ജോസ് പ്രകാശിന്റെ നൂറാം ജന്മവാർഷികം ഏപ്രിൽ 14ന്.
ജോസ് പ്രകാശിന്റെ സഹോദരനും നിർമാതാവും നടനുമായ പ്രേംപ്രകാശിന്റെ മകനും തിരക്കഥാകൃത്തുമായ സഞ്ജയ് എഴുതുന്നു...


നാല് മണിയ്ക്കാണ് ബേബിച്ചായന്റെ ഷൂട്ടിങ്. രോഗക്കിടക്കയിലാണ്. അഭിനയിപ്പിക്കാമെന്ന് ഞങ്ങൾ സമ്മതിപ്പിച്ചെടുത്തു. തിരക്കഥയും നേരത്തേ കൊടുത്തു. പക്ഷ ചില പ്രശ്നങ്ങൾ കാരണം പകലത്തെ ഷൂട്ടിങ് നീണ്ടു. നാലര മുതൽ ഞങ്ങളെ വിളിച്ച് തുടങ്ങി. ‘എപ്പോഴാണിനി’.. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. സമയം പറഞ്ഞാൽ പാലിക്കാനും പഠിക്കണം!. വർഷങ്ങൾക്കുശേഷം അഭിനയിക്കാൻ പോകുന്നതിന്റെ ആഹ്ളാദം കലർന്ന അങ്കലാപ്പായിരുന്നു. ഈർഷ്യയായി പുറത്തുവന്നത് എന്ന് ആ നേരത്ത് ഞങ്ങൾക്ക് മനസ്സിലായില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ അച്ഛനും (പ്രേം പ്രകാശ്) വിളിച്ചു; ‘‘നിങ്ങൾ രണ്ടു പേരും എത്രയും പെട്ടെന്ന് വന്ന് സമാധാനിപ്പിച്ചു നിർത്തണം.’’ ചെല്ലാൻ പറ്റുന്ന സാഹചര്യത്തിലല്ല ഞങ്ങൾ. വെളിച്ചം മങ്ങും മുൻപ് എടുത്തു തീർക്കേണ്ട സീനാണ്. ലൊക്കേഷൻ പെർമിഷൻ ഇന്ന് കൂടിയേ ഉള്ളൂ. നിർമാതാവാണെങ്കിൽ പുതുമുഖവും. ഞങ്ങളുടെ ആവശ്യം ഇവിടെയുണ്ട്. അതിനിടയിലാണ്! ആരോട് പറയാൻ? ആർക്ക് മനസ്സിലാകാൻ? കാറിൽ കയറിയതും ഏതോ എഫ്.എം സ്റ്റേഷനിൽ നിന്ന് പാട്ട് മുഴങ്ങി... " ജോൺ ജാഫർ ജനാർദനനൻ’.
വായും പൊളിച്ച് സ്ക്രീനിൽ നോക്കിയിരിക്കുന്ന എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് പിള്ളേർ.
പാട്ട്, നൃത്തം, സ്വതസിദ്ധമായ ശൈലിയിൽ ചുറ്റുമുള്ള എല്ലാത്തിനെയും വിറപ്പിച്ച് ജോസ് പ്രകാശ് എന്ന ഞങ്ങളുടെ ബേബിച്ചായൻ. സിനിക്കമ്പത്തിന്റെ ആദ്യ പടി ഹരമാണ്. അതിലൊന്നായിരുന്നു ആ സിനിമയും. കണക്ക് കൂട്ടിയാൽ അദ്ദേഹത്തിന്റെ ഇരുന്നൂറാമത്തെയോ മറ്റോ കഥാപാത്രം. മൂന്നെണ്ണത്തിനു ശേഷം തിരക്കഥയുടെ തമ്പുരാക്കന്മാരായി എന്ന ധാർഷ്ട്യത്തെ ആ പഴയ തട്ടുപൊളിപ്പൻ പാട്ട് പല കഷ്ണങ്ങളായി അരിഞ്ഞിട്ടു. സിനിമയുടെ പ്രായോഗികവശങ്ങളെക്കുറിച്ച് ബേബിച്ചായന് ക്ളാസെടുക്കാൻ പുറപ്പെട്ട ഞങ്ങൾ കാറിന്റെ ഗിയർ ഡൗൺ ചെയ്തു. എന്നിട്ട് അതിനേക്കാൾ പഴയ മറ്റൊരോർമ്മയിലേക്ക് പോയി.
അടിമച്ചങ്ങല. 1981. ഫസ്റ്റ് ഷോ കാണാൻ ബേബിച്ചായനുമുണ്ട് ഞങ്ങേളാടൊപ്പം. സിനിമ കഴിത്തിറങ്ങിയതും ആരൊക്കെയോ വിളിച്ചു പറയുന്നു ‘ജോസ് പ്രകാശ്... ജോസ് പ്രകാശ്’.. കണ്ടിറങ്ങിവരും കാണാൻ വന്നവരുമൊക്കെ സെക്കൻഡുകൾ കൊണ്ട് ആൾക്കൂട്ടമായി. സിനിമാതാരം അന്ന് അപൂർവവസ്തുവാണ്. നടനും കഥാപാത്രവും തമ്മിൽ വേർതിരിച്ചു തുടങ്ങിയിട്ടേയുള്ളൂ. പ്രേംനസീറിന്റെയും ജയന്റെയും സ്ഥിരം പ്രതിയോഗി… സിംഗപ്പൂരിലും ഗോവയിലും കാടുകളിലുമടക്കം കൊള്ള സംഘമുള്ളയാൾ... എതിർക്കുന്നവരെ ഓൺ ദ സ്പോട്ട് കൊന്ന് കളയുന്ന അപകടകാരി. ചിലർ യാഥാർഥ്യമാണോ എന്നറിയാൻ തൊട്ടു നോക്കുന്നു. ചിലർ സുരക്ഷിതമായ അകലം പാലിക്കുന്നു. ചിലർ അപ്പോൾ കണ്ടിറങ്ങിയ സിനിമയെ പരാമർശിച്ച് ‘ആ രത്നങ്ങൾക്ക് വേണ്ടി ഇത്ര കഷ്ടപ്പെടണമായിരുന്നോ?’ എന്ന് വിളിച്ച് ചോദിക്കുന്നു. ഞങ്ങൾ തീരെ കൊച്ചു കുട്ടികൾ ആൾക്കൂട്ടം എന്ന വാക്കിന്റെ അർഥമെന്താണെന്ന് ഭീതിയോടെ തിരിച്ചറിയുന്നു. ബേബിച്ചായൻ എല്ലാവരെയും അഭിവാദ്യം ചെയ്തും കൈ കൊടുത്തും തോളിൽ തട്ടിയും മുൻപോട്ട്… പക്ഷേ അക്കാലങ്ങളിലൊന്നും ബേബിച്ചായനുമായി ഒരടുപ്പവും ഞങ്ങൾക്കുണ്ടായിരുന്നില്ല. പതിനേഴ് വയസ്സ് ഇളപ്പമുള്ള അനിയന്റെ മക്കളുടെ പേരുകൾ പോലും അദ്ദേഹത്തിനോർമ്മയുണ്ടാവുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു.
ഒരളവിൽ, സ്ക്രീനിൽ കാണുന്ന വില്ലനെ ഞങ്ങൾക്കും ഭയമായിരുന്നു. പക്ഷേ അഭിമാനിച്ചിരുന്നു. പോസ്റ്ററുകൾ ചൂണ്ടി സഹപാഠികളോട് വീമ്പ് പറഞ്ഞിരുന്നു-‘ഇത് ഞങ്ങളുടെ അപ്പാപ്പൻ’. ആദ്യ സീരിയലായ അവസ്ഥാന്തരങ്ങളും എന്റെ വീട് അപ്പൂന്റേയും അടങ്ങുന്ന സിനിമാ പ്രവർത്തനം ഒന്നും അകലം കുറച്ചില്ല. അദ്ദേഹം ഡബ്ബ് ചെയ്യുമ്പോൾ, അങ്ങനെയല്ല, ഇങ്ങനെ പറയൂ എന്നൊക്കെ കൺസോളിലിരുന്നു നിർദ്ദേശം കൊടുക്കുമ്പോഴൊക്കെ പകപ്പും തോന്നിയിരുന്നു. ട്രാഫിക്കിലാണ് അത് മാറുന്നത്. പൂർണമായും വിശ്രമജീവിതത്തിലേയ്ക്കും വീൽചെയറിലേക്കും ഒതുങ്ങിയ കാലം. ഡോക്ടർ സൈമൺ ഡിസൂസയെ നിരസിയ്കും എന്ന് തന്നെയാണ് കരുതിയത്. ഒറ്റ വ്യവസ്ഥയേയുള്ളൂ. യാത്ര ചെയ്യാൻ വയ്യ. വീട്ടിൽ െവച്ച് ഷൂട്ട് ചെയ്യണം. പിന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കൂടിക്കാഴ്ച്ച. വീണ്ടും വീണ്ടും സീൻ വായിച്ചു കേൾക്കും. ഡയലോഗ് മനസ്സിൽ ഉരുവിടും. അത് കഴിഞ്ഞ് ഞങ്ങളുടെ ഊഴമാണ്. ബാല്യകൗമാരങ്ങളിലെ ഒരായിരം കൊച്ചുകുട്ടി ചോദ്യങ്ങളായി പുറത്ത് വരും. "ജയൻ എന്ന് പേരിട്ടത് ബേബിച്ചായനല്ലേ? പ്രേംനസീർ പാവമായിരുന്നോ?,
ഇരുമ്പഴികളിൽ ശരിയ്ക്ക് ട്രെയിനിനു മുകളിലൂടെ ഓടിയോ, ഏത് സംവിധായകനോടായിരുന്നു കൂടുതലിഷ്ടം? അക്കൂട്ടത്തിലൊന്ന് ഉള്ളിൽ തറച്ചു നിൽക്കുന്നു.
"സിനിമാ സെറ്റുകൾ സ്വപ്നം കാണാറുണ്ടോ?" മാസത്തിൽ നാലഞ്ച് തവണയെങ്കിലും..."
‘ട്രാഫിക്കി’ന്റെ ഷൂട്ടിങിന് ഒരാഴ്ച മുന്പ് ബേബിച്ചായന് ഹാർട്ട് അറ്റാക്ക് ഉണ്ടായി. ഫോണിൽ ഡോക്ടർ പറഞ്ഞു, മറ്റൊരാെള നോക്കിക്കോളൂ . വേറെ വഴിയില്ലായിരുന്നു. മധു സാറല്ലാതെ മറ്റൊരു പകരക്കാരനില്ല. വിളിച്ചു. ഇതങ്ങേര് തന്നെ ചെയ്യട്ടെ... തിരിച്ചു വരും. ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടൊന്നും വഴങ്ങിയില്ല. അങ്ങേര് തിരിച്ചുവരും. അഭിനയിക്കുകയും ചെയ്യും.’ അവസരങ്ങളിലൂടെയും ചില നേരത്ത് തട്ടിപ്പറിയ്ക്കലിലൂടെ വരെയും അവസരങ്ങൾ സ്വന്തമാക്കപ്പെടുന്ന ഒരു രംഗത്ത്, പ്രിയ ചങ്ങാതിയ്ക്ക് വേണ്ടി നില കൊണ്ട കൊച്ചുമുതലാളിയുടെ പ്രവചനം ഫലിച്ചു. ആശുപത്രിയിൽ അഡ്മിറ്റായി രണ്ടാഴ്ചയ്ക്ക് ശേഷം ബേബിച്ചായൻ ഷൂട്ടിങ്ങിന് റെഡി.
ഞങ്ങൾ ലൊക്കേഷനിലെത്തുമ്പോൾ ആദ്യം നേരിയ അനിഷ്ടം. െെലെറ്റ് അപ്പ് ചെയ്തു തുടങ്ങിയതും എല്ലാം മാറി തികഞ്ഞ പ്രൊഫഷനലായി. സംവിധായകൻ രാജേഷ് പിള്ള ഒരു കൗതുകം ഒപ്പിച്ചു. ‘‘നിങ്ങൾ തന്നെ പറഞ്ഞു കൊടുത്ത് അഭിനയിപ്പിച്ചോളൂ. കട്ട് പോയിന്റ്സും തീരുമാനിച്ചോളൂ’’.
ഒരു പക്ഷി പറക്കുന്ന ഷോട്ട് പോലും താനില്ലാതെ ചെയ്യാൻ പറ്റില്ലെന്ന് നിർബന്ധം പിടിക്കുന്ന സംവിധായകനാണ് പറയുന്നത്. രാജേഷ് ഞങ്ങൾക്ക് അവസരം തരികയായിരുന്നു. ബേബിച്ചായന്റെ കരിയറിലെ അവസാനരംഗം സംവിധാനം ചെയ്യാൻ. ഡബ്ബിങ്ങിനു വരാൻ ബേബിച്ചായനു സാധിക്കില്ലായിരുന്നു. പകരം ആ ശബ്ദം ഏറ്റവും നന്നായി അനുകരിക്കുന്ന മിമിക്രി കലാകാരന്റെ സഹായം തേടി. രണ്ട് ഡയലോഗ് കഴിഞ്ഞപ്പോൾ രാജേഷ് പറഞ്ഞു
‘‘മിമിക്രി മിമിക്രിയും ഒറിജിനൽ ഒറിജിനലുമാണ്. അത് ഒരാൾക്കും അനുകരിക്കാനാവില്ല. ആസാഹസം വേണ്ടെന്ന് വച്ച്, സീനിയർ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ രവിയെക്കൊണ്ട് ഞങ്ങൾ രംഗം പൂർത്തിയാക്കി.
"ട്രാഫിക്കി'ന്റെ നൂറാം ദിവസം ആഘോഷിക്കാൻ കമൽഹാസൻ വന്നു. പഴയ സഹപ്രവർത്തകനെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടിലേയ്ക്ക് പോകും വഴി അദ്ദേഹം ഒരു പഴയ കഥ പങ്കുവെച്ചു. ഞാനാദ്യം അദ്ദേഹത്തെ 'സർ' എന്നാണ് വിളിച്ചിരുന്നത്. അടുത്തപ്പോൾ തന്നെ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞു. പിന്നെന്ത് വിളിക്കും. എന്റെ കൂട്ടുകാർ വിളിക്കുന്നത് പോലെ. പിറ്റേന്നാണ് തമാശ. ലൊക്കേഷനിലെത്തി നീട്ടി വിളിച്ചു. ടാ ബേബീ. ബേബിച്ചായൻ ആദ്യം നടുങ്ങി. പിന്നെ ചിരിയോടെ കൈയ്യോങ്ങി പിന്നാലെ..
ആ നടത്തത്തിന്റെ തിരക്കില്ലായ്മയിൽ കൊതിപ്പിക്കുന്ന ഒരു ശാന്തതയുണ്ടായിരുന്നു. അന്ന് കോട്ടയം അഭിലാഷ് തീയേറ്ററിന് മുഖത്തുണ്ടായിരുന്നതിനേക്കാൾ ഒരുപാട് കൂടുതൽ ശാന്തത. സിനിമയുടെ ബൈ േപ്രാഡക്ടുകളിൽ വിശ്വസിക്കാതെ, അരനാഴിക നീളുന്ന വെള്ളി വെളിച്ചങ്ങളിൽ വിശ്വസിക്കാതെ, കഥാപാത്രങ്ങളെ മാത്രം വിശ്വസിച്ചു നടന്ന് നീങ്ങിയവന്റെ നെഞ്ച് വിരിച്ചുള്ള ശാന്തത... അതിന്റെ ചേരല്ലേ അനശ്വരത?

To advertise here,