തിരുവനന്തപുരം: ഈ വർഷത്തെ നേവി ദിനാചരണം നടത്തുന്നതിനായി ശംഖുംമുഖം തീരം തിരക്കിട്ടു മോടികൂട്ടുന്നു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികൾ ഡിസംബർ നാലിനു നടക്കുന്ന പരിപാടിെക്കത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

To advertise here,

വിമാനത്താവളത്തിലേക്കുള്ള പൊതുമരാമത്ത് റോഡ് മുതൽ സുനാമി പാർക്കും കഴിഞ്ഞുള്ള റോഡ് വരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും. കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്.

സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്. അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക. 

നിർമാണം നവംബറിൽ പൂർത്തിയാകുമെന്ന് ആന്റണി രാജു എംഎൽഎ അറിയിച്ചു. ഇതുകൂടാതെ ശക്തമായ തിരയടിയുള്ള ഹോട്‌സ്പോട്ടായി കണക്കാക്കുന്ന ശംഖുംമുഖത്തിന്റെ സമഗ്രസംരക്ഷണത്തിനായി ജലസേചന വകുപ്പിന്റെ മിഷൻ ഡയക്ടറേറ്റ് പദ്ധതി തയ്യാറാക്കുന്നുണ്ട്. എഡിബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സേനയുടെ കൂറ്റൻ കപ്പലുകളെത്തും

നേവി ദിനത്തിന്റെ ഭാഗമായി ശംഖുംമുഖം കടലിൽ യുദ്ധക്കപ്പലുകളുടെ ദൗത്യ പ്രദർശനം നടക്കും. വളരെ ആഴക്കൂടുതലുള്ള കടലാണ് ശംഖുംമുഖം. അതിനാൽ കൂറ്റൻ പടക്കപ്പലുകൾക്കും തീരത്തോടടുത്തു നങ്കൂരമിടാനാകും. പ്രദർശനത്തിനു മുൻപുള്ള റിഹേഴ്‌സലിനാണ് സേനയുടെ വിവിധ തരത്തിലുള്ള 40-ലധികം കപ്പലുകൾ എത്തുകയെന്ന് വിവരം.

ഐഎൻഎസ് വിക്രാന്തുൾപ്പെട്ട പടക്കപ്പലുകളാകും ശംഖുംമുഖം കടലിലെത്തുക. ഇതിനു മുന്നോടിയായി സർവ്വേയും സുരക്ഷയും അടക്കമുള്ള കാര്യങ്ങൾക്കായി സേനയുടെ വിവിധ കപ്പലുകൾ വിഴിഞ്ഞത്തും അടുക്കും. ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ ശംഖുംമുഖം കടലിൽ അന്തർവാഹിനികൾ മുതൽ വിമാനവാഹിനി കപ്പലുകൾ വരെ അടുക്കും.