ഓരോ വരിയിലും മുഴങ്ങും ഇരട്ടിപഞ്ച്; ഇജ്ജ് പൊളിയാണ് ഫെജോ


സ്വീറ്റി കാവ്‌

'നിന്റെ ചീട്ട് കീറും സംഖ്യ രണ്ട് രണ്ട് ഇരട്ട അഞ്ച് ഓരോ ഇടിയിലും മുഴങ്ങും എന്‍ പ്രഭാവം ഇരട്ടി പഞ്ച്...' വരികളില്‍ നിറഞ്ഞത് കഥാനായകന്റെ ഇരട്ടി ആര്‍ജ്ജവം.

Image designed by Aromal P. K

രു മാസ്സ് മൂവി, നായകന്റെ ഇന്‍ട്രോ സോങ് ഉറപ്പായും ഹൈ വോള്‍ട്ടേജിലാവണം. ആറാട്ട് എന്ന സിനിമയിറങ്ങുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിന് ബോണസായി ലഭിച്ച ഹെവി തീം സോങ്ങാണ് തലയുടെ വിളയാട്ട്. ആരാധകര്‍ക്ക് മാത്രമല്ല റാപ് സംഗീതവും ഫാസ്റ്റ് നമ്പേഴ്‌സും ഇഷ്ടപ്പെടുന്നവരെല്ലാം ആറാട്ടിന്റെ തീം സോങ് കേട്ട് അതിഗംഭീരമെന്ന് വിലയിരുത്തി. രാഹുല്‍രാജിന്റെ മാസ്സ് മ്യൂസിക്കും എം.ജി. ശ്രീകുമാറിന്റെ ആലാപനവും ബി.കെ. ഹരിനാരായണന്റെ വരികളും മികച്ചതായിരുന്നെങ്കിലും തലയുടെ വിളയാട്ടിന്റെ ഹൈ വോള്‍ട്ടേജ് പോര്‍ഷന്‍ ഫെജോയെന്ന മല്ലു റാപ്പറുടെ റാപ്പാണ്. മോഹന്‍ലാല്‍ എന്ന നടനെ വര്‍ണ്ണിക്കുന്നതും നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോയും ഉള്‍പ്പെട്ട ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയത്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് ശേഷവും ആറാട്ടിന്റെ തീം സോങ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍ തന്നെ.

മലയാളം റാപ്പിനെ അകറ്റി നിര്‍ത്തിയിരുന്ന സംഗീതപ്രേമികള്‍ക്കും മലയാളസിനിമാസംഗീതത്തിനും അതിനോട് താത്പര്യവും ഇഷ്ടവും ഉണ്ടാക്കിയതില്‍ ഫെജോ എന്ന റാപ്പറുടെ സ്വാധീനം വലുതാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതത്തോടുള്ള പ്രണയവും സിനിമയോടുള്ള അഭിനിവേശവും ഫെജോയെ എന്‍ജിനീയറിങ് പഠനത്തിന് ശേഷം മുഴുനീള കലാകാരനാക്കി. സിനിമ സ്വപ്‌നം കാണുന്ന അസംഖ്യം ചെറുപ്പക്കാരെപ്പോലെ ഫെജോയും അവസരം തേടി നടന്നു. ഒടുവില്‍ സിനിമ ഫെജോയെ തേടിയെത്തിയെന്ന് വേണമെങ്കില്‍ പറയാം.

'കിരീടം എന്തിന് രാജാ?
തലയെടുപ്പ് ഒത്ത മജാ
ചെങ്കോല്‍ എന്തിന് രാജാ?
ചുറ്റും ഉണ്ട് കോടി പ്രജ...' നെയ്യാറ്റിന്‍കര ഗോപനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍, തങ്ങളുടെ പ്രിയതാരത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ തീയറ്ററില്‍ മുഴങ്ങിയ കയ്യടികളില്‍ ഒരു പങ്കിന്റെ അവകാശം ഫെജോയുടെ വരികള്‍ക്കും ആലാപനത്തിനുമായിരുന്നു.

'നിന്റെ ചീട്ട് കീറും സംഖ്യ
രണ്ട് രണ്ട് ഇരട്ട അഞ്ച്
ഓരോ ഇടിയിലും മുഴങ്ങും
എന്‍ പ്രഭാവം ഇരട്ടി പഞ്ച്...' വരികളില്‍ നിറഞ്ഞത് കഥാനായകന്റെ ഇരട്ടി ആര്‍ജ്ജവം. ഫെജോയുടെ പ്രതിഭ തിളങ്ങിയ വരികളായിരുന്നു തലയുടെ വിളയാട്ടിന്റേത്. ആറാട്ടിന് മുമ്പ് അപരാധ പങ്ക (ചിത്രം: മറഡോണ), ആയുധമെടുടാ (ചിത്രം: രണം), ഈ താഴ് വര പാടും (ചിത്രം: അതിരന്‍), കാലത്തെ വെല്ലും തീയടാ (ചിത്രം: ജീം ഭൂം ഭാ) തുടങ്ങി പത്തിലധികം സിനിമകളില്‍ ഫെജോയുടെ റാപ് സംഗീതസംവിധായകര്‍ ഉപയോഗപ്പെടുത്തിയിരുന്നു. വേറെ ലെവല്‍, കൂട്ടിലിട്ട തത്ത, അവസരം തരൂ, വേദന തിന്നതു മതി ഫെജോയുടെ ഹിറ്റ് റാപ് ഗാനങ്ങളില്‍ ചിലത്. സിനിമയെ സ്വപ്‌നം കണ്ടതും സംഗീതത്തെ സ്‌നേഹിച്ചതും സിനിമയിലേക്ക് എത്തിപ്പെട്ടതിന്റെ സന്തോഷവും ഫെബിന്‍ ജോസഫ് എന്ന ഫെജാ പങ്കുവെക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മലയാളസിനിമകളില്‍ ഏറ്റവും ഹെവിയായ തീം സോങ്ങാണ് ആറാട്ടിലേത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന നായകന് വേണ്ടി ഒരു മാസ്സ് ഇന്‍ട്രോ തയ്യാറാക്കാനുള്ള അവസരം തേടിയെത്തിയപ്പോള്‍ ഫെജോ അതിനെ ഏതുവിധത്തിലാണ് സമീപിച്ചത്?

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ സിനിമ സ്വപ്നം കാണുന്ന ഏതൊരു വ്യക്തിയുടേയും എക്സ്ട്രീം ആഗ്രഹമായിരിക്കും ലാലേട്ടന്റേയും മമ്മൂക്കയുടേയും സിനിമകളില്‍ പ്രവര്‍ത്തിക്കുക എന്നത്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ ഞാനും അതാഗ്രഹിച്ചിരുന്നു. ഒരു തീം സോങ് പോലെയാണ് റാപ്പിലെ വരികള്‍ വേണ്ടതെന്ന് ആറാട്ടിലേക്ക് വിളിക്കുമ്പോള്‍ രാഹുലേട്ടന്‍ (സംഗീതസംവിധായകന്‍ രാഹുല്‍രാജ്) പറഞ്ഞിരുന്നു. ലാലേട്ടന്റെ ഇന്‍ട്രോ സീനിലും മാസ്സ് സീനുകളിലെ ബിജിഎമ്മായും ഉപയോഗിക്കാനുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരേസമയം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ക്യാരക്ടറിനെ ബെയ്സ് ചെയ്യുന്നതും ലാലേട്ടനെ വര്‍ണിക്കുന്നതും കൂടിയാവണം ലിറിക്സെന്ന് രാഹുലേട്ടന്‍ നിര്‍ദേശിച്ചു. മാസ്സും ഫണ്ണും കൂടിച്ചേര്‍ന്ന ഒരു ക്യാരക്ടറായതിനാല്‍ വരികള്‍ അത്തരത്തിലായാല്‍ കൂടുതല്‍ നന്നാവുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ സാറും പറഞ്ഞു.

വിളിക്കുമ്പോള്‍ രാഹുലേട്ടന്‍ പറഞ്ഞ മറ്റൊരു കാര്യം മലയാളം റാപ് പറ്റുമോന്ന് നിന്നെ വെച്ച് പരീക്ഷിക്കുന്നതാണ്, അതു കൊണ്ട് ഗ്യാരന്റിയില്ല. നല്ല രീതിയില്‍ വര്‍ക്ക് ചെയ്താല്‍ അത് ഉള്‍പ്പെടുത്താന്‍ പറ്റിയേക്കും എന്ന്. ഈ വരികള്‍ ആറാട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ എനിക്കും മലയാളം റാപ്പിനും വലിയൊരു അംഗീകാരമായിരിക്കുമെന്ന് തോന്നിയിരുന്നു. കാരണം അതിന് മുമ്പ് വലിയ സിനിമകളില്‍ ഉള്‍പ്പെടുത്തിയതും സ്വീകാര്യത നേടിയതും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് റാപ്പുകളാണ്. എന്നെക്കൊണ്ട് കഴിയുന്നതിന്റെ ഏറ്റവും ബെസ്റ്റ് കൊടുക്കണമെന്ന് കരുതിയിരുന്നു. രാഹുലേട്ടന്റേയും ഉണ്ണികൃഷ്ണന്‍ സാറിന്റേയും കട്ട സപ്പോര്‍ട്ടും ഉണ്ടായിരുന്നു. അങ്ങനെ ഒന്നര ദിവസം കൊണ്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന തലയുടെ വിളയാട്ടിന്റെ ബേസിക് ഫ്രെയിംവര്‍ക്ക് ഉണ്ടാക്കിയത്.

ഫെജോ സംഗീതസംവിധായകന്‍ രാഹുല്‍രാജിനൊപ്പം

2009-ല്‍ റാപ് രംഗത്തെത്തിയ ഫെജോ 2018-ല്‍ ആണ് സിനിമയിലേക്കെത്തുന്നത്. സിനിമയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു/ സിനിമ ഒരു സ്വപ്നമായിരുന്നോ?

2009-ന് മുമ്പ് റാപ് ഗാനങ്ങള്‍ കേട്ട് അദ്ഭുതപ്പെട്ട്, നമുക്കെന്തുകൊണ്ട് അതുപോലെ ചെയ്തുകൂടാ എന്നൊക്കെ ആലോചിച്ചിരുന്ന കാലമായിരുന്നു. പിന്നീട് റാപ്പിന്റെ പാരഡിയൊക്കെ എഴുതി, പുതിയ റാപ്പൊക്കെയെഴുതി. വൈകിയാണ് സിനിമയിലേക്കെത്തുന്നത്. മറഡോണയ്ക്ക് വേണ്ടി സുഷിന്‍ ശ്യാമാണ് ആദ്യമായി സിനിമയിലേക്ക് വിളിക്കുന്നത്. എക്സിപിരിമെന്റ്സ് നടത്താനാഗ്രഹിക്കുന്ന സംഗീതസംവിധായകനാണ് സുഷിന്‍. മലയാളം റാപ് ഉള്‍പ്പെടുത്തിയാല്‍ നന്നാവും എന്ന ചിന്തയില്‍ നിന്നാണ് അപരാധപങ്ക ഗാനത്തിന് ലിറിക്സെഴുതാനും റാപ് ചെയ്യാനും അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ ക്ഷണം ഒരു അംഗീകാരമായിരുന്നു, ഒപ്പം സിനിമയില്‍ മലയാളം റാപ്പിന് ഒരു സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും. സിനിമ എപ്പോഴും ഒരു സ്വപ്നമായിരുന്നു. സിനിമയില്‍ പലപല കാര്യങ്ങല്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഹിന്ദിയിലേയോ തമിഴിലേയോ പോലെ കേരളത്തില്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് അത്ര സ്ട്രോങ്ങല്ല. മ്യൂസിക് ലേബല്‍സ് ഇവിടെ കുറവാണ്. സിനിമാസംഗീതത്തിന് തന്നെയാണ് ഇപ്പോഴും പ്രാധാന്യം.

എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് പൂര്‍ണമായും ഒരു സംഗീതപ്രവര്‍ത്തകനായി മാറാനുള്ള തീരുമാനത്തിന് പിന്നില്‍?

സിനിമയും സംഗീതവും ചെറുപ്പം മുതല്‍ക്കേ പാഷനും സ്വപ്നവുമായിരുന്നെങ്കിലും ഒരു ഡിഗ്രി നേടിയ ശേഷം മാത്രം ആ മേഖലകളിലേക്ക് തിരിയാമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. മറ്റുള്ളവരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ പറ്റുന്ന ഒരു കലാകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നു. എന്‍ജിനീയറിങ് പഠനം നല്ല മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ ശേഷമാണ് റാപ് രംഗത്തേക്ക് പൂര്‍ണമായും തിരിഞ്ഞത്. പഠനകാലത്ത് തന്നെ പാട്ടുകളും കവിതകളുമൊക്കെ എഴുതിയിരുന്നു. ഇന്റര്‍നെറ്റ് അത്ര പ്രചാരത്തിലില്ലാത്ത കാലമായിരുന്നെങ്കിലും ഫ്രണ്ട്സ് സര്‍ക്കിളിനകത്തൊക്കെ അക്കാലത്തെ മൊബൈല്‍ ഫോണിലൊക്കെ പാട്ടുകള്‍ റെക്കോഡ് ചെയ്ത് കൂട്ടുകാരെയൊക്കെ കേള്‍പ്പിക്കുമായിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് ഒന്നുകൂടി പോപ്പുലറായതോടെ പാട്ടുകള്‍ കൂടുതലായി ഷെയര്‍ ചെയ്യാനും കുറച്ചുപേരൊക്കെ അറിയാനും തുടങ്ങി.

എഴുത്തിനും സംഗീതത്തിനും ഒരേ പ്രാധാന്യമുള്ള സംഗീതമേഖലയാണ് റാപ് (Rythm And Poetry ). സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും റാപ്പിലേക്ക് കടക്കുമ്പോള്‍ സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. സംഗീതപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു കലാകാരന്‍ എന്നറിയപ്പെടാനാണ് എനിക്ക് താത്പര്യം. ആളുകളുമായി കണക്ടായിരിക്കുക, നല്ലത് പറയിപ്പിക്കുക അതില്‍ സന്തോഷം കണ്ടെത്തുക എന്നാണ് ആഗ്രഹം.

ഫെജോ ഒരു ഗാനം ചിട്ടപ്പെടുത്തുന്നതെങ്ങനെ/സംഗീതവും എഴുത്തും ആലാപനവുമെല്ലാം സ്വയം ചെയ്യുമ്പോള്‍ എന്തെങ്കിലും പരിമിതികള്‍ തോന്നാറുണ്ടോ, അതോ സംതൃപ്തനാണോ?

എഴുതുക അല്ലെങ്കില്‍ ഒരു സംഗതി സൃഷ്ടിക്കുക എന്നത് ഏറെ രസകരമായ സംഗതിയാണ്. എനിക്കത് വളരെ ഇഷ്ടവുമാണ്. നമ്മള്‍ ഈണമിട്ട് എഴുതുമ്പോള്‍ മനസ്സിലുള്ള ഫീല്‍ അങ്ങനെ തന്നെ എക്സ്പ്രസ് ചെയ്യാനും പറ്റും. ആര്‍ട്ട് എന്നത് ഡിവൈന്‍ പ്രോസസ് ആണ്. പാട്ടിന് വരികള്‍ക്കും സംഗീതത്തിനും സമാനമായ പ്രാധാന്യമുണ്ട്. ഒരാള്‍ തന്നെ ഇത് രണ്ടും ചെയ്യുമ്പോള്‍ കിട്ടുന്ന കിക്കുണ്ട്. പൊതുവെ റാപ്പേഴ്സ് അവരുടേതായ പാട്ടുകള്‍ അവര്‍ തന്നെ ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നതാണ് രീതി. അതേ രീതി ഞാനും പിന്തുടരുന്നുവെന്ന് മാത്രം.

മ്യൂസിക് പ്രൊഡക്ഷന് എന്നെ സഹായിക്കുന്നത് സുഹൃത്തുക്കളാണ്. ജെഫിന്‍ ജസ്റ്റിന്‍ എന്ന പള്ളുരുത്തിസ്വദേശിയായ സുഹൃത്താണ് ഏറ്റവുമധികം സഹായിക്കുന്നത്. എന്റെ ഒട്ടുമിക്ക പാട്ടുകളുടേയും പ്രോഗ്രാം ചെയ്തിരിക്കുന്നത് ജെഫിനാണ്. അവനുമായി നല്ല സിങ്കുമുണ്ട്. സാമ്പത്തികപരിമിതിയാണ് അലട്ടുന്ന പ്രശ്നം. നല്ലൊരു സ്റ്റുഡിയോയില്‍ പോയി റെക്കോഡ് ചെയ്യാന്‍ നല്ല തുക വേണം. നല്ല രീതിയില്‍ വീഡിയോ ചെയ്താല്‍ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കൂ. മിനിമം ഒരു ലക്ഷം രൂപയെങ്കിലും വേണം. സഹായിക്കാന്‍ ഒരു പ്രൊഡ്യൂസര്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അത്തരത്തിലൊരു പ്രൊഡ്യൂസറെ ലഭിച്ചാല്‍ കൂടുതല്‍ മികച്ച വീഡിയോകള്‍ ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസവും ആശയങ്ങളും എനിക്കുണ്ട്.

മലയാളസിനിമാരംഗത്തെ പുതുതലമുറ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവല്ലോ. മുന്‍കാലത്തെ അപേക്ഷിച്ച് റാപ് സംഗീതത്തിന് മലയാളസിനിമയില്‍ കൂടുതല്‍ ഇടം ലഭിക്കുന്നുണ്ടെന്ന് ഫെജോയ്ക്ക് അഭിപ്രായമുണ്ടോ/ഫെജോയ്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സ്‌പേസും എത്രത്തോളമാണ്?

സുഷിന്‍ ശ്യാം, ബിജിബാലേട്ടന്‍, ജെയ്ക്സ് ബിജോയ്, യാക്സണ്‍ ഗാരി പെരേര, നേഹ എസ്. നായര്‍, പി.എസ്. ജയഹരി, ശേഖര്‍ മേനോന്‍, സെജോ ജോണ്‍ തുടങ്ങി ഒട്ടുമിക്ക പുതുതലമുറ സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. യൂത്ത് കൂടുതലായി ഇതിനെ ഇഷ്ടപ്പെടുന്നു എന്നത് വലിയ ഒരനുഗ്രഹമാണ്. അതു പോലെ സീനിയേഴ്സായ സംഗീതജ്ഞരും ഇതിനെ ഇഷ്ടപ്പെടുന്നുണ്ട്. ആറാട്ടിലെ ഗാനമാലപിച്ചത് എം.ജി. ശ്രീകുമാറിനോടൊപ്പമാണ്. അദ്ദേഹത്തെ മീറ്റ് ചെയ്ത സമയത്ത് റാപ്പിനെ കുറിച്ച് അദ്ദേഹം വളരെയധികം വാചാലനായി. അദ്ദേഹം പാടിയ പടകാളി, താണ്ഡവത്തിലെ സോങ് ഇതിനെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. അദ്ദേഹം പാടിവെച്ചിരിക്കുന്ന മീറ്ററുകളില്‍ പാടുക എന്നത് വളരെ ശ്രമകരമാണ്. മലയാളത്തിലായതു കൊണ്ടാണ് അദ്ദേഹം പാടിയ ചില ഗാനങ്ങള്‍ റാപ്പായി പരിഗണിക്കാത്തത്. ബ്രെത്ലസ്സായൊക്കെയാണ് അദ്ദേഹം പാടുന്നത്. ആറാട്ടിലെ ഗാനത്തെ കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം കൂടി വാങ്ങിയാണ് പിരിഞ്ഞത്. റാപ് സംഗീതത്തിന് ഇപ്പോള്‍ മലയാളസിനിമയില്‍ വലിയൊരിടം ലഭിക്കുന്നുണ്ട്. സിനിമയില്‍ ലഭിക്കുന്ന ഫ്രീഡവും സ്പേസും വളരെ കൂടുതലാണ്. ആദ്യസിനിമയില്‍ സുഷിന്‍ ചേട്ടന്‍ നല്‍കിയ തുടക്കം ഗംഭീരമായിരുന്നു. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ സംഗീതസംവിധായകരും എനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിന് എല്ലാ ഡയറക്ടര്‍മാരോടും മ്യൂസിക് ഡയറക്ടര്‍മാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഫെജോ ശേഖര്‍ മേനോനോടൊപ്പം

ഫെജോയ്ക്ക് ഹിപ് ഹോപ് മാത്രമാണോ താത്പര്യം/റഫ്താറുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവം?

സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. ഹിപ്നോപിനകത്ത് പല സബ് ജോണറുകളുമുണ്ട്. റഗ്ഗെയോട് വളരെ താത്പര്യമുണ്ട്, അകൗസ്റ്റിക് ഇഷ്ടമാണ്. പുതിയതായി റിലീസ് ചെയ്ത ഹേ നിമ എന്ന ഗാനം യുകുലേലെ ടൈപ്പാണ്. ശ്രോതാക്കളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതാണ് ലക്ഷ്യം. അതിന് വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുന്നു, അത്രമാത്രം.

റാപ്പര്‍മാരില്‍ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് റഫ്താര്‍. വളരെ നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ ക്ലബ് എഫ്എമ്മില്‍ എന്റെയൊരു ഇന്റര്‍വ്യൂ കേള്‍ക്കുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങി എറണാകുളത്ത് കൂടി കടന്നുപോകുമ്പോള്‍ റേഡിയോയിലൂടെ ആ ഇന്റര്‍വ്യൂ കേള്‍ക്കാനിടയായത് ദൈവഭാഗ്യമെന്ന് പറയാം. ഇന്‍സ്റ്റഗ്രാമില്‍ എന്ന മെന്‍ഷന്‍ ചെയ്ത് അദ്ദേഹം സ്റ്റോറിയിട്ടു. പിന്നീട് ബ്രീസര്‍ വിവിഡ് ഷഫിള്‍ ( BREEZER Vivid Shuffle ) ഫൈനലില്‍ അദ്ദേഹത്തോടൊപ്പം ഫീച്ചര്‍ ചെയ്യാന്‍ ക്ഷണിച്ചു. മലയാളം റാപ് തന്നെ മതിയെന്ന് പറഞ്ഞു. എംടിവി ഹസില്‍ ( MTV Hustle) എന്ന റിയാലിറ്റി ഷോയില്‍ സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് പങ്കെടുക്കാനായി. എംടിവി റോഡീസ് ( MTV Roadies ) എന്ന റിയാലിറ്റി ഷോയില്‍ റഫ്താര്‍ ഭായി ജഡ്ജായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം അത് കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ബാരിഷ് എന്ന പുതിയ ആല്‍ബത്തില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എത്ര തിരക്കുണ്ടെങ്കിലും എന്റെ പുതിയ പാട്ടുകള്‍ കേട്ട് അഭിപ്രായം പറയാറുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഏറെ സന്തോഷിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്.

സംഗീതവുമായി ഫെജോയ്ക്ക് എത്തരത്തിലാണ് ബന്ധമുണ്ടായത്/വീട്ടിലോ കുടുംബത്തിലോ സംഗീതമേഖലയില്‍ മുന്‍ഗാമികളുണ്ടോ?

കുടുംബത്തില്‍ സിനിമയുമായോ സംഗീതവുമായോ ആര്‍ക്കും ബന്ധമില്ല. പക്ഷെ സിനിമയേയും സംഗീതത്തേയും ഇഷ്ടപ്പെടുന്നവരാണ് വീട്ടുകാര്‍. അവരാണ് സിനിമ കാണാന്‍ പിടിച്ചിരുത്തിയിരുന്നത്. അവര്‍ കേള്‍പ്പിച്ച പാട്ടുകളാണ് ആദ്യം കേട്ടത്. കസിന്‍ബ്രദേഴ്സ് സിനിമാമോഹികളായിരുന്നു. പക്ഷെ അവരൊക്കെ ജീവിതപ്രാരാബ്ധങ്ങളില്‍ മോഹം ഉപേക്ഷിച്ചു. എനിക്കും പ്രതിസന്ധികള്‍ ഉണ്ടാകാതിരുന്നില്ല. പക്ഷെ പിന്‍മാറാന്‍ ഒരുക്കമല്ലാതിരുന്നതുകൊണ്ട് ശ്രമങ്ങള്‍ തുടര്‍ന്നു. സിനിമ എന്നിലേക്ക് തേടിയെത്തി എന്നു വേണമെങ്കില്‍ പറയാം. സംഗീതവും സിനിമയുമായി എനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നാളെ പിന്‍ഗാമികള്‍ പറയട്ടെ.

സിനിമ ഫെജോയുടെ ഒരു സ്വപ്നമായിരുന്നല്ലോ, ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നാരദനിലൂടെ അഭിനയരംഗത്തേക്ക് കൂടി കടക്കുകയാണ് ഫെജോ. എന്തു തോന്നുന്നു?

അഭിനയം വലിയൊരു ആഗ്രഹമാണ്. അവസരം തരൂ എന്ന ഗാനത്തിലൂടെ അഭിനയിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ആഗ്രഹം വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. 'പറ' ഹിപ്ഹോപ് ഫെസ്റ്റിലൂടെയാണ് സംവിധായകന്‍ ആഷിക് അബുവിനെ നേരിട്ട് പരിചയപ്പെടുന്നത്. അദ്ദേഹമായിരുന്നു ആ ഷോയുടെ സംവിധായകന്‍. അതിലെ എന്റെ പെര്‍ഫോമന്‍സിനെ ആഷിക്കേട്ടന്‍ അഭിനന്ദിച്ചിരുന്നു. നാരദനിലേക്ക് ശ്രീനാഥ് ഭാസി ചേട്ടനാണ് ആദ്യം വിളിച്ചത്. ആഷിക്കേട്ടന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. നാരദനില്‍ റാപ് ചെയ്യാനാണ് വിളിക്കുന്നത് എന്നായിരുന്നു കരുതിയത്. പക്ഷേ എനിക്ക് പറ്റിയ ഒരു റോളുണ്ടെന്നും അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പറയണമെന്നുമായിരുന്നു അദ്ദേഹം സംസാരിച്ചത്. അവസരം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നതിനാല്‍ ഒന്നമ്പരന്നുവെങ്കിലും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു. നാരദനില്‍ മുടിയന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആഷിക് അബുവിനെ പോലെയുള്ള ഒരു സംവിധായകന്റെ സിനിമയിലഭിക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. കൂടാതെ ശേഖര്‍ മേനോന്റെ സംഗീതസംവിധാനത്തില്‍ തന്നെത്താനെ എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.

അവസരം തരൂ... എന്ന പാട്ടിന് മുമ്പും ശേഷവും ഫെജോ എന്ന റാപ്പറിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

അവസരം തരൂ എന്ന പാട്ടിനെക്കാള്‍ മുമ്പെ റിലീസായ കൂട്ടിലിട്ട തത്ത എന്ന പാട്ടാണ് കൂടുതല്‍ ഹിറ്റ്‌. നമ്മുടെ ഉള്ളിലുള്ളതെന്തും എക്‌സ്പ്രസ് ചെയ്യാവുന്ന മാധ്യമമാണ് റാപ്. റാപ്പില്‍ നമുക്ക് എന്തും പറയാം. അവസരം തരൂ എന്ന ഗാനത്തിലൂടെയും എന്റെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ അറിയിക്കാനായിരുന്നു ശ്രമിച്ചത്. അതിന് മുമ്പും പിമ്പും എന്തെങ്കിലും വേര്‍തിരിച്ച് പറയാനാവശ്യപ്പെട്ടാല്‍ അത് പ്രയാസമാകും. എങ്കിലും ആ ഗാനത്തിലൂടെ പറയാനഗ്രഹിച്ച എന്റെ മോഹങ്ങള്‍ ഓരോന്നായി ഇപ്പോള്‍ സാധിക്കുന്നു, അതില്‍ ഏറെ സന്തോഷവുമുണ്ട്.

അവസരം നമ്മളെ തേടി ഒരിക്കല്‍ വരും, കാരണം എന്നെങ്കിലും തോറ്റിട്ടുള്ളവനെ ജീവിതത്തില്‍ ജയിച്ചിട്ടുള്ളൂ! ഫെജോയുടെ ഒരു പാട്ടിന്റെ ആമുഖമാണിത്. എങ്ങനെ, ഫെജോക്കിപ്പോള്‍ ജയിച്ചെന്ന ഫീല്‍ ഉണ്ടോ?

ജയിക്കുക എന്നുള്ളത് ഓരോരുത്തരുടേയും പെഴ്‌സ്‌പെക്ടീവാണ്. എന്നെ സംബന്ധിച്ച് ഒരു നല്ല സോങ് ഇറക്കിയാല്‍ തന്നെ ജയിച്ചതു പോലെയാണ്. നല്ലൊരു ഗാനം ചെയ്യാന്‍ പറ്റിയെന്ന് സംതൃപ്തി ഉണ്ടായാല്‍ തന്നെ ജയിച്ചു. കുറേപേര്‍ ആ പാട്ട് കേട്ടാല്‍ വളരെ സന്തോഷമാവും, അപ്പോഴും ജയിച്ച പോലെത്തന്നെ. സിനിമയില്‍ എന്നെങ്കിലും എത്തിപ്പെടണമെന്നാഗ്രഹിച്ച എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ സന്തോഷമാണ്. അപ്പോഴും ജയിച്ച ഫീലാണ്. ബാക്കിയിനി കിട്ടുന്നതെല്ലാം എനിക്ക് ബോണസാണ്. മാക്‌സിമം കുഴപ്പമില്ലാതെ പോവുക, മറ്റുള്ളവരെ ഹാപ്പിയാക്കുക. വിജയത്തിന്റെ ഓരോ പടവുകളായി ഞാന്‍ കയറിക്കൊണ്ടിരിക്കുന്നതായാണ് എനിക്ക് സ്വയം തോന്നുന്നത്. നാരദനിലെ ഗാനത്തിലും അതുതന്നെയാണ് പറയുന്നത്. കനവാം ഏണിപ്പടികള്‍ കേറിച്ചെന്നാല്‍ നീ കാണുവതാരേ....

എന്നും എല്ലാവരും ജയിച്ചു കൊണ്ടിരിക്കട്ടെ, എന്നെങ്കിലും തോറ്റവരല്ലേ ജീവിതത്തില്‍ ജയിച്ചിട്ടുള്ളൂ...

ഫെജോ, ആഷിഖ് അബു

(സ്‌റ്റോര്‍ കീപ്പറായി ജോലി നോക്കിയിരുന്ന അച്ഛന്‍ ജോസഫ്, അധ്യാപികയായ അമ്മ ലിയോണിത, സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അനിയന്‍ വിപിന്‍ എന്നിവര്‍ക്കൊപ്പം എറണാകുളം വൈറ്റിലയിലാണ് ഫെജോ താമസിക്കുന്നത്. തന്റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കട്ട സപ്പോര്‍ട്ടാണ് തന്റെ കരുത്തെന്ന് പറയുന്നു ഫെജോ. കൂടാതെ തന്റ വളര്‍ച്ചയുടെ പടവുകളില്‍ ഒപ്പംനിന്ന എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കുള്ള നന്ദിയും ഫെജോ അറിയിക്കുന്നു)

Content Highlights: Interview with aaraattu theme song mallu rapper fejo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented