റാണി മുഖർജിയുടെ അമ്മ എന്ന നിലക്കല്ല, മുഹമ്മദ് റഫി സാഹിബിനൊപ്പം ഗാനമേളാ വേദി പങ്കിടാൻ ഭാഗ്യമുണ്ടായ ഗായിക എന്ന നിലക്കാണ് കൃഷ്ണ മുഖർജിയെ ഇന്നും പരിചയം.

To advertise here,

നാലരപ്പതിറ്റാണ്ടോളം മുൻപ് കൂടെക്കൂടിയതാണ് കൃഷ്ണ. കാസറ്റിലാക്കി 'കൂട്ടിക്കൊണ്ടു'വന്നത് കൊടുവള്ളിക്കാരൻ സുബൈർ. കൃഷ്ണയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ സുബൈറിനെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

നാഷണൽ പാനസോണിക്കിന്റെ ടു-ഇൻ-വൺ ടേപ്പ് റെക്കോർഡറുമായിട്ടായിരുന്നു വയനാട്ടിലെ വീട്ടിലേക്കുള്ള സുബൈറിന്റെ വരവ്. ടു-ഇൻ-വണ്ണിനോടൊപ്പം സൗജന്യമായി സുബൈർ സമ്മാനിച്ച ലൈവ് എറൗണ്ട് ദി വേൾഡ് (ലണ്ടൻ പ്രോഗ്രാം എന്നാണ് നമ്മുടെ നാട്ടുകാർ അക്കാലത്ത് ആ ആൽബത്തെ വിശേഷിപ്പിച്ചിരുന്നത്) എന്ന കാസറ്റിലൂടെയാണ് മുഹമ്മദ് റഫി മനസ്സിൽ കയറിവന്നതും എന്നന്നേക്കുമായി അവിടെ സ്ഥാനമുറപ്പിച്ചതും. ന്യൂയോർക്ക്, ടൊറന്റോ, സാൻഫ്രാൻസിസ്‌കോ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ റഫി അവതരിപ്പിച്ച ഗാനമേളകളിൽ നിന്ന് തിരഞ്ഞെടുത്ത പാട്ടുകളുടെ ശേഖരമായിരുന്നു പോളിഡോറിന്റെ ഗ്രാമഫോൺ റെക്കോർഡിൽ നിന്ന് പകർത്തിയ ആ സൂപ്പർ ഹിറ്റ് കാസറ്റ്.

'ഇത് ഇങ്ങക്ക് ഇരിക്കട്ടെ.''-കാസറ്റ് കയ്യിൽ വെച്ചു തരുമ്പോൾ സുബൈർ പറഞ്ഞു. 'ഈറ്റാല് പത്തെണ്ണം കൊണ്ടന്നീരുന്ന്. ഇതേപ്പ ബാക്കിള്ളൂ. ഭയങ്കര ഡിമാൻഡാണ്...'' ഒപ്പം റഫിയെ അനുകരിച്ച് ബഡി ദൂർ സേ ആയേ ഹേ പ്യാർ കാ തോഫ ലായേ ഹേ എന്ന പാട്ടും മൂളി അയാൾ; സ്റ്റേജ് പരിപാടിയിൽ റഫി പാടുന്ന അതേ ശൈലിയിൽ. ആദ്യം കേൾക്കുകയായിരുന്നു ആ പാട്ട്. ദൂരദേശത്തു നിന്ന് സ്‌നേഹസമ്മാനവുമായി വന്ന സുബൈറിലും റഫിയുടെ ഒരംശമില്ലേ എന്നു തോന്നി അപ്പോൾ.

പരിപാടിയിൽ റഫിയുടെ സഹഗായികയായിരുന്നു കൃഷ്ണ മുഖർജി. ആജാ ആജാ മേ ഹൂ പ്യാർ തേരാ (തീസ്രി മൻസിൽ), സൗ സാൽ പെഹലേ (ജബ് പ്യാർ കിസി സെ ഹോതാ ഹേ) തുടങ്ങി പല പാട്ടുകളിലും റഫിയെ അനുഗമിക്കുന്നത് കൃഷ്ണയാണ്. പല്ലവിക്കും ആദ്യ ചരണത്തിനും ശേഷം പാട്ടിൽ ഒഴുകിച്ചേരുന്ന കൃഷ്ണ 'ആഹ് ആഹ് ആജാ ആഹ് ആഹ് ആജാ' എന്ന് ശ്വാസം വിടാതെ പാടിത്തകർക്കുമ്പോൾ റഫി സാഹിബ് 'ബസ് ബസ് ബസ്, ഇത്നാ ജാസ്തി ദേർ തക്... 'എന്ന് പറഞ്ഞു ഇടപെടുന്നത് മനോഹരമായ ഓർമ്മ. അതുപോലെ സൗ സാൽ പെഹ്ലെയിൽ കൃഷ്ണ പാടുന്നതിനിടെ ഓ സ്വീറ്റ് എന്ന് പറഞ്ഞു സദസ്സിനെ റഫി ഇളക്കിമറിക്കുന്നതും.

എത്ര തവണ കേട്ടിരിക്കും ആ കാസറ്റ് എന്നോർമ്മയില്ല. കണക്കില്ലാത്തയത്ര എന്നതാണ് സത്യം, എന്റെ മാത്രമല്ല, കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സംഗീതാസ്വാദകരുടെയൊക്കെ മനസ്സിൽ റഫി ഒരു മിത്തായി, ഐതിഹ്യമായി കയറിവന്നത് 1978 ൽ പുറത്തിറങ്ങിയ ആ ഗാനമേളാ റെക്കോർഡിൽ നിന്നാവണം. അതുവരെ മലയാളം ഗാനങ്ങളിൽ മാത്രം അഭിരമിച്ചിരുന്ന സാധാരണക്കാരായ സംഗീതപ്രേമികൾ പോലും അതോടെ റഫി ഭക്തരാകുന്നു. നാട്ടിലെമ്പാടും റഫിയുടെ ഓർമ്മനാളിലും ജന്മനാളിലും അനുസ്മരണ ഗാനാഞ്ജലികൾ സംഘടിപ്പിക്കപ്പെട്ടു തുടങ്ങുന്നു. മുംബൈയിലുള്ളതിനേക്കാൾ റഫി ഗാനമേളകൾ വർഷാവർഷം അരങ്ങേറുന്നത് കോഴിക്കോട്ടും കൊച്ചിയിലുമാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയേണ്ട. സത്യം അതാണ്. ആഗോളതലത്തിൽ തന്നെ റഫി ഗാനങ്ങളുടെ ഏറ്റവും വിപുലമായ ശേഖരത്തിന്റെ ഉടമകൾ പലരും മലയാളികളാണ്. കോഴിക്കോട്ടെ റേഡിയോ കോയയും അകാലത്തിൽ വിടവാങ്ങിയ മാഹിക്കാരൻ ഫൈസലും ഉൾപ്പെടെ ഉദാഹരണങ്ങൾ നിരവധി. റഫി ഗാനസമാഹാര ആൽബങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്നത് കേരളത്തിലാണെന്ന് വർഷങ്ങൾക്ക് മുൻപ് എച്ച്എംവി സരിഗമയുടെ ഒരു ഉന്നത എക്‌സിക്യൂട്ടീവ് സാക്ഷ്യപ്പെടുത്തിയതോർക്കുന്നു. കാസറ്റ്, സിഡി യുഗം പിന്നിട്ട് പാട്ടുകൾ വിരൽത്തുമ്പിലെത്തിനില്ക്കുമ്പോഴും മലയാളികളുടെ റഫി ഭ്രമത്തിന് തെല്ലുമില്ല കുറവ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് നീളുന്നു അത്.

ഉഷ തിമോത്തിയാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള വേദികളിൽ റഫിയെ ഏറ്റവും കൂടുതൽ അനുഗമിച്ചിരിക്കുക. വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് യൂറോപ്യൻ പര്യടനത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നപ്പോൾ പകരം റഫിക്കൊപ്പം ചേരുകയായിരുന്നു കൃഷ്ണ മുഖർജി എന്ന് സൂചിപ്പിക്കുന്നു ഫേസ്ബുക്കിലെ അനുസ്മരണക്കുറിപ്പിൽ ഉഷ തിമോത്തി. എന്തായാലും കൃഷ്ണക്ക് അത് ഭാഗ്യമായി. തീസ്രി ആംഖ് (1982), ഹൈവാൻ (1976) തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ പിന്നണിഗായികയായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും റഫിയോടൊപ്പമുള്ള ഗാനമേളകളിലൂടെയാണ് കൃഷ്ണയിലെ ഗായിക കൂടുതൽ പ്രശസ്ത; പിന്നീട് റാണി മുഖർജിയുടെ അമ്മ എന്ന നിലയ്ക്കും. അഭിനയജീവിതത്തിലെ ഉയർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ പ്രേരണയും പ്രചോദനവും അമ്മയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് റാണി.

റഫി സാഹിബിനോടുള്ള ആരാധന അഭിമുഖങ്ങളിൽ മറച്ചുവെച്ചില്ല കൃഷ്ണ. സുജാത ദേവ് എഴുതിയ 'മുഹമ്മദ് റഫി-വോയിസ് ഓഫ് എ നേഷൻ' എന്ന പുസ്തകത്തിൽ ഗന്ധർവഗായകനുമൊത്തുള്ള ഗാനമേളാ നിമിഷങ്ങൾ ഹൃദ്യമായി പങ്കുവെച്ചിട്ടുണ്ട് അവർ. 'പരിപാടിയുടെ തുടക്കത്തിലെ ആദ്യത്തെ നാലഞ്ച് ഗാനങ്ങൾ എന്റെ സോളോകളായിരിക്കും. അത് കഴിഞ്ഞാണ് അദ്ദേഹം കടന്നുവരിക. ആ കാഴ്ച്ച ഒന്നു മതി ഏത് സദസ്സിനെയും ഇളക്കിമറിക്കാൻ. ലണ്ടനിലായാലും വെസ്റ്റിൻഡീസിലായാലും ദക്ഷിണാഫ്രിക്കയിലായാലും ജനങ്ങളുടെ പ്രതികരണം ഒരുപോലെ.'

റഫിയുടെ കൗതുകകരമായ ചില ശീലങ്ങളും കൃഷ്ണ വിവരിക്കുന്നു. 'സ്റ്റേജിലേക്ക് പോകും മുൻപ് ചീർപ്പെടുത്ത് അദ്ദേഹം മനോഹരമായ തന്റെ കഷണ്ടിത്തല ചീകും. പുഞ്ചിരി തൂക്കിക്കൊണ്ടാവും ആ ചീകൽ. പിന്നെ ഒരു ഗ്‌ളാസ് പാൽ കുടിക്കും. അനുഷ്ഠാനം പോലെ അദ്ദേഹം പിന്തുടർന്ന കാര്യങ്ങളാണ് ഇവയെല്ലാം.' കൃഷ്ണയുടെ മാതാവിന്റെ ആഗ്രഹപ്രകാരം ബംഗാളിലെ അവരുടെ ഗ്രാമത്തിൽ റഫി സാഹിബ് വന്ന് പാടിയത് മറ്റൊരു മറക്കാനാവാത്ത അനുഭവം. 'പരിപാടി കഴിഞ്ഞു അമ്മ പ്രതിഫലം കൊടുക്കാൻ തുനിഞ്ഞപ്പോൾ നിരസിച്ചുകൊണ്ട് റഫി സാഹിബ് പറഞ്ഞു: ദീദി, എന്റെ സ്റ്റേജ് പരിപാടികളുടെ വിജയത്തിൽ നിങ്ങളുടെ മകൾക്ക് നല്ലൊരു പങ്കുണ്ട്. അതിനുള്ള ഒരു ചെറിയ സ്‌നേഹസമ്മാനമായി കരുതിയാൽ മതി എന്റെ ഈ പരിപാടി....' ഗൾഫ് രാജ്യങ്ങളിൽ പലപ്പോഴും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് പരിപാടികൾ നടന്നിരുന്നത്. സ്ത്രീകളുടെ പരിപാടിക്കിടെ ഒരിക്കൽ റഫി സാഹിബ് 'ബദൻ പേ സിതാരേ' എന്ന ഗാനം പാടിയപ്പോൾ സദസ്സ് ഒന്നടങ്കം എണീറ്റ് നൃത്തം ചെയ്തത് മറ്റൊരു രസികൻ ഓർമ്മ.

എഴുപത്തഞ്ചാം വയസ്സിൽ മുംബൈയിലായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണ മുഖർജിയുടെ നിര്യാണം. പ്രശസ്ത നിർമ്മാതാവും സംവിധായകനും ഫിലിമാലയ സ്റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളുമായ രാം മുഖർജിയാണ് കൃഷ്ണയുടെ ഭർത്താവ്. ഹം ഹിന്ദുസ്ഥാനി, ലീഡർ തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത രാം മുഖർജി 2017 ൽ അന്തരിച്ചു. മറ്റൊരു കേരളബന്ധം കൂടിയുണ്ട് കൃഷ്ണ മുഖർജിക്ക്. 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായിരുന്നു സഹോദരിമാരിലൊരാളായ ദേബശ്രീ റോയ്.