പത്തിന് പകരം നൂറ് തരുന്ന ദാസേട്ടന്‍; ഈശ്വരകൃപയാല്‍ മുപ്പതിലധികം കൊല്ലത്തെ സംഗീതജീവിതം സംതൃപ്തം


സ്വീറ്റി കാവ്

സൂഫി പറഞ്ഞ കഥ എന്ന സിനിമയിലെ സംഗീതത്തിന് 2009 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച സമയത്ത് ഒരാഴ്ചയോളം ഫോണിന് വിശ്രമമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അഭിനന്ദിക്കാന്‍ വിളിച്ച പലരും മുമ്പ് ചെയ്ത പല ഗാനങ്ങളും പരാമര്‍ശിക്കുകയും നന്നായി എന്നറിയിക്കുകയും ചെയ്തപ്പോഴാണ് തന്റെ ഗാനങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് മോഹന്‍ സിത്താര പറയുന്നു. ജീവിതത്തില്‍ എന്നും സന്തോഷിക്കാന്‍ ഇതിനപ്പുറം എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു

മോഹൻ സിത്താര, ഫോട്ടോ: ജെ. ഫിലിപ്പ്

മോഹന്‍ സിത്താര എന്ന പേരിലുണ്ട് സംഗീതത്തിന്റെ ഒരു തുണ്ട്. പുതുമഴയായി പൊഴിഞ്ഞും നീര്‍മിഴിപ്പീലിയില്‍ നീര്‍മണിയായി തുളുമ്പിയും ഇതളൂര്‍ന്നു വീണും മോഹന്‍ സിത്താരയുടെ പാട്ടുകള്‍ ദിവസേന ഒരു തവണയെങ്കിലും നാം കേട്ടു തുടങ്ങിയിട്ട് മുപ്പത് കൊല്ലത്തിലേറെയായി. നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണമിട്ടുകഴിഞ്ഞു. ലളിതം, ഫോക്ക്, ക്ലാസിക്കല്‍, കൂടാതെ അടിപൊളി ഗാനങ്ങളും മോഹന്‍ സിത്താരയുടെ സംഗീതസംവിധാനത്തില്‍ സംഗീതാസ്വാദകരിലേക്കെത്തി. മികച്ച മെലഡികള്‍ ചെയ്ത് ആരാധകരുടെ എണ്ണം കൂട്ടുമ്പോഴും രാക്ഷസി പോലുള്ള അടിപൊളി നമ്പര്‍ ചെയ്ത് വിമര്‍ശനവും ഒപ്പം അഭിനന്ദനവും അദ്ദേഹം ഏറ്റുവാങ്ങി. കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും കരസ്ഥമാക്കുമ്പോള്‍ മോഹന്‍ സിത്താര എന്ന സംഗീതപ്രതിഭയെ നാം വീണ്ടും വീണ്ടും അംഗീകരിക്കുകയായിരുന്നു.

പ്രതീക്ഷിക്കാതെയുള്ള കടന്നുവരവ്

തികച്ചും അപ്രതീക്ഷിതമായിരുന്നു സിനിമാസംഗീതരംഗത്തേക്കുള്ള കടന്നുവരവ്. 1986 ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയ്ക്ക്‌ സംഗീതം നല്‍കാന്‍ നിര്‍മ്മാതാവായ നവോദയ അപ്പച്ചന്റെ ക്ഷണം ലഭിക്കുമ്പോള്‍ അത് 30 കൊല്ലത്തിലേറെ നീളുന്ന ഒരു സംഗീതയാത്രയിലേക്കാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഹന്‍ സിത്താര പറയുന്നു. സംവിധായകനും സുഹൃത്തുമായ ടികെ രാജീവ്കുമാറിന്റെ ഇടപെടലാണ് ഒന്നു മുതല്‍ പൂജ്യം വരെയിലേക്കെത്തിച്ചത്. പ്രമുഖ സംഗീതസംവിധായകരുടെ അസിസ്റ്റന്റായും ഓര്‍ക്കസ്ട്രേഷനൊരുക്കിയും പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സംഗീതസംവിധാനത്തിലേക്കുള്ള അവസരമെത്തിയത്.

പാട്ട് കംപോസ് ചെയ്യുന്നതിനെ കുറിച്ച് ധാരണയില്ലെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും നിര്‍മ്മാതാവുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് ആദ്യഗാനത്തിന് പിന്നിലെന്ന് മോഹന്‍ സിത്താര. ഒഎന്‍വിയുടെ വരികളില്‍ നിന്ന് തന്നെ രാരീ രാരീം എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ട്യൂണ്‍ അറിയാതെ കടന്നുവരികയായിരുന്നു. ചിത്രയും വേണുഗോപാലും അസ്സലായി തന്നെ പാടിയെന്നും മോഹന്‍ സിത്താര കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മറ്റൊരു ഗാനം കൂടി ഉള്‍പ്പെടുത്തിയിരുന്നു. മുപ്പത്തിനാല് കൊല്ലത്തിനിപ്പുറവും രാരീ രാരീരം എന്ന ഗാനം മലയാളികള്‍ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം രേഖപ്പെടുത്തുന്നു.

പാട്ടുകളുടെ റിക്കോഡിങ് കഴിഞ്ഞപ്പോഴാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും കൂടി വേണമെന്ന ആവശ്യം മോഹന്‍ സിത്താരയുടെ മുന്നിലേക്കെത്തുന്നത്. നേരത്തെ ഏറ്റിരുന്ന ചില പരിപാടികളുടെ കാര്യവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്ന് മടങ്ങി. പശ്ചാത്തലസംഗീതമൊരുക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ തിരികെ പോകാന്‍ മടിച്ചു. എന്നാല്‍ വീണ്ടും വിളി വരികയും തിരുവനന്തപുരത്ത് ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ ചെന്നൈയിലെത്തി ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കി. പത്മരാജന്‍ സിനിമ ഇന്നലെ, ലെനില്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍, ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചാണക്യന്‍, സിബി മലയിലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങിയ ഭ്രമരം തുടങ്ങി നിരവധി സിനിമകള്‍ക്ക് പിന്നീട് പശ്ചാത്തലസംഗീതമൊരുക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത് അവിടെ നിന്നാണെന്ന് ഓര്‍മിക്കുകയാണ് ഈ സംഗീതപ്രതിഭ.

ആ ഭാവങ്ങള്‍ക്ക് പിന്നില്‍ അമ്മയും നഷ്ടപ്രണയവും ഗ്രാമത്തിന്റെ ഗീതവും

കുട്ടിക്കാലത്ത് അനിയത്തിക്കൊപ്പം മടിയില്‍ തലചായ്ച് കിടക്കുമ്പോള്‍ കേട്ട അമ്മയുടെ താരാട്ടീണങ്ങളില്‍ നിന്നാവണം പിന്നീട് പല സിനിമകളിലും ഉള്‍പ്പെടുത്തിയ ഗാനങ്ങളില്‍ കലര്‍ന്നത്. രാരീരം കൂടാതെ ഉണ്ണീ വാവാവോ (സാന്ത്വനം), മിണ്ടാതെടി കുയിലേ (തന്മാത്ര), കുഞ്ഞുറങ്ങും കൂട്ടിന്നുള്ളില്‍ (പൊന്നുച്ചാമി), താലോലം താനെ താരാട്ടും (കുടുംബപുരാണം) തുടങ്ങിയ ഗാനങ്ങളും മലയാളികള്‍ ഏറ്റുപാടിയ ഈണങ്ങളാണ്. ആദ്യസിനിമയ്ക്ക് വേണ്ടി ട്യൂണ്‍ ചെയ്ത പല ഈണങ്ങളില്‍ ഒന്നാണ് പിന്നീട് താലോലം താനെ... എന്ന ഗാനത്തിനായി ഉപയോഗിച്ചത്. ഒരു പാട്ടിന് വേണ്ടി പല ഈണങ്ങളിടുന്നത് പതിവാണ്. അമ്മയുടെ സ്നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും സ്വാധീനമാവണം എന്നമ്മേ ഒന്ന് കാണാന്‍ (നമ്മള്‍), അമ്മ മനസ് തങ്കമനസ് (രാപ്പകല്‍) തുടങ്ങിയ ഗാനങ്ങളിലെ ആര്‍ദ്രതയിലുള്ളത്.

പ്രണയത്തോട് പ്രണയമില്ലാത്ത ആരാണുള്ളത് എന്ന് മോഹന്‍ സിത്താര ചോദിക്കുമ്പോൾ എവിടെ നിന്നോ പ്രിയരഹസ്യം പകുത്തെടുക്കാനെത്തിയ പോലെ അദ്ദേഹം സംഗീതം നല്‍കിയ കുറേയേറെ പ്രണയഗാനങ്ങള്‍ സുഖം പകര്‍ന്നെത്തും. സുഖമാണീ നിലാവ് തരുന്നതല്ല നീര്‍മിഴിപ്പീലിയില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്. കാണുമ്പോള്‍ പറയാമോ, രാവിന്‍ നിലാക്കായല്‍... എല്ലാം വ്യത്യസ്തം. പതിനേഴിന്റെ പൂങ്കരളിന്‍, നീയറിഞ്ഞോ നീലക്കുഴലി... കുറച്ചു കൂടി ചടുലമായ പ്രണയഗാനങ്ങള്‍. പ്രണയത്തില്‍ അഭയം തിരയാന്‍ തോന്നുമ്പോള്‍, അല്ലെങ്കില്‍ നമ്മള്‍ അഭയം കണ്ടെത്തുന്ന ഒരു ഗാനമുണ്ട്, ഗാനമെന്ന് വിളിക്കാനാവില്ല ഒരു കവിത- ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി രചിച്ചത്, മറ്റൊരു പ്രശസ്തകവി മധുസൂദനന്‍ നായര്‍ ആലപിച്ചത്. കവിതപോലെ എന്ന് സംവിധായന്‍ നിര്‍ദേശിച്ചപ്പോള്‍ ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ എന്നാരംഭിക്കുന്ന വരികള്‍ ഇപ്പോഴും മനസിലുണര്‍ത്തുന്നത് പ്രണയത്തിന്റെ നനുത്ത നോവാണ്.

നഷ്ടപ്രണയത്തിന്റെ ഓര്‍മയില്‍ നിന്നാണ് വിരഹത്തിന്റെയും ജീവിതത്തില്‍ അഭിമുഖീകരിച്ച കഷ്ടപ്പാടുകളുടെ നിഴലില്‍ നിന്നാണ് ദുഃഖത്തിന്റെയും ഈണങ്ങളുണരുന്നതെന്ന് മോഹന്‍ സിത്താര പറയുന്നു. ആദ്യകാല ഹിറ്റുകളിലൊന്നായ ഇല കൊഴിയും ശിശിരത്തില്‍, കണ്ണീര്‍മഴയത്ത്ഞാനൊരു ചിരിയുടെ, കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍, മറക്കാം എല്ലാം മറക്കാം... ദുഃഖത്തിന്റെ, അനുഭവത്തിന്റെ നേര്‍ശീലുകള്‍ തന്നെ. ഇതൊന്നും കൂടാതെ ഫാസ്റ്റ് നമ്പറുകളും മോഹന്‍ സിത്താരയുടെ സംഗീതസംവിധാനപ്പട്ടികയില്‍ ഇടംപിടിച്ചു. ആസ്വാദകരുടെ അഭിരുചി വ്യത്യാസമാകുന്നുവെന്ന് തോന്നിയപ്പോഴാണ് കളമൊന്ന് മാറ്റി നോക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പിറന്ന ഈണങ്ങളാണ് നമ്മളിലെ രാക്ഷസിയും സ്വപ്നക്കൂടിലെ കറുപ്പനഴക്, ഇഷ്ടമല്ലടാ, പളുങ്കിലെ പൊട്ടു തൊട്ട സുന്ദരിയുമൊക്കെ.

തൃശൂരിലെ പെരുവല്ലൂരാണ് സ്വദേശമെന്നതിനാല്‍ ആ പ്രദേശത്തിന്റെ ഗ്രാമ്യതയും പാട്ടുകളിലെത്തി. നാടോടി ടച്ചുള്ള പാട്ടുകള്‍ക്ക് പിന്നില്‍ പെരുവല്ലൂരിന്റെ സ്വാധീനം തന്നെയെന്ന് മോഹന്‍ സിത്താര പറയുന്നു. ലളിതമെന്ന് തോന്നിപ്പിക്കുന്ന ഗ്രാമത്തിന്റെ നിറമുള്ള പാട്ടുകള്‍ക്ക് കേള്‍ക്കുന്നവരുടെ ഹൃദയം കവരാനാകും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, കാഴ്ച, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായത് ആളുകളുടെ മനസിലേക്ക് എളുപ്പം ഇറങ്ങിച്ചെന്നതു കൊണ്ടാവണം. എല്ലാ തരത്തിലുള്ള പാട്ടുകളും തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് മോഹന്‍ സിത്താര തെളിയിച്ചു. മുപ്പത് കൊല്ലങ്ങള്‍ക്കിപ്പുറവും സജീവമായി തുടരാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് ഈ ഫ്ളക്സിബിലിറ്റി കൊണ്ടു തന്നെയാവണം.

ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ചവര്‍; ആരും സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ല

സംവിധായകർ നിര്‍ദേശിക്കുന്ന സിനിമാസന്ദര്‍ഭത്തിനനുസരിച്ചാണ് പാട്ടുകള്‍ ട്യൂണ്‍ ചെയ്യുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മുഴുവന്‍ പാട്ടുകളും ചെയ്യാന്‍ ഒറ്റ ദിവസമാണെടുത്തത്. അത് പോലെ ഓര്‍മയില്‍ നില്‍ക്കുന്നതാണ് കാഴ്ചയിലെ പാട്ടുകളുടേത്. കുട്ടനാട്ടില്‍ ഷൂട്ടിങ് സ്ഥലത്തെത്താന്‍ തോണിയിലാണ് പോയത്. ആദ്യമായി തോണിയില്‍ കയറുന്നതിന്റെ പരിഭ്രമവുമായി ചെന്നിറങ്ങിയതാണ്. എന്നാല്‍ കായല്‍ത്തീരത്തിരുന്ന് സംഗീതം നല്‍കിയതിന്റെ ഓര്‍മ കുട്ടനാടിന്റെ ഇളംകാറ്റായി മനസില്‍ തങ്ങി നില്‍ക്കുന്നു, മോഹന്‍ സിത്താര പറയുന്നു. ഒന്നിച്ച് പ്രവര്‍ത്തിച്ച സംവിധായകരെല്ലാം തന്നെ ഗാനങ്ങളും മികച്ച രീതിയില്‍ തന്നെ ചിത്രീകരിച്ചു. എല്ലാവരും പ്രിയപ്പെട്ടവരാണ്. ബ്ലെസിയുമായി പ്രത്യേക മാനസികഅടുപ്പമുണ്ട്. മനോഹരമായി ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ കമലിന് ഒരു ശതമാനമെങ്കിലും മികവ് കൂടുതലാണെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. വിനയനുമായാണ് ഏറ്റവുമധികം സിനിമകള്‍ ചെയ്തത്. പത്മരാജനുമായി ഇന്നലെയില്‍ ഒന്നിച്ചെങ്കിലും ഭരതനുമായി പ്രവര്‍ത്തിക്കാനാവാത്തതില്‍ നിരാശയും ദുഃഖവും തോന്നാറുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഎന്‍വി കുറുപ്പിനൊപ്പം ആരംഭിച്ച സിനിമാസംഗീതസംവിധാനം പിന്നീട് മലയാളത്തിലെ പ്രമുഖ പാട്ടെഴുത്തുകാര്‍ക്കൊപ്പം തുടര്‍ന്നു, തുടരുന്നു. യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എസ് രമേശന്‍ നായര്‍, ബിച്ചു തിരുമല, പി കെ ഗോപി, റഫീഖ് അഹമ്മദ്, ഗിരീഷ് പുത്തഞ്ചേരി, ബിആര്‍ പ്രസാദ്, വയലാര്‍ ശരത് ചന്ദ്രവര്‍മ, ഭരണിക്കാവ് ശിവകുമാര്‍, ബി ആര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍...പട്ടിക നീളുന്നു. എംജി രാധാകൃഷ്ണനൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്തെ പരിചയമാണ് കൈതപ്രവുമായി. അന്ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി പ്രവര്‍ത്തിക്കുന്ന കൈതപ്രത്തെ തിരുമേനി എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഒരു സിനിമയ്ക്ക് സംഗീതം നിര്‍വഹിക്കാനെത്തുമ്പോള്‍ സംവിധായകന്‍ പാട്ടെഴുതുന്നത് കൈതപ്രമാണെന്ന് പറഞ്ഞപ്പോള്‍ ആളെ പിടികിട്ടാത്തതും നേരിട്ട് കണ്ടപ്പോള്‍ ഇത് അന്നത്തെ തിരുമേനിയല്ലേയെന്ന് തിരിച്ചറിഞ്ഞതും ഏറെ രസകരമായ സംഭവമാണെന്നും എം ജി രാധാകൃഷ്ണന്റെ ആവശ്യപ്രകാരം സിഗരറ്റ് പായ്ക്കറ്റിന്റെ ഉള്‍വശത്ത് വരികള്‍ കുത്തിക്കുറിച്ച് കൊടുക്കുന്ന കൈതപ്രത്തേയും മോഹന്‍ സിത്താര ഓര്‍മിക്കുന്നു.

ഗാനങ്ങള്‍ക്ക് സ്വരം നല്‍കി ജീവനേകിയത് യേശുദാസ് ഉള്‍പ്പെടെ മുന്‍നിര ഗായകരും പുതുമുഖ ഗായകരും

പുതിയഗായകരുള്‍പ്പെടെ ഒട്ടേറെ പേര്‍ മോഹന്‍ സിത്താരയുടെ ഗാനങ്ങള്‍ക്ക് ശബ്ദമേകി. യേശുദാസിനെ കുറിച്ച് ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മോഹന്‍ സിത്താര സംസാരിക്കുന്നത്. തരംഗിണിയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തരംഗനിസരി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ 1977 മുതല്‍ സംഗീതപഠനത്തിനെത്തിയതാണ് മോഹന്‍ സിത്താര. പിന്നീട് സ്വന്തം സംഗീതസംവിധാനത്തില്‍ യേശുദാസ് പാടാനെത്തുമ്പോള്‍ ഒരിക്കല്‍ പോലും മോശമായ പെരുമാറ്റമോ വാക്കോ പ്രിയപ്പെട്ട ഗായകനില്‍ നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. പത്ത് നല്‍കിയാല്‍ നൂറോ ആയിരമോ ആയി മടക്കി നല്‍കുന്ന ഗായകനാണ് യേശുദാസ്. മുഖച്ചിത്രം എന്ന സിനിമയ്ക്ക് വേണ്ടി ചെമ്പരുന്തിന്‍ ചേലുണ്ടേ എന്ന ഗാനം ആദ്യം റിക്കോഡ് ചെയ്ത ശേഷം സാങ്കേതികപ്രശ്നത്തെ തുടര്‍ന്ന് പിറ്റേ ദിവസം ഒരു പരിഭവവുമില്ലാതെ വീണ്ടും യേശുദാസ് വന്ന് പാടിയതും മോഹന്‍ സിത്താരയുടെ ഓര്‍മകളില്‍ സ്നേഹമുണര്‍ത്തുന്നു.

ആദ്യസിനിമയില്‍ തന്നെ കെ എസ് ചിത്ര മോഹന്‍ സിത്താരയ്ക്ക് വേണ്ടി പാടിയിരുന്നു. ധ്വനി തരംഗ തരളം (ജോക്കര്‍), ചഞ്ചല ദ്രുതപദതാളം (ഇഷ്ടം), സ്വരകന്യകമാര്‍ (സാന്ത്വനം) തുടങ്ങി ക്ലാസിക്കല്‍ ടച്ചുള്ളതും അല്ലാത്തതുമായ ഒരുപാട് മികച്ച ഗാനങ്ങള്‍ മോഹന്‍ സിത്താര-ചിത്ര ടീമില്‍ നിന്ന് സംഗീതപ്രേമികള്‍ക്ക് ലഭിച്ചു. ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, സുജാത, ശ്രീനിവാസ് എന്നീ ഗായകരുടെ ആലാപനമികവ് മോഹന്‍ സിത്താര സ്വന്തം ഈണങ്ങള്‍ക്കായി മാക്സിമം ഉപയോഗപ്പെടുത്തി. വേണുഗോപാലിന്റെ കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു രാരീരാരീരം എന്ന കാര്യത്തില്‍ സംശയമില്ല. ജ്യോത്സ്ന, അഫ്സല്‍, വിധുപ്രതാപ്, ഫ്രാങ്കോ, സുദീപ് കുമാര്‍, പൂര്‍ണശ്രീ, ഷീലാമണി, അന്‍വര്‍ സാദത്ത്, പുഷ്പാവതി, ജിഷ നവീന്‍, ആശ മധു, ദിവ്യ, സ്മിത ഇഗ്‌നേഷ്യസ്, ജോയ്സി സുരേന്ദ്രന്‍, മണികണ്ഠന്‍ അയ്യപ്പ, സുനില്‍ സിത്താര, അശ്വതി വിജയന്‍, രാജേഷ് വിജയ്...മോഹന്‍ സിത്താര പരിചയപ്പെടുത്തിയവരും പിന്നീട് മുന്‍നിരഗായകരായവരും നിരവധി.

സംഗീതയാത്രയിലെ കുട്ടിക്കാല ഓര്‍മകളില്‍ സന്തോഷം മാത്രം; അവാര്‍ഡ് ലഭിക്കാന്‍ ഭാഗ്യത്തിന്റെ കൂട്ടു വേണം

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതപഠനം ആരംഭിച്ചിരുന്നു. കെ ജി സത്താര്‍ എന്ന ഗുരുവിന്റെ കീഴില്‍ മൂന്നാം ക്ലാസില്‍ തന്നെ ഹിന്ദുസ്ഥാനി സംഗീത പഠനം ആരംഭിച്ചു. വയലിന്‍പഠനവും ഒപ്പം. മാഷിനൊപ്പം സംഗീതപരിപാടികള്‍ക്ക് പോയിത്തുടങ്ങി. ഇടവേളകളില്‍ വയലിന്‍ വായിച്ച് സദസ്സിനെ കയ്യിലെടുത്തു. വാതാ കര്‍ലേ സാജ്ന എന്ന ഹിന്ദി ഗാനമായിരുന്നു മിക്കവാറും വയലിനില്‍ വായിച്ചിരുന്നത്. സിനിമാഗാനം വായിക്കുന്നത് കേള്‍വിക്കാര്‍ ആസ്വദിച്ചിരുന്നു. കുട്ടിയായതിനാല്‍ അവര്‍ക്ക് ഏറെ കൗതുകവുമായിരുന്നു. നോട്ടുമാലകള്‍ കഴുത്തിലണിയിച്ചാണ് അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. അതൊക്കെ കുട്ടിക്കാലത്തെ സന്തോഷമുള്ള ഓര്‍മകളായി ഇപ്പോഴും മനസില്‍ നില്‍ക്കുന്നുവെന്ന് മോഹന്‍ സിത്താര പറയുന്നു.

പിന്നീടാണ് തുടര്‍പഠനത്തിനായി തിരുവനന്തപുരത്തെത്തുന്നത്. തരംഗനിസരിയില്‍ അധ്യാപകനായിരുന്ന ജ്യേഷ്ഠന്‍ സുബ്രഹ്മണ്യമാണ് അവിടേക്ക് കൂട്ടിയത്. രഘുകുമാര്‍, കോഴിക്കോട് മണി, ചാള്‍സ്, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് തുടങ്ങിയ പ്രതിഭാധനരായ ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിക്കാനായത് ഭാഗ്യമായി കരുതുന്നു. അന്നുമിന്നും എല്ലാവരില്‍ നിന്നും പ്രോത്സാഹനവും സഹകരണവും മാത്രമാണ് ലഭിച്ചതെന്നും മോഹന്‍ സിത്താര. ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ കൈകടത്തലോ നിരുത്സാഹപ്പെടുത്തലോ ഉണ്ടായിട്ടില്ലെന്നും പരസ്പരബഹുമാനം സൂക്ഷിക്കുന്നവര്‍ക്കൊപ്പമാണ് ഇതുവരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നുള്ളത് അതീവസന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു.

