ഗൾഫിലെ സുദീർഘ മാധ്യമപ്രവർത്തനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ജോയ് മാത്യു പഴയ അരാജകവാദിയായിരുന്നില്ല. ജീവിതത്തെ കുറച്ചു കൂടി ഗൗരവത്തോടെ കാണാൻ ശ്രമിച്ച ഒരാൾ. അഭിനയത്തിലും സംവിധാനത്തിലും (ഷട്ടർ) എഴുത്തിലുമെല്ലാം കണ്ടു ആ പുതിയ ജോയിയെ.

നടൻ, സംവിധായകൻ, പ്രസാധകൻ, പ്രഭാഷകൻ, മുൻ മാധ്യമപ്രവർത്തകൻ, മുൻ ക്ഷുഭിത വിപ്ലവകാരി, മുൻ ബുദ്ധിജീവി .... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മുൻ, പിൻ വേഷങ്ങൾ. ഒറ്റവാക്കിൽ സകലകലാവല്ലഭൻ. പക്ഷെ എനിക്കേറെ ഇഷ്ടം ജോയ് മാത്യുവിലെ എഴുത്തുകാരനെയാണ്. അന്യായ എഴുത്താണ് പഹയന്റെ. ആ വണ്ടിയിലെങ്ങാനും കയറിപ്പോയാൽ ഇടയ്ക്ക് ഇറങ്ങിപ്പോകാൻ തോന്നില്ല. അവസാനത്തെ വാക്കും വായിച്ചു നെടുവീർപ്പിട്ടേ കർട്ടനിടൂ. അതാണ് മൂപ്പരുടെ എഴുത്തിന്റെ ഒരു ഹിക്ക്മത്ത്. "ഭയങ്കരൻ. കൊന്നാളണം ഓനെ'' എന്ന് കോഴിക്കോട്ടുകാരനെക്കൊണ്ട് സ്നേഹപൂർവം പറയിപ്പിക്കുന്ന സ്റ്റൈൽ.
1980 കളുടെ രണ്ടാം പകുതിയിലാവണം ഞങ്ങളുടെ ആദ്യ കണ്ടുമുട്ടൽ. നാന്നൂറുറുപ്പിക ശമ്പളത്തിൽ കൗമുദിയിലെ ട്രെയിനീ പത്രപ്രവർത്തനം കഴിഞ്ഞു കോഴിക്കോട് നഗരത്തിൽ ഉലാത്താനിറങ്ങിയ ഒരു വൈകുന്നേരം, കിഡ്‌സൺ കോർണറിനടുത്തുള്ള അരമതിലിൽ മുഷിഞ്ഞ ഡെനിം പാന്റ്സും പട്ടാളപ്പച്ച കുപ്പായവുമണിഞ്ഞ് ഇപ്പോ വിപ്ലവം നടപ്പിലാക്കിക്കളയും എന്ന ഭാവത്തോടെയിരുന്ന കുറ്റിത്താടിക്കാരനെ ചൂണ്ടി ഒപ്പമുണ്ടായിരുന്ന ലാൽജി എന്നും പപ്പൻ എന്നും അറിയപ്പെടുന്ന സഹപത്രജീവി ചന്ദ്രശേഖരൻ പറഞ്ഞു:
"ദാ നോക്ക്. ഒരു സിൽമാ നടൻ.''
ശരിക്കും ഞെട്ടി. ഇന്നത്തെപ്പോലെ സിനിമാതാരങ്ങൾ റോട്ടിലൂടെ തേരാപാരാ നടക്കുന്ന കാലമല്ല. അത്യാവശ്യം കൊള്ളാവുന്ന നടീനടന്മാരെ കാണാൻ മഹാറാണിയുടെയോ അളകാപുരിയുടെയോ പരിസരത്ത് കണ്ണിലെണ്ണയൊഴിച്ചു കുത്തിയിരിക്കണം. എന്നാൽത്തന്നെ കാണാൻ കിട്ടണം എന്നില്ല.
നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടിയേട്ടൻ, കാരപ്പറമ്പിലെ കൗബോയ് സിദ്ദിഖ്, കെടിസി അബ്ദുള്ള, ശാന്തേടത്തി, സത്യജിത് തുടങ്ങി വിരലിലെണ്ണാവുന്ന ചലച്ചിത്ര താരങ്ങളെയേ അതുവരെ കയ്യെത്തും ദൂരെ കണ്ടിട്ടുള്ളൂ. അപ്പോഴാണ് മിട്ടായി തെരുവിന്റെ പരിസരത്തെ ആൾക്കൂട്ടത്തിൽ ഒരാളായി ഭിക്ഷാംദേഹിയെപ്പോലെ ഒരു നടൻ. കണ്ടാൽ തോന്നില്ല സിനിമാനടനാണെന്ന്. മൊത്തത്തിലൊരു കഞ്ചാവ് ലുക്ക്.
അടുത്തിടെ തിയേറ്ററിൽ മിന്നിമറഞ്ഞ ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാനി'ലെ മുഖ്യതാരം എന്ന് ലാൽജി പറഞ്ഞുതന്നപ്പോൾ എന്റെ പൊട്ടൻ ചോദ്യം: "ആ ഡെഡ് ബോഡി?'' പരിസരം മറന്ന് പൊട്ടിച്ചിരിച്ചു ലാൽജി. എന്നിട്ട് പറഞ്ഞു: "അല്ലെടോ. ഡെഡ് ബോഡി മ്മടെ ഹരി. ഹരിനാരായണൻ. ഇത് സിൽമേലെ ജീവനുള്ള ഹീറോ. ജോയി മാത്യു. പഴേ നക്സല്."
ആളെ പിടികിട്ടിയത് അപ്പോഴാണ്. സിനിമയിലുടനീളം ബാഗും തൂക്കി നടക്കുന്ന മനുഷ്യൻ. മധ്യവയസ്കരും വയോധികരും ക്ഷീണിതരുമായ ഒരു പറ്റം ഊശാൻതാടിക്കാർക്കിടയിലെ ചുറുചുറുക്കുള്ള യുവതാടി.
അടുത്തുകൂടി പോയപ്പോൾ മൈൻഡ് ചെയ്തത് പോലുമില്ല ജോയ് മാത്യു. ഫുൾ ഫിറ്റായ ഏതോ ഒരുത്തനുമായി താത്വികസംവാദം നടത്തുന്ന തിരക്കിലാണ് ടിയാൻ. കാതോർത്തപ്പോൾ വിഷയം ഏതാണ്ട് പിടികിട്ടി. ക്യൂബൻ വിപ്ലവം, ചെഗുവേര, മോട്ടോർസൈക്കിൾ ഡയറീസ്......
"വിടാം. മ്മടെ ഏരിയ അല്ല.." ലാൽജിയെ പിടിച്ചുവലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ആദ്യം നേരിൽ കണ്ടു സംസാരിച്ചത് മാറഡോണയെ കുറിച്ചൊരു ലേഖനം എന്ന ആവശ്യവുമായി തൊണ്ടയാട്ടെ കേരളകൗമുദി ഓഫീസിൽ കയറി വന്നപ്പോഴാവണം. 1987 ലെ നെഹ്‌റു കപ്പിന് നഗരം തയ്യാറെടുക്കുന്ന സമയം. ഞാൻ എഴുതിക്കൊടുത്ത ലേഖനം ചില്ലറ മസാല ചേർത്ത് 'കൊച്ചു പുസ്തക'മാക്കി മാറ്റി സ്റ്റേഡിയത്തിൽ കൊണ്ടുനടന്നു വിറ്റ കഥ രസകരമായി ജോയി തന്നെ എഴുതിയിട്ടുള്ളതിനാൽ അതിവിടെ വിവരിച്ചു ബോറടിപ്പിക്കുന്നില്ല. (ജോയിയുടെ പുതിയ പുസ്തകമായ 'തീപിടിച്ച പർണ്ണശാലക'ളിലെ മലർപ്പൊടിക്കാരന്റെ മാറഡോണ എന്ന കുറിപ്പിലുണ്ട് ആ രസികൻ കഥ.)
പുസ്തകത്തിന്റെ പിതൃത്വം വകവെച്ചു കിട്ടിയില്ലെങ്കിലും പരാതിയൊന്നുമില്ലായിരുന്നു എനിക്ക്. ജീവിതത്തിലാദ്യമായി ഒരു കൃതി ഗ്രന്ഥ രൂപത്തിൽ പുറത്തുവരികയല്ലേ? ആകെയുള്ള ദുഃഖം അച്ചടിയിലെ ഭീമാബദ്ധങ്ങളെ ചൊല്ലിയായിരുന്നു. ഡീഗോ മാറഡോണയെ സീറോ മാറഡോണയും കാൽപ്പന്തിനെ പാൽപ്പന്തും സഡൻ ഡെത്തിനെ ഡസൻ ഡെത്തും ഡ്രിബ്ലിങ്ങിനെ ട്രബ്ലിങ്ങും ആക്കി മാറ്റിയാൽ പെറ്റമ്മ പൊറുക്കുമോ?
നഗര ബുദ്ധിജീവികളുടെയും അരാജകവാദികളുടെയും അവധൂതന്മാരുടെയും ആസ്ഥാനമായ കിഡ്‌സൺ കോർണറിൽ നിന്ന് പിന്നെയെപ്പൊഴോ ജോയ് മാത്യു അപ്രത്യക്ഷനാകുന്നു. ആരോ പറഞ്ഞറിഞ്ഞു ഉപജീവനാർത്ഥം ഗൾഫിലേക്ക് ലോഞ്ച് കയറിപ്പോയതാണെന്ന്. ഒരു പാട് വിപ്ലവകാരികൾ കിഡ്‌സണെ കയ്യൊഴിയുകയും, പകരം പുഷ്‌പന്മാർ എന്നറിയപ്പെടുന്ന പഞ്ചാരക്കുട്ടന്മാർ അവിടം കയ്യേറുകയും ചെയ്ത കാലം കൂടിയായിരുന്നു അത്.
നഗരം എന്നിട്ടും ഒഴുകിക്കൊണ്ടേയിരുന്നു. മാനാഞ്ചിറയുടെ മുഖച്ഛായ തന്നെ മാറി. പുഷ്പയും ഡേവിസണും സംഗവും ബ്ലൂ ഡയമണ്ടും ഓർമയായി. വീറ്റ് ഹൗസ്, മോഡേൺ ലഞ്ച് ഹോം, ലക്കി ഹോട്ടൽ, കൃഷ്ണ മഹാരാജ് ഹൽവ സ്റ്റോർ, ഫ്രഞ്ച് ബേക്കറി, രാമദാസൻ വൈദ്യർ ഒക്കെ കാലയവനികക്കുള്ളിൽ മറഞ്ഞു.
ഗൾഫിലെ സുദീർഘ മാധ്യമപ്രവർത്തനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ജോയ് മാത്യു പഴയ അരാജകവാദിയായിരുന്നില്ല. ജീവിതത്തെ കുറച്ചു കൂടി ഗൗരവത്തോടെ കാണാൻ ശ്രമിച്ച ഒരാൾ. അഭിനയത്തിലും സംവിധാനത്തിലും (ഷട്ടർ) എഴുത്തിലുമെല്ലാം കണ്ടു ആ പുതിയ ജോയിയെ. ഇടക്ക് നല്ല കുറെ വേഷങ്ങളും ലഭിച്ചു; പിടിവാശിക്കാരൻ പള്ളീലച്ചൻ, പണക്കൊതിയൻ ജന്മി, ലേശം വട്ടുള്ള മനഃശാസ്ത്രജ്ഞൻ, കുൽസിതബുദ്ധിയായ വക്കീൽ, കള്ളുകുടിയൻ അച്ചായൻ എന്നിങ്ങനെ. എല്ലാ വേഷങ്ങളിലുമുണ്ടായിരുന്നു ജോയിയുടെ കയ്യൊപ്പ്.
എഴുത്തിൽ ആ ഒപ്പ് കുറേക്കൂടി സ്പഷ്ടമായി. ലളിതവും സുതാര്യവുമായ ശൈലി. ഇടയ്ക്ക് നർമ്മത്തിന്റെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി. കോഴിക്കോടിന്റെ തനത് പ്രയോഗങ്ങൾ. മിട്ടായിത്തെരുവിനെ കുറിച്ചെഴുതുമ്പോൾ നമ്മളെ മിട്ടായിത്തെരുവിലൂടെ കൈപിടിച്ച് കൊണ്ടുപോകും മൂപ്പർ. എഴുത്തിൽ ദുർഗ്രഹതയും ദുരൂഹതയും ഇല്ലേയില്ല.
അപനിർമാണം, സായൻസികം, ഗുമസ്തവത്കരണം, നവനാസ്തികത്വം, ഭാവവൈപരീത്യ ദർശനം തുടങ്ങിയ പിടികിട്ടാപ്രയോഗങ്ങൾ മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല ജോയെഴുത്തിൽ. പകരം സുജായിമാരും ചങ്ങായിമാരും ലക്കി ഹോട്ടലിലെ കോഴി ബിരിയാണിയും പന്തുകളിപ്പിരാന്തന്മാരും ഓടിവിളയാടുന്നു അവിടെ.
പ്രത്യേകിച്ചൊരു ഇഷ്ടം തോന്നാൻ വേറെയുമുണ്ട് കാരണം. ജോയിയെ വായിക്കുമ്പോൾ ആ പഴയ കോഴിക്കോടൻ കാലം ക്ഷണിക്കാതെ തന്നെ മനസ്സിലേക്ക് ഇടിച്ചുകയറിവരും. അന്ന് കണ്ട മുഖങ്ങൾ വീണ്ടും ഓർമ്മയിൽ തെളിയും: സുരാസു, പ്രതാപ് സിംഗ്, സിദ്ദിഖ്, ചെലവൂർ വേണു, ഹരിനാരായണൻ, വിൻഡ് മൊയ്‌തീൻ, അടിവാരം ജോസ് , സാബു സുരേന്ദ്രൻ, മധു മാഷ്, ശോഭീന്ദ്രൻ മാഷ്....
പലരും ഇന്നില്ല. പക്ഷെ ജോയിയെ വായിക്കുമ്പോൾ, പരേതർ പോലും പട്ടട വിട്ടിറങ്ങി പിന്നിലൂടെ പതുങ്ങിവന്ന് തോളിൽ തട്ടി എന്താണ് ബാബ്വേട്ടാ എന്ന് ചോദിച്ചുകളയും. അതാണ് ആ എഴുത്തിന്റെ മാജിക്.
ജോയ് മാത്യുവിലെ എഴുത്തുകാരാ... ഇനിയും ഇനിയും എഴുതിക്കൊണ്ടിരിക്കുക. ഇടിക്കട്ട പോലുള്ള പുതിയ സാഹിത്യം വായിച്ചു പ്രാണനും കൊണ്ടോടുന്ന എന്നെപ്പോലുള്ള സാദാ വായനക്കാർക്ക് അങ്ങനെയെങ്കിലും ഒരു വൈക്കോൽ തുരുമ്പ് നീട്ടിത്തരിക.
Content Highlights: Joy Mathew is widely recognized as a versatile powerhouse—an actor, director, publisher, orator, former journalist, and an unyielding intellectual rebel. However, his finest and most mesmerizing shade remains that of an exceptional writer whose raw, addictive prose leaves an indelible mark on readers.
Published: 26 May 2026, 10:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented