ആശുപത്രി വാസത്തിലെ നീണ്ട രാപ്പകലുകളിലൊന്നിൽ, മൂർത്തി സാറിനെ ചെന്നുകണ്ടനേരം പറഞ്ഞ വാക്കുകളാണ് ശീർഷകം. സർഗ്ഗാത്മകതയെ ശ്വാസമായി കരുതിയ മനുഷ്യസ്‌നേഹി, ശ്വാസതടസ്സത്താൽ ചികിത്സയിൽ കഴിയുന്ന നാളിൽ, വയലാർ സാംസ്‌കാരിക വേദിയുടെ രാമചന്ദ്രേട്ടനുമായി കിംസിൽ പോയി കണ്ടനേരം. ഒട്ടേറെ സംസാരിച്ചു. കൂടുതലും കലാലോകത്തെക്കുറിച്ച്. സാംസ്‌കാരികതയുടെ ഉള്ളറിയുന്ന നിതാന്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യവംശത്തെ നവീകരിക്കുന്നതിനെക്കുറിച്ച്. ദാർശനികതയുടെ വെളിച്ചമുള്ള വാക്കുകൾ. ഇതിനിടയിലാണ് മനസ്സ് സഞ്ചരിക്കുംവിധം ശരീരത്തിന് ഓടിയെത്താൻ കഴിയുന്നില്ലല്ലോ എന്ന വേദനയുടെ അടരുള്ള വാക്കുകൾ കറുത്ത ഹാസ്യത്തിന്റെ മേമ്പടിയോടെ പറഞ്ഞത്- 'തുറസ്സായ ലോകത്തേക്ക് എന്നെയൊന്നു തട്ടിക്കൊണ്ടുപോകാമോ' എന്ന്.

To advertise here,

സംസാരം പിന്നെയും തുടർന്നപ്പോൾ ആപ്പിളും ബിസ്‌ക്കറ്റും നൽകുവാൻ ബൈസ്റ്റാന്ററോട് പറഞ്ഞ്, സ്‌നേഹപൂർവം നിർബന്ധിക്കുന്ന മൂർത്തി സാറിന്റെ കണ്ണിണകളിലെ സ്‌നേഹത്തിളക്കം മറക്കുവതെങ്ങനെ? സ്‌നേഹം എന്ന രണ്ടക്ഷരത്തിന്റെ സൂര്യാവെളിച്ചം കൃഷ്ണമൂർത്തി എന്ന കലാകാരന്റെയും സംഘാടകന്റെയും ശ്വാസനിശ്വാസങ്ങളായിരുന്നു.

അസ്തമിക്കാത്ത സർഗ്ഗസ്‌നേഹത്തിന്റെ പുലരിത്തുടിപ്പായി, സൂര്യകൃഷ്ണമൂർത്തി എന്ന പേര് കാലം കരുതിവെക്കുന്നത് മാനവികതയുടെയും കനിവിന്റെയും ശില്പഭദ്രതയറിയുന്ന സൃഷ്ടികളുടെ അമരക്കാരൻ എന്ന നിലയിൽ കൂടിയായിരിക്കും. സൂര്യ എന്ന തിളക്കവും കൃഷ്ണമൂർത്തി എന്ന സ്‌നേഹപ്പൊരുളും ഇഴചേർന്നപ്പോൾ, അത് കലാജീവിതങ്ങളുടെ താങ്ങും തണലുമായത് കാലത്തിന്റെ കനിവ്. സ്‌കൂൾ ഓഫ് ഡ്രാമ പഠനകാലത്ത് എം.ടി.യുടെയും ബഷീറിന്റെയും സൃഷ്ടികൾ നാടക രൂപത്തിൽ ചെയ്തപ്പോൾ, ശിവരാമകാരന്തിന്റെ 'ചോമനദുടി' സംവിധാനം ചെയ്ത് സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിനർഹാനാക്കുമ്പോൾ, കെ.പി.എ.സി. നാടകങ്ങളുടെ പ്രായംകുറഞ്ഞ സംവിധായകനായപ്പോൾ, ദൃശ്യമാധ്യമ രംഗത്തും മൾട്ടിമീഡിയ മെഗാഷോ സംവിധാന വേളകളിലും ചലച്ചിത്ര രംഗത്തും, സാംസ്‌കാരിക മേഖലകളിലും പ്രവർത്തിക്കുമ്പോഴൊക്കെ- വാത്സല്യത്തിന്റെ ഗുരൂമുഖമായി ഒപ്പമുണ്ടായിരുന്നു, മൂർത്തി സാർ.

എനിക്ക് മാത്രമല്ല, കലയാൽ മനുഷ്യരുടെ കണ്ണുനീർ ഒപ്പുവാനും സാന്ത്വനമേകുവാനും കഴിയുമെന്നും സമഭാവനയുടെ ലോകത്തിലേക്ക് പുതുവഴിവെട്ടാൻ കഴിയുമെന്നും പ്രത്യാശിക്കുന്നവർക്കൊക്കെ സ്‌നേഹത്തണലായിരുന്നു ആ പച്ചമനുഷ്യൻ. ഒരാഴ്ച മുന്നെ സുനിൽ കുടവട്ടൂർ എന്ന കലാകാരന്റെ ലിവർ ട്രാൻസ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട് വിളിച്ചപ്പോൾ ചോദിച്ചു. എത്രവയസ്സുണ്ട് സുനിലിന്? 54 എന്ന് മറുപടി പറഞ്ഞപ്പോൾ പറഞ്ഞു. രക്ഷപ്പെടും. എന്റെ പേര്, സഹായസമിതിയിൽ വെച്ചോളൂ. കൂടെയുണ്ട്. കലലോകത്തോടുള്ള അലിവിന്റെ ആൾരൂപമാണ് പൊലിഞ്ഞുപോയതെന്ന നേര്, വേർപാടിന്റെ നോവാഴമാണ്.

ലൈറ്റ് ആന്റ് സൗണ്ട് ഷോകളുടെ സൗന്ദര്യശാസ്ത്രവും ആത്മാവും നമ്മൾ അനുഭവിച്ചറിഞ്ഞത് മൂർത്തി സാറിന്റെ സംവിധാനത്തിലും സംഘാടനത്തിലുമായിരുന്നു. അതിനൊപ്പം ജനകീയ കലയായ നാടകത്തെ അത്രമേൽ സ്‌നേഹിച്ച മനസ്സായിരിക്കാം മൂർത്തി സാറിന്റെ ശ്രദ്ധയിലേക്ക് ഈയുള്ളവനെയും എത്തിച്ചത്. കലാവിദ്യാഭ്യാസകാലത്ത് തന്നെ സൂര്യ വേദികളിൽ ഇടം. സാഹിത്യ രൂപങ്ങൾക്ക് രംഗഭാഷകൾ ഒരുക്കിയപ്പോഴൊക്കെ ആദ്യ സാക്ഷി. നന്മയുതിരുന്ന വാക്കുകളിലൂടെ പകർന്ന ആത്മവിശ്വാസത്തിന്റെ വിത്തുകൾ മനസ്സിലുണ്ട് ഇപ്പോഴും. നൃത്ത- സംഗീത- അഭിനയ രംഗത്തെ മെഗാസ്റ്റാറുകളെ വച്ച് മുൻനിര ഷോകൾ ചെയ്യുമ്പോഴും, കലയുടെ തനിമയറിയുന്ന, മണ്ണുമര്യാദകൾ ഉള്ളറകളിൽ കാത്തുസൂക്ഷിച്ച മൂർത്തി സാറിന്റെ മനസ്സ് കലാലോകം മറക്കില്ല.

കഴിഞ്ഞ വർഷം നടന്ന കേരളീയത്തിൽ തെരുവരങ്ങുകളും ഗോത്രകലകളും നാടൻ തനിമയുള്ള രംഗകലകളും ഭാരത് ഭവന്റെ സംഘാടനത്തിൽ ഒരുക്കിയപ്പോൾ, ഹൃദ്യമായ അഭിനന്ദനമറിയിക്കാൻ പ്രഭാത സവാരിക്കിടെ, ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുടെ മുറിയിലേക്ക് വന്ന് ആശ്ലേഷിച്ച കലാസ്‌നേഹിയുടെ,ഭാരത്ഭവന്റെ ആദ്യകാല മെമ്പർസെക്രട്ടറിയുടെ വാക്കുകൾ കാതിലുണ്ടിപ്പോഴും.

സെലിബ്രിറ്റികൾക്ക് വൻ തുകകൾ നൽകുമ്പോൾ കലയെ ഉപാസിക്കുന്ന ഗ്രാമീണ കലാകാരന്മാർക്ക് അവസരം നഷ്ടപ്പെടരുതെന്ന്, സാംസ്‌കാരിക വകുപ്പിന്റെ മീറ്റിംഗിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞൊരാൾ. അകംനിറയെ നല്ല ചലച്ചിത്രങ്ങളെ, കാമ്പുള്ള കലാവിഷ്‌ക്കാരങ്ങളെ, ദിശാബോധമുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളെ വർഷാന്തരങ്ങൾക്കപ്പുറത്തേക്ക് സൂര്യതേജസ്സോടെ പ്രസരിപ്പിച്ച്, പ്രതിഭയുടെ കയ്യൊപ്പുകൾ പല മേഖലകളിൽ ആഴത്തിൽ പതിപ്പിച്ചൊരാൾ എന്ന നിലയിൽ സൂര്യകൃഷ്ണമൂർത്തി കാലത്തിന്റെ സർഗ്ഗപുസ്തകങ്ങളിൽ മായാതെ നിൽക്കും.

രാജ്യത്ത് അഗ്‌നിച്ചിറകുകളുള്ള ചിന്തകൾ പടർത്തിയ എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം 27 വർഷം സീനിയർ സയന്റിസ്റ്റായി പ്രവർത്തിച്ച് കലാജീവിതത്തിനായി സ്വയം വിരമിച്ച, നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യകൃഷ്ണമൂർത്തി, അസ്തമിക്കാത്ത ജീവിതവെളിച്ചം സർഗ്ഗലോകത്ത് ബാക്കിയാക്കിയാണ് വിടപറയുന്നത്. കലയുടെ സൂര്യ തേജസ്സിന് നിത്യപ്രണാമം.