശരികളെ വിമുഖതയില്ലാതെ സ്വീകരിക്കാൻ സമൂഹത്തിന് സാധിച്ചേക്കും. ആ തിരിച്ചറിവ് തീർച്ചയായും കരണിന് ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടാണ് കഥാപാത്രങ്ങളും കഥയും രാഷ്ട്രീയശരികളും മാറിക്കൊണ്ടിരിക്കുകയാണെന്നും കുടുംബത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ലിംഗസമത്വത്തെ കുറിച്ചും ഞാൻ എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അത് പറയാനാണ് റോക്കി ഓർ റാണിയിലൂടെ ശ്രമിച്ചതെന്നും കരൺ പറയുന്നത്.
'ഏഴുവർഷത്തെ ഇടവേള, കഴിഞ്ഞ മൂന്നുവർഷങ്ങൾക്കുള്ളിൽ എനിക്കുണ്ടായിട്ടുള്ള മാറ്റങ്ങൾ, സാമൂഹികമാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ. എന്റെ ഉള്ളിൽ ഞാൻ അടിച്ചമർത്തിയിരുന്ന ഉത്കണ്ഠ, ഞാൻ അതാരോടും പങ്കുവെച്ചിരുന്നില്ല. ജീവിതം, കടന്നുപോയ സമയം, അനുഭവങ്ങൾ... ലിംഗ രാഷ്ട്രീയം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഞാൻ അതിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. അതെല്ലാം ഈ ചിത്രത്തിലൂടെ പുറത്തുവന്നിരിക്കുകയാണ്.'
Content Highlights: Karan Johar and his film Journey, 25years of kuch kuch hotha hai, rocky aur rani ki prem kahani
Published: 02 Dec 2023, 12:03 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented