'ഐസ്‌ക്രീമിന്റെ മുകളിൽ ചെറിപ്പഴം വെച്ചപോലെ മൂർധാവിൽ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഞാനെന്ന് സുഹൃത്തുക്കൾ എപ്പോഴും പറയാറുണ്ട്'- ഒരു നിഷേധിയുടെ താൻപോരിമയായിരുന്നു ഇത് പറയുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെ മുഖത്ത് ഉണ്ടായിരുന്നത്. 'അഞ്ചുവയസ്സു മുതൽ പുസ്തകം വായിച്ചുതുടങ്ങി. കുമാരസംഭവം, രഘുവംശം, മാളവികാഗ്‌നിമിത്രം, വിക്ര മോർവശീയം..... പിന്നെ എഴുത്തച്ഛൻ, ചെറുശ്ശേരി, പി. കുഞ്ഞിരാമൻനായർ തുടങ്ങി മഹാപ്രതിഭകളുടെ കൃതികൾ വായിച്ചു. കുറച്ച് ആയുർവേദം, ജ്യോതിഷം എന്നിവയും പഠിച്ചു. അമ്മയിൽനിന്ന് കുറച്ച് കർണാടക സംഗീതം കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് എന്റെ അടിത്തറയെന്ന് അഹങ്കാരത്തോടെ പറയട്ടെ'- എല്ലാം ജഗദീശ്വരനിലർപ്പിച്ചുകൊണ്ട് വിനയാന്വിതനായി പ്രശംസകളേറ്റുവാങ്ങാൻ പുത്തഞ്ചേരി ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ വരികളിലും തന്റെ പ്രതിഭയുടെ മുദ്രപതിയണമെന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്ന ഗിരീഷ് ആർക്കുമുന്നിലും തലകുനിക്കാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ കലഹപ്രിയനായ ആത്മസുഹൃത്തായിരുന്നു സിനിമാലോകത്തെ പ്രിയപ്പെട്ട വർക്ക് ഗിരീഷ് പുത്തഞ്ചേരി.

To advertise here,

'ദിൽസേ' സിനിമയ്ക്ക് പാട്ടെഴുതാൻ ചെന്നൈയിൽ ചെന്നിട്ട് സാക്ഷാൽ എ.ആർ. റഹ്‌മാനോടു പരിഭവിച്ച് മടങ്ങിപ്പോന്ന കഥ ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്. 12 മണിക്ക് അപ്പോയിൻമെന്റ് ലഭിച്ച് റഹ്‌മാന്റെ വീട്ടിലെത്തിയെങ്കിലും മൂന്നുമണിയായിട്ടും ആളെ കാണാനാകാഞ്ഞതാണ് കവിയെ പ്രകോപിപ്പിച്ചത്. അടുത്ത വണ്ടിക്ക് കോഴിക്കോട്ടേക്ക് മടങ്ങി. 'ദിൽസേ'യുടെ സംവിധായകൻ മണിരത്‌നം ഫോണിൽ വിളിച്ച് അഭ്യർഥിച്ചും തിരിച്ചുവരാൻ കൂട്ടാക്കിയില്ല. ഒടുവിൽ പ്രിയദർശൻ സ്‌നേഹപൂർവം ശാസിച്ച് വീണ്ടും ചെന്നൈയിലെത്തിക്കുകയായിരുന്നു. ഗിരീഷിനെ കണ്ടയുടൻ തന്നെ എന്റെ പാട്ടുകൾ ഇഷ്ടമല്ലേ എന്നായിരുന്നു റഹ്‌മാൻ ആദ്യം ചോദിച്ചത്. ഇല്ല എന്നു മറുപടി നൽകാൻ ഒരുനിമിഷം പോലും വേണ്ടിവന്നില്ല. എന്താണ് കാരണമെന്നു ചോദിച്ചപ്പോൾ എനിക്കു നിങ്ങളുടെ അച്ഛൻ ആർ.കെ. ശേഖറിന്റെ പാട്ടുകളാണ് ഇഷ്ടമെന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് ശേഖർ ചിട്ടപ്പെടുത്തിയ ഒമ്പത് ഗാനങ്ങൾ ഒറ്റയിരുപ്പിനു റഹ്‌മാനെ പാടിക്കേൾപ്പിച്ചു.

സംഗീതംകൊണ്ട് എല്ലാ പരിഭവങ്ങളുമലിയിപ്പിച്ച് അവർ പെട്ടെന്ന് കൂട്ടായി. ആ കൂടിച്ചേരലിൽനിന്നു പിറവിയെടുത്തതാണ് 'ജിയാ ജലേ'യിലെ 'പുഞ്ചിരി ത ഞ്ചിക്കൊഞ്ചിക്കോ, മുന്തിരിമുത്തൊളി ചിന്തിക്കോ' എന്ന ഭാഗം. എ.ആർ. റഹ്‌മാനു പുറമെ ബപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാൽ എന്നീ സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ച ഏക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

എഴുതിയ പാട്ടുകളിൽ 'നന്ദന'ത്തിലെ 'കാർമുകിൽവർണന്റെ ചുണ്ടിൽ' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി. 'ഞാനെൻ മിഴിനാളം അണയാതെരിച്ചും നീറുംനെഞ്ചകം അകിലായി പുകച്ചും വാടും കവിൾത്തടം കണ്ണീരാൽ നനച്ചുംനിന്നെ തേടിനടന്നു തളർന്നു കൃഷ്ണാ, എന്റെ നൊമ്പരമറിയുമോ ശ്യാമവർണാ.....' എന്ന വരികൾ ഒരു പ്രാർഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടുപാടി ഏറെനാൾ കഴിയും മുമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകൾ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. 'നന്ദന'ത്തിലെ പാട്ടുകേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പൻ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തിൽ പാട്ടെഴുതിയ ആൾക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോവർഷം ഒരുകുഞ്ഞിനായി കാത്തിരുന്ന ചിത്ര മകൾക്ക് 'നന്ദന' എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

ആരെയും കൂസാതെ സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഗിരീഷ് പുത്തഞ്ചേരി അടിയുറച്ചൊരു ഈശ്വരവിശ്വാസിയായിരുന്നു എന്നത് ആ വ്യക്തിത്വത്തിന്റെ മറ്റൊരു പ്രത്യേകതയാകാം. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ 'മൊബൈൽ ചാർജ് ചെയ്യാനിടുന്നതുപോലെ ഞാൻ ഭഗവാനെ വിടാതെ പിടിക്കും. കരഞ്ഞുകരഞ്ഞു പ്രാർഥിച്ച എത്രയോ സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്.' എല്ലാം കാക്കും ഈശ്വരനോടുള്ള അചഞ്ചലവിശ്വാസം കൊണ്ടാകാം ആ തൂലികത്തുമ്പിൽനിന്നു പിറവിയെടുത്ത ഭക്തിഗാനങ്ങൾക്കെല്ലാം ആത്മീയശോഭയേറിയത്. വെണ്ണക്കണ്ണൻ എന്ന സംഗീതആൽബത്തിലെ 'നാവിൻ തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനത്തോട് അദ്ദേഹത്തിന് പ്രത്യേക മമതയുണ്ടായിരുന്നു. 'ആധിയും വ്യാധിയും തീർക്കുവാൻ ഭഗവാനെൻ ആയുസ്സുകൊണ്ടുതുലാഭാരം' എന്ന വരികൾ കൊണ്ടാണ് ആ പാട്ട് മുഴുമിപ്പിക്കുന്നത്.

സ്വന്തം ആയുസ്സിനേക്കാൾ വിലയേറിയ എന്തുവസ്തുകൊണ്ടാണ് ഒരാൾക്ക് തുലാഭാരമർപ്പിക്കാൻ കഴിയുക എന്നായിരുന്നു ഈ പാട്ടിനെക്കുറിച്ചുചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്.

(2010-ൽ ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗത്തിന് പിന്നാലെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം)