
'മരിച്ചെന്നു തോന്നാത്ത ഒരാൾ...' ചിരിതൂകി നിൽക്കുന്ന സിദ്ദിഖിന്റെ ചിത്രത്തിനു മുന്നിൽനിന്ന് ഒരൊറ്റ വാചകത്തിലാണ് കലാഭവൻ റഹ്മാൻ പ്രിയപ്പെട്ട സുഹൃത്തിൻ്റെ ഓർമകൾ വരച്ചിട്ടത്. ആ നേരത്ത്, ഒരു വർഷം മുൻപ് ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി സിദ്ദിഖ് ഉറങ്ങിക്കിടന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ദൃശ്യം ഓർമയിൽ വീണ്ടും തെളി ഞ്ഞു. സിദ്ദിഖ് എന്ന സുഹൃത്തിൻ്റെ ഓർമകൾക്ക് ഒരിക്കലും മരണമുണ്ടാ കില്ലെന്നാണ് കലാഭവൻ റഹ്മാൻ എപ്പോഴും പറയുന്നത്. അതിന് അടിവരയിട്ട് ഒരുപാട് കഥകളും അനുഭവങ്ങളും റഹ്മാൻ്റെ മനസ്സിലുണ്ട്.
“സിദ്ദിഖ് ഈ ലോകം വിട്ടുപോയെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവൻ പകർന്നുതന്ന പോസിറ്റീവ് എനർജി അത്രമേൽ മനസ്സിൽ ബാക്കിയുണ്ട്. സിദ്ദിഖ് സാറിനോട് കഥ പറയാമോ എന്നു ചോദിച്ച് പലരും എന്നെ സമീപിച്ചിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദം അറിയാവുന്നതുകൊണ്ടാകാം ആളുകൾ അങ്ങനെ വന്നത്. പല കഥാകൃത്തുക്കളെയും ഞാൻ പിന്നീടാകാമെന്നു പറഞ്ഞ് മടക്കിയയച്ചിട്ടുണ്ടെങ്കിലും ചില കഥകൾ കേട്ട് താത്പര്യം തോന്നി അത് സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്. വലിയ തിരക്കുകൾക്കിടയിലും സിദ്ദിഖ് എന്നിലൂടെ വന്ന കഥകൾ കേൾ ക്കാനിരിക്കുമായിരുന്നു. കൂട്ടുകാരൻ വിളിച്ചിട്ട് അയാളുടെയല്ലാത്ത മറ്റാ രുടെയോ കഥ കേൾക്കാൻ ഇരുന്നു തന്നിരുന്ന ആ മനസ്സ് തന്നെയായിരുന്നു അവന്റെ നന്മ. ക്യാമറയ്ക്കു പിന്നിലായിരുന്നു എന്നും സിദ്ദിഖ് നിന്നിരുന്നത്. എന്നിട്ടും അവൻ പലർക്കും ഇത്രമേൽ പ്രിയപ്പെട്ടവനാകാൻ കാരണം അവൻ്റെ മനുഷ്യത്വം നിറഞ്ഞ പെരുമാറ്റം തന്നെയായിരുന്നു" -റഹ്മാൻ പറഞ്ഞു.
ചിരിയുടെ രക്ഷാധികാരി
മിമിക്രി കലാകാരൻമാരുടെ സംഘടനയായ 'മാ'യുടെ രക്ഷാധികാരിയായിരുന്ന സിദ്ദിഖിൻ്റെ മായാത്ത ഓർമകളായിരുന്നു കലാഭവൻ മുതൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ കെ.എസ്. പ്രസാദിന് പങ്കുവയ്ക്കാനുണ്ടായി രുന്നത്. “കലാഭവനിൽ ഞങ്ങൾ ഒരുമിച്ചുണ്ടായ ശേഷം രണ്ടുപേരും പിന്നെ രണ്ടുവഴിയിലാണ് കുറച്ചുകാലം സഞ്ചരിച്ചത്. കലയുടെ ലോകത്ത് സഞ്ചാരം അങ്ങനെയായിരുന്നെങ്കിലും സൗഹൃദത്തിൻ്റെ കാര്യത്തിൽ ഒരു മാറ്റവുമുണ്ടായിരുന്നില്ല. മിമിക്രി കലാകാരൻമാരുടെ സംഘടനയായ 'മാ'യുടെ രക്ഷാധികാരിയായി സിദ്ദിഖ് വന്നതോടെ ഞങ്ങൾക്കെല്ലാം വലിയ ആശ്വാസമായിരുന്നു. കാരണം കലാകാരൻമാരുടെ കഴിവ് അറിയുന്ന അതേ മികവിൽ തന്നെ അവരുടെ നന്മതിന്മകളറിയാനും സിദ്ദിഖിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംഘടനയുടെ ഭാരവാഹികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ കൃത്യമായ തീരുമാനമാണ് സിദ്ദിഖ് എടുത്തിരുന്നത്. സിദ്ദിഖ് തിരഞ്ഞെടുക്കുന്ന ലിസ്റ്റ് എല്ലാവർക്കും സ്വീകാര്യമായിരുന്നു.
വാക്കാൽ പറഞ്ഞത് മാറ്റല്ലേ
സിദ്ദിഖ് പകർന്നുതന്ന അമൂല്യമായ ചില ജീവിത പാഠങ്ങളാണ് ഹരിശ്രീ അശോകൻ്റെ മനസ്സിൽ ഇപ്പോഴും മായാതെയുള്ളത്. “സിനിമ യിലെത്തുന്നതിനു മുൻപും അതിനു ശേഷവും മിമിക്രിയിൽ എന്റെ ഗുരുക്കൻമാർ എന്നു പറയാവുന്നത് സിദ്ദിഖും ലാലുമാണ്. സിദ്ദിഖിനെ പോലെ മറ്റുള്ളവരെ ഇത്രമേൽ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മനുഷ്യർ അപൂർവമാണ്. എൻ്റെ സിനിമയിലെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും സിദ്ദിഖ് ഒരുപോലെ അന്വേഷിക്കുമായിരുന്നു. രണ്ടിലും ഒരുപാട് നല്ല ഉപദേശങ്ങളും സിദ്ദിഖ് തന്നിട്ടുണ്ട്. സിനിമയുടെ തുടക്കകാലത്ത് ഒരിക്കൽ എനിക്ക് വലിയൊരു കൺഫ്യൂഷൻ വന്ന സംഭവമുണ്ടായി. വാക്കാൽ പറഞ്ഞ ഒരു സിനിമയുടെ പിന്നാലെ മറ്റൊരു പടത്തിൻ്റെ അഡ്വാൻസ് തരാനായി ഒരാൾ വന്നു. രണ്ടു പടവും ഒരേ സമയത്താണെന്ന് കണ്ടപ്പോൾ ഏത് സ്വീകരിക്കണമെന്ന് എനിക്ക് സംശയമായി. എന്നാൽ 'വാക്കാൽ പറഞ്ഞത് മാറ്റരുത് അശോകാ' എന്നായിരുന്നു സിദ്ദിഖ് എനിക്കുതന്ന ഉപദേശം. പിന്നീടുള്ള എൻ്റെ സിനിമാ ജീവിതത്തിൽ ഉടനീളം ഈ ഉപദേശം ഞാൻ ഓർ ക്കുമായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലത് വരണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത ഒരാളായിട്ടും എനി ക്ക് സിദ്ദിഖിനെ അറിയാം. അതുകൊണ്ടുതന്നെ ആ മനുഷ്യൻ്റെ നല്ല ഓർമകൾ എന്നും മനസ്സിൽ മായാതെയുണ്ടാകും" - ഹരിശ്രീ അശോകൻ വരച്ചിട്ടതും സിദ്ദിഖിൻ്റെ നന്മമനസ്സായിരുന്നു.
വർക്കിച്ചാ വാ, ഇവിടിരി
സിദ്ദിഖ് എന്ന സുഹൃത്തിനെക്കുറിച്ചോർക്കുമ്പോൾ വർക്കിച്ചൻ പെട്ടയുടെ കാതുകളിൽ ഇപ്പോഴും ആ സ്വരമുണ്ട്. “സി ദ്ദിഖുമായി കലാഭവനിൽ തുടങ്ങിയ സൗഹൃദം ഒരുകാലത്തും അദ്ദേഹം മറന്നിരുന്നില്ല എന്നതാണ് ഏറെ പ്രിയപ്പെട്ട സത്യം. സിദ്ദിഖും ലാലും സിനിമയിൽ പ്രശസ്തരായതോടെ കൂട്ടുകാരനായ എനിക്കും പല വേദികളിലും പോകാൻ അവസരം കിട്ടിയിരുന്നു. എന്നാൽ, അവിടെയൊന്നും എന്നെ ആർക്കും അറിയില്ലായിരുന്നു. ഞാൻ പ്രശസ്തനായ ഒരാളുമല്ലല്ലോ. എന്നാൽ, ഏതു പരിപാടിക്ക് ചെന്നാലും മുൻനിരയിലിരിക്കുന്ന സിദ്ദിഖ് എന്നെ കണ്ടാൽ ഉടനെ വിളിക്കും, 'വർക്കിച്ചാ വാ, ഇവിടിരി' എന്നു പറ ഞ്ഞാകും സിദ്ദിഖ് വിളിക്കുന്നത്. അതുകാണുമ്പോൾ അവിടെയുള്ളവരെല്ലാം ഇവനാരാ എന്ന മട്ടിൽ എന്നെ നോക്കും. സിദ്ദിഖ് പോയ ശേഷം പല പരിപാ ടികളിലും ചെല്ലുമ്പോൾ ഞാൻ ഇക്കാര്യം ഓർക്കാറുണ്ട്. പലയിടത്തും അവൻ എന്നെ വിളിക്കുന്നതുപോലെ തോന്നുമ്പോൾ മനസ്സിൽ അറിയാതെ ഒരു സങ്കടം പൊടിയും" - വർക്കിച്ചൻ സുഹൃത്തിന്റെ ഓർമകൾ പങ്കുവെച്ചു.
Content Highlights: first death anniversary of director siddique film field friends speaking
Published: 07 Aug 2024, 08:13 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented