അപ്പന്‍ കമ്യൂണിസ്റ്റാക്കി, എന്നും ഇടതുപക്ഷത്ത്; സിനിമയ്ക്കും മുന്നെ രാഷ്ട്രീയത്തില്‍ വിജയം


5 min read
Read later
Print
Share

'അപ്പന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. തന്റെ കടയില്‍ വരുന്നവരെ കമ്മ്യൂണിസ്റ്റുകാരാക്കുകയായിരുന്നു അപ്പന്റെ പ്രധാനപണി. അതിനാല്‍ തന്റെ രക്തത്തിലും ചുറ്റുപാടിലും കമ്മ്യൂണിസം ഉണ്ട്.'ഇന്നസെന്റ് എഴുതി. 

ഇന്നസെൻറ്

സിനിമയില്‍ അഭിനയിക്കുകയും ജീവിതത്തില്‍ അഭിനയിക്കാതിരിക്കാനും ശ്രദ്ധിച്ച ഇന്നസെന്റ് രാഷ്ട്രീയത്തിലും ശോഭിച്ചു. രാഷ്ട്രീയക്കാരനാകാന്‍ ഗൗരവം അഭിനയിക്കാന്‍ പലരും മത്സരിക്കുമ്പോള്‍ അവിടെയും തമാശ കൈവിടാന്‍ ഇന്നസെന്റ് ഒരുക്കമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ ഇടതുപക്ഷത്തോടായിരുന്നു ഇന്നസെന്റിന് ആഭിമുഖ്യവും. സിനിമയില്‍ വിജയിക്കുന്നതിന് മുന്നെ മുന്‍പേ ഇന്നസെന്റ് രാഷ്ട്രീയത്തിലാണ് ആദ്യം ജയിച്ചത്. 1979ല്‍ ആര്‍എസ്പി സ്വതന്ത്രനായി ഇന്നസെന്റ് ഇരിങ്ങാലക്കുട നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അന്ന് വിജയിക്കുകയും 1982 വരെ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും നയം വ്യക്തമാക്കി രാഷ്ട്രീയവേദികളില്‍ ഇന്നസെന്റിന്റെ സാന്നിധ്യമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകളെത്തുമ്പോഴൊക്കെ സ്ഥാനാര്‍ഥിത്വത്തിലേക്ക് ഇന്നസെന്റിന്റെ പേരും ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു. 2006ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും മത്സര രംഗത്തുണ്ടായില്ല. സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമീപിച്ചിരുന്നെങ്കിലും തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് ഇന്നസെന്റ് ഒഴിയുകയായിരുന്നു.

2014ലാണ് രാഷ്ട്രീയത്തിലെ തന്റെ രണ്ടാം ഊഴം പരീക്ഷിക്കാനായി അദ്ദേഹം രംഗത്തിറങ്ങിയത്. അന്ന് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇന്നസെന്റ് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ അതികായന്‍ പി.സി ചാക്കോയെ പതിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ ഇന്നസെന്റ് കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുത്തതോടെ യുഡിഎഫും രാഷ്ട്രീയ കേരളവും ഞെട്ടി. ലോകസഭയിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ചലച്ചിത്രതാരം, കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ ചാലക്കുടിയില്‍ നിന്ന് ജയിക്കുന്ന നാലാമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രാഷ്ട്രീയനേതാവല്ലാതെ ചാലക്കുടിയില്‍ നിന്ന് ജയിക്കുന്ന ആദ്യ വ്യക്തി തുടങ്ങിയ വിശേഷങ്ങളോടെയായിരുന്നു ഇന്നസെന്റിന്റെ വിജയം.

തന്റെ എല്ലാത്തരം സ്വാധീനങ്ങളേയും പ്ലസ് പോയിന്റുകളേയും വോട്ടുകളാക്കി മാറ്റിയ ഇന്നസെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തനത്തിലും ഒട്ടും പിന്നിലായിരുന്നില്ല. പാര്‍ലമെന്റില്‍ ഹാജരാവുന്നതിലും ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയില്‍ നിന്നുകൊണ്ട് ഇന്നസെന്റ് ചാലക്കുടിയുടെ സ്വന്തം ഇന്നച്ചനായി. ക്രമേണ ഇന്നസെന്റിന്റെ ജനപ്രീതിയും വര്‍ധിച്ചു.

എന്നാല്‍ ഇന്നസെന്റിനെതിരേ കടുത്ത വിമര്‍ശനമാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചത്. ചലച്ചിത്ര സംഘടനാ പ്രസിഡന്റും താരവുമായ ഇന്നസെന്റിന്റെ മണ്ഡലത്തിലെ പ്രകടനം മോശമാണെന്ന അഭിപ്രായമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. അതിനു് പ്രോഗ്രസ് കാര്‍ഡായിരുന്നു മറുപടി. പക്ഷേ 2019ല്‍ ഇന്നസെന്റ് വീണ്ടും മത്സരരംഗത്തിറങ്ങിയെങ്കിലും ആ തവണ ചാലക്കുടി മണ്ഡലം ഇന്നസെന്റിനെ തുണച്ചില്ല. യുഡിഎഫ് തരംഗത്തില്‍ ഇന്നസെന്റിനും രക്ഷയുണ്ടായില്ല എന്ന് പറയുന്നതാകും ശരി. കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടിനാണ് താരം പരാജയപ്പെട്ടത്. ബെന്നി ബെഹനാന്‍ 4,73,444 വോട്ടുകള്‍ നേടിയപ്പോള്‍ ഇന്നസെന്റിന് ലഭിച്ചത് 3,411,70 വോട്ടുകളാണ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുവരെ ഇന്നസെന്റ് രാഷ്ട്രീയ വേദികളില്‍ സജീവമായി തുടര്‍ന്നിരുന്നു.

ചാലക്കുടിയിലെ പരാജയത്തെ കുറിച്ച് ഒരിക്കല്‍ രസകരമായി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ വീട്ടില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എന്റെ മുന്നിലായി. അപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയര്‍മാന്‍ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണാനുണ്ടെന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാന്‍ താഴേക്ക് വന്നു.

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മന:സമാധാനമായത്. തൃശൂര്‍ മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നായി മനസ്സില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ഒരു ചെറിയ സന്തോഷം. അങ്ങനെ ഇരുപത് സീറ്റില്‍ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാര്‍ഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാര്‍ട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ഞാന്‍ ആ സമയത്ത് വിചാരിച്ചത്. ഈ ഇരുപതുപേരില്‍ ഞാന്‍ മാത്രം തോറ്റൂ എന്നു പറഞ്ഞാല്‍ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?. നാട്ടുകാര്‍ക്കും അതില്‍ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു !'മനുഷ്യന്റെ പൊതുസ്വഭാവത്തെ കുറിച്ച് ഹാസ്യം കലര്‍ത്തി ഇന്നസെന്റ് പറയുമ്പോള്‍ കേള്‍വിക്കാരും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. സാധാരണ ആരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യം ഇന്നസെന്റ് സരസമായി പറഞ്ഞു. ആര്‍ക്കും അതില്‍ ഈര്‍ഷ്യ തോന്നില്ല.

യാതൊരു പരിചയവുമില്ലാതെ പാര്‍ലമെന്റിലെത്തിയതിന്റെ അനുഭവങ്ങള്‍ പലതവണ രസകരമായി ഇന്നസെന്റ് പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി പാര്‍ലമെന്റില്‍ കയറിയപ്പോള്‍ തൃശൂര്‍ കാഴ്ച ബംഗ്ലാവില്‍ കയറിയത് പോലെയായിരുന്നു എന്നാണ് തന്റെ ആദ്യത്തെ പാര്‍ലമെന്റ് പ്രവേശനത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. ഇന്നസെന്റിന്റെ പാര്‍ലമെന്റ് അനുഭവങ്ങള്‍ സ്ഥിരമായി 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഇന്നസെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെ ബഹുഭാഷകളില്‍ പാണ്ഡിത്യമുള്ള ഇന്നസെന്റ് ഒരിക്കല്‍ മലയാളത്തിലാണ് പാര്‍ലമെന്റില്‍ സംസാരിച്ചത്. ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കേട്ടതിന് ശേഷം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റടുത്തേക്ക് വന്ന് സംസാരിച്ചതും, തന്റെ അസുഖത്തെ കുറിച്ച് ചോദിച്ചതിനെ കുറിച്ചും പലവേദികളില്‍ വൈകാരികമായി ഇന്നസെന്റ് പങ്കുവെച്ചിട്ടുണ്ട്.

'ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ് നമ്മളെ വോട്ട് തന്ന് ജനങ്ങള്‍ ഇങ്ങോട്ട് പറഞ്ഞുവിടുന്നത്. അതിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. വല്ലവന്റെ അടുക്കളയില്‍ എന്ത് ഭക്ഷണം കഴിക്കുന്നു എന്ന് നോക്കലല്ല നമ്മുടെ ചുമതല, അവര്‍ എന്ത് വേണമെങ്കിലും കഴിച്ചോട്ടെ. നമുക്ക് അതിലും വലിയ കാര്യങ്ങളുണ്ട് ചെയ്യാന്‍. അതിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും ലാബുകളും ചേര്‍ന്ന് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുകയാണ്. പാവപ്പെട്ട ആളുകള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കണം. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കണം. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കുകയാണ്. എല്ലാവര്‍ക്കും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണം. വിലപേശലാണ് മരുന്നുകളുടെ പേരില്‍ നടക്കുന്നത്. തുണിക്കച്ചവടം പോലെയാണ് ആശുപത്രികളിലെ പ്രവര്‍ത്തനം. ഇവര്‍തന്നെ മുന്‍കൂട്ടി തീരുമാനിച്ച് കച്ചവടം പോലെയാണ് രോഗികളെ കയറ്റുന്നത്. മരുന്ന് കമ്പനികളും പരിശോധന ലാബുകളുമാണ് ആശുപത്രികളെ നിയന്ത്രിക്കുന്നത്. ഒരു മാസം ഇത്ര ഹാര്‍ട്ട് ഓപ്പറേഷന്‍ വേണം. ഇത്ര സ്റ്റെന്‍ഡ് ഇടണം, ഇത്ര അള്‍ട്ര സൗണ്ട് സ്‌കാനിങ് വേണം എന്നൊക്കെ നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകളും കുത്തക കമ്പനികളുമാണ്' എന്നായിരുന്നു മലയാളത്തില്‍ ഇന്നസെന്റ് പാര്‍ലമെന്റില്‍ പറഞ്ഞത്. പിന്നീട് തന്റെ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകത്തിന്റെ പരിഭാഷയും ഇന്നസെന്റ് സോണിയയ്ക്ക് സമ്മാനിച്ചിരുന്നു.

ഇന്നസെന്റ് ഒരിക്കലും തന്റെ രാഷ്ട്രീയവും സൗഹൃദവും കൂട്ടിക്കലര്‍ത്തിയില്ല. പറയാനുള്ളതെന്തും നര്‍മം കലര്‍ത്തി പറയുന്നതിനും അദ്ദേഹത്തിന് മടിയുമുണ്ടായിരുന്നില്ല. സത്യമോ വിമര്‍ശനമോ എന്തും നര്‍മം കലര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവരെ അത് രൂക്ഷമായി ബാധിക്കില്ലെന്നും, പറയുന്നയാളുടെ സംസാരം രസകരമായി മാറുമെന്നുമായിരുന്നു തന്റെ നര്‍മത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്.

പാര്‍ലമെന്റിലെ കോഫി ഹൗസിലെ ഒരു നര്‍മ സംഭാഷണം ഒരിക്കല്‍ ഇന്നസെന്റ് കുറിച്ചത് ഇങ്ങനെയായിരുന്നു,'ഞാനും ശ്രീമതി ടീച്ചറും പി. കരുണാകരനും പി.കെ. ബിജുവും എം.ബി. രാജേഷും റിച്ചാര്‍ഡ് ഹേയും കൂടി പാര്‍ലമെന്റിലെ ഇന്ത്യന്‍ കോഫിഹൗസിലിരുന്ന് കാപ്പി കുടിക്കുകയാണ്. ''അന്ന് നമ്മുടെ എ.കെ.ജി. മുന്‍കൈയെടുത്ത് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ കോഫിഹൗസ്. ഇന്നത് ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. കാരണം, കാപ്പി കഴിക്കാന്‍ ഇത്രയും നല്ലൊരു സ്ഥാപനശൃംഖല ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞല്ലോ''-ശ്രീമതി ടീച്ചര്‍ പറഞ്ഞു. ''യേസ്, കറക്ട് എ.കെ.ജി. ഈസ് എ ഗ്രേറ്റ് മാന്‍''- റിച്ചാര്‍ഡ് ഹേ പറഞ്ഞു. അപ്പോള്‍ വീണ്ടും ടീച്ചര്‍ പറഞ്ഞു. ''എ.കെ.ജി. ആരായിരുന്നു, അദ്ദേഹം എല്ലാകാര്യങ്ങളും മുന്നില്‍ക്കണ്ടുമാത്രമേ ചെയ്യുകയുള്ളൂ. അതുകൊണ്ടല്ലേ ഇന്നിപ്പോള്‍ ഇവിടെ ഇങ്ങനെയൊരു ഇന്ത്യന്‍ കോഫി ഹൗസ് നിലനില്‍ക്കുന്നതും. നമ്മളിവിടെനിന്ന് കാപ്പികുടിക്കുന്നതും.'' അങ്ങനെ ഓരോരുത്തരായി പറഞ്ഞപ്പോള്‍ അവിടെയിരുന്ന എ.കെ.ജി.യുടെ മരുമകന്‍ കൂടിയായ പി. കരുണാകരന്‍ അഭിമാനത്തോടെ ഒന്നുനിവര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. അവര്‍ സംസാരം നിര്‍ത്തുന്ന മട്ടില്ല എന്ന് എനിക്കുതോന്നി. ''ഇനി ഞാന്‍ ഒരു കാര്യം പറയട്ടെ, എ.കെ.ജി. ഈ സ്ഥാപനം ഉണ്ടാക്കിയത് കൊണ്ടാണോ നമുക്ക് ഈ കാപ്പി കുടിക്കാന്‍ പറ്റിയത് എന്നതല്ല കാര്യം, മറിച്ച് എന്റെ അപ്പന്‍ എന്നെ ഉണ്ടാക്കിയതുകൊണ്ടാണ് എനിക്ക് ഇന്ന് ഈ കാപ്പി കുടിക്കാന്‍ പറ്റിയത്. അതില്ലെങ്കില്‍ എ.കെ.ജി. അല്ല ആര് എന്ത് ഉണ്ടാക്കിയിട്ട് എന്ത് കാര്യം. അപ്പോള്‍ അതിലും വലുതല്ലേ എന്റെ അപ്പന്‍.'' ഞാന്‍ ഇത് പറഞ്ഞുതീര്‍ന്നതും എല്ലാവരുംകൂടി കൂട്ടച്ചിരിയായി'

രാഷ്ട്രീയത്തില്‍ വന്നതിനെ കുറിച്ച് ഒരിക്കല്‍ ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു, '1979ല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായി മത്സരിക്കുന്ന കാലത്ത് എന്തിന് വേണ്ടിയാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നോ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നോ അറിയില്ലായിരുന്നു. മത്സരിക്കാന്‍ പറഞ്ഞു, മത്സരിച്ചു. അത്രയേ ഉള്ളൂ. പട്ടിണിയുടെ ആ കാലത്ത് രാഷ്ട്രീയത്തേക്കാള്‍ സിനിമയും നാടകവുമൊക്കെ ആയിരുന്നു മനസ്സില്‍. കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നപ്പോള്‍ അപ്പന്‍ പറഞ്ഞത് ' ഇത്രയും വിഡ്ഢികള്‍ ഈ വാര്‍ഡില്‍ ഉണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി' എന്നായിരുന്നെന്ന് ഇന്നസെന്റ് പിന്നീട് ഓര്‍ത്തെടുത്തിട്ടുണ്ട്. മത്സരിച്ച് ജയിച്ചെങ്കിലും പിന്നീട് സിനിമയിലെ തിരക്കായി. അതുകൊണ്ട് പിന്നീട് മത്സരിച്ചില്ല. പക്ഷെ തിരഞ്ഞെടുപ്പ് കാലത്തെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. കാരണം ഉള്ളില്‍ കമ്മ്യൂണിസ്റ്റ് എന്നുമുണ്ടായിരുന്നു. വലിയ തരക്കേടില്ലാതെ ജീവിക്കാമെന്നൊക്കെയുള്ള അവസ്ഥയായി. ഇനിയുള്ള കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വലിയ അസുഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി ദൈവം തന്നെ രണ്ടാം ജന്മം ജനന്മയ്ക്കായി ഉപയോഗിക്കണം. അതുകൊണ്ടാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. അതും ഇടതുമുന്നണിക്കൊപ്പം ആയത് സ്വാഭാവികമാണ്. അപ്പന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. തന്റെ കടയില്‍ വരുന്നവരെ കമ്മ്യൂണിസ്റ്റുകാരാക്കുകയായിരുന്നു അപ്പന്റെ പ്രധാനപണി. അതിനാല്‍ തന്റെ രക്തത്തിലും ചുറ്റുപാടിലും കമ്മ്യൂണിസം ഉണ്ട്.'ഇന്നസെന്റ് എഴുതി.

എട്ടാം ക്ലാസായിരുന്നു ഇന്നസെന്റിന്റെ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പുസ്തകത്തില്‍ പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജീവിതം നമ്മളെ പഠിപ്പിക്കുമെന്ന് ഓരോ വേദികളിലും ഇന്നസെന്റ് തന്റെ കേള്‍വിക്കാരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അതിന് വിദ്യാഭ്യാസ യോഗ്യത ഒരിക്കലും അദ്ദേഹത്തിന് തടസമായില്ല. സ്വന്തം ജീവിതം കൊണ്ടായിരുന്നു ഇന്നസെന്റ് പഠിച്ചതും പഠിപ്പിച്ചതും.

Content Highlights: Innocent: A versatile actor and an innocent politician too

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Prakash and Unni Mukundan

അപ്രതീക്ഷിതമായി ഒരു ഫോൺകോൾ, പ്രകാശ് അങ്ങനെ മാളികപ്പുറത്തിനുവേണ്ടി ഹരിവരാസനം പാടി

Jan 22, 2023


ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


Most Commented