കടുവയിൽ പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജിന്റെ മാസ് ആക്ഷൻ, സംവിധായകൻ ഷാജി കൈലാസിന്റെ തിരിച്ചുവരവ്, ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ്, 'ജനഗണമന' കഴിഞ്ഞ് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും വീണ്ടും...'കടുവ' സിനിമയെ പ്രേക്ഷകരോടടുപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. പൃഥ്വിരാജ് സുകുമാരൻ സംസാരിക്കുന്നു...
കടുവയിലെ കഥാപാത്രത്തെ എങ്ങനെ പരിചയപ്പെടുത്താം
കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലായിലെ ഒരു പ്ലാന്ററാണ്. ആവശ്യത്തിലധികം ഭൂസ്വത്തുള്ള, നാട്ടിലെ അറിയപ്പെടുന്നൊരു ചെറുപ്പക്കാരൻ. കുടുംബപരമായി ധനികനാണ്. പ്രായത്തിൽ കവിഞ്ഞ നേട്ടങ്ങൾ സ്വന്തമാക്കിയവൻ. പതിറ്റാണ്ടുകളായി പേരും പ്രശസ്തിയുമാർജിച്ച് ജീവിക്കുന്ന കുടുംബത്തിലെ അംഗം. തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന കഥയാണ് സിനിമ.
സിനിമയിൽ പറയുന്നത് യഥാർഥ കഥയാണെന്നും കഥാപാത്രം ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നുമെല്ലാമുള്ള വാർത്തകൾ കടുവയുടെ പ്രഖ്യാപന നാൾ മുതൽ തന്നെ ഉയർന്നിരുന്നു
കഥയും കഥാപാത്രവും യഥാർഥമാണോ എന്നതിനെക്കുറിച്ച് കൂടുതലായി എനിക്കറിയില്ല. ജിനു എബ്രഹാമിന്റേതാണ് രചന, ജിനു പത്തനംതിട്ടക്കാരനാണ്. നാട്ടിൽനിന്ന് അയാൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം എഴുത്തിലേക്ക് കയറിവന്നിരിക്കാം. നാടും നാട്ടുകാരുമെല്ലാം ഒരാളുടെ എഴുത്തിനെ സ്വാധീനിക്കുന്നത് സ്വാഭാവികമല്ലേ.
കടുവയുടെ കഥ കേൾക്കുന്നത്, കടുവക്കുന്നേൽ കുറുവച്ചനാകാമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്?
2019-ന്റെ തുടക്കത്തിലാണ് ഈ സിനിമയുടെ കഥ തിരക്കഥാരൂപത്തിൽ പൂർണമായി കേൾക്കുന്നത്. അതിനും വളരെമുമ്പ് കഥാപാത്രത്തെക്കുറിച്ച് കേട്ടിരുന്നു. മുമ്പ് നമ്മളെല്ലാം ആവേശത്തോടെ തിയേറ്ററിലിരുന്ന് കൈയടിച്ചുരസിച്ച സിനിമകളുടെ ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാകും കടുവ. അത്തരം സിനിമകളെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ മനസ്സിലേക്ക് പെട്ടെന്ന് കയറിവരുന്നത് ഐ.വി. ശശിസാറിന്റെയും ജോഷി സാറിന്റെയും ഭദ്രൻസാറിന്റെയും ഷാജിച്ചേട്ടന്റെയുമെല്ലാം(ഷാജികൈലാസ്) പേരുകളാണ്. കടുവയുടെ തിരക്കഥ കേട്ടശേഷം ഞാൻതന്നെയാണ് പറഞ്ഞത് ഈ സിനിമ ഷാജിയേട്ടൻ ചെയ്താൽ നന്നാകുമെന്ന്. അദ്ദേഹത്തിന്റെ സംവിധാനമികവിൽ ഉയർന്നുനിൽക്കാൻ സാധ്യതയുള്ള ഒരുപാട് കഥാസന്ദർഭങ്ങൾ ചിത്രത്തിലുണ്ട്. ഷാജിയേട്ടനെ വിളിച്ച് തിരക്കഥയൊന്ന് കേൾക്കണമെന്ന് ആവശ്യപ്പെടുന്നത് ഞാൻതന്നെയാണ്.

ഇടവേളയ്ക്കുശേഷം ഹൈവോൾട്ടേജ് ചിത്രവുമായി ഷാജി കൈലാസ് എത്തുന്നു എന്നാണോ?
മലയാളസിനിമയിൽനിന്ന് ചെറിയൊരു ഇടവേളയെടുത്ത് മാറിനിന്ന ഷാജിയേട്ടനോട് ഞാൻ പറഞ്ഞത്, കടുവപോലൊരു സിനിമയിലൂടെയാണ് തിരിച്ചുവരേണ്ടതെന്ന് പൂർണബോധ്യമുണ്ടെങ്കിൽമാത്രം നമുക്കിത് ചെയ്യാമെന്നാണ്. കഥകേട്ട്, തിരക്കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞത്, ‘മോനേ ഇതെനിക്ക് ചെയ്യണം’ എന്നാണ്. അതിനുശേഷമാണ് ഞാനും ലിസ്റ്റിൻ സ്റ്റീഫനും(മാജിക്ക് ഫ്രെയിംസ്)കൂടി സിനിമയുടെ നിർമാണം ഏറ്റെടുത്തത്. കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്റ്റൈൽ ഓഫ് മേക്കിങ് പ്രേക്ഷകർക്ക് വീണ്ടും ആസ്വദിക്കാം. ആറാംതമ്പുരാനും നരസിംഹവുമെല്ലാം തിയേറ്ററിലിരുന്ന് ആവേശത്തോടെ കണ്ട പ്രേക്ഷകരിൽ ഞാനും ഉൾപ്പെടും. അദ്ദേഹത്തെപ്പോലുള്ള സംവിധായകർ മലയാളത്തിൽ സജീവമായി നിൽക്കുകതന്നെ വേണം.
കടുവ മുന്നോട്ടുവെക്കുന്ന പ്രതീക്ഷകൾ
2019-ൽ കടുവയുടെ തിരക്കഥ പൂർണമായും കേട്ടുകഴിഞ്ഞപ്പോൾ, മലയാളത്തിൽ ഇന്ന് ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടാകുന്നില്ലല്ലോ എന്നാണ് തോന്നിയത്. കുറച്ചുകാലമായി നമ്മൾ കഥയിലും അവതരണത്തിലുമെല്ലാം റിയലിസ്റ്റിക് രീതികളാണ് പിന്തുടരുന്നത്. അങ്ങനെയുള്ള സിനിമകളാണ് കൂടുതലായും കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം സിനിമകൾ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതിനൊപ്പംതന്നെ മാസ് ആക്ഷൻ എന്റർടെയിനറും മലയാളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന, കൈയടിക്കാൻ പ്രേരിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളുമുള്ള ഒരു മാസ് ആക്ഷൻ സിനിമയാകും കടുവ എന്നാണ് വിശ്വാസം.

മലയാളത്തിൽ പൊതുവേ മാസ് ആക്ഷൻ എന്റർടെയിനറുകൾ കുറയുന്നു എന്നാണോ പറയുന്നത്
യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന സിനിമകൾ മാത്രമാണ് നല്ല സിനിമകളെന്ന അഭിപ്രായം ഇവിടെ കുറച്ചുപേർക്കെങ്കിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അത്തരം കാഴ്ചപ്പാടുള്ള ആളല്ല. റിയലിസ്റ്റിക് സിനിമകൾ വളരെ നല്ല സിനിമകളാണ്. എന്നാൽ, അതുപോലെത്തന്നെ കെ.ജി.എഫ്. പോലുള്ള ചിത്രങ്ങളെയും നല്ലസിനിമകളുടെ ഗണത്തിൽപ്പെടുത്താനാണ് എനിക്കിഷ്ടം. മാസങ്ങളുടെ ഇടവേളയിൽ അന്യഭാഷയിൽനിന്ന് ഞങ്ങൾ (പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്) മലയാളത്തിലേക്ക് കൊണ്ടുവന്ന രണ്ടുസിനിമകളാണ് കെ.ജി.എഫ്. ചാപ്റ്റർ 2, ചാർളി 777. വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്ന ഈ രണ്ടുസിനിമയും വലിയ അഭിപ്രായങ്ങൾ നേടിയതും പ്രേക്ഷകർ സ്വീകരിച്ചതുമാണ്. സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്ക് അവിടെനിന്ന് എല്ലാതരം സിനിമകളും ഉണ്ടാകണമെന്നാണ് ഞാൻ പറയുന്നത്.
ലൂസിഫറിനുശേഷം വീണ്ടും വിവേക് ഒബ്റോയ്...
കടുവയിൽ വിവേക് ഒബ്റോയ് ജോസഫ് ചാണ്ടി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയിൽ ഒരുപാട് വിഷയങ്ങൾ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി രണ്ടുവ്യക്തികൾ തമ്മിലുള്ള കിടമത്സരമാണ്. രണ്ടുകഥാപാത്രങ്ങളും പ്രാധാന്യമുള്ളതാണ്. കുറവാച്ചനെപ്പോലെ ജോസഫ് ചാണ്ടിയും കഥയിൽ കരുത്തോടെ നിൽക്കുന്നു. പോലീസ് ഓഫീസറായി തുടക്കത്തിൽ പലപേരുകളും മനസ്സിൽക്കണ്ടിരുന്നു. ബിജുച്ചേട്ടനെ (ബിജുമേനോൻ)ആലോചിച്ചപ്പോൾ അയ്യപ്പനും കോശിയും കഴിഞ്ഞ് പെട്ടെന്നുതന്നെ അത്തരമൊരു വേഷം വീണ്ടും വേണ്ട എന്ന അഭിപ്രായമുയർന്നു. പിന്നെ കൂടുതലായി ആലോചിക്കേണ്ടിവന്നില്ല. ടീമിലെല്ലാവരും ഒരുപോലെ മുന്നോട്ടുവെച്ച പേരാണ് വിവേകിന്റേത്. അദ്ദേഹത്തിന്റെ വരവ് കടുവയ്ക്ക് ഗുണംചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

കടുവയിൽ മോഹൻലാലും എത്തുന്നു എന്നൊരു അടക്കംപറച്ചിൽ വ്യാപകമാണ്. സിനിമയുടെ മറ്റുവിശേഷങ്ങൾ
അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയിൽ അത്തരത്തിലൊരു അതിഥിവേഷമില്ല. കടുവയിലെ നടൻ, സിനിമയുടെ നിർമാതാവ്, അതിനെല്ലാമുപരി ഒരു സിനിമാപ്രേമി എന്നനിലയിൽ ഈ സിനിമ വിജയിച്ചുകാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം, മാസ് ആക്ഷൻ എന്റർടെയിനറുകൾ വീണ്ടും നിർമിക്കാൻ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും. വലിയ കാൻവാസിൽ ഒരുക്കിയ സിനിമയാണിത്. പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാർ ഭാഗങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചത്. 1990-ൽ നടക്കുന്ന കഥയായതിനാൽ കോട്ടയം ജില്ലാജയിലിന്റെയെല്ലാം അന്നത്തെ രൂപം ആവശ്യമായിരുന്നു. അതിനായി എറണാകുളത്ത് നാലഞ്ചേക്കർ സ്ഥലത്ത് ജില്ലാ ജയിലിന്റെ സെറ്റ് നിർമിക്കുകയായിരുന്നു.
‘ആടുജീവിത’ത്തിനായി നടത്തിയ സഹാറായാത്രയെക്കുറിച്ച്
‘ആടുജീവിതം’ സിനിമയുടെ വിദേശചിത്രീകരണമെല്ലാം പൂർത്തിയായി. ഇത്തവണ ചിത്രീകരണത്തിനായി പോയത് അൾജീരിയയിലായിരുന്നു. 40-45 ദിവസം ചിത്രീകരണത്തിനായി സഹാറാ മരുഭൂമിയിൽ ചെലവിട്ടു. കൃത്യമായ പ്ലാനിങ്ങോടെയാണ് പോയത്. മുമ്പും അങ്ങനെത്തന്നെയായിരുന്നു. പക്ഷേ, കോവിഡ്പ്രശ്നങ്ങൾ കാര്യങ്ങളെല്ലാം അവതാളത്തിലാക്കി. ഇത്തവണ ചിത്രീകരണം തീരാറായപ്പോൾ ഭാര്യയും മകളും അവിടേക്ക് വന്നു. അവരെ ആ സ്ഥലങ്ങളെല്ലാം കാണിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..