ഐ.എൻ.എസ്. വിക്രാന്ത് വാർത്തകളിൽ നിറയുമ്പോൾ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പലും വാർത്തയിലെത്തി. അതിലുപരി ബ്രിട്ടനിൽനിന്ന് അത് കൊണ്ടുവരാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായർ ഉണ്ടായിരുന്നെന്ന വാർത്ത ജയൻ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

To advertise here,

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ്.മാധവന്റെ ട്വീറ്റാണ് ആരാധകർ ആഘോഷമാക്കുന്നത്.

‘‘ഐ.എൻ.എസ്. വിക്രാന്തിന്റെ ഉദ്ഘാടനദിവസം ഒരു മലയാളപത്രത്തിൽ വന്ന വാർത്തയിൽനിന്നെടുത്ത വിവരം ട്വീറ്റ് ചെയ്തതാണ് ഞാൻ. 1961-ൽ ബ്രിട്ടനിൽ പോയി എച്ച്.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എൻ.എം.ഇബ്രാഹിമിന്റെ ഓർമക്കുറിപ്പായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി നിർമിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണീ വിക്രാന്ത്. കൊണ്ടുവരാൻ പോയ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധ സിനിമാതാരം ജയൻ ആയെന്നുമെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയായ ഇബ്രാഹിമും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. ഉല്ലാസയാത്രയിൽ അദ്ദേഹം ഉപനായകനായും ജയൻ വില്ലനായും അഭിനയിച്ചതും ഓർക്കുന്നുണ്ട്. ഇത് വായിച്ചതിൽനിന്നുള്ള കൗതുകംകൊണ്ട് ട്വീറ്റ് ചെയ്തതാണ് ഞാൻ’’-ഈ വിശേഷം എങ്ങനെ അറിഞ്ഞെന്നു ചോദിപ്പോൾ എൻ.എസ്.മാധവൻ പറഞ്ഞു.

placeholder
ജയൻ നേവി കാലത്തെ ഗ്രൂപ്പ് ഫോട്ടോയിൽ. വൃത്തത്തിനുള്ളിൽ കാണുന്നതാണ് ജയൻ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ എന്നാണ് ജയനെ എൻ.എസ്‌. വിശേഷിപ്പിച്ചത്. ഇപ്പോൾ ആരാധകർ ഇത് ഗ്രൂപ്പുകളിലും നവമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നു. ഈ വാർത്ത ജയന്റെ സഹോദരന്റെ മകൻ കണ്ണൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ടെന്ന് ജയനെക്കുറിച്ച് ആനുകാലികങ്ങളിൽ ധാരാളം എഴുതിയിട്ടുള്ള ഭാനുപ്രകാശും പറഞ്ഞു. ജയൻ നേവിയിലുണ്ടായിരുന്നപ്പോഴത്തെ ഗ്രൂപ്പ് ഫോട്ടോയും നേവി കാലത്തെ അദ്ദേഹത്തിന്റെ നാടകവേഷവുമെല്ലാം ഇപ്പോൾ ഗ്രൂപ്പുകളിൽ വ്യാപകമായിട്ടുണ്ട്-ഭാനുപ്രകാശ് പറഞ്ഞു.