അവാര്‍ഡുകള്‍ ലഭിക്കാന്‍ ഭാഗ്യത്തിന്റെ പിന്തുണ കൂടി വേണമെന്നാണ് മോഹന്‍ സിത്താരയുടെ പക്ഷം. സംഗീതം നല്‍കിയ പാട്ടുകളിലൂടെ ഗായകര്‍ പലപ്പോഴും അംഗീകാരം നേടിയത് ഏറെ സന്തോഷം നല്‍കിയ കാര്യമാണെന്നും തനിക്ക് അവാര്‍ഡ് ലഭിക്കാത്തതിനെ കുറിച്ചോര്‍ത്ത് വിഷമിക്കാറില്ലെന്നും വിവാദങ്ങളില്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നു. സൂഫി പറഞ്ഞ കഥ എന്ന സിനിമയിലെ സംഗീതത്തിന് 2009 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച സമയത്ത് ഒരാഴ്ചയോളം ഫോണിന് വിശ്രമമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അഭിനന്ദിക്കാന്‍ വിളിച്ച പലരും മുമ്പ് ചെയ്ത പല ഗാനങ്ങളും പരാമര്‍ശിക്കുകയും നന്നായി എന്നറിയിക്കുകയും ചെയ്തപ്പോഴാണ് തന്റെ ഗാനങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് മോഹന്‍ സിത്താര പറയുന്നു. ജീവിതത്തില്‍ എന്നും സന്തോഷിക്കാന്‍ ഇതിനപ്പുറം എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ജീവിതത്തിലും ഒപ്പമുളളത് സംഗീതത്തെ സ്‌നേഹിക്കുന്നവര്‍; അടുത്ത ഘട്ടം സിനിമാ സംവിധാനത്തിലേക്ക്

തൃശൂര്‍ കുരിയച്ചിറയിലാണ് ഇപ്പോള്‍ താമസം. ഭാര്യ ബേബി ഗായികയല്ലെങ്കിലും ഗാനങ്ങള്‍ വിലയിരുത്താറുണ്ട്. വിലയിരുത്തല്‍ പലരീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് മോഹന്‍ സിത്താര പറയുന്നു. മൂത്ത മകള്‍ മുബിന വിവാഹിതയാണ്. ഭര്‍ത്താവ് രതീഷിനൊപ്പം ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് മുബിന. ടപ്പ് ടപ്പ് ജാനകി തുടങ്ങി രണ്ടു മൂന്ന് ഗാനങ്ങള്‍ കുട്ടിക്കാലത്ത് പാടിയിട്ടുണ്ട് മുബിന. ഇളയമകന്‍ വിഷ്ണു. ആറേഴു ചിത്രങ്ങളിലൂടെ വിഷ്ണു മോഹന്‍ സിത്താര ഇതിനോടകം തന്നെ സിനിമാസംഗീതരംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു. കുമാരനും ദേവകിയുമാണ് മോഹന്‍ സിത്താരയുടെ മാതാപിതാക്കള്‍. ഗായകനായിരുന്ന അച്ഛന്‍ അക്കാലത്ത് നാടകങ്ങള്‍ക്ക് വേണ്ടി പാടുമായിരുന്നു. അതാണ് തനിക്ക് ലഭിച്ച സംഗീതപാരമ്പര്യമെന്ന് മോഹന്‍ സിത്താര പറയുന്നു.

Mohan Sithara With Family
മോഹന്‍ സിത്താര ഭാര്യ ബേബി, മകള്‍ മുബിന, മകന്‍ വിഷ്ണു, പേരക്കുട്ടി ആവണി എന്നിവര്‍ക്കൊപ്പം. ഫോട്ടോ: ജെ. ഫിലിപ്പ്

ഒരു സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് മോഹന്‍ സിത്താര. അതിന്റെ സ്‌ക്രിപ്റ്റ് ഏകദേശം തയ്യാറായിക്കഴിഞ്ഞു. മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നാടകങ്ങള്‍ എഴുതി അവതരിപ്പിക്കുമായിരുന്നു. അതിൽ നിന്നാണ് സിനിമ ചെയ്യാനുള്ള ധൈര്യം ലഭിച്ചതെന്ന് മോഹന്‍ സിത്താര പറയുന്നു. ജീവിതത്തില്‍ മുമ്പ് വളരെയേറെ കഷ്ടപ്പാടും വിഷമതകളും അനുഭവിച്ചെങ്കിലും പിന്നീട് എല്ലാ സൗഭാഗ്യവും ഈശ്വരന്‍ തന്നതായി മോഹന്‍ സിത്താര പറയുന്നു. ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും ഈശ്വരന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു നിര്‍ത്തി. ആനന്ദവും സംതൃപ്തിയും നിറഞ്ഞ വാക്കുകളിലൂടെയും ചിരിയിലൂടെയും മോഹന്‍ സിത്താരയെന്ന് പ്രതിഭാധനന്‍ സംസാരിക്കുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ ഒരായിരം സ്വരകന്യകമാര്‍ വീണ മീട്ടുന്നത് നമുക്കനുഭവിക്കാനാകും.

Content Highlights: Interview With Mohan Sithara Music Director

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented