സംവിധാനം, ആനിമേഷൻ: ജോഷി ബെനഡിക്ട്. രണ്ടേ രണ്ട് സ്വതന്ത്ര ആനിമേഷൻ ഷോർട്ട് ഫിലിമുകളിൽ മാത്രമാണ് ഈ പേര് തെളിഞ്ഞുകണ്ടത്. എന്നാൽ, ആ രണ്ട് സൃഷ്ടികളെയും തേടി ദേശീയ പുരസ്‌കാരമെത്തി. ഒരു ആനിമേഷൻ ചിത്രംപോലെ കൗതുകരമാണ് ജോഷി ബെനഡിക്ട് എന്ന കോഴിക്കോട്ടുകാരന്റെ ജീവിതം.

To advertise here,

ഇക്കഴിഞ്ഞ 72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് ജോഷി ആനിമേഷനും സംവിധാനവും നിർവഹിച്ച 'ടച്ച്ഡ് ആസ് വാട്ടർ' എന്ന ഹ്രസ്വചിത്രത്തിനാണ് ലഭിച്ചത്. സംവിധായകനും പ്രധാന ആനിമേറ്റർ എന്ന നിലയിലുമുള്ള ഇരട്ട ഉത്തരവാദിത്തങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നു.

'എ കോക്കനട്ട് ട്രീ' എന്ന അദ്ദേഹത്തിന്റെ ആദ്യ ആനിമേഷൻ ചിത്രത്തിന് 2024-ൽ മികച്ച ആനിമേഷൻ ഷോർട്ട് ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോഴത്തെ പുരസ്‌കാര നേട്ടത്തോടെ സ്വതന്ത്ര ഇന്ത്യൻ ആനിമേഷൻ രംഗത്ത് ജോഷി തന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ്.

ഉള്ളം തൊടും 'ടച്ച്ഡ് ആസ് വാട്ടർ'

സംഭാഷണങ്ങളില്ലാതെ, ഫ്രെയിം- ബൈ- ഫ്രെയിം ആനിമേഷൻ രീതിയിലൂടെ വൈകാരികമായ ഒരു കഥയുടെ ദൃശ്യാവിഷ്‌കാരമാണിത്. വെള്ളവും മനുഷ്യജീവിതവും തമ്മിലുള്ള വൈകാരികവും ആത്മീയവുമായ ബന്ധത്തെയാണ് നിശ്ശബ്ദ ഹ്രസ്വചിത്രം ദൃശ്യവത്കരിക്കുന്നത്. തന്റെ സഹോദരന്റെ വിയോഗത്തിനു ശേഷമുള്ള ഒരു കഥാപാത്രത്തിന്റെ ദുഃഖവും ജലവുമായുള്ള ഇടപെടലുകളിലൂടെ പ്രകൃതിയെയും ഓർമകളെയും തിരിച്ചറിയുന്നതുമാണ് ഇതിവൃത്തം.

ഇരട്ട സഹോദരങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. സഹോദരങ്ങളിൽ ഒരാൾ രോഗബാധിതനായി കിടപ്പിലാണ്. ഇരട്ടസഹോദരനാണ് ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്. കൃഷിയും മറ്റുമാണ് ഇവരുടെ ജീവിതമാർഗം. ഇതിനിടെ രോഗിയായ സഹോദരൻ മരിക്കുന്നതും പിന്നീട് ഇരട്ടസഹോദരൻ നേരിടുന്ന മാനസിക പ്രയാസങ്ങളുമാണ് ചിത്രം പറയുന്നത്. ഇവരുടെ വീട്ടിലെ കിണറും കിണറ്റിലെ വെള്ളവുമായി വിഷമങ്ങളെ ബന്ധിപ്പിക്കുന്നതോടെ 'ടച്ച്ഡ് ആസ് വാട്ടർ' കാഴ്ചക്കാരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നു.

ചിത്രകാരനിൽനിന്ന് ആനിമേറ്ററിലേക്കും സംവിധായകനിലേക്കും

പുരസ്‌കാരനേട്ടത്തിൽ സന്തോഷമുണ്ടെന്ന് ജോഷി ബെനഡിക്റ്റ് മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. 'ചെറുപ്പം മുതലേ ചിത്രരചനയോട്‌ താത്പര്യമുണ്ടായിരുന്നു. ടെലിവിഷനൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. സിനിമകൾക്ക് മുൻപ് അക്കാലത്ത് ന്യൂസ് റീൽ കാണിക്കുമായിരുന്നു. ഇതിൽ ചില സമയങ്ങളിൽ ആനിമേഷൻ വർക്കുകൾ വരാറുണ്ട്. അങ്ങനെയാണ് ആനിമേഷൻ ആദ്യമായി കാണുന്നത്.

പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കോഴിക്കോട് ക്രൗൺ തിയേറ്ററിൽനിന്ന് 'സ്‌നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്‌സ്' എന്ന അനിമേഷൻ സിനിമ കണ്ടത്. ഇത് ജീവിതത്തിൽ വലിയ പ്രചോദനമായി. അന്ന് സാങ്കേതിക വശങ്ങളൊന്നും അറിയില്ലെങ്കിലും ആനിമേഷൻ എന്താണെന്ന് പഠിക്കാൻ താത്പര്യമുണ്ടായിരുന്നു.

തൃശ്ശൂർ ഗവ. ഫൈൻ ആർട്‌സ് കോളേജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി പരസ്യകമ്പനിയിൽ ജോലിക്ക് ചേർന്നു. ഇതിനിടെ തിരുവനന്തപുരം ടെക്‌നോ പാർക്കിലെ യു.എസ്. കമ്പനിയായ ടൂൺസ് ആനിമേഷനിൽ അവസരം ലഭിച്ചു. വരയ്ക്കാൻ അറിയുന്നവരെ ആനിമേറ്റേഴ്‌സ് ആക്കാനുള്ള പരിശീലനത്തിന് കമ്പനി അപേക്ഷ ക്ഷണിച്ചിരുന്നു. അവിടെനിന്നാണ് ആനിമേഷൻ എന്താണെന്ന് പഠിച്ചത്.

ആനിമേഷൻ എന്നാൽ കുട്ടികൾക്കുള്ളതാണെന്ന ധാരണയാണ് നമ്മുടെ സമൂഹത്തിൽ പൊതുവെയുള്ളത്. വിദേശരാജ്യങ്ങളിലാകട്ടെ ഗൗരവ സ്വഭാവമുള്ള ചിത്രങ്ങളടക്കം നിർമിക്കുന്നുണ്ട്. ടൂൺസിൽ ജോലി ചെയ്യുമ്പോളാണ് ചിത്രങ്ങളിൽ അധികവും കണ്ടത്. നമുക്കും എന്തുകൊണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്തുകൂടാ എന്ന ചിന്ത അപ്പോഴാണ് വരുന്നത്. അങ്ങനെയാണ് 'എ കോക്കനട്ട് ട്രീ'യിലേക്ക് എത്തുന്നത്.

'ടച്ച്ഡ് ആസ് വാട്ടർ' ഒരുക്കുമ്പോൾ ആനിമേഷനുവേണ്ടി മാത്രം ഏകദേശം ഏഴുമാസം വേണ്ടിവന്നു. കഥ, സ്റ്റോറി ബോർഡ്, സ്റ്റോറി ബോർഡിന്റെ വീഡിയോ രൂപമായ ആനിമാറ്റിക്‌സ് എന്നിവയാണ് പ്രധാന ജോലി. ആനിമാറ്റിക്‌സ് പൂർത്തിയായാൽ ഓരോ ഷോട്ടിന്റെ ദൈർഘ്യം എത്രയാണെന്നും ആക്ഷനുകളെ സംബന്ധിച്ചും ഒരു ധാരണ ലഭിക്കും.

ആനിമേഷൻ ചെയ്യാൻ താരതമ്യേന അധ്വാനം കൂടുതലാണ്. നിശ്ചലമായ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നതാണ് ആനിമേഷൻ. ഇത്തരത്തിൽ ഇവയെ ഒരു സെക്കൻഡ് ദൈർഘ്യം ചലിപ്പിക്കാൻ ധാരാളം ചിത്രങ്ങൾ ആവശ്യമാണ്. ഇത്രയും അധ്വാനമുള്ള ജോലി ആയതിനാൽ ജോലിക്കാർക്ക് വലിയ പ്രതിഫലം വേണ്ടിവരും. ഇത്രയധികം ചെലവുള്ളതുകൊണ്ട് മുന്നോട്ടുവരാൻ നിർമാതാക്കളും മടിക്കും. ആനിമേഷൻ ഷോട്ട് ഫിലിമുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിന്റെ ഒരു കാരണം ഇതാകാം.

കൂടാതെ, വര എന്ന കലയോട് പുറംരാജ്യങ്ങളിലുള്ളതുപോലെ താത്പര്യം നമ്മുടെ സമൂഹത്തിലില്ല. സാഹിത്യത്തോടുള്ള താത്പര്യം വരയോട് ഇല്ലെന്നാണ് കരുതുന്നത്. എഴുത്തിനെ ആളുകൾ ഒരുപാട് സ്‌നേഹിക്കുന്നു. ഇതൊരിക്കലും തെറ്റല്ല. ഓരോ സമൂഹത്തിന്റെയും സ്വഭാവമാണിത്. മികച്ച ഒരു ടീമും നിർമാതാവും ഉണ്ടെങ്കിൽ വലിയൊരു ആനിമേഷൻ സിനിമ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്'.

പ്രധാന കലാസൃഷ്ടികൾ, കുടുംബം

കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ് ജോഷി ബെനഡിക്ട്. നിലവിൽ ഫ്രീലാൻസായി ആനിമേഷൻ വർക്കുകൾ ചെയ്യുന്നു. 'പന്നിമലത്ത്' എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ മലയാളം ഗ്രാഫിക് നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പുസ്തകം പിന്നീട് 'ദി പിഗ് ഫ്‌ലിപ്പ്' എന്ന പേരിൽ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. 'കൊപ്ര ചേവ്വ്' എന്ന ഗ്രാഫിക് നോവലിന്റെയും സ്രഷ്ടാവാണ്. അധ്യാപികയായ ആൻസി തോമസാണ് ഭാര്യ. മകൻ ബെന്നറ്റ് വിദ്യാർഥിയാണ്.