പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയക്കുതിപ്പ് തുടരുകയാണ്. ജേക്സ് ബിജോയ് ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ കടുവയേ തേടി മറ്റൊരു നേട്ടംകൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു ​ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.

To advertise here,

പാലാ പള്ളി തിരുപ്പള്ളി എന്ന ​ഗാനമാണ് യൂട്യൂബ് ടോപ്പ് മ്യൂസിക് ലിസ്റ്റിൽ കയറിയത്. ഈ മാസം അഞ്ചാം തീയതി പുറത്തിറങ്ങിയ ​ഗാനത്തിന് ഏഴ് മില്ല്യണിലേറെ കാഴ്ചക്കാരേയും ലഭിച്ചു. സോൾ ഫോക് ആണ് ​ഗാനം തയ്യാറാക്കിയത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ​ഗാനരചന. അതുൽ നറുകര ആലപിച്ച ​ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്.

ജേക്സ് ബിജോയിയാണ് ചിത്രത്തിലെ മറ്റു​ഗാനങ്ങൾ ഒരുക്കിയത്. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

അഭിനന്ദ് രാമാനുജം ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.